Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുതലമടയുടെ മുതൽ തൊടുപുഴയുടെ തോളിൽ

mango

ഒന്നാംതരം അല്‍ഫോൻസ മാങ്ങയുടെ ഒരു പെട്ടിക്ക് കഴിഞ്ഞ വർഷം ഡൽഹിയിലെ ആസാദ്പൂർ വിപണിയിൽ വില 7000 രൂപ. ഏഷ്യയിൽതന്നെ ആദ്യം മാമ്പഴം വിപണിയിലെത്തുന്ന പാലക്കാട് മുതലമടയിൽ അന്നേദിവസത്തെ വിലയാവട്ടെ പെട്ടിക്ക് 1400 രൂപ മാത്രവും. നാട്ടിലെ കച്ചവടക്കാർക്കു കിട്ടിയ ഈ വില കൃഷിക്കാരിലെത്തിയപ്പോൾ 600–700 രൂപ വരെ വീണ്ടും താഴ്ന്നു. വിപണിവിലയുടെ പത്തുശതമാനം മാത്രം കൃഷിക്കാർക്കു കിട്ടിയപ്പോൾ 90 ശതമാനം ഇടനിലക്കാരുടെ കീശയിൽ! – ഏഷ്യയിൽ ഏറ്റവുമാദ്യം മാങ്ങ വിപണിയിലെത്തിക്കുമ്പോഴും ഈ പാലക്കാടൻ ഗ്രാമത്തിലെ കൃഷിക്കാർ അനുഭവിക്കുന്ന കയ്പുള്ള യാഥാർഥ്യമാണിത്. മാംഗോസിറ്റിയെന്ന പേരിൽ അറിയപ്പെടുന്ന മുതലമടയിൽ മുതലയുമില്ല, സിറ്റിയുമില്ല. പക്ഷേ സിറ്റികളിലെ സ്വന്തം മടകളിലിരുന്ന് വിപണി നിയന്ത്രിക്കുന്ന ചില മുതലകളാണ് ഇവിടുത്തെ മാങ്ങയുടെ വില തീരുമാനിക്കുന്നതും കീശയിലാക്കുന്നതും. ഒപ്പം അവരുടെ ഏജന്റുമാരും.

നിറയെ മാവുണ്ടെന്നതു സത്യം. രണ്ടു വർഷമായി മാവിൽ മാങ്ങ തീരെ കുറവാണെന്നു മാത്രം. മുപ്പതു ശതമാനമായി ഉല്‍പാദനം കുറഞ്ഞെന്നു മാവുകര്‍ഷകനായ രവി പറഞ്ഞു. സീസണായതിന്റെ തിരക്കൊന്നും ഇവിടുത്തെ കവലകളിലും റോഡുകളിലും കണ്ടില്ല. ഷെഡ്ഡുകൾക്കു മുമ്പിൽ കാത്തുകിടക്കാൻ ലോറികളോ ലോഡിങ് തൊഴിലാളികളോ ഇല്ല. വേനലിന്റെ കാഠിന്യം ഏറ്റവുമധികം പ്രകടമായ മുതലമടയിൽ വാടിയ ഇലകളുമായി തളർന്നുനിൽക്കുകയാണ് ഭൂരിപക്ഷം മാവുകളും. തുള്ളിനന നടത്താൻ പോലും വെള്ളമില്ലാത്ത തോട്ടങ്ങളിൽ മാവല്ലാതെ മറ്റൊരു കൃഷിയും പിടിച്ചു നിൽക്കുന്നില്ല. വിപണനത്തിലെ ചൂഷണം മാത്രമല്ല പരിസ്ഥിതിവിനാശം, ആരോഗ്യപ്രശ്നങ്ങൾ, ജലദൗർലഭ്യം എന്നിങ്ങനെ മുതലമടയിൽ ഒളിച്ചിരിക്കുന്ന പല ദുരന്തങ്ങളും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

എന്നാൽ ഇവിടുത്തെ ഒരു സംഘം യുവകർഷകർക്ക് ഇക്കാര്യങ്ങൾ കണ്ടില്ലെന്നു നടിക്കാനായില്ല.

വായിക്കാം ഇ - കർഷകശ്രീ

മാന്തോപ്പുകൾ വാടകയ്ക്കെടുക്കുന്ന കച്ചവടക്കാരാണ് മുതലമടയിലെ കൃഷിയെയും കൃഷിക്കാരെയും ദുരന്തങ്ങളിലേയ്ക്കു നയിക്കുന്നതെന്ന് അവർ പറയുന്നു. അടുത്ത സീസണിലേയ്ക്ക് തോട്ടം കച്ചവടക്കാരെ ഏൽപിച്ചാൽ പണം കൈപ്പറ്റി വെറുതെയിരിക്കാമെന്ന പ്രലോഭനമാണ് ഇവരുടെ ആയുധം. എന്നാൽ ഇപ്രകാരം ഏറ്റെടുത്ത തോട്ടങ്ങളെ വിഷത്തിൽ മുക്കി നശിപ്പിക്കുകയാണ് കച്ചവടക്കാർ ചെയ്യുന്നതെന്ന കാര്യം പലരും കാണാതെ പോകുന്നു. മാങ്ങാക്കച്ചവടക്കാര്‍ മാത്രമല്ല രാസവളം, കീടനാശിനി തുടങ്ങിയ കാർഷിക ഉപാധികളുടെ വിതരണക്കാരും ഈ കൂട്ടുകെട്ടിലുണ്ട്. വിമർശിക്കുന്നവരെ ഇല്ലാതാക്കാൻ മാത്രം കരുത്തരാണവരെന്നു കൃഷിക്കാർ പറയുന്നു.

mango-cads-thodupuzha കാഡ്‌സിൽ വിൽപനയ്ക്കു നിരത്തിയ മുതലമട മാങ്ങ

മുതലമടയിലെ ചെറുകിട മാവ് കർഷകരുടെ താൽപര്യ സംരക്ഷണത്തിനു സ്വയം സംഘടിക്കുകയേ നിവൃത്തിയുള്ളെന്ന സാഹചര്യത്തിലാണ് ഉൽപാദകകമ്പനി എന്ന ആശയം അവരുടെ ശ്രദ്ധയിൽ വന്നത്. നബാർഡിന്റെയും തൃശൂർ ആസ്ഥാനമായുള്ള ഇസാഫിന്റെയും (Evangelical Social Action Forum) പിന്തുണയും ഒത്താശയും കരുത്തായപ്പോൾ മുതലമട മാംഗോ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി (MMFPCL) എന്ന പേരിൽ ചെറുകിട മാവുകർഷകരുടെ കമ്പനിയ്ക്ക് അവർ രൂപം നൽകി. മാങ്ങാക്കച്ചവടത്തിലെ ചൂഷണം അവസാനിപ്പിക്കുക മാത്രമല്ല മുതലമടയിലെ മാവുകൃഷി സാമ്പത്തികമായും പാരിസ്ഥിതികമായും ആരോഗ്യപരമായും സുസ്ഥിരമാക്കുകയാണ് എംഎംഎഫ്പിസിഎലിന്റെ ലക്ഷ്യം. കഴിഞ്ഞ വർഷം ജനുവരിയിൽ ഉദ്ഘാടനം ചെയ്യപ്പെട്ട കമ്പനിയിൽ ഇപ്പോൾ എഴുന്നൂറോളം പേര്‍ അംഗത്വം തേടിയിട്ടുണ്ട്. അഞ്ച് ഏക്കറിൽ താഴെ കൃഷിയിടമുള്ള ചെറുകിട കർഷകർക്കാണ് അംഗത്വം അനുവദിക്കുന്നത്. കച്ചവടലോബിയിൽനിന്നു കൃഷിക്കാരെ മോചിപ്പിക്കാൻ സ്റ്റേറ്റ് ബാങ്കുമായി ചേർന്ന് പ്രത്യേക കാർഷിക വായ്പാപദ്ധതിക്കു കമ്പനി രൂപം നൽകിയിട്ടുണ്ട്. നാമമാത്രമായ പലിശയ്ക്കു കിട്ടുന്ന ഈ വായ്പ കൃഷിക്കാർ നൽകുന്ന മാങ്ങയുടെ വിലയായി കമ്പനി തിരിച്ചടയ്ക്കും.

കേരളത്തിന്റെ സിഗ്നേച്ചർ പ്രോഡക്ട് എന്ന നിലയിൽ ലോകമെങ്ങും മുതലമടയില്‍നിന്നുള്ള മാങ്ങ പ്രചരിക്കുമെന്ന സ്വപ്നമാണ് ഇവരെ നയിക്കുന്നത്. ഈ ലക്ഷ്യം മനസ്സിൽ സൂക്ഷിച്ചുകൊണ്ട് കേരള കാർഷിക സർവകലാശാലയുടെ സഹായത്തോടെ ഭൗമശാസ്ത്ര സൂചിക നേടാൻ ഇവർ ശ്രമം തുടങ്ങിക്കഴിഞ്ഞു.

തുടക്കമെന്നവണ്ണം തൊടുപുഴയിലെ കർഷക പ്രസ്ഥാനമായ കാഡ്സുമായി ചേർന്ന് വിഷരഹിത മാമ്പഴത്തിന്റെ വിപണനം ആരംഭിച്ചിരിക്കുകയാണിവർ. മാർച്ചിൽ ആരംഭിച്ച ഈ പദ്ധതി പ്രകാരം മുതലമടയിലെ ചെറുകിട കര്‍ഷകരുടെ തോട്ടങ്ങളിൽനിന്നുള്ള മാങ്ങ തൊടുപുഴയിലെയും എറണാകുളം ആലിൻചുവട്ടിലെയും കാഡ്സ് വിപണികളിൽ ചൂടപ്പം പോലെ വിറ്റഴിയുകയാണിപ്പോള്‍. ഏതു കൃഷിക്കാരന്റെ തോട്ടത്തിൽനിന്നുള്ള മാങ്ങയാണെന്നു വിൽപന കൗണ്ടറിൽ എഴുതി പ്രദർശിപ്പിക്കുന്നു. ഈ സീസണിൽ 40 ലക്ഷം രൂപയുടെ മാങ്ങ വിറ്റുകൊടുക്കാമെന്ന ഉറപ്പാണ് കാഡ്സ് പ്രസിഡന്റ് കെ.ജി. ആന്റണി എംഎംഎഫ്പിസിഎലിനു നൽകിയിരിക്കുന്നത്. മുതലമടയിലെ കർഷകർ നിർദേശിക്കുന്ന വില നൽകാനും അവർ സന്നദ്ധരായി. ഈ പദ്ധതി പ്രകാരം 20–25 ശതമാനം അധികവില നേടാൻ കഴിയുന്നുണ്ടെന്നു രവി പറഞ്ഞു. കർഷക പ്രസ്ഥാനങ്ങൾക്ക് പരസ്പര സഹകരണത്തിലൂടെ വളരാമെന്നതിനുള്ള തെളിവായി കാഡ്സ് – എംഎംഎഫ്പിസിഎൽ സഹകരണം മാറിക്കഴിഞ്ഞു.

mmfpcl-mango-company-management സിഇഒ സെന്തിൽ, ഡയറക്ടർമാരായ ആറുമുഖൻ, രവി

ഉൽപാദന രംഗത്തെ തെറ്റായ പ്രവണതകൾ നുള്ളിനീക്കി കൃഷിച്ചെലവ് കുറയ്ക്കുന്നതിനുള്ള ശ്രമത്തിലാണ് കമ്പനി ഇപ്പോൾ. അമിതമായ രാസവള–കീടനാശിനി–ഹോർമോൺ പ്രയോഗങ്ങൾ അടുത്തകാലത്ത് ഇവിടേയ്ക്കു കടന്നുവന്നതായി കൃഷിക്കാർ തന്നെ സമ്മതിക്കുന്നുണ്ട്. കൂടുതൽ ആദായത്തിനെന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ട ഇത്തരം കൃഷി സമ്പ്രദായങ്ങൾ ഇവിടുത്തെ മണ്ണിനെയും വിളവിനെയും മോശമാക്കുകയാണെന്ന തിരിച്ചറിവ് കമ്പനിക്കുണ്ട്. തെറ്റായ കൃഷിരീതികൾ മാറ്റി ശരിയായ കൃഷിരീതി (GAP-Good Agricultural Practices) സ്വീകരിക്കാനും ക്രമേണ ജൈവമാമ്പഴ ഉൽപാദനത്തിലേക്കു കടക്കാനുമാണ് തങ്ങളുടെ ശ്രമമെന്ന് കമ്പനി സിഇഒ സെന്തിൽ പറഞ്ഞു.

അമിതമായ ഹോർമോൺ പ്രയോഗത്തിലൂടെ വിളവ് വർധിപ്പിക്കുന്നതു വഴി മാവുകൃഷിലെ ജലവിനിയോഗം പല മടങ്ങാകുമെന്ന് കമ്പനി ഡയറക്ടറായ ആറുമുഖൻ ചൂണ്ടിക്കാട്ടി. മുതലമട പോലെ ജലദൗർലഭ്യമുള്ള സ്ഥലങ്ങളിൽ ഇതു പ്രായോഗികമല്ല. മില്ലിമീറ്ററുകൾ മാത്രം പ്രയോഗിക്കേണ്ട രാസകീടനാശിനികൾ ലീറ്ററുകളായി ഒഴുക്കാൻ കൃഷിക്കാരെ പ്രേരിപ്പിക്കുന്ന ലോബികൾ ഇവിടെ പിടിമുറുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ കമ്പനി അംഗങ്ങളായ കൃഷിക്കാർ ഇത്തരം കൃഷിരീതികൾ പൂർണമായി ഉപേക്ഷിച്ച് ജൈവരീതികളിലേയ്ക്കു കടക്കുന്നതോടെ മറ്റുള്ളവരും സുസ്ഥിരകൃഷി സമ്പ്രദായത്തിലേക്കു മാറുമെന്ന പ്രതീക്ഷയാണ് ഇവർക്കുള്ളത്. നല്ല കൃഷിരീതി പ്രചരിപ്പിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയിൽ കമ്പനിയുടെ കീഴിലുള്ള 25 കൃഷിക്കാർ ചേർന്നിട്ടുണ്ട്. കേരള കാർഷിക സർവകലാശാലയുടെ ശാസ്ത്രീയ കീടനിയന്ത്രണ പദ്ധതിപ്രകാരം കീടനാശിനിപ്രയോഗം പരമാവധി കുറയ്ക്കാനുള്ള പദ്ധതിയും ഇവർ ഏറ്റെടുത്തിട്ടുണ്ട്. സർവകലാശാലയുടെ നിർദേശപ്രകാരം അനുവദനീയമായ വളങ്ങളും മരുന്നുകളും മാത്രം വിൽക്കുന്ന അഗ്രി–ഇൻപുട്ട് സെന്ററും ഇക്കോഷോപ്പും ഉടൻ ആരംഭിക്കും. വിഷരഹിതമായ മാങ്ങ മലയാളമണ്ണിനു സമ്മാനിക്കാൻ ഈ യത്നങ്ങൾ ഉപകരിക്കുമെന്ന വിശ്വാസത്തിലാണിവർ.

ഫോൺ: 9020409028 (സെന്തിൽ)