Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റബർ: ഗുണമേന്മ ഉറപ്പാക്കാം

nj-jacob-with-rubber-sheet വൺ എക്സ് ഗ്രേഡ് ഷീറ്റുമായി എൻ.ജെ. ജേക്കബ്

നാം ഉൽപാദിപ്പിക്കുന്ന റബറിന്റെ 62 ശതമാനവും ഉപയോഗിക്കുന്നത് ടയർ നിർമാണ മേഖലയാണ്. കാലം ചെല്ലുന്തോറും കൂടുതൽ ഗുണമേന്മയുള്ള റബറിന്റെ സംഭരണത്തിലേക്കും ഉയർന്ന നിലവാരമുള്ള ഉൽപന്നങ്ങളിലേക്കുമാണ് ടയർ നിർമാതാക്കളുടെ ശ്രദ്ധപോകുന്നത്. സ്വാഭാവികമായും, നിലവാരം കുറഞ്ഞ റബർ ഷീറ്റ് ഉൽപാദിപ്പിച്ച് വിപണിയിലെത്തിക്കുന്ന കർഷകനു ഗ്രേഡിങ്ങിൽ പിന്നിൽ നിൽക്കുന്ന RSS 5 ന്റെയോ ലോട്ടിന്റെയോ കുറഞ്ഞ വിലകൊണ്ടു തൃപ്തിപ്പെടേണ്ടി വരും.

റബറിന് ഉയർന്ന വില ലഭിച്ചിരുന്ന കാലത്ത് ഗ്രേഡുകൾ തമ്മിലുള്ള വിലവ്യത്യാസം കർഷകർ അത്ര കണക്കിലെടുത്തിരുന്നില്ല. ഉണക്കു കുറവും പൂപ്പൽബാധയും ചൂണ്ടിക്കാട്ടി മൊത്തം ഷീറ്റിനും കച്ചവടക്കാരൻ ലോട്ട‍ിന്റെയോ RSS 5 ന്റ‌‍െയോ വിലയിട്ടു. ഇതേ ഷീറ്റ് കഴുകി പൂപ്പൽബാധ നീക്കി, നന്നായി ഉണക്കി RSS 4 ഷീറ്റായി കച്ചവടക്കാരൻ വൻകിട വ്യാപാരികൾക്കു വിൽക്കുകയും ചെയ്യുന്നു.

വായിക്കാം ഇ - കർഷകശ്രീ

ഈ സന്ദർഭത്തിലാണ് കോട്ടയം ജില്ലയിലെ കുറവിലങ്ങാടിനടുത്തുള്ള കാപ്പുംതല റബർ ഉൽപാദകസംഘ(ആർ.പി.എസ്)വും ചങ്ങനാശേരിയിലെ പ്രമുഖ റബർ വ്യാപാരികളായ എ.ബി. റബേഴ്സും കർഷകർക്കു മാതൃകയാകുന്നത്.

കാപ്പുംതല ഗോൾഡ്

ഗ്രേഡിങ്ങിൽ ഏറ്റവും ഉയർന്ന നിലവാരമുള്ള RSS വൺ എക്സ് ഉൽപാദിപ്പിക്കുന്ന അപൂർവം ഉൽപാദകസംഘങ്ങളിലൊന്നാണ് കാപ്പുംതലയിലേത്. ന്യൂയോർക്കിലെ റബർ മാനുഫാക്ചേഴ്സ് അസോസിയേഷൻ എന്ന സംഘടനയാണ് റബറിന് ആദ്യമായി ഗ്രേഡിങ് നിശ്ചയിക്കുന്നത്. നിലവിലെ ഗ്രേഡിങ് ശൈലി തുടങ്ങ‍ുന്നത് 1960ൽ.

ഷീറ്റിന്റെ നിറം, ബലം, ഉണക്ക്, പുകയുടെ അളവ്, കരടുൾപ്പെടെയുള്ള മാലിന്യങ്ങൾ, കുമിളകൾ എന്നിവ വിലയിരുത്തിയാണ് തരംതിരിക്കൽ. സൂര്യപ്രകാശത്തിനെതിരെ ഷീറ്റു പിടിച്ചുനോക്കിയാൽത്തന്നെ ഗുണനിലവാരത്തിലെ ഏറ്റക്കുറവുകൾ വ്യക്തമാവും. അങ്ങേയറ്റം ശ്രദ്ധയോടെയുള്ള സംസ്കരണരീതികളിലൂടെ മാത്രമേ വൺ എക്സ് നിർമിക്ക‍ാനാവൂ. തേൻനിറമോ സ്വർണനിറമോ ആയിരിക്കും ഈ ഷീറ്റുകൾക്ക്. പൂ‍പ്പൽ, കരടുകൾ, ഒട്ടൽ, കുമിളകൾ, ഉരുകൽ പാടുകൾ എന്നിവ തീരെ പാടില്ല. നന്നായി ഉണങ്ങിയ നല്ല സുതാര്യമായ ഷീറ്റുകൾ.

ഇത്ര കർശനമായ മാനദണ്ഡങ്ങൾ പാലിച്ച് സാധാരണ കർഷകർക്ക് ഇതു നിർമിക്കുക എളുപ്പമല്ല. മാത്രമല്ല RSS 4, RSS 5 എന്നിവ ഒഴികെയുള്ള ഗ്രേഡുകൾക്ക് പ്രദേശിക വിപണിയുമില്ല. കുറഞ്ഞ അളവിൽ ഷീറ്റുകൾ വൺ എക്സായി സംസ്കരിച്ചെടുക്കുക ആദായകരമല്ലെന്നും കാപ്പുംതല സംഘം പ്രസിഡന്റ് എൻ.ജെ. ജേക്കബ് ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന്, ദിവസം നാനൂറ് ഷീറ്റാണ് വൺ എക്സ് നിലവാരത്തിൽ നിർമിക്കുന്നതെങ്കിൽ സംസ്കരണച്ചെലവ് കിലോയ്ക്ക് 15–16 രൂപ വരും. അതേസമയം ആയിരം ഷീറ്റ് ഒരുമിച്ച് ഉൽപാദിപ്പിക്കുമ്പോൾ ഇത് 5–6 രൂപയിലൊതുങ്ങും. ഇതുകൊണ്ടാണ് സാധാരണ കർഷകർക്ക് വൺ എക്സ് നിർമാണം പ്രായോഗികമല്ലാതാകുന്നത്. കർഷക കൂട്ടയ്മകളായ ആർ.പി.എസുകൾക്ക് ഇതു സാധിക്കുകയും ചെയ്യും.


					ഗ്ലാസ് ബോക്സിനു മുകളിൽവച്ച് കരടുകൾ വെട്ടിനീക്കി ഫോർ ഷീറ്റിനെ ത്രീ ഷീറ്റാക്കുന്നു.

അങ്ങേയറ്റം ശ്രദ്ധയോടെയാണ് കാപ്പുംതലയിൽ വൺ എക്സ് നിർമാ‍ണം. തോട്ടത്തിൽനിന്നു കർഷകർ ശേഖരിക്കുന്ന പാൽ ആർ.പി.എസിന്റെ സംസ്കരണ കേന്ദ്രത്തിൽ എത്തിക്കുന്നു. തുടർന്ന് ഒന്നിന് 450 ഗ്രാം എന്ന നിർദിഷ്ട തൂക്കത്തിൽ വൺ എക്സ് ഷീറ്റ് ഉൽപാദിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം സംഘത്തിനാണ്.

പാൽ സൂക്ഷ്മതയോടെ അരിച്ച്, ഓരോ കർഷകനും എത്തിക്കുന്ന പാലിന്റെ ഡി.ആർ.സി (Dry Rubber content in Latex - ഉണക്ക റബർ) കൃത്യതയോടെ പരിശോധിച്ച്, അതിനനുസരിച്ച് വെള്ളം ചേർത്തു പാൽ നേർപ്പിക്കുകയും ഉറ കൂടാനുള്ള ആസിഡ് ചേർക്കുകയും ചെയ്യുന്നു. തലേന്നത്തെ ഷീറ്റ് പിറ്റ‍േന്നു രാവിലെ അടിച്ചെടുത്ത് വെള്ളം തോർന്നതിനു ശേഷം വൈകുന്ന‍േരത്തോടെ പുകപ്പുരയിലേക്ക്.

പേര് പുകപ്പുര എന്നാണെങ്കിലും പുക മുഴുവനായും പുറത്തേക്ക് തള്ളിക്കളഞ്ഞ് നിയന്ത്രിത ചൂടിലാണ് ഷീറ്റ് ഉണക്കുന്നത്. സ്വർണ നിറമാർന്ന ഈ വൺ എക്സ് ഷീറ്റിനെ കാപ്പുംതല ഗോൾഡ് എന്നുതന്നെ വിളിക്കാം. നിലവിൽ പ്രതിദിനം ആയിരം ഷീറ്റാണ് കാപ്പുംതലയുടെ ഉൽപാദനം. ഉയർന്ന വില ലഭിക്കുന്ന വൺ എക്സ്, സർജിക്കൽ ഉപകരണങ്ങൾപോലെ അതിപ്രധാന ഉൽപന്നങ്ങൾ നിർമിക്കാൻ വേണ്ടി മാത്രമുള്ളതായതിനാൽ ഉൽപാദനം പരിമിത അളവിൽ മതി.

നൂറിലേറെ കർഷകരാണ് കാപ്പുംതല സംഘത്തിൽ പാൽ അളക്കുന്നത്. വൃത്തിയായ സാഹചര്യത്തിൽ തോട്ടത്തിൽനിന്നു ശേഖരിച്ച പാൽ സംഘത്തിലെത്തിക്കുകയാണ് കർഷകർ ചെയ്യേണ്ടത്. സംഘം ഈ പാൽ വൺ എക്സ് ഷീറ്റാക്കി മാറ്റി ഉയർന്ന വിലയ്ക്ക് വിറ്റഴിച്ചശേഷം സംസ്കരണച്ചെലവ് ഈടാക്കി ബാക്കിയുള്ള തുക, ഡിആർസിക്ക് ആനുപാതികമായി കർഷകനു നൽകുന്നു. ചുരുക്കത്തിൽ ആർപിഎസിൽ പാൽ നൽകുന്ന കർഷകന് ഏറ്റവും ഉയർന്ന ഗ്രേഡ് ഷീറ്റിന്റെ വില ലഭ്യമാകുന്നു. അതായത്, കുറഞ്ഞ അധ്വാനം കൂടുതൽ ലാഭം.

കർഷകരിൽനിന്നു സംഭരിക്കുന്ന പാലിന്റെ ഡിആർസി പരിശോധിക്കുന്നതിൽ സംഘം നൂറു ശതമാനം കൃത്യത പുലർത്തുന്നതിനാൽ കർഷകരും സന്തുഷ്ടർ. വെട്ടുദിനങ്ങൾ തമ്മിലുള്ള ഇടവേള കുറഞ്ഞാൽ ലാറ്റെക്സിലെ ഡിആർസി കുറയും. വരുമാനം ഇടിയും. മൂന്നു ദിവസത്തിലൊരിക്കൽ ടാപ്പ‍ു ചെയ്യുന്നതാണ് ഉചിതമെന്ന് ജേക്കബ്. ഈ രീതിയിൽ, ഗുണനിലവാരമുള്ള ഗ്രേഡുകൾ ഉൽപാദിപ്പിക്കാനും വിപണി കണ്ടെത്താനും സംഘങ്ങൾ തുനിഞ്ഞാൽ കർഷകരുടെ നേട്ടം വർധിപ്പിക്കാമെന്നും അദ്ദേഹം പറയുന്നു.

'ടാപ്പേഴ്സ് ബാങ്ക്' ഇല്ലാതെ തന്നെ ഒട്ടേറെ ടാപ്പർമാരും സംഘത്തിന്റെ ഭാഗമായുണ്ട്. വെട്ടുകാർക്ക് ഇൻഷുറൻസും ഇൻസെന്റീവുകളുമെല്ലാം സംഘം ഉറപ്പുവരുത്തുന്നു. തോട്ടം ഉടമ വെട്ടുകാരനു നൽകുന്ന കൂലിയിൽ സംഘം ഇടപെടാറുമില്ല. ഓരോ തോട്ടത്തിലെയും മരങ്ങളുടെ പ്രായം, വേണ്ടിവരുന്ന അധ്വാനം എന്നിവയ്ക്കെല്ലാം അനുസൃതമായി വെട്ടുകൂലിയിൽ നേരിയ വ്യത്യാസങ്ങളുണ്ടാവും. അതുകൊണ്ടുതന്നെ കൂലി ഏകീകരിക്കൽ പ്രായോഗികമല്ലെന്നാണ് സംഘത്തിന്റെ വിലയിരുത്തൽ. കാപ്പുംതലയിൽ വെട്ടുകാർക്കു ക്ഷാമമില്ലാത്തതും ഇക്കാരണങ്ങളാൽത്തന്നെ.

റബറിന് ഇപ്പോൾ ലഭിക്കുന്ന വില തീർത്തും അപര്യാപ്തമാണെന്ന അഭിപ്രായം തങ്ങൾക്കില്ലെന്നു ജേക്കബ്. "ലാഭം കുറഞ്ഞു എന്നതു നേര്. അതിനർഥം നഷ്ടത്തിലാണ് എന്നല്ല. കൂടുതൽ വില ലഭിക്കുന്ന കാലത്തു റബർ കർഷകർ കൂട്ടായ്മകളിലൊന്നും താൽപര്യം കാണിക്കാറില്ല. വിലയിടിവു കാലത്തു വിലപിക്കുകയും ചെയ്യും. ഈ ശൈലി കർഷകർക്കു ഭൂഷണമല്ല. കൂട്ടായ്മ എക്കാലത്തും ഉണ്ടാവണം. ഒരുമിച്ചുനിന്ന് നേട്ടം പങ്കിടണം, കാപ്പുംതലയുടെ നേട്ടം ഈ കൂട്ടായ്മയാണെന്നു ജേക്കബ് കൂട്ടിച്ചേർക്കുന്നു.

നാലിനെ മൂന്നാക്കുന്ന വിദ്യ

ചങ്ങനാശേരി നടയ്ക്കപാടത്തുള്ള എ.ബി. റബേഴ്സിന്റെ ഗോഡൗണിലാണ് അഞ്ചിനെ നാലും നാലിനെ മൂന്നുമാക്കുന്ന മൂല്യവർധിത സംസ്കരണം. ദീർഘകാലമായി റബർ സംഭരണ രംഗത്തുണ്ട് എ.ബി. റബേഴ്സ് ഉടമ ബാബു ജേക്കബ്. മകൻ രോഹിതും ഇപ്പോൾ പിതാവിന്റെ പാതയിൽ.

റബർ കടക്കാരിൽനിന്നു സംഭരിക്കുന്ന RSS 4 ഷീറ്റിനെ RSS 3 ഷീറ്റാക്കുന്ന രീതി തുടങ്ങുന്നത് ഒരു വർഷം മുമ്പാണ്. വിപണിയിൽ RSS 3 ഗ്രേഡിന് ആവശ്യകത വർധിച്ചതാണ് ഇതിലേക്കു തിരിയാൻ കാരണമെന്ന് ബാബു ജേക്കബ്. RSS 4 ഷീറ്റിലെ കരടും മാലിന്യങ്ങളും വെട്ടിനീക്കിയാണ് മൂന്നാം ഗ്രേഡ് ആക്കുന്നത്. ഇതിനായി പതിനഞ്ചു സ്ത്രീകൾ ജോലി ചെയ്യുന്നു.

പുകകൊണ്ട് കരിനിറമെത്തിയതും ചെറിയ തോതിൽ ഉരുക്കവും കുമിളുകളുള്ളതും ചെറിയ കരടുകൾ, മാലിന്യങ്ങൾ എന്നിവ കലർന്നതുമായ ഷീറ്റാണ് RSS 5 ഗ്രേഡിൽ പെടുക. നല്ല ഉണക്കുള്ളതും ബലമുള്ളതും പൊള്ളൽ, ഉരുക്കം തുടങ്ങിയ ന്യൂനതകൾ തീരെ ഇല്ലാത്തതും പൊടിക്കരടുകളും ചെറുകുമിളകളും അനുവദനീയമായതുമാണ് RSS 4 ഉൾപ്പെടുത്തുക. ഈ ഫോർ ഷീറ്റിലെ കരടുകളും മാലിന്യങ്ങളും സൂക്ഷ്മതയോടെ വെട്ടി നീക്കുന്നതോടെ അവ RSS 3 ആയി മാറുന്നു.

മുകൾവശത്ത് സുതാര്യമായ ഗ്ലാസ് ഉറപ്പിച്ചതും ഉള്ളിൽ ചെറിയ ട്യൂബ് ലൈറ്റ് ഘടിപ്പിച്ചതുമായ അലുമിനിയം ബോക്സ് ഇതിനായി പ്രത്യേകം തയാറാക്കുകയായിരുന്നെന്ന് രോഹിത്. ഫോർ ഷീറ്റ് ഈ ഗ്ലാസിന്റെ ഉപരിതലത്തിൽ വിടർത്തി ഇടുന്നു. ഉള്ളിലെ ട്യൂബിന്റെ പ്രകാശത്തിൽ ഷീറ്റിലെ ചെറുകരടുകൾപോലും തെളിഞ്ഞുകാണാം. കത്രിക ഉപയോഗിച്ച് റബർ കാര്യമായി നഷ്ടപ്പെടാത്ത രീതിയിൽ കരടുകൾ വെട്ടി നീക്കുന്നു. ഇങ്ങനെ സംസ്കരിച്ചെടുക്കുന്ന RSS 3 ഷീറ്റ‍ിനെ RSS 4മായി താരതമ്യപ്പെടുത്തുമ്പോൾ വിലയിൽ ചെറുതല്ലാത്ത വ്യത്യാസവുമുണ്ടാവും. ടയർ കമ്പനികളുടെ ആവശ്യകതയ്ക്ക് അനുസരിച്ചാണ് RSS 3 ഷീറ്റിന്റെ സംസ്കരണം. റേഡിയൽ ടയർ നിർമാണത്തിനാണ് ഈ ഗ്രേഡ് പ്രയോജനപ്പെടുത്തുന്നത്. RSS 5,  RSS 4 ഗ്രേഡുകളാണ് സാധാരണ കർഷകർക്കു നിർമിക്കാവുന്നത്. ടയർ നിർമാതാക്കൾക്ക് ഏറ്റവും കൂടുതൽ ആവശ്യമുള്ളതും 4,5 ഗ്രേഡുകൾതന്നെ.

ഇവ തമ്മിലുള്ള വിലവ്യത്യാസം കർഷകർ മിക്കവരും ശ്രദ്ധിച്ചിട്ടില്ലെന്ന് ബാബു ജേക്കബ്. 5 ഉം 4 ഉം ത‍മ്മിൽ രണ്ടു രൂപ മുതൽ പത്തു രൂപ വരെ വിലയിൽ അന്തരം വരാം. വിലക്കുറവിന്റെ കാലത്ത് ഈ വ്യത്യാസം വരുമാനത്തിൽ കാര്യമായ വർധന ഉണ്ടാക്കും.


					പതിനഞ്ച് സ്ത്രീകൾ ജോലിചെയ്യുന്ന ഗോഡൗണിൽ അവർക്കൊപ്പം ബാബു ജേക്കബ്.

നാലിനെ മൂന്നാക്കുക മാത്രമല്ല, മേൽപറഞ്ഞ രീതിയിൽത്തന്നെ RSS 5നെ RSS 4 ആക്കി മാറ്റുകയും ചെയ്യുന്നുണ്ട് എ.ബി. റബേഴ്സ്. കരടുകൾ വെട്ടി നീക്കിത്തന്നെയാണ് ഇതും സാധിക്കുന്നത്. എന്നാൽ റബർ കർഷകർ മനസ്സുവച്ചാൽ RSS 4 നിർമിച്ച് മികച്ച വില നേടാവുന്നതേയുള്ളൂവെന്ന് ബാബു ജേക്കബ് ചൂണ്ടിക്കാട്ടുന്നു.

നാലാം ഗ്രേഡ് ഷീറ്റ് ഉൽപാദിപ്പിക്കാൻ കാര്യമായ അധ്വാനമൊന്നും വേണ്ട. പാൽ നന്നായി അരിക്കുക, കൃത്യമായ അളവിൽ വെള്ളം ചേർത്തു നേർപ്പിക്കുക, ആവശ്യത്തിന് ആസിഡ് ചേർത്ത് ഉറ കൂട്ടുക എന്നീ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. 800–900 ഗ്രാം തൂക്കം വരുന്ന ഷീറ്റ് ഉൽപാദിപ്പിക്കുന്നവർപോലും നമ്മുടെ നാട്ടിലുണ്ട്. ഉണക്കു കുറവു മൂലം വിപണിയിൽ ഇതിന്റെ വില ഇടിയും. മഴക്കാലത്ത് ഇത്തരം ഷീറ്റുകളിൽ പൂപ്പൽ കൂടി ബാധിക്കുന്നതോടെ കച്ചവടക്കാരൻ ഏറ്റവും താഴ്ന്ന വിലയേ നൽകുകയുള്ളൂ. ശരാശരി 500 ഗ്രാം തൂക്കം ലഭിക്കുന്ന വിധം ശ്രദ്ധയോടെ തയാറാക്കുന്ന ഫോർ ഷീറ്റിന് വിപണിയിൽ പ്രിയമുണ്ടാവും. ഉയർന്ന ഗുണനിലവാരമുള്ള റബറാണ് ടയർനിർമാണ കമ്പനികൾക്ക് ആവശ്യം. ഭാവിയിൽ ഗുണനിലവാരം കുറഞ്ഞ റബർ തഴയപ്പെടുകയും ചെയ്തേക്കാം. അതുകൊണ്ടു വിലയിടിവിനെ ചെറുക്കാൻ ഗുണമേന്മ വർധിപ്പിക്കുകയാണ് വേണ്ടതെന്നു ബാബു ജേക്കബ് ഓർമിപ്പിക്കുന്നു.