Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേണമെങ്കിൽ ചക്ക വീഞ്ഞിലും

jackfruit-farmer-james-p-mathew ജയിംസ് പി. മാത്യു

ബാർ കോഴക്കേസ് അന്വേഷിച്ച വിജിലൻസിന്റെ അന്വേഷണ പാനപാത്രത്തിൽ ഇപ്പോൾ വൈനിന്റെ ലഹരി നുരയുന്നു. മുന്തിരി വൈനല്ല, നല്ല അസൽ ചക്ക കൊണ്ടുള്ള വൈൻ...!

ചക്ക കൊണ്ടു വൈൻ നിർമിക്കുന്നതിനു സംസ്ഥാനത്തു തടസ്സം നിൽക്കുന്നതാരാണെന്ന ഒരു കർഷകന്റെ ചോദ്യവും ചില വെളിപ്പെടുത്തലുകളുമാണു വിജിലൻസിനെ കൂഴ ചക്ക പോലെ കുഴക്കുന്നത്. ചക്ക സംസ്കരിച്ചു വിവിധ മൂല്യവർധിത ഭക്ഷ്യോൽപന്നങ്ങൾ നിർമിക്കാമെന്നു തെളിയിച്ച മണ്ണാർക്കാട് കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോല പാലയ്ക്കത്തറപ്പിൽ ജയിംസ് പി. മാത്യു എന്ന കർഷകനാണു ചക്ക വൈനിനെ വിജിലൻസിനു മുന്നിലെത്തിച്ചത്.

ചക്ക ജ്യൂസ്, ചക്ക അട, ഉപ്പിലിട്ടത്, വേവിച്ചത്, അച്ചാർ, ചക്ക വറുത്തത്, മടൽ കൊണ്ടുള്ള ഭക്ഷ്യോൽപന്നം, പഴുക്കാൻ ആരംഭിച്ച കൂഴച്ചക്കയുടെ ജ്യൂസ്, വരിക്കപ്പഴം, ചക്ക മുള്ളിട്ടു വെള്ളം തിളപ്പിച്ചത്, പനസ വിറ്റ, ചക്കപ്പഴം പായസം, മധുപനസം, മിഠായി, ചക്കക്കുരു കട്ടൻ കാപ്പി തുടങ്ങി ഒട്ടേറെ വിഭവങ്ങളും ചക്ക ദീർഘനാൾ കേടു കൂടാതെ സൂക്ഷിക്കാനുള്ള വിദ്യയും ജയിംസ് വികസിപ്പിച്ചെടുത്തത് 15 വർഷം മുൻപാണ്. ഇതോടൊപ്പമാണ് വൈൻ വിദ്യയും പരീക്ഷിച്ചു വിജയിച്ചത്. ഈ വിഭവങ്ങളെല്ലാം കർഷകർക്കു പരിചയപ്പെടുത്താനും സംരംഭങ്ങളിലൂടെ വളർച്ച നേടാൻ അവരെ സഹായിക്കുന്നതിനും പാലക്കാട് പീപ്പിൾസ് സർവീസ് സൊസൈറ്റി എന്ന സന്നദ്ധസംഘടനയെ പ്രചാരണവും പരിശീലനവും ഏൽപിച്ചു.

നല്ല സ്വാദ്, പക്ഷേ ഇവിടെ വേണ്ട

ചക്ക വൈൻ വിപണിയിലെത്തിക്കാൻ 10 വർഷത്തിലേറെയായി കേന്ദ്ര, സംസ്ഥാന മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്കും ഇദ്ദേഹം കത്തെഴുതി. പലരും അഭിനന്ദിച്ചു. മറുപടിയെഴുതി. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കുമെങ്കിലും ഫയലുകളിലെ ചക്ക കായ്ച്ചില്ല.

