Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറിയ കടയിൽ വലിയ കച്ചവടം

cow-milk-quality

മില്‍മ ബൂത്തുകൾ നമുക്ക് സുപരിചിതമാണ്. പാലിനും പാലുൽപന്നങ്ങൾക്കും മാത്രമായുള്ള ഇത്തരം പാര്‍ലറുകള്‍ക്കു രാജ്യത്തെ ഡെയറി കമ്പനികളുടെ വിപണനതന്ത്രത്തിൽ കൂടുതൽ പ്രാധാന്യം കിട്ടിയിരിക്കുകയാണ്. ഇവ വ്യാപകമാക്കുന്നതിനായി വൻതോതിൽ മുതൽമുടക്കാൻ സ്വകാര്യ– പൊതുമേഖലാ ഡെയറികൾ ഉത്സാഹിക്കുകയാണിപ്പോൾ. സൂപ്പർമാർക്കറ്റുകളിലൂടെയും മറ്റ് കടകളിലൂടെയുമുള്ള വിൽപന അത്ര ഉഷാറാകുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്നാണിത്. മാത്രമല്ല, കമ്മീഷൻ നൽകേണ്ടി വരുന്നതിനാൽ ലാഭം കുറയുകയും ചെയ്യുന്നു. വിതരണക്കാരനെ ഒഴിവാക്കി സ്വന്തം പാർലറുകളിലൂടെ പാലും മൂല്യവർധിത ഉൽപന്നങ്ങളും വിൽക്കുകയാണെങ്കിൽ വിറ്റുവരവ് ഉയരും. പാൽ മാത്രമല്ല മറ്റ് മൂല്യവർധിത ഉൽപന്നങ്ങളും വിറ്റ് അധികാദായമുണ്ടാക്കാമെന്നതും ഇവയുടെ മെച്ചമാണ്.

ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ട സ്വകാര്യ ഡെയറി കമ്പനികള്‍ പലതും ഈ മാറ്റം നടപ്പാക്കി കഴിഞ്ഞു. പാൽവിപണിയിലെ പ്രമുഖരായ ഹട്സൺ അഗ്രോ അവരുടെ മിൽക് പാര്‍ലറുകളുടെ എണ്ണം ഈ വർഷം അവസാനമാകുമ്പോഴേക്കും മൂന്നിരട്ടിയാക്കും. നിലവിൽ ആയിരം പാർലറുകളാണ് ഹട്സണുള്ളത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഹെറിറ്റേജ് ഫുഡ്സും മുംബൈയിലെ പ്രഭാത് ഡയറിയുമൊക്കെ ഇതേ മാർഗത്തിൽ തന്നെ. ഇതിനകം 1600 പാർലറുകൾ ആരംഭിച്ച ഹെറിറ്റേജ് ഫുഡ്സിനു പാൽ വിൽപനയിൽ എട്ടു ശതമാനവും വരുമാനത്തിൽ 12 ശതമാനവും വളർച്ചയുണ്ട്. ഒരു പാര്‍ലറില്‍ ദിവസേന 7000 രൂപയുടെ കച്ചവടം ശരാശരി നടക്കുന്നുണ്ടെന്നാണ് ഇവരുടെ കണക്ക്. ചെറിയ മുറിയിൽ വലിയ കച്ചവടമാണ് നടക്കുന്നതെന്നു തിരിച്ചറിഞ്ഞ് കേന്ദ്ര സഹകരണപ്രസ്ഥാനമായ മദർ ഡെയറിയും ചില്ലറ വില്‍പനശാലകളുടെ എണ്ണം കൂട്ടുകയാണ്, സ്വന്തമായി 800 ബൂത്തുകളും 300 ഫ്രാഞ്ചൈസി ബൂത്തുകളുമുള്ള അവർ വർഷംതോറും 50 ബൂത്തുകൾ ആരംഭിക്കും.

