Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്ഷ്യസംസ്കരണം: 100 ശതമാനം വിദേശനിക്ഷേപം വരുന്നു

food-lab

ഭക്ഷ്യസംസ്കരണ, വിപണനശൃംഖലയിൽ 100 ശതമാനം വിദേശനിക്ഷേപം അനുവദിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ തീരുമാനം സമ്മിശ്ര പ്രതികരണമാണ് ഉളവാക്കിയിട്ടുള്ളത്. കർഷകനു കൂടുതൽ വരുമാനം ഉറപ്പാക്കാനും രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കാനും പുതിയ തീരുമാനം വഴിയൊരുക്കുമെന്നാണ് ഒരു നിലപാട്. എന്നാൽ ഇക്കാര്യത്തിൽ എതിരഭിപ്രായവുമുണ്ട്. അനുകൂലവും പ്രതികൂലവുമായ വീക്ഷണങ്ങൾ വിലയിരുത്തുന്നതിനു മുമ്പ് പുതിയ തീരുമാനത്തിലേക്കു സർക്കാരിനെ നയിച്ച സാഹചര്യമൊന്നു പരിശോധിക്കാം.

കമ്പോളങ്ങളിലും ചില്ലറ വിൽപനക്കടകൾക്കു ചുറ്റിലും കൂട്ടിയിട്ടിരിക്കുന്ന ചീഞ്ഞളിഞ്ഞ പച്ചക്കറികൾ, വീണ് ചീഞ്ഞളിയുന്ന ചക്ക, മാങ്ങ, ജാതിക്ക, പേരയ്ക്ക, ചാമ്പയ്ക്ക എന്നിങ്ങനെ എന്തുമാത്രം കാർഷികോൽപന്നങ്ങളാണ് ആർക്കുമില്ലാതെ നഷ്ടപ്പെടുന്നത്? ഉൽപാദനശേഷമുള്ള ഇത്തരം നഷ്ടം സമ്പദ്ഘടനയിൽ കനത്ത ആഘാതമാണ് വരുത്തുന്നത്. ഉൽപാദനത്തിനായി ചെലവഴിക്കുന്ന പണവും ഊർജവും നഷ്ടപ്പെടുന്നുവെന്നു മാത്രമല്ല, പരിസ്ഥിതിപ്രശ്നങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും ഇതു കാരണമാകുകയും ചെയ്യുന്നു. ഭക്ഷണാവശ്യങ്ങൾക്കായി ഇറക്കുമതിയെ ആശ്രയിക്കുമ്പോഴുള്ള അധിക സാമ്പത്തിക ബാധ്യത വേറെ.

വായിക്കാം ഇ - കർഷകശ്രീ

നാഷനൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ 2013–ല്‍ നടത്തിയ പഠനത്തില്‍ പഴം–പച്ചക്കറികളുടെ പ്രതിവർഷ ശരാശരി ഉൽപാദനത്തിന്റെ 30 ശതമാനം പാഴാകുന്നതായി കണ്ടു. ബംഗാൾ, ഗുജറാത്ത്, ബിഹാർ സംസ്ഥാനങ്ങളിലാണ് ഇത്തരം നഷ്ടമേറെയുള്ളത്. 2015–ൽ ഭാരതീയ കാർഷിക ഗവേഷണ കൗൺസിൽ പുറത്തിറക്കിയ പഠന റിപ്പോർട്ട് പ്രകാരം ഭക്ഷ്യധാന്യങ്ങളിൽ 4.65–5.99 ശതമാനവും പയറുവർഗ്ഗങ്ങളിൽ 6.36–8.41 ശതമാനവും എണ്ണക്കുരുക്കളിൽ 3.08–4.96 ശതമാനവും പഴം–പച്ചക്കറികളിൽ 4.58–15.88 ശതമാനവും സമുദ്രോൽപന്നങ്ങളിൽ 10.52 ശതമാനവുമാണ് നഷ്ടപ്പെടുന്നത്. എന്നാൽ താരതമ്യേന ഏറ്റവും വേഗം ഉപയോഗശൂന്യമാകുന്ന പാലിന്റെ കാര്യത്തില്‍ ഇത് 0.92 ശതമാനം മാത്രം.