സർക്കാർ തന്നെ ഫാക്ടറി തുടങ്ങി വൈൻ ഉൽപാദനം ആരംഭിച്ചാൽ ഒരു ചക്കയ്ക്ക് ശരാശരി 300 രൂപയിൽ കുറയാത്ത വില കേരളത്തിലെ കർഷകനു ലഭിക്കുമെന്നാണ് ജയിംസിന്റെ അഭിപ്രായം. കർണാടകയിലെ മുന്തിരി കർഷകരെ സഹായിക്കാൻ അവിടെ വൈൻ ഫാക്ടറി തുടങ്ങിയ കാര്യം അറിഞ്ഞതോടെ കേരളത്തി‍ൽ ഇത്തരമൊരു ഫാക്ടറിക്ക് തടസ്സമെന്തെന്ന ചോദ്യം ജയിംസിനെ ചില അന്വേഷണങ്ങളിലേക്കു നയിച്ചു. സംസ്ഥാനത്തെ ചില ലോബികളുടെ നീക്കങ്ങളാണ് ചുണ്ടിനും പാനപാത്രത്തിനുമിടയിൽ നിന്നു വീഞ്ഞു തുളുമ്പി പോകാൻ കാരണമെന്നു മനസിലാക്കി.

ലഹരിയുടെ പിന്നാമ്പുറം

സംസ്ഥാനത്ത് ഇപ്പോൾ വിറ്റഴിയുന്നത് ഇതര സംസ്ഥാനത്തു നിന്നെത്തുന്ന ലക്ഷണക്കിനു കുപ്പിവൈനാണ്. ഇതിന്റെ വിലയിൽ ലീറ്ററിന് ഒരു രൂപ കൂട്ടുന്നതിനു പോലും കോടികളുടെ ഇടപാടുകൾ ഭരണകേന്ദ്രങ്ങളുടെ പിന്നാമ്പുറങ്ങളിൽ നടക്കുന്നതായും ചക്ക വൈനിനെ പുറത്തുനിർത്തുന്നത് ഇത്തരം താൽപര്യങ്ങളാണെന്നതും അദ്ദേഹം പറയുന്നു.

മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിലേക്കും സംസ്ഥാന വിജിലൻസ് ഡയറക്ടർക്കും വിവരങ്ങൾ കാണിച്ച് ജയിംസ് കത്തെഴുതി. പരാതി കിട്ടിയ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഫോണിൽ വിളിച്ചു. പരാതിയിൽ ഉറച്ചു നിൽക്കുന്നുവെങ്കിൽ വന്നു മൊഴി നൽകാൻ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് വിജിലൻസ് ഡയറക്ടറേറ്റിലെത്തി തനിക്കറിയാവുന്ന വിവരങ്ങൾ ജയിംസ് കൈമാറി. വിജിലൻസിന്റെ പ്രാഥമിക പരിശോധനകൾ ഇക്കാര്യത്തിൽ നടന്നുവരികയാണ്. മുഖ്യമന്ത്രിയുടെ പരാതി സെല്ലിന് അയച്ച പരാതിയുടെ തുടർച്ചയായി കഴിഞ്ഞ മാസം കൃഷി വകുപ്പ് ഡയറക്ടറുടെ ഒരു കത്ത് ജയിംസിനെ തേടി വന്നു. ചക്ക വൈൻ നിർമാണവുമായ ബന്ധപ്പെട്ടു നൽകിയ വിവരങ്ങൾ സ്വാഗതാർഹമാണെന്നും ചക്കയ്ക്കു പുറമെ വിവിധ കാർഷിക ഉൽപന്നങ്ങളിൽ നിന്നു വൈൻ നിർാണത്തിന്റെ പ്രായോഗികത സംബന്ധിച്ചു പഠനം നടത്താനുള്ള പദ്ധതി വകുപ്പ് ആസുത്രണം ചെയ്യുകയാണെന്നുമാണു കത്തിൽ. ഇത്തവണയെങ്കിലും ചക്ക വീണു മുയൽ ചാകുമോയെന്നു കണ്ടറിയാം.

