Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാറ്റത്തിന്റെ ഒരു തളിരില

grow-bag-unit-agro-service-centre അഗ്രോസർവീസ് സെന്ററിലെ ഗ്രോബാഗ് യൂണിറ്റ്

മഴമറയും തിരിനനയും പോളിഹൗസും ബയോ ലബോറട്ടറിയും കാർഷിക നഴ്സറിയും ടിഷ്യുകൾച്ചർ വാഴയും ഗ്രോബാഗ് യൂണിറ്റും കാർഷിക വിത്തിനങ്ങളുടെ കൃഷിയും വിതരണവുമെല്ലാം നേരിട്ട് കാണണമെങ്കിൽ കോഴിക്കോട് തിരുവമ്പാടി കൃഷിഭവനിലേക്ക് വരണം. ഇവിടെ വേരുപാകി ഇലവീശുന്നത് പുത്തൻ കാർഷിക രീതികളും പുതിയ കാർഷിക പദ്ധതികളുമാണ്.

കൊടുവള്ളി ബ്ലോക്കിന്റെ സാങ്കേതിക സഹായത്തോടെ ഇവിടെ പ്രവർത്തിക്കുന്ന അഗ്രോ സർവീസ് സെന്ററിന്റെ നേതൃത്വത്തിൽ വിത്ത് തൊട്ട് വിപണിവരെ കർഷകരെ സജ്ജമാക്കുന്ന കർമപദ്ധതികൾ ആവിഷ്ക്കരിക്കുന്നു.

ഇരുപതോളം ആളുകൾക്ക് തൊഴിൽ നൽകുന്നതോടൊപ്പം കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാൻ കർഷകരെ പര്യാപ്തമാക്കുകയുമാണ് തിരുവമ്പാടി കൃഷിഭവനിലെ കൃഷി ഓഫിസർ പി. പ്രകാശിന്റെ നേതൃത്വത്തിലുള്ള ജീവനക്കാർ. മാറ്റത്തിന് മാതൃകയായ ഈ കൃഷിഭവൻ മാറിയ കാലഘട്ടത്തിന്റെ പുതിയ കാർഷിക രീതികൾ ജനങ്ങളിലെത്തിച്ച് നാളെയുടെ പച്ചപ്പ് തീർക്കുകയാണ്.

ബയോഫാർമസി

കൃഷിഭവനോട് ചേർന്നുള്ള ജിർണിച്ച പഴയ ക്വാർട്ടേഴ്സ് കെട്ടിടം ചെറിയ തോതിൽ നന്നാക്കിയെടുത്താണ് കൊടുവള്ളി ബ്ലോക്കിന്റെ സഹകരണത്തോടെ അഗ്രോ സർവീസ് സെന്ററിന്റെ ഭൗതീക സാഹചര്യങ്ങൾ ഒരുക്കിയത്. ബയോഫാർമസിയാണ് ഇവിടെ ആദ്യം പ്രവർത്തനം തുടങ്ങിയത്.

ജൈവകീടനാശിനികളും ത്വരിത വളർച്ചാടോണിക്കുകളും ജൈവ വളക്കൂട്ടുകളും ഇവിടെ ഉൽപാദിപ്പിക്കുന്നു. ഫിഷ്അമിനൊ ആസിഡ്, പഞ്ചഗവ്യം, ജീവാമൃതം, അമൃതപാനി, ഗോമൂത്രം, പുകയിലകഷായ കിറ്റ് എന്നിവ ഉൽപാദിപ്പിച്ച് സ്വന്തം ലേബലിൽ വിപണിയിൽ ഇറക്കുന്നുണ്ട്.

ഇതോടൊപ്പം കാർഷിക സർവകലാശാല, കൃഷിവിജ്ഞാന കേന്ദ്രം എന്നിവിടങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളും കർഷകർക്ക് എത്തിച്ച് കൊടുക്കുന്നു.

bio-fertilizer-agro-service-centre അഗ്രോ സർവീസ് സെന്ററിലെ ബയോ ഫാർമസിയിൽ കൃഷി ഓഫിസർ പി. പ്രകാശിന്റെ നേതൃത്വത്തിൽ ജൈവ വളക്കൂട്ടുകൾ തയാറാക്കുന്നു.

നഴ്സറി, മഴമറ, തിരിനന

ബ്ലോക്ക് പഞ്ചായത്തിന്റെ ഹാഡ പദ്ധതിയിൽ കൃഷിഭവനോട് ചേർന്ന് ഒരു നഴ്സറി സജ്ജമാക്കി. പഴയ കെട്ടിടത്തോടു ചേർന്ന് കാടുപടിച്ചുകിടന്ന സ്ഥലം ഒരുക്കിയെടുത്ത് 100 ചതുരശ്രമീറ്റർ വലിപ്പമുള്ള മഴമറ സജ്ജമാക്കി. മഴക്കാലത്തും തൈ ഉൽപാദിപ്പിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.

മഴമറയിൽ വിവിധ പച്ചക്കറിത്തൈകൾ, കുരുമുളക് തൈകൾ, കറിവേപ്പ്, പപ്പായ, മുരിങ്ങ എന്നിവ ഉൽപാദിപ്പിച്ച് വിപണനം നടത്തുന്നു. വിവിധ തൈകളോടൊപ്പം കുറഞ്ഞ ജലസേചനത്തിൽ പച്ചക്കറി ഗ്രോബാഗുകളിൽ വളർത്താവുന്ന തിരിനനയുടെ പ്രദർശന  യൂണിറ്റും സജ്ജ്മാക്കിയിട്ടുണ്ട്.

ഗ്രോബാഗ് യൂണിറ്റ്

കൃഷിഭവന്റെ സമീപത്തുള്ള സ്ഥലം പാട്ടത്തിനെടുത്ത് ഗ്രോബാഗ് നിർമാണ യൂണിറ്റ് പ്രവർത്തിക്കുന്നു. ആത്മ പദ്ധതിയിലൂടെ ലഭിച്ച ചാണകം പൊടിക്കുന്ന യന്ത്രം ഉപയോഗിച്ച് ചാണകം, ആട്ടിൻകാട്ടം എന്നിവ പൊടിച്ച് ഗ്രോബാഗ് നിറയ്ക്കുകയും  പായ്ക്ക് ചെയ്ത് വിൽക്കുകയും ചെയ്യുന്നു.

സെന്ററിന് 25 ലക്ഷം രൂപയുടെ കാർഷിക യന്ത്രങ്ങൾ ലഭിച്ചു. കുഴി കുത്തുന്നതിനും നിലം ഉഴുതുന്നതിനുമുള്ള ട്രാക്ടർ, മിനി ട്രാക്ടർ, ട്രില്ലർ, നടീൽയന്ത്രം, കൊയ്ത്ത് യന്ത്രം, കാട് വെട്ട് യന്ത്രം, ചാണകം പൊടിക്കുന്ന യന്ത്രം ,ഒരു പിക് അപ് വാൻ  എന്നിവ അഗ്രോ സർവീസ് സെന്ററിനുണ്ട്. ഇത് പൊതുജനങ്ങൾക്ക് മിതമായ വാടകയ്ക്കും ലഭിക്കും.

ഹൈടെക് ഫാമിങ്

അഗ്രോ സർവീസ് സെന്ററിലുള്ള  ടിഷ്യു കൾച്ചർ ഹാർഡനിങ് യൂണിറ്റിലൂടെ ഗുണമേൻമയുള്ള നേന്ത്രവാഴ തൈകൾ ഉൽപാദിപ്പിച്ച് വിതരണം നടത്തുന്നു. ജനകീയാസൂത്രണ പദ്ധതിയിൽ ബ്ലോക്കിനു കീഴിലുള്ള പഞ്ചായത്തുകൾക്ക് ആവശ്യമുള്ള പച്ചക്കറിത്തൈകളും നടീൽ വസ്തുകളും തിരുവമ്പാടി കൃഷിഭവനിൽ നിന്നാണ് നൽകിയത്.

ഇവിടെയെത്തുന്ന കുടുംബശ്രീ സ്വാശ്രയസംഘം ഗ്രൂപ്പുകൾക്ക് ഹൈടെക് ഫാമിങ്ങിനെ കുറിച്ച് ബോധവൽക്കരണ ക്ലാസുകളും കൃഷി ഓഫിസറുടെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. കഴിഞ്ഞ ഏതാനും വർഷത്തിനുള്ളിൽ കാർഷിക മേഖലയിൽ  അഞ്ച് സംസ്ഥാന അവാർഡും നിരവധി ജില്ലാ അവാർഡും തിരുവമ്പാടിയിലെ കർഷകർക്ക് ലഭിച്ചതിന്റെ പിന്നിലെ ചാലകശക്തി തിരുവമ്പാടി കൃഷിഭവനും കൃഷി ഓഫിസർ പി. പ്രകാശിന്റെ നേതൃത്വത്തിലുള്ള ജീവനക്കാരുമാണ്.

വിതരണം

പത്തു കൃഷിഭവനുകളുടെ പദ്ധതികൾ ജനകീയാസൂത്രണ പദ്ധതികൾ എന്നിവയെ അഗ്രോ സർവീസ് സെന്ററിന്റെ പ്രവർത്തനങ്ങളുമായി കൊടുവള്ളി കൃഷി അസി. ഡയറക്ടറുടെ നേതൃത്വത്തിൽ യോജിപ്പിച്ചത് പ്രയോജനപ്രദമായി. നേരത്തേ നടീൽ വസ്തുക്കൾ പുറത്തുള്ള ഏജൻസികളിൽനിന്ന് വാങ്ങി കർഷകർക്ക് വിതരണം ചെയ്യുകയായിരുന്നു.

എന്നാൽ, ഇതിന്റെ ഗുണമേന്മയെ കുറിച്ച് സംശയം ഉയർന്നതിനാൽ ഇതിന്റെ ഉൽപാദന വിതരണം സെന്റർ ഏറ്റെടുത്തു. 2016– 17 സാമ്പത്തിക വർഷം ഒരു കോടിയിലേറെ രൂപയാണ് സെന്ററിന്റെ വിവിധ മേഖലകളിൽ നിന്നുള്ള വരുമാനം. ഈ വർഷം വിവിധ കർഷകരുടെ സ്ഥലത്താണ് അഗ്രോ സർവീസ് സെന്ററിന്റെ നേതൃത്വത്തിൽ നടീൽവസ്തുക്കളുടെ വിത്ത് ശേഖരിക്കുവാൻ കൃഷി നടത്തുന്നത്.

വരദ ഇനം ഇഞ്ചികൃഷി ജയിംസ് കയത്തിങ്കലിന്റെ കൃഷിയിടത്തിലും പ്രഭ ഇനം മഞ്ഞൾകൃഷി കുരീക്കാട്ടിൽ ഔസേപ്പച്ചന്റെ കൃഷിയിടത്തിലും ചേന കുറ്റിക്കാട്ടുമണ്ണിൽ ജോസഫിന്റെ കൃഷിയിടത്തിലും ഗ്രോബാഗ് നിർമാണം സ്കറിയ തൂങ്കുഴിയുടെ സ്ഥലത്തുമാണ് നടത്തുന്നത്. പെരുമണ്ണാമൂഴി ഫാമിൽ നിന്നാണ് ഇഞ്ചി, മഞ്ഞൾ എന്നിവയുടെ മാതൃനടീൽ വസ്തുക്കൾ ശേഖരിച്ചത്.

വിവിധ പഞ്ചായത്തുകളിൽ കൃഷി ഭവനുകളോട് ചേർന്ന് വർഷങ്ങൾക്ക് മുൻപ് നിർമിച്ച് ക്വാർട്ടേഴ്സുകൾ ഉപയോഗിക്കാതെ ഇപ്പോഴും ജീർണിച്ച് നശിക്കുന്നുണ്ട്. അത്തരം കെട്ടിടങ്ങൾ ഏറ്റെടുത്ത് കർഷകർക്ക് പ്രയോജനപ്രദമായ കർമപദ്ധതികൾ നടപ്പാക്കുകയും കാർഷിക മേഖലയിലെ പുത്തൻ ചലനങ്ങൾ പ്രായോഗികമായി കർഷകരിൽ എത്തിക്കുകയും ചെയ്താൽ കൃഷിഭവനുകൾ കർഷക സൗഹൃദ കേന്ദ്രങ്ങളാകും.