Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിപണി സാഹചര്യങ്ങളിൽ നേരിയ മാറ്റം

coconut-oil

കറൻസി നിയന്ത്രണത്തിൽ അയവുവന്നു തുടങ്ങിയതിനൊപ്പം ചില കാർഷികോൽപന്നങ്ങളുടെയെങ്കിലും വിപണി സാഹചര്യങ്ങൾ മെച്ചപ്പെടുകയുണ്ടായെന്നതാണു ജനുവരിയുടെ നേട്ടം. റബർ, കാപ്പി, കേരോൽപന്നങ്ങൾ എന്നിവയുടെ വിപണികളിലാണു വലിയ തോതിലല്ലെങ്കിലും പ്രസരിപ്പു പ്രകടമായത്.

റബർ

രണ്ടര വർഷത്തിലേറെ നീണ്ട കാലയളവിനു ശേഷം റബർ വില 150 രൂപയിലെത്തി നിൽക്കെയാണ് റിപ്പോർട്ട് തയാറാക്കുന്നത്. രാജ്യാന്തര വിപണിയിലെ വിലക്കയറ്റത്തിന്റെ ചുവടൊപ്പിച്ചുള്ള വിലവർധന തുടർന്നേക്കുമെന്ന പ്രതീക്ഷയിലാണു വിപണി. അനുകൂല ഘടകങ്ങളുടെ പിന്തുണയിൽ രാജ്യാന്തര വിപണിയിലെ നില മെച്ചപ്പെടുകയാണെങ്കിൽ ആഭ്യന്തര വിപണിയിലെ വിലയില്‍ 30 ശതമാനം കൂടിയെങ്കിലും വർധനയുണ്ടായേക്കാമെന്നാണു നിരീക്ഷകരുടെ അനുമാനം.

രാജ്യാന്തര വിപണിയിലെ വിലവർധനയ്ക്കു സഹായകമായ പ്രധാന കാരണങ്ങൾ ചൈനയിൽനിന്നുള്ള ഡിമാൻഡിലെ വർധനയും വിദേശനാണ്യ വിപണിയിൽ യുഎസ് ഡോളറിന്റെ കരുത്തിലുണ്ടായ കുതിപ്പും അസംസ്കൃത എണ്ണയുടെ വിലക്കയറ്റവും മറ്റുമാണ്. ചൈനയിൽനിന്നുള്ള ഡിമാൻഡും ഡോളര്‍വിലയും അസംസ്കൃത എണ്ണയുടെ വിലയും കയറ്റിറക്കങ്ങൾക്കു വിധേയമാണെന്നതിനാൽ റബർവിലയിലും ഏറ്റക്കുറച്ചിലുകൾ പ്രതീക്ഷിക്കണം. അതേസമയം, ചൈനയിൽനിന്നുള്ള ഡിമാൻഡ് അടുത്തെങ്ങും കുറയാനിടയില്ലെന്നും അസംസ്കൃത എണ്ണവില ഇപ്പോഴത്തെ നിലവാരത്തിൽ തുടരാനാണു സാധ്യതയെന്നുമുള്ള നിരീക്ഷണങ്ങൾ പ്രബലമാണുതാനും.

ഈ റിപ്പോർട്ട് തയാറാക്കുമ്പോൾ കൊച്ചിയിൽ ആർഎസ്എസ് നാലിന്റെ വില ക്വിന്റലിന് 15,000 രൂപ. ആർഎസ്എസ് അഞ്ച്: 14,400. ബാങ്കോക്കിലെ വിലനിലവാരം ഇങ്ങനെ: ആർഎസ്എസ്–1: 18,414. ആർഎസ്എസ്–2 :18,298. ആർഎസ്എസ്–3 :18,193. ആർഎസ്എസ്–4: 18,135. ആർഎസ്എസ്–5: 18,048.

വെളിച്ചെണ്ണ

ലഭ്യതയിലെ ഇടിവും ഡിമാൻഡിലെ വർധനയും തുടർന്നതു മൂലം വെളിച്ചെണ്ണയുടെയും നാളികേരത്തിന്റെയും കൊപ്രയുടെയും വില വീണ്ടും വർധിച്ചു. വെളിച്ചെണ്ണവിലയിൽ ഈ മാസം തന്നെ ക്വിന്റലിന് 600 രൂപ വർധിച്ചു കഴിഞ്ഞു: കൊപ്രവില ക്വിന്റലിന് 500 രൂപ കൂടി.

