Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർഷകവിപണികൾ കൈകോർത്തപ്പോൾ

farmers-agriculture-market

കൃഷിക്കാരന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള 20 സജീവ വിപണികൾ. കബളിപ്പിക്കലും ചൂഷണവുമില്ലാത്ത വിപണനസാഹചര്യങ്ങൾ, കറിവേപ്പിലയും നേന്ത്രക്കായും നാളികേരവും നാടൻപച്ചക്കറികളും മരച്ചീനിയും മാത്രമല്ല, കാന്താരിമുളകും ഉപ്പ‍േരിക്കപ്പയും ഈന്തങ്ങപ്പൊടിയും നാടൻ നെയ്യും തേനും വരെ വീടുകളിൽനിന്നെത്തിക്കുന്ന കർഷകർ. നാട്ടിൻപുറത്തിന്റെ നന്മ തേടി വിദൂരസ്ഥലങ്ങളിൽനിന്നുപോലുമെത്തുന്ന ഇടപാടുകാർ, നൂറു ടണ്ണോളം കാർഷികോൽപന്നങ്ങൾ വിറ്റഴിയുന്ന ഹരിതമൈത്രി എന്ന വിപണനശൃംഖല കാർഷിക കേരളത്തിനു പുതിയ മാതൃക ഒരുക്കുകയാണ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മലയോരഗ്രാമങ്ങളായ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കൂട്ടിക്കൽ, കാളകെട്ടി, കോരുത്തോട്, മണിമല, പാറത്തോട്, എരുമേലി, തമ്പലക്കാട്, ഞള്ളമറ്റം, വാഴൂർ, ചിറക്കടവ് മാടപ്പള്ളി, പാമ്പാടി, കൂരോപ്പട, അയർക്കുന്നം, മണർകാട്, പൂഞ്ഞാർ, കട്ടപ്പന എന്നിവിടങ്ങളിലെ കർഷകവിപണികളാണ് ഈ ശൃംഖലയിലുള്ളത്.

വായിക്കാം ഇ - കർഷകശ്രീ

കർഷകഭവനങ്ങളിലെ ഏതുതരം ഉൽപന്നങ്ങളും – വിളവെടുത്തതും സംസ്കരിച്ചതും – സ്വീകാര്യമായ വിലയിൽ വിൽക്കുന്ന സംവിധാനമെന്ന നിലയിൽ‌ ഈ വിപണികളെ കൃഷിക്കാർ നെഞ്ചിലേറ്റിക്കഴിഞ്ഞു. ആത്മവിശ്വാസത്തോടെ കൃഷി ചെയ്യാനും വ്യാപിപ്പിക്കാനും ഇതുവഴി സാധിച്ചെന്നു സാക്ഷ്യപ്പെടുത്തുന്ന ഒട്ടേറെ കർഷകരെ ഓരോ കർഷകവിപണിയിലും കണ്ടെത്താനാവും. മറവിയിലായ പല നാടൻ ഉൽപന്നങ്ങളുടെയും തിരിച്ചുവരവിനും ഈ സംവിധാനം കാരണമായിട്ടുണ്ട്. വിപണിവിവരങ്ങൾ പരസ്പരം കൈമാറിയും ഉൽപന്നങ്ങളുടെ ശാസ്ത്രീയ വിതരണത്തിലൂടെയും ഏറ്റവും മികച്ച വില നേടുകയാണ് ശൃംഖലയുടെ പ്രധാന ലക്ഷ്യം. കംപ്യൂട്ടർ, മൊബൈൽ ഫോൺ ശൃംഖലയും അക്കൗണ്ടിങ് സോഫ്റ്റ്‌വെയറുമൊക്കെ നടപ്പാക്കി കാര്യക്ഷമത കൂട്ടാനും കൃഷിക്കാർക്കു മെച്ചപ്പെട്ട സേവനം നൽകാനും ഇവർക്കു സാധിക്കുന്നു. ഓരോ ഉൽപന്നത്തിനും ഉൽപാദകന്റെ പേരു സഹിതമുള്ള ലേബലുകൾ നൽകുന്നതിനാൽ വിളകളുടെ നിലവാരം സംബന്ധിച്ച ഉത്തരവാദിത്തം അവർക്കു തന്നെ. കൃഷിക്കാരിൽനിന്നു നേരിട്ട് ഉൽപന്നങ്ങൾ വാങ്ങാമെന്നതിനാൽ ഉപഭോക്താക്കൾക്കും ചില്ലറക്കച്ചവടക്കാർക്കും ഈ സംവിധാനം പ്രയോജനപ്പെടുന്നുണ്ട്.

ഉൽപാദകരുടെ വിപണിയാണെങ്കിലും ഉപഭോക്താവുതന്നെ ഇവിടെ രാജാവ്. എന്നാൽ രാജാവിന്റെ ഹിതം നടപ്പാക്കുന്ന മന്ത്രിയുടെ കസേര ഈ വിപണികളിലെ കൃഷിക്കാർക്കുണ്ട്. സാധാരണ വിപണികളിൽ കൃഷിക്കാരൻ വെറും സേവകൻ മാത്രമാണെന്നോർക്കാം. ഉപഭോക്താവിന്റെ താൽപര്യമനുസരിച്ച് ആരോഗ്യ ഭക്ഷണം ന്യായവിലയ്ക്കു നൽകുന്ന കർഷകവിപണികൾ പരമാവധി വിലവർധന ലക്ഷ്യമിടുന്നില്ലെന്നു ഹരിതമൈത്രി ചെയർമാൻ ജോണി മാത്യു പൊട്ടംകുളം പറഞ്ഞു. അതിലുപരി ന്യായവും സ്ഥിരതയുള്ളതുമായ വിലയാണ് ഈ സംവിധാനത്തിലൂടെ നേടാൻ ശ്രമിക്കുന്നത്. വിശ്വാസ്യതയുള്ള കൃഷിക്കാരിൽനിന്ന് ഉൽപന്നങ്ങൾ നേരിട്ടു വാങ്ങാനാഗ്രഹിക്കുന്ന ആർക്കും ഹരിതമൈത്രിയുടെ ചന്തകളിൽ ഇടപാടുകാരായെത്താം. ലാളിത്യവും അനൗപചാരികതയുമാണ് കൃഷിക്കാരെ ഇവിടേക്ക് ആകർഷിക്കുന്നത്. നിയമങ്ങളും ചട്ടങ്ങളും അധികാരികളുമില്ലാതെ സമഭാവനയുള്ള കൃഷിക്കാരുടെ ഐക്യം നൽകുന്ന ആത്മവിശ്വാസത്തോടെ വില പേശാനും കച്ചവടമുറപ്പിക്കാനും അവർക്ക് ആത്മവിശ്വാസം കൂടുന്നു.

harithamaithri-agriculture-market കാളകെട്ടിയിലെ ഹരിതമൈത്രി വിപണി

ഉൽപാദകരും ഉപഭോക്താക്കളുമെന്ന ഭേദമില്ലാതെ നാട്ടുകാരുടെ പൊതു പങ്കാളിത്തത്തോടെയാണ് പല വിപണികളും നടക്കുന്നത്. വിലനിർണയത്തിൽ ഇവരുടെ അഭിപ്രായങ്ങൾക്കു നല്ല പരിഗണനയുണ്ട്. കടത്തിണ്ണകളിലും പൊതുസ്ഥലങ്ങളിലുമൊക്കെയാവും ഈ അഭിപ്രായ രൂപീകരണം. ഗുണനിലവാരമുള്ള കൃഷിരീതികൾ സ്വീകരിച്ച കൃഷിക്കാർക്ക് കൂടുതൽ ആദരവും സ്വീകാര്യതയും അവരുടെ ഉൽപന്നങ്ങൾക്ക് മികച്ച വിലയും കിട്ടുമെന്നത് കർഷകവിപണികളുടെ സവിശേഷതയാണ്. മറ്റു കർഷകർക്ക് ഇത് പ്രചോദനമാകാറുണ്ട്.

എല്ലാ കർഷകവിപണികളുടെയും പ്രവർത്തനം ഏറക്കുറെ സമാനമാണ്. ആഴ്ചതോറും മുൻകൂട്ടി നിശ്ചയിച്ച ദിവസം നിശ്ചിത സ്ഥലത്ത് കൃഷിക്കാർ തങ്ങളുടെ ഉൽപന്നങ്ങൾ എത്തിക്കുന്നു. ഇതിനു പ്രത്യേക ഫീസോ കയറ്റിറക്കുകൂലിയോ അംഗത്വമോ ആവശ്യമില്ല. സ്വന്തമായി‌ കൃഷി ചെയ്തുണ്ടാക്കിയ ഉൽപന്നങ്ങൾ കൊണ്ടുവരുന്നവർ‌ക്ക് ലോഡ് സ്വയം ഇറക്കുകയുമാവാം.

ഒരു കിലോ മഞ്ഞളുമായി വരുന്ന കൃഷിക്കാരനും ഒരു ലോഡ് വാഴക്കുലയുമായി വരുന്ന കൃഷിക്കാരനും ഇവിടെ അവസരമുണ്ട്. ചില്ലറ വിൽപനയ്ക്കു യോജിച്ച ഇനങ്ങൾ ന്യായവില നിശ്ചയിച്ച് ആവശ്യക്കാർക്ക് നൽകും. സ്വന്തം ഉൽപന്നത്തിനു പ്രതീക്ഷിക്കുന്ന വില തീരുമാനിക്കാൻ ഓരോ ഉൽപാദകനും അവസരമുണ്ട്. വില നിശ്ചയിക്കുന്നതിനായി മുൻ ഇടപാടുകളിലെ വിലയും സമീപകാലവിപണികളിലെ വിലയും പരിശോധിക്കാം. കൂടിയ അളവിലുള്ള ഉൽപന്നങ്ങൾ ലേലം വിളിക്കും. കൃഷിക്കാരൻ ആവശ്യപ്പെടുന്ന കുറഞ്ഞ വിലയെങ്കിലും കിട്ടിയാൽ മാത്രമേ ലേലം ഉറപ്പിക്കാറുള്ളൂ.

കടമില്ലെന്ന കർശന നിലപാട് കർഷകവിപണികളുടെ നിലനിൽപിനു സുപ്രധാനമാണെന്ന് ഹരിതമൈത്രി ജനറൽ ‌സെക്രട്ടറി സോജി കുരീക്കാട്ടുകുന്നേൽ പറഞ്ഞു. ഇടപാട് പൂർത്തിയായാലുടൻ പണം നൽകി ചരക്ക് ഏറ്റെടുക്കാം. അടുത്ത വിപണിക്കു മുമ്പായി പണമിടപാടുകൾ പൂർത്തിയാക്കും. നാമമാത്രമായ തുക വിപണിയുടെ നടത്തിപ്പുചെലവുകൾക്കായി ഈടാക്കുന്നു. കൃഷിയിടത്തിൽനിന്നു പുതുമയോടെയെത്തുന്ന നാടൻ ഉൽപന്നങ്ങൾ കർഷകവിപണികളെ കച്ചവടക്കാർക്കും പ്രിയപ്പെട്ടതാക്കുന്നു. കർഷകസമിതികൾക്കാണ് ഓരോ പ്രാദേശിക വിപണിയുടെയും നടത്തിപ്പുചുമതല. അംഗങ്ങളല്ലാത്തവർക്ക് വോട്ടവകാശമില്ലെങ്കിലും വിപണനസൗകര്യം പ്രയോജനപ്പെടുത്താം. വിവിധ പ്ര‍ാദേശികവിപണികളുടെ പ്രതിനിധികൾ ചേർന്ന സമിതിയാണ് ഹരിതമൈത്രിയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. വൈകാതെതന്നെ വിവിധ സൂപ്പർമാർക്കറ്റുകളിൽ ഹരിതമൈത്രി ലേബലിൽ ജൈവ ഉൽപന്നങ്ങളുടെ പ്രത്യേക ഷെൽഫ് വയ്ക്കുമെന്ന് കോർഡിനേറ്റർ കോര തോമസ് പറഞ്ഞു. പിജിഎസ് (Participatory guarantee system) ഓർഗാനിക്, സേഫ് ടു ഈറ്റ് പദ്ധതികൾ പ്രകാരം ഭക്ഷ്യവസ്തുക്കൾ ഉൽപാദിപ്പിക്കുന്ന കൃഷിക്കാർക്ക് മികച്ച വിപണനസൗകര്യമൊരുക്കാൻ ഹരിതമൈത്രി പോലുള്ള ശൃംഖലകൾ പ്രയോജനപ്രദമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

harithamaithri-agriculture-market-auction ഹരിതമൈത്രി ഭാരവാഹികൾ ലേലസ്ഥലത്ത്

നല്ല ഭക്ഷണം ലഭിക്കാൻ അവസരമൊരുക്കുന്ന സംരംഭമെന്ന നിലയിൽ നാട്ടുകാർ നെഞ്ചിലേറ്റിയ ഈ വിപണനശൃംഖലയ്ക്ക് ഒട്ടേറെ ജനപ്രതിനിധികളുടെ പ്രോത്സാഹനവുമുണ്ട്. കോട്ടയം ജില്ലയിലെ ആത്മയുടെയും വിവിധ ബ്ലോക്ക് പഞ്ചായത്തുകളുടെയും പിന്തുണയോടെയാണ് ഹരിതമൈത്രി വിപണികളിൽ ഇലക്ട്രോണിക് ത്രാസും കംപ്യൂട്ടറും മൊബൈൽ ഫോണുമൊക്കെ ഏർപ്പെടുത്തിയത്. കർഷകവിപണികളുടെ ആവശ്യങ്ങൾക്ക് അനുസൃതമായ പ്രത്യേക സോഫ്റ്റ്‌വെയർ കേരള കാർഡമം പ്രോസസിങ് ആൻഡ് മാർക്കറ്റിങ് കമ്പനി സ്പോൺസർ ചെയ്തു. ഓരോ കൃഷിക്കാരന്റെയും ഉൽപന്നങ്ങളും ഇടപാടുകളും രേഖപ്പെടുത്തി ബില്ല് നൽകാൻ മാത്രമല്ല, വിപണിയിലെ പൊതുവായ പ്രവണതകളും സ്ഥിതിവിവരക്കണക്കുകളും തയാറാക്കുന്നതിനും പരസ്പരം പങ്കുവയ്ക്കുന്നതിനുമൊക്കെ ഇതു സഹായിക്കും. മൊബൈൽഫോൺ വഴിയുള്ള വിവരകൈമാറ്റത്തിനു പുറമേയാണിത്. കൂടുതൽ കൃഷിക്കാരെ പങ്കാളികളാക്കി പൊതുവിപണിയിലെ കരുത്തരാവാനുള്ള ശ്രമത്തിലാണ് ഈ കർഷക കൂട്ടായ്മകൾ.

ഫോൺ: 9447086138 (ജോണി മാത്യു), 9447867820 (കോര തോമസ്)

അതിജീവനത്തിനു കർഷകവിപണികൾ

മറക്കാനാഗ്രഹിക്കുന്ന അനുഭവമേതെന്നു ചോദിച്ചാൽ പല കൃഷിക്കാരും മാർക്കറ്റിൽ പോയ അനുഭവമാകും പറയുക. മാസങ്ങളോളം അധ്വാനിച്ചു നേടിയ ഉൽപന്നങ്ങളുമായി അഭിമാനപൂർവം കയറിച്ചെന്ന ചന്തയിൽനിന്ന് അപമാനിതരായി, നഷ്ടബോധത്തോടെ തിരികെ പോയ പല അനുഭവങ്ങളും അവർക്കു പറയാനുണ്ടാവും. ഈ ദുസ്ഥിതിക്കു പരിഹാരമായാണ് ഒന്നര ദശകം മുമ്പ് കേരളത്തിൽ കർഷക വിപണികൾ ആരംഭിച്ചത്. കൃഷിക്കാർ നടത്തുന്ന ഇത്തരം ചന്തകളുടെ നിയന്ത്രണവും അവർക്കു തന്നെ. തന്മ‍ൂലം ചൂഷണവും അപമാനവും ഭയക്കാതെ ഉൽപന്നങ്ങളുമായി വിപണിയിലെത്താമെന്നായി. പ്രവേശനഫീസോ കയറ്റിറക്കു കൂലിയോ ഇല്ലാതെ, ന്യായവില നേടാൻ അവസരം നൽകുന്ന സംവിധാനമാണിത്.

വിളവിറക്കാനും വിളവെടുക്കാനും മാത്രമറിയാവുന്ന കൃഷിക്കാർ വിൽപനയ്ക്ക‍ിറങ്ങിയതിന്റെ ദൗർബല്യങ്ങൾ കർഷക വിപണികൾക്കുമുണ്ടായിരുന്നു. വേണ്ടത്ര പണക്കരുത്തില്ലാതെയും കച്ചവടതന്ത്രങ്ങളില്ലാതെയും ആദ്യകാല വിപണികൾ തളർന്നു. സാഹചര്യങ്ങൾക്കനുസരിച്ച് തന്ത്രങ്ങൾ മാറ്റി പൊരുതിയ വിപണികൾ മാത്രമാണ് പിടിച്ചുനിന്നത്. പുറമെനിന്ന‍ു കാണുന്നത്ര ലളിതമല്ല കർഷക വിപണികളുടെ പ്രവർത്തനമെന്ന് തൊടുപുഴയിലെ കേരള അഗ്രിക്കൾച്ചർ ഡവലപ്മെന്റ് സൊസൈറ്റി (കാഡ്സ്) പ്രസിഡന്റ് കെ.ജി ആന്റണി. മതിയായ വിപണന തന്ത്രങ്ങൾ, സാമ്പത്തികശേഷി, സഹകരണ മനോഭാവം എന്നിവയൊക്കെ വിപണിയുടെ വിജയത്തിന് ആവശ്യമാണ്. കൃഷിക്കാർക്കിടയിൽ പൊതുവേ കുറവായ ഈ ഘടകങ്ങൾ ഉറപ്പാക്കി മാത്രമേ കർഷകവിപണികൾ ആരംഭിക്കാവൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒന്നര ദശകത്തെ പ്രവർത്തനം പിന്നിടുന്ന കാഡ്സ് നാലു കോടി രൂപ വിറ്റുവരവിലേക്കു വളർന്നത് പല പ്രതിന്ധികളിലൂടെയാണ്. അടുത്ത കാലത്ത് എറണാകുളം ആലിൻചുവട്ടിൽ കാഡ്സ് ആരംഭിച്ച ജൈവ വിപണനശാല ഗ്രാമീണ കർഷകർക്ക് നഗരത്തിൽ വിപണി കണ്ടെത്താൻ അവസരം നൽകുന്നു. കടം നൽകിയാൽ തിരികെ കിട്ടാൻ വൈകുന്നത് വിപണികളെ പ്രതിസന്ധിയിലാക്കും. കൃഷിക്കാർക്ക് യഥാസമയം പണം നൽകിയില്ലെങ്കിൽ വിശ്വാസ്യത നഷ്ടപ്പെടും. ഉൽപന്നങ്ങൾ വാങ്ങിവച്ചതുകൊണ്ടായില്ല, ഉപഭോക്താക്കളെ ആകർഷിക്കാനുള്ള വൈഭവവും വേണം – ആന്റണി പറഞ്ഞു. സംസ്ഥാനത്തു കർഷകവിപണികൾ സജീവമായത് 1999ലായിരുന്നു. കോട്ടയം ജില്ലയിലെ ഭരണങ്ങാനം, ഇടുക്കിയിലെ തങ്കമണി, പത്തനംതിട്ടയിലെ വെച്ച‍ൂച്ചിറ എന്നിവിടങ്ങളിലാണ് ജനകീയ പങ്ക‍ാളിത്തത്തോടെയുള്ള കർഷകവിപണികൾ ആദ്യം തുടങ്ങിയതെന്ന് പ്രമുഖ കർഷകനായ ജോസ് പുത്തേട്ട് പറഞ്ഞു. ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരം 62 സ്വതന്ത്ര കർഷകസമിതികളുണ്ട്. ഇവയെ ഉൽപാദക കമ്പനികളായി വളർത്താനുള്ള ശ്രമം നടന്നുവരുന്നതായും അദ്ദേഹം അറിയിച്ചു.

ഫോൺ – 9847413168 (കെ.ജി. ആന്റണി), 9605598853 (ജോസ് പുത്തേട്ട്)