ചക്ക വൈനിന്റെ കഥ

ജയിംസ് വികസിപ്പിച്ച ചക്ക വൈനിന് 2007ൽ തിരുവനന്തപുരം റീജനൽ റിസർച്ച് ലബോറട്ടറി മികച്ച അഭിപ്രായം രേഖപ്പെടുത്തിയതാണ്. കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയത്തിനു കീഴിലുള്ള തഞ്ചാവൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രോപ് പ്രോസസിങ് ടെക്നോളജിയുടെ ഫുഡ് ടെസ്റ്റിങ് ലബോറട്ടറിയിലും പരീക്ഷണനിരീക്ഷണങ്ങൾക്കു വിധേയമായി. ആരോഗ്യസമ്പുഷ്ടമായതും രോഗപ്രതിരോധശേഷിയുള്ളതുമായ പാനീയമാണെന്നു രണ്ടു പരീക്ഷണങ്ങളിലും തെളിഞ്ഞു. മുന്തിരി ഉൽപാദനത്തിനായി കീടനാശിനികൾ അമിതമായി ഉപയോഗിക്കുന്നുവെന്നതു പലവട്ടം വാർത്തയായതാണ്. കേരളത്തിൽ ചക്ക വളരുന്നത് കീടനാശിനി പ്രയോഗിച്ചിട്ടോ രാസവളമിട്ടിട്ടോ അല്ല. എന്നാൽ, ചക്ക വൈൻ നിർമാണത്തിന്റെ പ്രോജക്ട് റിപ്പോർട്ട് കൃഷി വകുപ്പിലും ഹോർട്ടി കൾച്ചറൽ മിഷനിലും തിരുവനന്തപുരത്തെ പേറ്റന്റ് ഇൻഫർമേഷൻ സെന്ററിലേക്കും കോന്നിയിലെ ഭക്ഷ്യഗവേഷണ കൗൺസിലേക്കും മാറി മാറി സഞ്ചരിച്ചു ചരമമടഞ്ഞു.

വൈൻ ഫാക്ടറി തുടങ്ങാന്‍

കേരള വൈനറി റൂൾസ് 1970 പ്രകാരമാണ് വൈനറികൾക്ക് അനുമതി നൽകുന്നത്. ഇതിനായി എക്സൈസ് കമ്മിഷണർക്ക് കെട്ടിടം, നിർമിക്കാൻ ഉദ്ദേശിക്കുന്ന വൈനറിയുടെയും യന്ത്രസാമഗ്രികളുടെയും വിശദമായ പ്ലാനുകൾ സഹിതം അപേക്ഷ നൽകണം. വൈൻ ഉൽപാദിപ്പിക്കാൻ ഉപയോഗിക്കുന്ന അസംസ്കൃതവസ്തുവിന്റെ (ഇവിടെ ചക്ക) സാങ്കേതികവിവരങ്ങളും ഉൽപാദനപ്രക്രിയയും വിശദമായ വിവരങ്ങളും അടക്കം 250 രൂപ ഫീസും വൈനറിയുടെ മേൽനോട്ടത്തിന് നിയമിക്കപ്പെടുന്ന എക്സൈസ് ഉദ്യോഗസ്ഥരുടെ ശമ്പളും മറ്റ് ആനുകൂല്യങ്ങളും അടച്ചുകൊള്ളാമെന്ന സത്യവാങ് മൂലവും അപേക്ഷയോടൊപ്പം വേണം.

അപേക്ഷ പരിശോധിച്ച് എക്സൈസ് കമ്മിഷണർ കൈമാറുമ്പോൾ സർക്കാർ തീരുമാനമെടുക്കും.

നിലവിൽ ചക്ക വൈൻ നിർമാണത്തിനു ലൈസൻസ് നൽകുന്നതിനു തടസ്സമില്ല. (2008 ഡിസംബറിൽ ജയിംസ് പി. മാത്യുവിന് നികുതി വകുപ്പ് വിവരാവകാശപ്രകാരം നൽകിയ മറുപടിയിൽ നിന്ന്)

Your Rating: