Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുർകുമിൻ ക്യാപ്സ്യൂളും ജിഞ്ചർ പേസ്റ്റും

turmeric-capsule

മഞ്ഞളിലെ വർണവസ്തുവായ കുർകുമിന് ഔഷധനിർമാണത്തിൽ വൻ ഡിമാൻഡ് ഉണ്ട്. കേരളത്തിന്റെ മണ്ണിൽ വിളയുന്ന മഞ്ഞളിൽ കുർകുമിൻ അളവ് വളരെ കൂടുതലാണുതാനും. മഞ്ഞൾപ്പൊടിയിൽനിന്ന് കുർകുമിൻ വേർതിരിച്ചെടുത്ത് ക്യാപ്സ്യൂൾ രൂപത്തിലോ ചെറിയ ക്യൂബുകളിലാക്കിയോ വിപണനം നടത്തുന്നുണ്ട്. കുർകുമിൻ ക്യാപ്സ്യൂള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം അനുദിനം കൂടുകയാണ്.

മഞ്ഞൾപ്പൊടി: പച്ചയ്ക്ക് അരിഞ്ഞുണക്കിയോ പുഴുങ്ങിയുണക്കിയോ തയാറാക്കുന്ന മഞ്ഞൾപ്പൊടിക്ക് നല്ല സ്വീകാര്യതയാണുള്ളത്. സംരംഭം തുടങ്ങാൻ ബോയിലർ, പോളിഷിങ് മെഷീൻ, പൾവറൈസർ എന്നീ യന്ത്രങ്ങൾ വേണം.

ഇഞ്ചി

ഇഞ്ചിയിൽനിന്നു ബാഷ്പശീലതൈലങ്ങളും മറ്റും വാറ്റിയെടുക്കുന്നതു കൂടാതെ ചുക്ക്, ജിഞ്ചർ പേസ്റ്റ്, ഫ്ലേക്ക‍‍ഡ് ജിഞ്ചർ, കാൻഡീഡ് ജിഞ്ചർ, ജിഞ്ചർ പൗഡർ എന്നിവയും തയാറാക്കാം.

വായിക്കാം ഇ - കർഷകശ്രീ

ചുക്ക് നിർമാണം: ഗുണമേന്മയേറിയ ചുക്ക് ലഭിക്കുന്നതിന് 8–9 മാസം വിളവുള്ള ഇഞ്ചിയാണ് യോജ്യം. വയനാടൻ, കുറുപ്പംപടി, വള്ളുവനാട്, വരദ, രജത, മഹിമ തുടങ്ങിയ ഇനങ്ങളാണ് നന്ന്. വിളവെടുത്ത ശേഷം കഴുകി മണ്ണും അഴുക്കും പൊടിയും നീക്കം ചെയ്ത ഇഞ്ചിയുടെ തൊലി ചെത്തിക്കൂർപ്പിച്ച മുളയുടെ കഷണമോ സ്റ്റീൽ കത്തിയോ ഉപയോഗിച്ച് ചുരണ്ടി മാറ്റി സൾഫർ ബ്ലീച്ച് നടത്തിയ ശേഷം ഉണക്കിയെടുക്കുന്നു. ഒടിച്ചാൽ കേൾക്കുന്ന പരുവം വരെ ഉണക്കണം.

ജിഞ്ചർ പേസ്റ്റ്: കറികളിലും മറ്റും നേരിട്ട് ചേർക്കത്തക്ക വിധം പച്ച ഇഞ്ചി യന്ത്രസഹായത്താൽ പൾപ്പാക്കി വേണ്ട അളവില്‍ രാസസംരക്ഷകങ്ങളും ചേർത്ത് പായ്ക്ക് ചെയ്യുന്നു.

ginger-paste-making ജിഞ്ചർ പേസ്റ്റ് തയാറാക്കുന്നു

ജിഞ്ചർ ഫ്ലേക്സ്: കഴുകി വൃത്തിയാക്കിയതിനുശേഷം തൊലി നീക്കം ചെയ്ത് നേർമയായി സ്ലൈസ് ചെയ്ത പച്ചയിഞ്ചി എയർ ഡ്രയറിൽ ഉണക്കിയെടുക്കുന്നു. കുതിർക്കുമ്പോൾ പച്ചയിഞ്ചിയുടെ തനതു രുചി കിട്ടും.

ജിഞ്ചർ കാൻഡി: പഞ്ചസാരപ്പാനിയിൽ വിളയിച്ചെടുക്കുന്ന ജിഞ്ചർ കാൻഡി കേക്ക്, ബ്രഡ്, പുഡ്ഡിങ് എന്നിവയിൽ ചേരുവയാക്കാം.

ബാഷ്പശീല തൈലങ്ങൾ: ചുക്കുപൊടിയിൽനിന്ന് വേർതിരിച്ചെടുക്കുന്ന ജിഞ്ചർ ഓയിൽ ഔഷധ, സൗന്ദര്യവർധകവസ്തു നിർമാണത്തിൽ ഉപയോഗിക്കുന്നു.

വിദേശ വിപണി ലക്ഷ്യമിടുമ്പോൾ ജിഎപി (Good Agricultural Practices), ജിഎംപി (Good Manufacturing Production), ഫോറിൻ ട്രേഡിനുള്ള ലൈസൻസ് (Code) എന്നിവ നേടേണ്ടതുണ്ട്.

വിലാസം: സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് (ഹോം സയൻസ്), കൃഷി വിജ്ഞാന കേന്ദ്രം, ആലപ്പുഴ ഫോൺ: 0479 2449268