വിളവെടുപ്പ് മുതൽ ഉപഭോഗം വരെയുള്ള കമ്പോള ശൃംഖലയിൽ പല ഘട്ടങ്ങളിലായി അളവിലും ഗുണത്തിലും നഷ്ടം സംഭവിക്കുന്നുണ്ട്. അപര്യാപ്തമായ സംഭരണ–വിതരണ സംവിധാനം, അശാസ്ത്രീയ വിളവെടുപ്പ് എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങൾ ഇതിന് ആക്കം കൂട്ടുന്നു. അതുകൊണ്ട് ഭക്ഷ്യസംസ്കരണരംഗം സാമൂഹികമായും സാമ്പത്തികമായും പാരിസ്ഥിതികമായും ഏറെ പ്രാധാന്യമർഹിക്കുന്നു.

വിപണി സാധ്യതകൾ

കാർഷികോൽപന്നങ്ങളുടെ കമ്പോള സാധ്യതയിൽ ആറാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. 3971 കോടി ഡോളർ വിലമതിക്കുന്ന നമ്മുടെ കമ്പോളം 11 ശതമാനം വാര്‍ഷിക വളർച്ചനിരക്കോടെ 2018 ൽ 6540 കോടി ഡോളര്‍ എന്ന നിലയിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നമ്മുടെ ഭക്ഷ്യസംസ്കരണ കമ്പോളം ലോകത്തെ മൊത്തം ഭക്ഷ്യ കമ്പോള വ്യാപ്തിയുടെ 32 ശതമാനമാണ്. ഉൽപാദനം, ഉപഭോഗം, കയറ്റുമതി, വളർച്ചനിരക്ക് എന്നിവയിൽ അഞ്ചാം സ്ഥാനമാണ് ഈ മേഖലയ്ക്കുള്ളത്.

ചില്ലറ വിൽപനരംഗത്തുണ്ടായിട്ടുള്ള ഓൺലൈൻ വ്യാപാരം ഭക്ഷ്യസംസ്കരണ മേഖലയിൽ കുതിച്ചുചാട്ടത്തിനുതന്നെ വഴിയൊരുക്കാം. മൊബൈൽ ആപ്പുകൾക്കായുള്ള സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിലും വർധനയുണ്ട്. ഭക്ഷ്യസംസ്കരണരംഗത്തെ നിക്ഷേപത്തിന്റെ നിലവാരവും ഇത് അരക്കിട്ടുറപ്പിക്കുന്നു. 2000 മുതൽ 2015 വരെയുള്ള കാലയളവിൽ 670 കോടി ഡോളറിന്റെ നേരിട്ടുള്ള നിക്ഷേപമാണ് ഈ രംഗത്തുണ്ടായിട്ടുള്ളത്. അടുത്ത പത്തു വർഷംകൊണ്ട് ഇത് 3300 കോടി ഡോളർ ആകുമെന്നാണ് പ്രതീക്ഷ.

വികസന നയങ്ങള്‍, പദ്ധതികൾ

ഭക്ഷ്യസംസ്കരണത്തിന് 2011–ലെ മാനുഫാക്ചറിങ് നയത്തിൽതന്നെ മുൻഗണന നിശ്ചയിക്കുകയുണ്ടായി. തുടർന്ന് പന്ത്രണ്ടാം പഞ്ചവൽസരപദ്ധതിയിൽ ഈ രംഗം അതീവ പ്രാധാന്യത്തോടെ പരിഗണിക്കപ്പെടുകയും ദേശീയ ഭക്ഷ്യസംസ്കരണ മിഷൻ രൂപീകരിക്കപ്പെടുകയും ചെയ്തു. ദേശീയ മിഷന്റെ ഭാഗമായി ഭക്ഷ്യസംസ്കരണരംഗത്ത് സാങ്കേതികവിദ്യയുടെ നവീകരണം, വിപുലീകരണം, ശീതീകരണ സംവിധാനങ്ങൾ, മൂല്യവർധന സംവിധാനങ്ങൾ, മനുഷ്യവിഭവശേഷി വികസനം, സംരംഭകത്വ വികസനം, പരിശീലന സൗകര്യങ്ങൾ, വിജ്ഞാനവ്യാപനം, ഗ്രാമീണ മേഖലയിൽ ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ, അസംബ്ലിങ് സെന്ററുകള്‍ എന്നീ ഘടകങ്ങൾ കേന്ദ്രീകരിച്ചു വിവിധ പദ്ധതികൾ നടപ്പാക്കിവരികയാണ്.

