Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫൈനാണ് മാഷെ, പൈൻമാഷ്

saji-k-jose-pineapple-pulp-pine-mash സജി കെ. ജോസ്

ഫ്രഷ് പൈനാപ്പിൾ ജ്യൂസ് പ്രിയങ്കരംതന്നെ! പക്ഷേ അതുണ്ടാക്കുന്നതിനുള്ള പ്രയാസങ്ങളാണ് കഷ്ടം. മുള്ളുകൾ പൊതിഞ്ഞ കൈതച്ചക്ക വീട്ടിലെത്തിക്കണം. ഫ്രിജിൽ സൂക്ഷിക്കാൻ ഇടയുണ്ടാക്കണം, തൊലി ചെത്തണം, കൂഞ്ഞിൽ കളയണം എന്നിങ്ങനെ രണ്ടു ഗ്ലാസ് ജ്യൂസിനു വേണ്ടിവരുന്ന കഷ്ടപ്പാടുകളോർത്താൽ നാരങ്ങാവെള്ളം മതിയെന്നു ചിന്തിച്ചുപോകും.

ഇനി അതെല്ലാം പഴങ്കഥ. ചെറുപായ്ക്കറ്റിൽ ഫ്രീസറിൽ സൂക്ഷിക്കാവുന്ന പൈനാപ്പിൾ പൾപ് പായ്ക്കറ്റുകളിൽ എത്തിക്കുകയാണ് കൃഷിക്കാരനായ കാഞ്ഞിരപ്പള്ളി കപ്പാട് പൊട്ടംകുളം സജി കെ. ജോസ്. പൈൻമാഷ് എന്നു പേരിട്ടിരിക്കുന്ന ഈ പൾപ് വെള്ളവും മധുരവും ചേർത്ത് ജ്യൂസാക്കി മാറ്റാൻ 30 സെക്കൻഡ് നേരമേ വേണ്ടിവരുന്നുള്ളൂ. തൊലിയും കൂഞ്ഞിലും മൂലമുള്ള മാലിന്യപ്രശ്നം മാത്രമല്ല, ഫ്രിജിലെ സ്ഥലപരിമിതിയും മറികടക്കാൻ ഇതു സഹായിക്കും. പുറംതൊലി കനം കൂട്ടി ചെത്തിമാറ്റുന്നതിനാൽ കണ്ണും മുള്ളും നാരുമൊന്നും തൊണ്ടയിൽ അസ്വസ്ഥതയുണ്ടാക്കുന്നില്ലെന്നതും മറ്റൊരു മെച്ചം. സംരക്ഷകങ്ങളോ നിറങ്ങളോ ചേർക്കാതെ തികച്ചും പ്രകൃതിദത്ത ഉൽപന്നമായി വിപണിയിലെത്തിക്കുന്ന പൈൻമാഷ് കുട്ടികൾക്ക് ധൈര്യമായി നൽകാം. ഉപയോഗിക്കാനുള്ള സൗകര്യം മൂലം ഹോട്ടൽ–ജ്യൂസ്–കേറ്ററിങ് ബിസിനസുകാർക്കും പ്രിയപ്പെട്ട വിഭവമായിരിക്കും.

വായിക്കാം ഇ - കർഷകശ്രീ

സീസണായാൽ പൈനാപ്പിളിന്റെ വില നിലം തൊടുന്നത് കൃഷിക്കാരുടെ സ്ഥിരം വെല്ലുവിളിയാണ്. കിലോയ്ക്ക് അമ്പതുരൂപ വരെ വിലയുണ്ടായിരുന്ന പഴത്തിന് അഞ്ചു രൂപപോലും കിട്ടാതെ കൃഷിക്കാർ വലയും. രണ്ടോ മൂന്നോ മാസം കഴിയുമ്പോൾ വില വീണ്ടും അമ്പതുകളിലെത്തും. ഈ ചാഞ്ചാട്ടം എങ്ങനെ നേരിടാമെന്ന അന്വേഷണമാണ് സ്വന്തം സ്ഥലത്തും വാടകഭൂമിയിലുമായി 500 ഏക്കർ പൈനാപ്പിൾ കൃഷിയുള്ള സജിയെ പൈൻമാഷിലെത്തിച്ചത്. തൊലി ചെത്തിനീക്കിയ ശേഷം അരച്ച് കുഴമ്പുരൂപത്തിലാക്കിയ പൈനാപ്പിൾ പായ്ക്കറ്റിലാക്കി ഫ്രീസ് ചെയ്തെടുത്താൽ പൈൻമാഷായി. ചെറുപായ്ക്കറ്റ് പൊട്ടിച്ച് തുല്യഅളവിൽ വെള്ളവും അൽപം പഞ്ചസാരയും ചേർത്ത് മിക്സിയിലടിച്ചാൽ ഒന്നാംതരം ഫ്രഷ് പൈനാപ്പിൾ ജ്യൂസ് തയാർ. ഫ്രീസറിൽ സൂക്ഷിക്കാവുന്ന ചെറുപായ്ക്കറ്റുകളിലൂടെ പൈനാപ്പിളിനു മികച്ച വില നേടാമെന്നു തെളിയിക്കുകയാണ് സജി. വിലയിടിവ് കൈതച്ചക്കയ്ക്കു മാത്രമാണെന്നും മറ്റു രൂപങ്ങളിലേക്കു മാറ്റിയാൽ സ്ഥിരംവില നേടാമെന്നുമുള്ള തിരിച്ചറിവാണ് മൂല്യവർധനയിലേക്ക് നയിച്ചത്.

സജിയുടെ ഭാര്യ ഉഷസ് വിവിധതരം പഴച്ചാറുകൾ തയാറാക്കുന്നതിൽ വിദഗ്ധയാണ്. കപ്പാട്ടെ പൊട്ടംകുളം വീട്ടിലെത്തിയ വിദേശ അതിഥികളിലൊരാളാണ് ജ്യൂസ് ബിസിനസിലെ സാധ്യതകൾ അവർക്കു ചൂണ്ടിക്കാണിച്ചത്. ഇതിനാവശ്യമായ സവിശേഷ സാങ്കേതികവിദ്യയും അദ്ദേഹം വാഗ്ദാനം ചെയ്തു. പൈനാപ്പിൾ പൾപ് ഫ്രീസ് ചെയ്യുന്നതിലുള്ള പ്രത്യേകതയാണ് പൈൻമാഷിനെ വേറിട്ട ഉൽപന്നമാക്കുന്നതെന്ന് സജി പറഞ്ഞു. മണവും ഗുണവും നഷ്ടപ്പെടാതെ ഒരു വര്‍ഷത്തോളം ഫ്രീസറിൽ തങ്ങളുടെ പൈനാപ്പിൾ പൾപ് സൂക്ഷിക്കാമെന്ന് ഉഷസ് ചൂണ്ടിക്കാട്ടി. മിക്സിയുപയോഗിച്ചു പൾപ്പുണ്ടാക്കിയാൽ ജ്യൂസാകില്ല. യോജ്യമായ സാങ്കേതികവിദ്യയിലൂടെ തണുപ്പിച്ചു സൂക്ഷിച്ചാൽ മാത്രമേ ഉപഭോക്താക്കളുടെ മനം കവരാനാകൂ. വാണിജ്യാവശ്യത്തിനുള്ള നാലു ലീറ്റർ പായ്ക്കറ്റും വീട്ടാവശ്യങ്ങൾക്കുള്ള ഒരു ലീറ്റർ പായ്ക്കറ്റും ഇവർ ഉൽപാദിപ്പിക്കുന്നുണ്ട്. ഒരു ലീറ്റർ പായ്ക്കറ്റിൽ എട്ടു സാഷെ (ചെറുപായ്ക്കറ്റ്) പൾപാണുള്ളത്. ഇതുപയോഗിച്ച് 13 ഗ്ലാസ് ജ്യൂസുണ്ടാക്കാം. ഐസ്ക്രീം, പാൽ എന്നിവയ്ക്കൊപ്പം ചേർത്ത് ഷേക്കുണ്ടാക്കാനും പുഡിങ്ങിനും പൈൻമാഷ് ഉത്തമമാണെന്ന് സജി ചൂണ്ടിക്കാട്ടി. നാലു കിലോ പൈനാപ്പിളുണ്ടെങ്കിൽ ഒരു ലീറ്റർ പൈൻമാഷുണ്ടാക്കാമെന്നാണ് കണക്ക്. ഒരു കിലോ പൈനാപ്പിളിന് 25 രൂപ വില നേടാൻ ഇതുവഴി സാധിക്കുമെന്നും സജി അവകാശപ്പെടുന്നു.

ചില്ലറവിപണിയിൽ 225 രൂപ വിലയുള്ള ഒരു ലീറ്റർ പായ്ക്കറ്റ് എറണാകുളം, തൃശൂർ, കോഴിക്കോട് വിപണികളിൽ കിട്ടും. ചെന്നൈ നഗരമാണ് പൈൻമാഷിന്റെ മറ്റൊരു പ്രധാന വിപണി. ചെന്നൈയിലെ പ്രമുഖ ഹോട്ടൽ– കേറ്ററിങ് ഗ്രൂപ്പുകളായ ശരവണഭവൻ, ആര്യാസ് തുടങ്ങിയവ പൈനാപ്പിൾ ജ്യൂസിനായി പൈൻമാഷാണ് ഇപ്പോൾ ഉപയോഗിക്കുന്നതെന്നു സജി ചൂണ്ടിക്കാട്ടി. വീടിനോടു ചേർന്ന് ജനുവരിയിൽ പ്രവർത്തനമാരംഭിച്ച നിർമാണ യൂണിറ്റിൽനിന്നു മാസംതോറും അഞ്ച് ടൺ പൈൻമാഷ് ഇപ്പോൾ വിപണിയിലെത്തുന്നുണ്ട്. ഇതിനാവശ്യമായ 20 ടൺ പൈനാപ്പിൾ വിപണിയിൽനിന്നും കൃഷിക്കാരിൽനിന്നും വാങ്ങുകയാണ് പതിവ്. സ്വന്തം കൃഷിയിടത്തിൽ പൈനാപ്പിൾ വിളവെടുക്കുമ്പോൾ അതിലേക്കു മാറും. വൈകാതെ തന്നെ അത്യാധുനിക സൗകര്യങ്ങളും ഉയർന്ന ഉൽപാദനശേഷിയുമുള്ള സംസ്കരണശാല സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് സജി.

ഫോൺ: 9447086423