ശബരിമല തീർത്ഥാടന കാലമായിരുന്നതിനാൽ ഡിമാൻഡ് ഗണ്യമായി വര്‍ധിച്ചിരുന്നു. കടുത്ത വരൾച്ചമൂലമാണെന്നറിയുന്നു തമിഴ്നാട്ടിൽനിന്നുള്ള ഉൽപന്നവരവു തീരെ കുറഞ്ഞിരിക്കുകയുമാണ്. അതിനിടെ, ബ്രാൻഡഡ് വെളിച്ചെണ്ണ ഇറക്കുന്ന ചില ഉത്തരേന്ത്യൻ കമ്പനികളിൽനിന്നുള്ള ഡിമാൻഡ് വർധിക്കുകകൂടി ചെയ്തതോടെയാണു വില ഗണ്യമായി മെച്ചപ്പെട്ടത്.

ഇതു റിപ്പോർട്ട് ചെയ്യുമ്പോഴത്തെ വില നിലവാരം ഇങ്ങനെ: വെളിച്ചെണ്ണ (മില്ലിങ്) ക്വിന്റലിന് 12,100 രൂപ, തയാർ 11,500 രൂപ, കൊപ്ര ക്വിന്റലിന് 8000 രൂപ. പിണ്ണാക്ക് എക്സ്പെല്ലർ 2000; റോട്ടറി 2500.

കുരുമുളക്

ഉത്തരേന്ത്യയിൽനിന്നുള്ള ഡിമാൻഡിൽ വർധനയുണ്ടെങ്കിലും വിലയിൽ അതിന്റെ പ്രതിഫലനമില്ല. കൊച്ചി വിപണിയിലേക്കുള്ള വരവാകട്ടെ തീരെ കുറവായി തുടർന്നു.

ഈ അവലോകനം തയാറാക്കുമ്പോൾ ഗാർബിൾഡ് കുരുമുളകിന്റെ വില ക്വിന്റലിന് 68,800 രൂപ. അൺഗാർബിൾഡ് ക്വിന്റലിന് 65,800 രൂപ.

രാജ്യാന്തര വിപണിയിൽ കുരുമുളകിന് ഇന്ത്യയുടെ നിരക്ക് ഉയർന്ന തോതിൽ തുടർന്നു: 10,400 ഡോളർ. ഇതിനെക്കാൾ 4000 ഡോളറിന്റെ കുറവോടെ ഇക്വിഡോർ വിപണിയിലുണ്ടായിരുന്നു. ശ്രീലങ്കയുടെ നിരക്ക് 8500 ഡോളർ മാത്രം. ഇന്തൊനീഷ്യ 7000 ഡോളർ. ബ്രസീലിന്റെ നിരക്ക് 6900 ഡോളറും വിയറ്റ്നാമിന്റേത് 6700 ഡോളറും മാത്രമായിരുന്നു.

കേരളത്തിൽനിന്നുള്ള കുരുമുളകു കള്ളക്കടത്ത് ഇപ്പോഴും തുടരുകയാണ്. തമിഴ്നാടുവഴി ഉത്തരേന്ത്യൻ വിപണികളിലേക്കാണു കടത്ത്.

ചുക്ക്, മഞ്ഞൾ

ഉത്തരേന്ത്യൻ ഡിമാൻഡ് നിലനിന്നതുമൂലം ചുക്കിന്റെ മെച്ചപ്പെട്ട വില നിലവാരം തുടർന്നു. ചുക്ക് മീഡിയം ക്വിന്റലിനു വില 13,500 രൂപ. ബെസ്റ്റ് 14,500 രൂപ. നാടൻ മഞ്ഞൾ വില 11,500 രൂപ.

അടയ്ക്ക

Arecanut അടയ്ക്ക

കേന്ദ്രസർക്കാർ അടയ്ക്കയുടെ കുറഞ്ഞ ഇറക്കുമതിവില കിലോയ്ക്ക് 251 രൂപയായി ഉയർത്തിയിട്ടുണ്ട്. ഇറക്കുമതിയിലെ വർധന സംബന്ധിച്ചു കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ കർഷകരിൽ നിന്നു പരാതി ഉയർന്ന പശ്ചാത്തലത്തിലാണിത്. ഈ റിപ്പോർ‌ട്ട് തയാറാക്കുമ്പോൾ ആഭ്യന്തര വിപണിയിൽ അടയ്ക്ക (പുതിയത്) വില 160–180 രൂപയാണ്.