തൊഴിൽ നൈപുണ്യം

തൊഴിൽ നൈപുണ്യം എന്ന ഘടകം ഇതുവരെ അവഗണിക്കപ്പെട്ടിരുന്നു. ഇതു തിരിച്ചറിഞ്ഞാണ് കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയം നൈപുണ്യ വികസന പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൂഡ് ടെക്നോളജി എന്റർപ്രണർഷിപ് ആൻഡ് മാനേജ്മെന്റ് ഇതേ ലക്ഷ്യത്തോടെ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്നു. ഭക്ഷ്യസംസ്കരണരംഗത്ത് ഓരോ ഘട്ടത്തിലുമുള്ള തൊഴിൽ നൈപുണ്യവും മനുഷ്യവിഭവശേഷിയുടെ അളവും തിട്ടപ്പെടുത്തി ദേശീയ തലത്തിൽതന്നെ മികച്ച നിലവാരം വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫൂഡ് ഇന്‍ഡസ്ട്രി കപ്പാസിറ്റി ആൻഡ് സ്കിൽ ഇനിഷ്യേറ്റീവ് പ്രവർത്തിക്കുന്നത്. പഴം–പച്ചക്കറികൾ, ഭക്ഷ്യധാന്യങ്ങൾ/ എണ്ണക്കുരുക്കള്‍, പാലുൽപന്നങ്ങൾ, മാംസോൽപന്നങ്ങൾ, സമുദ്രോൽപന്നങ്ങള്‍, ബ്രഡ്–ബേക്കറി ഉൽപന്നങ്ങൾ, ബിവറേജസ്, സോയ, പാക്കേജ്ഡ് ഫൂഡ് എന്നിങ്ങനെ ഏതാണ്ട് എല്ലാ ഭക്ഷ്യോൽപന്നങ്ങളും ഇക്കൂട്ടത്തിൽപ്പെടുന്നു.

നൈപുണ്യ വികസന പദ്ധതിപ്രകാരം ഭക്ഷ്യസംസ്കരണരംഗത്ത് പരിശീലനം നൽകുന്ന സ്ഥാപനങ്ങളും പങ്കാളികളും ഫൂഡ് ഇന്‍ഡസ്ട്രി കപ്പാസിറ്റി ആൻഡ് സ്കിൽ ഇനിഷ്യേറ്റീവുമായി അഫിലിയേറ്റ് ചെയ്തിരിക്കണമെന്ന് നിഷ്കർഷിക്കുന്നുണ്ട്. തൊഴിൽ നൈപുണ്യ വികസനം, സംരംഭകത്വ വികസനം എന്നീ മേഖലകളിലൂന്നിയാണ് മന്ത്രാലയം ഭക്ഷ്യസംസ്കരണരംഗത്തിന്റെ വികസനത്തിനു ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ഈ രംഗത്തു പരിശീലനം നൽകാൻ ശേഷിയുള്ള വിദഗ്ധരും സ്ഥാപനങ്ങളും സംബന്ധിച്ച വിശദവിവരങ്ങൾ തയാറാക്കുകയാണ് മന്ത്രാലയം.

കർശന ഗുണനിയന്ത്രണം

ഭക്ഷ്യസംസ്കരണം ആരോഗ്യവുമായി നേര്‍ബന്ധമുള്ളതാകയാല്‍ ഈ രംഗത്ത് കര്‍ശന ഗുണ നിയന്ത്രണ സംവിധാനങ്ങളാണ് നിഷ്കർഷിച്ചിരിക്കുന്നത്. ഫൂഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ ഇക്കാര്യത്തിൽ അതീവജാഗ്രത പുലർത്തുന്നുണ്ട്. ആഭ്യന്തര, വിദേശ ഉപഭോക്താക്കളുടെയും പരിസ്ഥിതിയുടെയും ആരോഗ്യം ഉറപ്പാക്കുക എന്ന സാമൂഹിക കടമയുടെ ഭാഗമായാണിത്.

