Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നരേന്ദ്രന്റെ നാളികേര രുചികൾ

coconut-oil-cream-paste പൈതൃകം നാളികേരോൽപന്നങ്ങൾ

ദൂരെ കടലിൽ നങ്കൂരമിട്ടിരിക്കുന്ന ഉരുവിൽനിന്ന് കുടിവെള്ളം ശേഖരിക്കാനുള്ള കന്നാസുകളുമായി കയ്പമംഗലം കടൽത്തീരത്തേക്ക് നീന്തിയെത്തുന്ന നീഗ്രോകളെ കണ്ടിട്ടുണ്ട് കുട്ടിക്കാലത്ത് തൃശൂർ കൊടുങ്ങല്ലൂരിനടുത്ത് കയ്പമംഗലം പുന്നക്കച്ചാൽ കോഴിപ്പറമ്പിൽ നരേന്ദ്രൻ. കടൽത്തിരകളെ കുടഞ്ഞെറിഞ്ഞ് കരയിലേക്കു നീന്തുന്നവരുടെ ഇച്ഛാശക്തി വിസ്മയിപ്പിക്കുന്നതായിരുന്നു.

പഠനം പാതിവഴിവിട്ട് എഴുപതുകളുടെ തുടക്കത്തിൽ ജോലി തേടി അന്നത്തെ മദിരാശിയിലേക്കും പിന്നീട് ഗൾഫിലേക്കും യാത്രചെയ്തതിന്റെ പ്രചോദനം ഒരുപക്ഷേ കുട്ടിക്കാലത്തെ ഈ കാഴ്ചകളായിരിക്കുമെന്ന് നരേന്ദ്രൻ. കാൽനൂറ്റാണ്ടു പിന്നിട്ട പ്രവാസജീവിതത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തി പരിചിതമല്ലാത്ത കാർഷികമേഖലയിൽ ഒരു ചെറുകിട സംരംഭത്തിനിറങ്ങിയതും അപരിചിത തീരങ്ങൾ തേടിപ്പോകാനുള്ള ധൈര്യംകൊണ്ടുതന്നെ.

വായിക്കാം ഇ - കർഷകശ്രീ

നാട്ടിലൊരു കാർഷിക സംരംഭം തുടങ്ങാനുള്ള പ്രാരംഭജോലികൾ വിദേശത്തുനിന്നു മടങ്ങും മുമ്പുതന്നെ നരേന്ദ്രൻ തുടങ്ങിവച്ചിരുന്നു. തെങ്ങുകൾ സമൃദ്ധമായി വളരുന്ന തീരപ്രദേശത്താണല്ലോ ജനിച്ചതും വളർന്നതും. അതിനാൽ നാളികേരാധിഷ്ഠിത സംരംഭത്തോട് കൂടുതൽ മമത തോന്നി. എന്നാലതു മാത്രമായിരുന്നില്ല കാരണം. ഗൾഫ് ജീവിതകാലത്ത് സ്വന്തം പാചകമായിരുന്നതിനാലും തേങ്ങാ അരച്ചുള്ള മീൻകറി ഉൾപ്പെടെയുള്ള വിഭവങ്ങൾ പ്രിയങ്കരമായിരുന്നതിനാലും നാളികേരം ചിരവിയത് പുതുമയോടെ കിട്ടിയിരുന്നെങ്കിലെന്ന് എപ്പോഴും ആഗ്രഹിച്ചിരുന്നു. തന്റെ മാത്രമല്ല എല്ലാ പ്രവാസി മലയാളികളുടെയും ആവശ്യമായിരുന്നു അതെന്നും നരേന്ദ്രൻ.

പച്ചത്തേങ്ങ പൊടിച്ച് ഡ്രയറിലെ ഉയർന്ന ചൂടിൽ ജലാംശം നീക്കി തയാറാക്കുന്ന തൂൾത്തേങ്ങ പച്ചത്തേങ്ങയുടെ ആവശ്യങ്ങളെല്ലാം നിറവേറ്റുമെന്നതു ശരിതന്നെ. ചിരവിയെടുത്ത തേങ്ങ അതേ പുതുമയോടെ ചേർക്കുമ്പോൾ ലഭിക്കുന്ന രുചി പക്ഷേ പായ്ക്കറ്റിൽ ലഭിക്കുന്ന തൂൾത്തേങ്ങ ചേർത്താൽ കിട്ടില്ല. അതുകൊണ്ട് നാട്ടിൽ വന്നു പോകുമ്പോൾ തേങ്ങ ചിരവി ഒന്നു വെയിലുകൊള്ളിച്ചു കൊണ്ടുപോകും. കുറച്ചു ദിവസത്തേക്ക് അതു മതിയാവും. വീണ്ടും തൂൾത്തേങ്ങ ശരണം. ഇതിനെന്തു പരിഹാരം എന്ന ചിന്തയാണ് തേങ്ങാ അരപ്പി(coconut paste)ന്റെ സാധ്യതയിൽ ചെന്നെത്തുന്നത്. പക്ഷേ അതിന്റെ സൂക്ഷിപ്പുകാലം വർധിപ്പിക്കേണ്ടത് എങ്ങനെയെന്ന് നരേന്ദ്രനു നിശ്ചയമില്ലായിരുന്നു.

അങ്ങനെയൊരു കണ്ടെത്തൽ പുതിയൊരു സംരംഭത്തിനു വഴിതുറക്കുമെന്നും കണ്ടു. മാത്രമല്ല, അതിനു വിദേശത്തു ലഭിക്കുന്നതിനേക്കാൾ ആവശ്യക്കാർ നാട്ടിൽതന്നെ ഉണ്ടാവുമെന്നും അന്വേഷണങ്ങളിൽ ബോധ്യപ്പെട്ടു.

മൂന്നുവർഷം മുമ്പ് നാട്ടിലെത്തിയപ്പോൾ മുതൽ സാങ്കേതികവിദ്യയ്ക്കുള്ള അന്വേഷണം തുടങ്ങി. എന്നാൽ ഒട്ടുമിക്ക ഭക്ഷണങ്ങളുടെയും കറികളുടെയും പലഹാരങ്ങളുടെയും ചേരുവകൾ വിപണിയിലുണ്ടെങ്കിലും നാളികേര അരപ്പ് ലഭ്യമല്ലാത്തതിനാൽ പരീക്ഷണങ്ങൾ സ്വയം നടത്തേണ്ടിയിരുന്നു.

ഉയർന്ന താപനിലയിൽ ജലാംശം നീക്കിയെടുക്കുന്നതുകൊണ്ടാണ് തൂൾത്തേങ്ങയുടെ രുചിയും സൂക്ഷിപ്പുകാലവും കുറയുന്നത് എന്നു മനസ്സിലാക്കിയ നരേന്ദ്രൻ ചൂട് കുറച്ച് ജലാംശം നീക്കാനുള്ള സംവിധാനങ്ങളെക്കുറിച്ച് ചിന്തിച്ചു. കർണാടകയിലെ ഒരു തൂൾത്തേങ്ങാ ഫാക്ടറിയെ സമീപിച്ച് ആവശ്യം പറഞ്ഞു. അവരുടെ സഹകരണത്തോടെ ഫാക്ടറിയിലെ ഡ്രയറിൽ ചില പരിഷ്കാരങ്ങൾ നടത്തി ഏതാനും കിലോ ഈ രീതിയിൽ ജലാംശം നീക്കിയെടുത്തു. ഫാറ്റ് ഒട്ടും നീക്കാതെയായിരുന്നു സംസ്കരണം.

നാട്ടിലെത്തി അത് മിക്സിയിലരച്ചു. ഈ അരപ്പ് ആഴ്ചകൾ സൂക്ഷിച്ചു വച്ചശേഷം കറികളിൽ ചേർത്തപ്പോഴും മികച്ച രുചി. പരീക്ഷിച്ചു നോക്കാനായി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമെല്ലാം നൽകിയപ്പോൾ കൊള്ളാമെന്ന് അവരും തലകുലുക്കി. കൊച്ചിയിലെ നാളികേര ബോർഡിനെ സമീപിച്ചപ്പോൾ അവരും നൽകി ആവോളം പ്രോൽസാഹനം.

അരപ്പ് ആയിരുന്നു ലക്ഷ്യമെങ്കിലും അതിന്റെ തുടർച്ചയായി രണ്ട് ഉൽപന്നങ്ങൾകൂടി നരേന്ദ്രനു ലഭിച്ചു. അരപ്പ് കുറച്ചു ദിവസം സൂക്ഷിച്ചുവച്ചപ്പോൾ മുകളിൽ ഊറിക്കൂടിയ വിർജിൻ വെളിച്ചെണ്ണ(virgin coconut oil)യായിരുന്നു ആദ്യത്തേത്. 10–15 ദിവസം പിന്നിടുമ്പോഴേക്കും ഇത് സ്ഫടികതുല്യമായി തെളിഞ്ഞു കിട്ടും. വിർജിൻ വെളിച്ചെണ്ണയുടെ ഔഷധമൂല്യത്തെക്കുറിച്ച് കേരളീയർ മാത്രമല്ല മറുനാട്ടുകാരും ഇന്ന് ബോധവാന്മാരാണല്ലോ. നാളികേരത്തിന്റെ മൂല്യവർധിത ഉൽപന്നങ്ങളിൽ ഏറ്റവും വിപണി നേടുന്നതും ഇതുതന്നെ. മറ്റൊന്ന്, ഇതേ അരപ്പിൽനിന്നുതന്നെ തയാറാക്കുന്ന തേങ്ങാപ്പാൽ (coconut cream) ശർക്കരപ്പായസങ്ങൾക്കും പലഹാരങ്ങൾക്കുമെല്ലാം യോജിച്ച ഉൽപന്നം. ഒരു വെടിക്ക് മൂന്നു പക്ഷി.

narendran-coconut-factory നരേന്ദ്രനും ജോലിക്കാരും

എന്നാൽ ശരിയായ പരീക്ഷണങ്ങൾ വരാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ എന്നു നരേന്ദ്രൻ. ചെറുകിട വ്യവസായ യൂണിറ്റ് തുടങ്ങാൻ ആഗ്രഹിക്കുന്ന സാധാരണ സംരംഭകരുടെ ചെരുപ്പു തേയുന്ന അലച്ചിലുകളായിരുന്നു അത്.

ജില്ലാ വ്യവസായകേന്ദ്രത്തിന്റെ റജിസ്ട്രേഷൻ, ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ ലൈസൻസ് തുടങ്ങിയവ വളരെ വേഗം ലഭ്യമായപ്പോൾ തദ്ദേശഭരണസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ അനുമതികൾ ചുവപ്പുനാടയിൽ കെട്ടിയിട്ട് സംരംഭം തുടങ്ങാൻ ആഗ്രഹിച്ചെത്തുന്നവരെ വലയ്ക്കുന്ന ശീലം ഇപ്പോഴും തുടരുന്നുവെന്ന് നരേന്ദ്രൻ പറയുന്നു. 2013ൽ ഇറങ്ങിപ്പുറപ്പെട്ടിട്ട് അനുമതികൾ നേടി ഉൽപാദനം തുടങ്ങാൻ 2016 ആഗസ്റ്റ് വരെ വൈകിയതും അതുകൊണ്ടുതന്നെ.

ഒമ്പതുമാസം മുമ്പ് മൂന്ന് ഉൽപന്നങ്ങളും പൈതൃകം എന്ന ബ്രാൻഡിൽ നരേന്ദ്രൻ വിപണിയിലെത്തിച്ചു. മൂന്നിനും ലഭിച്ചത് മികച്ച പ്രതികരണം. കർണാടകയിലെ ഫാക്ടറിയിൽ ഒരു ബാച്ചിൽ സംസ്കരിച്ചെടുക്കുന്നത് 10,000 തേങ്ങയിൽനിന്നായി ഒരു ടൺ തൂൾത്തേങ്ങ. ഇത് സ്വന്തം ഫാക്ടറിയിലെ പൾവറൈസറിൽ പ്രത്യേക അനുപാതത്തിൽ അരച്ചെടുക്കുന്നതാണ് രണ്ടാം ഘട്ടം.

അരച്ച് പാത്രത്തിലാക്കി 8–10 ദിവസങ്ങൾ കഴിയുമ്പോൾതന്നെ അരപ്പിനു മുകളിൽ വിർജിൻ വെളിച്ചെണ്ണ തെളിയും. ഒരു ബാച്ചിൽ ഏതാണ്ട് 65 ലീറ്ററോളം ഈ രീതിയിൽ ലഭ്യമാകും. പിന്നീട് അരപ്പ് ബോട്ടിലുകളിലാക്കുമ്പോഴും വെളിച്ചെണ്ണ ഊറി മുകളിൽ ഒരു ഇഞ്ചിലേറെ കനത്തിൽ കിടക്കും. ഇതാണ് അരപ്പിന്റെ സംരക്ഷകം (preservative). മറ്റൊരു കൃത്രിമ സംരക്ഷകങ്ങളും ആവശ്യമില്ലെന്നു മാത്രമല്ല, ഈ പ്രകൃതിദത്ത സംരക്ഷകം ഉൽപന്നത്തിന് രണ്ടുവർഷത്തോളം നീളുന്ന സൂക്ഷിപ്പു കാലാവധി നൽകുകയും ചെയ്യും.

മറ്റേത് മൂല്യവർധിത കാർഷികോൽപന്നങ്ങളെക്കാളും കേരള വിപണിയിൽ നാളികേര ഉൽപന്നങ്ങൾക്ക് ഒരു എ പ്ലസ് കൂടുതലുണ്ടെന്ന പക്ഷക്കാരനാണ് നരേന്ദ്രൻ. മലയാളി നാളികേരത്തെ അത്രമേൽ സ്നേഹിക്കുന്നു എന്നതുതന്നെ കാരണം.

ഫോൺ: 9048303405

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.