Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു സംരംഭ ചിത്രം

chithra-thankam-sreekanth ചിത്ര, ഭർത്തൃമാതാവ് തങ്കം, ഭർത്താവ് ശ്രീകാന്ത് എന്നിവർ

പാലക്കാട് രായിരനെല്ലൂർ പ്രദേശത്തുള്ളവർക്കു പാരമ്പര്യമായി അൽപം നൊസ്സില്ലേ എന്ന കുസൃതിച്ചോദ്യം അയൽനാട്ടുകാർ ചോദിക്കാറുണ്ട്. നാറാണത്തുഭ്രാന്തന്റെ നാടാണല്ലോ അത്. ഇതേ ചോദ്യം രായിരനെല്ലൂരിനോടു ചേർന്നു കിടക്കുന്ന എടപ്പലത്തെ ചിത്രയെന്ന സംരംഭകയോടും നാട്ടുകാരിൽ ചിലർ ചോദിച്ചു. ‘കേരളത്തിൽ വ്യവസായസംരംഭം തുടങ്ങാൻ ചിത്രയ്ക്കെന്താ നൊസ്സുണ്ടോ..’  മുറുക്കാൻകട നടത്തി പരിചയമില്ലാത്തവർപോലും ഉപദേശവും മുന്നറിയിപ്പുമായി മുന്നിലെത്തി.

കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ ചിത്ര പക്ഷേ ആശങ്കകളെയെല്ലാം നിരാകരിച്ച് ആഡ്രിക്സ് എന്ന ബ്രാൻഡിൽ സ്വന്തം കാർഷികസംരംഭം തുടങ്ങി; ഉൽപാദനം മുതൽ ബ്രാൻഡിങ് വരെ നീളുന്ന സംരംഭപ്പാതയിലെവിടെയും തുടക്കക്കാരിയുടെ പതർച്ച തെല്ലുമില്ലാതെ.

വിളഞ്ഞ പച്ചത്തേങ്ങയിൽനിന്നു വേർതിരിച്ചെടുക്കുന്ന, മുലപ്പാലിന്റെ പോഷകഗുണമൊത്ത വിർജിൻ വെളിച്ചെണ്ണ, അതാണ് ചിത്രയുടെ ഉൽപന്നം. നാട്ടിലും വിദേശത്തും വിപണിയിൽ മികച്ച പ്രകടനവും വളർച്ചനിരക്കും പ്രകടിപ്പിക്കുന്ന കാർഷികോൽപന്നങ്ങളിലൊന്നാണ് നിലവിൽ വിർജിൻ വെളിച്ചെണ്ണ.

വായിക്കാം ഇ - കർഷകശ്രീ

പേരിൽതന്നെ കേരമുള്ള കേരളത്തിൽ ആമുഖം ആവശ്യമില്ലാതെ വിൽക്കാവുന്നവയാണല്ലോ നാളികേരോൽപന്നങ്ങൾ. അതേസമയം വൻകിട വെളിച്ചണ്ണ ബ്രാൻഡുകളിൽ പലതിലും മായം പിടികൂടിയത് ജനങ്ങൾക്കിടയിൽ ഇത്തരം കേൾവികേട്ട ബ്രാൻഡുകളോടു താല്‍പര്യം കുറച്ചിട്ടുണ്ട്. നാട്ടിൻപുറങ്ങളിൽനിന്നുള്ള ചെറുകിട വിർജിൻ വെളിച്ചെണ്ണ ബ്രാൻഡുകൾക്ക് വിപണിയിൽ സ്വീകാര്യത കൂടാന്‍ ഇതൊരു കാരണമാണ്.

virgin-coconut-oil-packing വിപണിയിലേക്ക് വിർജിൻ വെളിച്ചെണ്ണ

സംരംഭം തുടങ്ങുമ്പോൾ പക്ഷേ അതിൽനിന്നു നേടാവുന്ന ലാഭത്തെക്കാൾ മനസ്സിനെ സ്വാധീനിച്ചത് വിർജിൻ വെളിച്ചെണ്ണ എന്ന ഉൽപന്നത്തിന്റെ പരിശുദ്ധിയായിരുന്നെന്ന് ചിത്ര. ആശയം വീട്ടുകാരുമായി പങ്കുവച്ചപ്പോൾ ആത്മവിശ്വാസം ഏറി. ചേർപ്പുളശ്ശേരി കാരുണ്യ ആശുപത്രി ഉടമയായ ഭർത്തൃപിതാവ് ഡോ.എ.പി. സേതുമാധവൻ വിർജിൻ വെളിച്ചെണ്ണയുടെ കൊളസ്ട്രോൾ രഹിത ഗുണത്തെക്കുറിച്ച് ആധികാരികമായി പറഞ്ഞു. കാരുണ്യ ദന്താശുപത്രി ഉടമയായ ഭർത്താവ് ഡോ.എസ്. ശ്രീകാന്ത് വിർജിൻ വെളിച്ചെണ്ണയിൽനിന്നു മികച്ച ഒരു മൗത്ത് വാഷ് നിർമിക്കുന്നതിനെക്കുറിച്ചുള്ള ആവേശത്തിലായി. മുൻ ‘മിസ് കേരള’ റണ്ണർ അപ്പായ ഭർത്തൃമാതാവ് തങ്കത്തിനാകട്ടെ, വിർജിൻ വെളിച്ചെണ്ണയുടെ സൗന്ദര്യ സംരക്ഷണ മേന്മകൾ പ്രചരിപ്പിക്കാനായിരുന്നു ഉൽസാഹം.

മേൽപറഞ്ഞ ഗുണങ്ങളെല്ലാം ഉൽപന്നത്തിനുണ്ടാകണമെങ്കിൽ ഉൽപാദനത്തിന്റെ ഓരോ ഘട്ടത്തിലും തികഞ്ഞ നിഷ്കർഷ പുലർത്തണം. മൈസൂരുവിലുള്ള സിഎഫ്ടിആർഐയിൽനിന്നു നേടിയ പരിശീലനവും നാളികേര വികസന ബോർഡിന്റെ പിന്തുണയും നൽകിയ ആത്മവിശ്വാസത്തിൽ ആഡ്രിക്സ് അഗ്രോ പ്രോഡക്ട്സ് എന്ന സ്ഥാപനം ചിത്ര തുടങ്ങി. നല്ല നാടൻ ശൈലിയിൽ തെങ്ങുകൃഷി ചെയ്യുന്ന നാട്ടിൻപുറത്തെ പാരമ്പര്യ കർഷകരിൽനിന്നുതന്നെ തേങ്ങ സംഭരിച്ചു. പച്ചത്തേങ്ങയിൽനിന്നു വിർജിൻ വെളിച്ചെണ്ണ വേർതിരിച്ചെടുക്കാനായി മൈസൂർ സിഎഫ്ടിആർഐയുടെ സെൻട്രിഫ്യൂജ് സംസ്കരണവിദ്യയാണു സ്വീകരിച്ചത്.

chithra-thankam-staff കൂട്ടായ്മ തന്നെ കരുത്ത്

സെൻട്രിഫ്യൂജ് ചെയ്തു ക്രീമാക്കി മാറ്റുന്ന തേങ്ങ, ഫ്രീസറിൽ നിർദ്ദിഷ്ട സമയം തണുപ്പിച്ച ശേഷം പുറത്തെടുത്ത്, സാധാരണ താപനിലയിൽ കുറച്ചു സമയം സൂക്ഷിച്ച് വീണ്ടും സെൻട്രിഫ്യൂജ് ചെയ്ത് വിർജിൻ വെളിച്ചെണ്ണ വേർതിരിക്കുന്ന സംസ്കരണരീതിയാണിത്. തേങ്ങാപ്പാൽ ഒരു ഘട്ടത്തിലും ചൂടാവാത്തതിനാൽ ഗുണമേന്മ അൽപവും നഷ്ടപ്പെടുന്നില്ല.

നാട്ടിൻപുറത്തെ കർഷകരിൽനിന്നു തേങ്ങ സംഭരിക്കുക മാത്രമല്ല, വനിതകളുൾപ്പെടെ നാട്ടിലെ ഏതാനും പേർക്ക് ജോലിയും നല്‍കുന്നു ചിത്ര. പ്രതിദിനം 1000 തേങ്ങയാണിവിടെ വിർജിൻ വെളിച്ചെണ്ണയായി മാറുന്നത്. ശരാശരി 45–50 ലീറ്റർ ഉൽപാദനം. ദിവസം 5000 തേങ്ങ സംസ്കരിക്കാൻ ശേഷിയുണ്ട് ചിത്രയുടെ യൂണിറ്റിന്. അതായത്, ദിവസം 200 ലീറ്റർ ഉൽപാദനം. വിപണി വിപുലമാകുന്നതിനനുസരിച്ച് ഘട്ടംഘട്ടമായി ഈ ഉൽപാദനത്തിലേക്ക് എത്തുകയാണ് ലക്ഷ്യം.

സൂപ്പർ മാർക്കറ്റ് മുതൽ മെഡിക്കൽ സ്റ്റോറുകൾ വരെ നീളുന്നതാണ് ചിത്രയുടെ വിപണനശൃംഖല. വിർജിൻ വെളിച്ചെണ്ണയുടെ ഔഷധമേന്മയാണ് അതിന് മെഡിക്കൽ സ്റ്റോറിൽ ഇരിപ്പിടം നൽകുന്നത്. ആകർഷകമായി പായ്ക്കു ചെയ്ത 100 മി.ലീ., 200 മി.ലീ. ബോട്ടിലുകളിലാണ് ചിത്രയുടെ ആഡ്രിക്സ് വിർജിൻ കോക്കനട്ട് ഓയിൽ വിപണിയിലെത്തുന്നത്.

തെങ്ങു ചതിക്കില്ല എന്ന വിശ്വാസത്തിനു കോട്ടംതട്ടിയവർ ഏറെയുണ്ട്. എന്നാൽ ചതിക്കാൻ തെങ്ങിന് അവസരം കൊടുക്കാതിരുന്നാൽ പോരേ എന്നാണ് ചിത്രയുടെ മറുചോദ്യം. തെങ്ങിൽനിന്നു തേങ്ങാ, വെളിച്ചെണ്ണ, കൊപ്ര എന്നീ മൂന്ന് ഉൽപന്നങ്ങൾക്കപ്പുറത്ത് മൂല്യവർധിത ഉൽപന്നങ്ങളുടെ വിശാല ലോകത്തേക്ക് ബ്രാൻഡഡ് ഉൽപന്നങ്ങളുമായി കടന്നു ചെന്നാൽ വിജയം ഉറപ്പെന്നു ചിത്ര. ചമ്മന്തിപ്പൊടി, തേങ്ങാവെള്ളത്തിൽനിന്നു വിനാഗിരി തുടങ്ങി ഒരുപിടി ഉൽപന്നങ്ങളുമായി സംരംഭ വഴിയിൽ അടുത്ത കുതിപ്പിനു ചിത്ര ഒരുങ്ങിക്കഴിഞ്ഞു.

ഫോൺ: 7511135885

www.aadricsagroproducts@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.