കേരളത്തെ ഭക്ഷ്യസംസ്കരണ സംരംഭകർക്കു പ്രിയങ്കരമാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാനസർക്കാർ. സമുദ്രോൽപന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ ഉൽപാദനത്തിലുള്ള മേൽക്കൈ, മികച്ച വിദ്യാഭ്യാസവും തൊഴിൽ നൈപുണ്യവുമുള്ള തൊഴിൽസേന എന്നീ ഘടകങ്ങൾ നമുക്ക് ഇക്കാര്യത്തിൽ അനുകൂലവുമാണ്. അതിലുപരി, വളരെ ചലനാത്മകമായ ഒരു ഉപഭോഗ കമ്പോളവും നമുക്കുണ്ട്. പ്രവാസികൾ താരതമ്യേന കൂടുതലുള്ള സംസ്ഥാനമാണ് നമ്മുടേത്. അതുകൊണ്ട് ഒട്ടേറെ തനതു പ്രാദേശിക ഭക്ഷ്യവസ്തുക്കളുടെ വിദേശ കമ്പോള സാധ്യതകളും നമുക്കുണ്ട്.

കേരള ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ ആണ് ദേശീയ ഭക്ഷ്യ സംസ്കരണ മിഷന്റെ സംസ്ഥാന നോഡൽ ഏജൻസി. ഇതിന്റെ താഴെത്തട്ടിൽ ജില്ലാതല ഏജൻസികളുണ്ട്. ജില്ലാ വ്യവസായകേന്ദ്രമാണ് അതതു ജില്ലാതല നോഡൽ ഏജൻസി.

ആരംഭിച്ചു കഴിഞ്ഞ വൻകിട ഭക്ഷ്യപാർക്കുകൾ, സമുദ്രോൽപന്ന പാർക്ക് എന്നിവയ്ക്കു പുറമേ ഇൻക്യുബേഷൻ സെന്റർ, കൂടുതൽ ഫൂഡ് പാർക്കുകൾ, ഗുണനിലവാര നിയന്ത്രണ ലാബുകൾ എന്നിവയും സ്ഥാപിച്ചു സംസ്ഥാനത്തെ ഭക്ഷ്യ സംസ്കരണരംഗത്ത് സർക്കാർ കൂടുതൽ വ്യവസായ സാധ്യതകൾ തുറന്നിടുകയാണ്. കാർഷിക സർവകലാശാല, കൃഷി വിജ്ഞാനകേന്ദ്രങ്ങൾ, മറ്റു ഗവേഷണ സ്ഥാപനങ്ങൾ എന്നിവ സാങ്കേതിക പരിജ്ഞാനം നൽകാൻ സന്നദ്ധമായുണ്ട്.

സംരംഭകരെ ആകർഷിക്കാൻ

നമ്മുടെ രാജ്യത്തു മൂന്നിലൊരാൾ രണ്ടായിരത്തി ഇരുപതോടെ നഗരവാസിയായി മാറുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ നിരക്ക് ഇതിലുമേറെയാണ്. അതായത്, ഉൽപാദനരംഗത്തുനിന്ന് ഏറെ അകലെയായിരിക്കും ഉപഭോഗരംഗം. മറ്റൊന്ന്, സാമ്പത്തിക നിലയിലുണ്ടായ പുരോഗതിയാണ്. വർധിച്ചു വരുന്ന വരുമാനം, ഉദാരവൽക്കരണത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞ കമ്പോള സംസ്കാരം, സാമൂഹികമാറ്റങ്ങള്‍ എന്നിവയെല്ലാം തന്നെ നമ്മുടെ ഭക്ഷണശീലങ്ങളിൽ കാതലായ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നു. ശരാശരി ഉപഭോഗച്ചെലവിന്റെ കാര്യത്തിൽ (നഗരത്തിലും ഗ്രാമത്തിലും) ഒന്നാംസ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. മറ്റൊന്ന് സ്ത്രീ വിദ്യാഭ്യാസവും അനുബന്ധ മാറ്റങ്ങളുമാണ്. മെച്ചപ്പെട്ട സാക്ഷരത, ജോലിസാധ്യതകൾ എന്നിവയും ആഹാരശീലങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നുണ്ട്. ഉപയോഗിക്കാനെളുപ്പം, പോഷകാഹാര സാധ്യതകൾ, ഗുണമേന്മ എന്നീ ഘടകങ്ങൾ ഈയവസരത്തിൽ പ്രാധാന്യമർഹിക്കുന്നു. പ്രമേഹരോഗികൾക്കു യോജ്യമായ ഭക്ഷണക്കൂട്ടുകൾ, ജൈവ ഉല്‍പന്നങ്ങൾ, ശിശുഭക്ഷണങ്ങൾ എന്നിവയുടെ വര്‍ധിച്ചുവരുന്ന വിപണനസാധ്യതകൾ നമുക്കു വ്യക്തമാണല്ലോ. ഇതോടൊപ്പം കയറ്റുമതി സാധ്യതകളുമേറെ. മധ്യ പൂർവ ദേശങ്ങളിലേക്കും ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കുമാണ് കൂടുതൽ സാധ്യതയുള്ളത്.