തായ്‌ലൻഡ് വിലയിടിക്കുമോ

റബർവില രണ്ടര വർഷത്തിനുശേഷം 150 രൂപയിൽ എത്തിയതിന്റെ ആഹ്ലാദത്തിലാണ് കൃഷിക്കാർ. കാര്യങ്ങൾ ഇങ്ങനെ തുടർന്നാൽ സംസ്ഥാന സർക്കാരിന്റെ വില ഉറപ്പാക്കൽ പദ്ധതി തൽക്കാലത്തേക്ക് മരവിപ്പിക്കാം. എന്നാൽ തായ്‌ലൻഡ് സംഭരിച്ചു സൂക്ഷിച്ചിരിക്കുന്ന 98,000 ടൺ റബർ വിപണിയിലിറക്കാനുള്ള അവിടുത്തെ റബര്‍ അതോറിട്ടിയുടെ തീരുമാനം ഇക്കാര്യത്തിൽ തിരിച്ചടിയായിട്ടുണ്ട്. വിലയിടിവ് രൂക്ഷമായതിനെ തുടർന്ന് 3,10,000 ടൺ റബറാണ് അവർ സംഭരിച്ചു സൂക്ഷിച്ചിരിക്കുന്നത്. ഇതു മുഴുവൻ ഒരു വർഷത്തിനുള്ളിൽ വിറ്റഴിക്കാനാണ് തീരുമാനമെന്നറിയുന്നു. ലോകത്തിലെ ഏറ്റവും വലിയ റബർ ഉൽപാദകരാജ്യമായ തായ്‌ലൻഡില്‍ അടുത്ത കാലത്തുണ്ടായ മിന്നൽപ്രളയം മൂലം പത്തു ശതമാനം ഉല്‍പാദനം കുറയുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേ തുടർന്നു വില ഉയരുമെന്ന പ്രതീക്ഷയാണ് ഇപ്പോൾ മങ്ങിയിരിക്കുന്നത്.

വായിക്കാം ഇ - കർഷകശ്രീ

റബർകൃഷിക്കാർക്ക് 150 രൂപ വരുമാനം ഉറപ്പാക്കുന്ന പദ്ധതിയിൽ കേന്ദ്രം കൈകോർക്കുമെന്ന വാർത്തയല്ലാതെ നടപടികളൊന്നുമുണ്ടായിട്ടില്ല. വില നിശ്ചിത പരിധിയിലെത്തിയ സാഹചര്യത്തിൽ പദ്ധതിക്കായി സംസ്ഥാന സർക്കാര്‍ അനുവദിച്ച തുക ബാക്കി നില്‍ക്കുകയാണ്. ഈ സാമ്പത്തിക വർഷം ഇതിനായി നീക്കിവച്ച 500 കോടിയിൽ 123 കോടി മാത്രമാണ് ഇതുവരെ ചെലവായിട്ടുള്ളത്. ഡിസംബർവരെ കിട്ടിയ 84 കോടി രൂപയ്ക്കുള്ള അപേക്ഷകളിൽ തീരുമാനമാകേണ്ടതുണ്ട്.

വില വർധിച്ചെങ്കിലും റബർതോട്ടങ്ങളിൽ പച്ചക്കറിക്കൃഷി നടത്താനുള്ള നീക്കം സംസ്ഥാന സർക്കാരും റബർബോർഡും തുടരുമെന്നു പ്രതീക്ഷിക്കാം. അപക്വ കാലഘട്ടത്തിലെ വരുമാനസാധ്യതയ്ക്ക് പ്രസക്തി കുറയുന്നില്ലല്ലോ. ആവർത്തനകൃഷി നടക്കുന്ന റബർതോട്ടങ്ങളിൽ പഴം, പച്ചക്കറിവർഗങ്ങൾ കൃഷി ചെയ്യുന്നവർക്ക് ധനസഹായം നൽകാൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഉൽപാദനത്തിനൊപ്പം വിപണനത്തിനും മൂല്യവർധനയ്ക്കും പദ്ധതിയുടെ ആലോചനാഘട്ടത്തിൽതന്നെ പ്രാധാന്യം ലഭിച്ചത് നല്ല മാറ്റമാണ്. ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി നടത്തിയ ശിൽപശാലയിൽ കോട്ടയം ജില്ലയിലെ 800 ഹെക്ടര്‍ റബർതോട്ടം പച്ചക്കറിക്കൃഷിക്കായി കണ്ടെത്തിക്കഴിഞ്ഞു. റബർ ഉൽപാദകസംഘങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമൊക്കെ കൈകോർത്താൽ വലിയ മാറ്റങ്ങളാവും ഇതുവഴിയുണ്ടാവുക. വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറിക്കൃഷിക്ക് സ്ഥലലഭ്യത കുറവാണെന്ന പരാതിക്ക് ഇതു പരിഹാരമുണ്ടാക്കും. റബർ നട്ട ആദ്യവർഷങ്ങളിൽ വാഴയും പൈനാപ്പിളും പച്ചക്കറിയുമൊക്കെ കൃഷി ചെയ്യുന്ന രീതി പണ്ടേയുള്ളതാണ്. എന്നാല്‍ റബർബോർഡും കൃഷിവകുപ്പും തമ്മിലുള്ള സഹകരണത്തിന്റെ അഭാവം മൂലം ഈ രംഗത്തെ മുന്നേറ്റം തടസ്സപ്പെട്ടിരിക്കുകയായിരുന്നു. വരുമാനവും ഭക്ഷ്യസുരക്ഷയും അപകടത്തിലായപ്പോഴെങ്കിലും ഇരുകൂട്ടരും കൈകോർക്കുന്നത് നല്ലതു തന്നെ.

പെറ്റ്ഷോപ്പുകൾക്ക് നിയന്ത്രണം


വലിയ വളർച്ച അടയാളപ്പെടുത്തിയ മേഖലയായി പെറ്റ് ബിസിനസ് മാറിക്കഴിഞ്ഞു. ഈ രംഗത്ത് വരുമാനമുണ്ടാക്കാൻ ശ്രമിക്കുന്ന സംരംഭകർ ശ്രദ്ധിക്കുക– ഓമനമൃഗങ്ങളുടെ ക്രയവിക്രയം നടത്തുന്ന കടകളെ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ കരടുചട്ടം രൂപീകരിച്ചുകഴിഞ്ഞു. സംസ്ഥാന സർക്കാരുകളുടെയും വിദഗ്ധരുടെയും പൊതുജനങ്ങളുടെയും അഭിപ്രായമാരായാനായി ഇവ കേന്ദ്ര പരിസ്ഥിതിവകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർദിഷ്ട ചട്ടമനുസരിച്ച് എല്ലാ പെറ്റ്ഷോപ്പുകളും ജന്തുക്ഷേമബോർഡിൽ റജിസ്റ്റർ ചെയ്യണം. ബോർഡ് പ്രതിനിധികളുടെ പരിശോധനയ്ക്കു ശേഷം മാത്രമായിരിക്കും ഇത്തരം കടകൾക്ക് റജിസ്ട്രേഷൻ നൽകുക. പെറ്റ് ഷോപ്പുകളിൽ അടിസ്ഥാന സൗകര്യങ്ങൾ, മുടങ്ങാത്ത വൈദ്യുതിലഭ്യത, പരിചരണം, വിദഗ്ധ സേവനം എന്നിവ ഉറപ്പാക്കണം. വാങ്ങിയതും വിറ്റതും മരണപ്പെട്ടതുമായ ഓമനമൃഗങ്ങളെയും പക്ഷികളെയും സംബന്ധിച്ച് വ്യക്തമായ രേഖകൾ സൂക്ഷിക്കണം. എല്ലാ ഓമനമൃഗങ്ങള്‍ക്കും നിശ്ചിത സ്ഥലം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇവ പാലിക്കാത്തപക്ഷം റജിസ്ട്രേഷൻ റദ്ദാക്കപ്പെടും. മൃഗങ്ങളോടുള്ള ക്രൂരത തടയാനുള്ള നിയമപ്രകാരമാണ് ഈ ചട്ടങ്ങൾ.

pet-bird

പ്രഫഷണലിസം കൃഷിയിലും

മറ്റെല്ലാ മേഖലകളിലുമെന്നപോലെ കൃഷിയിലും പ്രഫഷണൽ സംരംഭകരുടെ കാലമാണിനി. മാനേജ്മെന്റ് വൈദഗ്ധ്യവും വിപണിപരിചയവുമുള്ള സമർഥന്മാർ കാർഷിക സംരംഭങ്ങളിലൂടെ വലിയ നേട്ടമുണ്ടാക്കുന്ന ഒട്ടേറെ കഥകൾ ഇന്ന് ഇന്ത്യയിലുണ്ട്.

ബെംഗളൂരു ഐഐഎമ്മിൽനിന്നു പഠിച്ചിറങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചശേഷം അഗ്രിബിസിനസിലേക്കു കടന്ന ശ്രീനിവാസൻ മധുസൂദനൻ ഒരു ഉദാഹരണം. മുപ്പതടി വീതിയും നാൽപതടി നീളവുമുള്ള ഒരു ചെറിയ പ്ലോട്ടിൽ കൃഷിചെയ്തു തുടങ്ങിയ അദ്ദേഹം ഇപ്പോൾ കർണാടകത്തിലും തമിഴ്നാട്ടിലുമായി 180 ഏക്കറിൽ 90 വിളകളാണ് ഉൽപാദിപ്പിക്കുന്നത്. ബാക് ടു ബേസിക്സ് എന്ന പേരിലുള്ള കാർഷിക സംരംഭത്തിന്റെ ചീഫ് ഫാർമർ എന്നാണ് മധുസൂദനൻ സ്വയം വിശേഷിപ്പിക്കുന്നത്. സ്വന്തമായി 60 ഏക്കറിലും ബാക്കി പാട്ടഭൂമിയിലുമാണ് കൃഷി. തങ്ങളുടെ കൃഷിക്കാർ തന്നെയാണ് വിപണനവും നടത്തുന്നതെന്ന് ഇദ്ദേഹം പറയുന്നു. ഇടനിലക്കാരില്ലാത്ത ഇടപാടുകളും ഉൽപാദനനിയന്ത്രണവും വഴി കൃഷിക്കാർക്ക് നേട്ടമുണ്ടാക്കാമെന്ന് ഇവർ കാണിച്ചുതരുന്നു. അസ്തമിക്കുന്ന മേഖലയാണ് കൃഷിയെന്ന പൊതുധാരണ ശരിയല്ലെന്നും മധുസൂദനൻ. ജൈവപച്ചക്കറി ബെംഗളൂരുവിലെ വീടുകൾതോറുമെത്തിക്കുന്ന ബാക് ടു ബേസിക്സ് ഉപഭോക്താക്കൾക്ക് പരീക്ഷണകൃഷി നടത്താനായി മൂന്നര ഏക്കർ നീക്കിവച്ചിട്ടുണ്ട്. തങ്ങളുടെ പച്ചക്കറി ഉൽപാദനം എപ്രകാരമാണെന്നു മനസ്സിലാക്കാൻ അവസരമൊരുക്കി ഉപഭോക്താക്കളുടെ വിശ്വാസമാർജിക്കുകയാണ് ലക്ഷ്യം.

ആനന്ദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റിൽനിന്നും ബിരുദം നേടി ഭക്ഷ്യമേഖലയിലെ വിവിധ കമ്പനികളിൽ പ്രവർത്തിച്ച ബാലസുബ്രഹ്മണ്യവും ഇതേ മാർഗത്തിലാണ്. സുഹൃത്ത് രാജ് ശീലത്തിന്റെ ശ്രേഷ്ഠ ഓർഗാനിക്സ് സിഇഒ എന്ന നിലയിൽ 32,000 കൃഷിക്കാരുടെ ശൃഖലയ്ക്കാണ് ബാലസുബ്രഹ്മണ്യൻ നേതൃത്വം നൽകുന്നത്. പതിനഞ്ച് സംസ്ഥാനങ്ങളിലായി 1.70 ലക്ഷം ഏക്കറിൽ കൃഷി നടത്തുന്ന ശ്രേഷ്ഠ, അഞ്ചു ലക്ഷം ഏക്കറിലേക്ക് കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്. തങ്ങളുടേത് കരാർ കൃഷിയല്ലെന്നും ജൈവഉൽപന്നങ്ങളുടെ വിപണിവിലയാണ് കൃഷിക്കാർക്ക് നല്‍കാറുള്ളതെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിലെ 145 നഗരങ്ങൾക്കു പുറമേ അമേരിക്കയിലെ 45 സംസ്ഥാനങ്ങളിലും സിംഗപ്പൂരിലും ദുബായിലും മൗറീഷ്യസിലും നമ്മുടെ കൃഷിക്കാരുടെ ജൈവഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്താൻ ശ്രേഷ്ഠയ്ക്കു സാധിച്ചിട്ടുണ്ട്.