വികസിത രാജ്യങ്ങളിലെ ഭക്ഷണക്കുട്ടയിലെ ഇനങ്ങളിൽ 80 ശതമാനവും സംസ്കരിച്ച ഭക്ഷണമാണ്. നമ്മുടേത് വെറും 1.3 ശതമാനം മാത്രമാണിപ്പോഴും. 2025 ആകുമ്പോഴേക്കും ഇത് 25 ശതമാനമായി ഉയർത്തുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. ഇതു സാധ്യമാക്കാനാണ് ഈ രംഗത്ത് 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്നത്.

ആശങ്കകളും ഒട്ടേറെ

കൃഷിയുമായി ബന്ധപ്പെട്ട ഒരു രംഗത്ത് നൂറു ശതമാനം വിദേശനിക്ഷേപം അനുവദിക്കുന്നതു സംബന്ധിച്ച് എതിരഭിപ്രായങ്ങളും ഉയരുന്നുണ്ട്. വിദേശക്കുത്തക സാന്നിധ്യം ദീർഘകാലാടിസ്ഥാനത്തിൽ ഗുണകരമോ എന്ന ചോദ്യമാണ് ഇവയിൽ പ്രധാനം. തുടക്കത്തില്‍ ആകർഷകമായ വിലയും സുനിശ്ചിത വിപണിയും കണ്ട് കർഷകർ തങ്ങളുടെ ഉല്‍പന്നങ്ങൾ മുഴുവനായും ഇത്തരം വിദേശ കമ്പനികൾക്ക് വിറ്റഴിക്കാൻ തയാറായേക്കും. ഇത് പ്രാദേശിക വിപണികളുടെ നിലനിൽപിന്നെത്തന്നെ ബാധിക്കാം. അതുകൊണ്ട് ഇക്കാര്യത്തിൽ ചെറുകിട വ്യാപാരികളും ചെറുകിട സംസ്കരണ സംരംഭകരും വഴിയോര കച്ചവടക്കാരുമൊക്കെ ആശങ്കാകുലരാണ്. ഗ്രാമീണ മേഖലയിലേക്കുള്ള ബഹുരാഷ്ട്രക്കുത്തകകളുടെ കടന്നുകയറ്റം തങ്ങളുടെ നിലനിൽപിനെ ബാധിക്കുമെന്ന് അവർ ഭയപ്പെടുന്നുണ്ട്. ഇത് സംഗതമായ കാര്യമാണുതാനും.

ആശങ്കയുണർത്തുന്ന മറ്റൊരു കാര്യം നിലവിലുള്ള വിപണനശൃംഖലകൾ ക്രമേണ പൂർണമായും ഇല്ലാതാവാനുള്ള സാധ്യതയാണ്. ഇക്കാര്യത്തിൽ പല വികസ്വര–അവികസിത രാജ്യങ്ങളിലെയും അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. ഇത് ഒഴിവാക്കണമെങ്കിൽ വിദേശകമ്പനികളുടെ മേൽ നമുക്കു നിയന്ത്രണം വേണം. എന്നാൽ ഇതെത്രമാത്രം സാധ്യമാകുമെന്നു കണ്ടറിയണം.

വിലാസം: ഡയറക്ടർ, സെന്റർ ഓഫ് എക്സലൻസ് ഇൻ എൻവയൺമെന്റൽ ഇക്കണോമിക്സ്, കോളജ് ഓഫ് ഹോർട്ടികള്‍ച്ചർ, വെള്ളാനിക്കര.

ഇ–മെയിൽ : induananth@gmail.com 

Your Rating: