Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുരുമുളകു കൃഷിയിൽ നല്ല പാഠം

black-pepper

കുരുമുളകു കൃഷിയെക്കുറിച്ച് മാത്രം പഠിക്കാനായി ഒരു കോഴ്സ്! അതും കൃഷിക്കാരുടെ നേതൃത്വത്തിൽ. വിദേശരാജ്യങ്ങളിലെ കാര്യമല്ല, നമ്മുടെ അയലത്ത് കർണാടകത്തിലാണ് സംഗതി. മൂന്നു വർഷത്തിനകം ഹിറ്റായി മാറിയ ഈ കോഴ്സിന്റെ നാലാമത്തെ ബാച്ചാണിപ്പോൾ.

അതിപ്പോ എന്തിനാ കുരുമുളകു കൃഷിക്ക് കോഴ്സ് നടത്തുന്നത്? കോഴ്സ് പാസായാൽ നല്ല കൃഷിക്കാരനാകുമോ? എന്നൊക്കെ ചോദിക്കാൻ വരട്ടെ. ബാക്കി വിവരങ്ങൾ കൂടി കേട്ടോളൂ. തുടക്കത്തിൽ ആയിരം രൂപ മാത്രം ഫീസുണ്ടായിരുന്ന ഈ ഏകവർഷ കോഴ്സിന് ഇപ്പോൾ ഏഴിരട്ടി പണം നൽകണം. ആദ്യബാച്ചിൽ 32 പേർ മാത്രമുണ്ടായിരുന്ന പരിശീലന പരിപാടിയുടെ നാലാമത്തെ ബാച്ചിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി 112 പേരാണ് ചേർന്നത്. കുരുമുളക് ഉൽപാദനത്തിൽ ഇടുക്കിയെ തോൽപിച്ച് ചിക്കമഗളൂർ ഒന്നാമതെത്തിയെന്നതും ഇതോടു ചേർത്തുവായിക്കാം.

ലോകവിപണിയിൽ ഇന്ത്യൻ കുരുമുളകിന്റെ പ്രതാപം തിരികെ പിടിക്കുകയെന്ന ലക്ഷ്യത്തോടെ കൃഷിക്കാർക്കു വേണ്ടി കൃഷിക്കാർ നടത്തുന്ന കാർഷിക കോഴ്സ് വിജ്ഞാനവ്യാപനത്തിലെ വേറിട്ട മാതൃകയാണ്. ബ്ലാക്ക് ഗോൾഡ് ലീഗ് (ബിജിഎൽ) എന്ന കർഷകപ്രസ്ഥാനമാണ് പരിശീലന പരിപാടി നടത്തുന്നത്. അഞ്ച് ആഴ്ചയിലൊരിക്കൽ വീതം ഒരു വർഷത്തിനുള്ളിൽ നടത്തുന്ന 9–10 സമ്പർക്ക പരിശീലന പരിപാടികളിലൂടെ കോഴ്സ് പൂർത്തിയാവും. ഇതിനകം നാലു ബാച്ചുകളിലായി 280 പേർ കോഴ്സിൽ ചേർന്നിട്ടുണ്ട്. ഒരു വർഷത്തെ പരിശീലനത്തിനു ശേഷം പരീക്ഷയുമുണ്ട്. എന്തുമാത്രം കൃഷിയറിവുകൾ ഉൾക്കൊള്ളാൻ കഴിഞ്ഞുവെന്ന് തിരിച്ചറിയുന്നതിനാണിത്. പാസാകുന്നവർ ബിജിഎൽ കുരുമുളകുസമൂഹത്തിന്റെ ഭാഗമാവുന്നു. ബിജിഎൽ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ച് ഇവർ ഉൽപാദിപ്പിക്കുന്ന കുരുമുളകിനു മെച്ചപ്പെട്ട വിലയും വിപണിയും കണ്ടെത്തുകയെന്ന ലക്ഷ്യവുമുണ്ട്. പത്രങ്ങളിൽ പരസ്യം നൽകിയാണ് കോഴ്സിൽ പ്രവേശനം നടത്തുക. നിശ്ചിത അപേക്ഷാഫോം പൂരിപ്പിച്ച് അയയ്ക്കണം. ബിജിഎൽ വെബ്സൈറ്റിൽ അപേക്ഷാഫോമിന്റെ മാതൃക ലഭിക്കും. ചെറുകിട, വൻകിട ഭേദമില്ലാതെ എല്ലാ കൃഷിക്കാർക്കും ഇതിൽ ചേരാം.

kesav-kr-black-pepper-course കേശവ് കെ.ആർ.

നാലു കൃഷിക്കാർ ചേർന്ന് തുടക്കമിട്ട ഈ പ്രസ്ഥാനം ഇതിനകം കുരുമുളകു കൃഷിയിൽ ഗുണപരമായ വലിയ പരിവർത്തനത്തിനു തുടക്കമിട്ടിരിക്കുകയാണ്. കർണാടകത്തിലെ ചിക്കമഗളൂരിനു സമീപം മുഡിഗരെ ആസ്ഥാനമാക്കിയ ബ്ലാക്ക് ഗോൾഡ് ലീഗിനു പ്രമുഖ പ്ലാന്ററായ കേശവ് കെ.ആറിന്റെ നേതൃത്വത്തിൽ അരവിന്ദ് ബി.സി, ദിനേഷ് എം.ജെ, സുനിൽ ഡി.റ്റി, മോഹൻ ജി.എ എന്നിവരാണ് തുടക്കം കുറിച്ചത്. മികച്ച കുരുമുളകു കർഷകനുള്ള രാജ്യാന്തര കുരുമുളകു സമൂഹത്തിന്റെ 2012ലെ അവാർഡ് ജേതാവായ കേശവ് വൻകിട കുരുമുളകു കൃഷിക്കാരനാണ്. അദ്ദേഹത്തിന്റെ കൃഷിരീതികൾ അടുത്തറിയാൻ കൂടുതലാളുകൾ എത്തിയപ്പോഴാണ് കൃഷിക്കാർ തമ്മിലുള്ള വിജ്ഞാന കൈമാറ്റത്തിനു പുതിയ വേദിയെന്ന ആശയം ഉയർന്നത്.

മുൻകൂട്ടി അറിയിക്കുന്നതനുസരിച്ച് പഠിതാക്കൾ ഒരു മാതൃകാ കൃഷിയിടത്തിൽ ഒത്തുചേരുന്ന രീതിയിലാണ് ക്രമീകരണം. വ്യത്യസ്ത കാലാവസ്ഥയും ഭൂപ്രകൃതിയുമുള്ള കൃഷിയിടങ്ങളിലായിരിക്കും ഓരോ ഒത്തുചേരലും. നഴ്സറി മാനേജ്മെന്റ് മുതൽ വിളവെടുപ്പും പ്രാഥമിക സംസ്കരണവും വരെയുള്ള വിഷയങ്ങളിൽ കാലികപ്രസക്തമായ ഒന്നായിരിക്കും ഓരോ ക്ലാസിലും ചർച്ച ചെയ്യുക. പോഷണക്രമം, തണൽക്രമീകരണം, പരിസ്ഥിതി സൗഹൃദ കീട–രോഗ നിയന്ത്രണം, ശാസ്ത്രീയ വിളവെടുപ്പും പ്രാഥമിക സംസ്കരണവും തുടങ്ങിയ മേഖലകളിൽ രാജ്യാന്തരനിലവാരം പാലിക്കാനുള്ള പരിശീലനമാണ് ഇവിടെ നൽകുന്നത്. ബിജിഎൽ കർഷകരിൽ പകുതി പേർ ജൈവരീതികൾ സ്വീകരിച്ചവരാണ്. മറ്റുള്ളവർ സുസ്ഥിര കീട–രോഗ നിയന്ത്രണ മാർഗങ്ങൾ അവലംബിക്കുന്നു. വിയറ്റ്നാം മാതൃകയിലുള്ള ഏകവിള രീതിയെക്കാൾ മരങ്ങളിൽ പടർത്തിയുള്ള രീതിയോടു തന്നെയാണ് ഇവർക്കു മമത.

പ്രകൃതിയോടിണങ്ങിയ പരമ്പരാഗത രീതിയിൽ ശാസ്ത്രീയ പരിഷ്കാരങ്ങൾ വരുത്തി ഉൽപാദനക്ഷമത മെച്ചപ്പെടുത്താനാണ് ബിജിഎൽ ശ്രമിക്കുന്നത്. വിദഗ്ധരുടെ ക്ലാസും പ്രായോഗിക പരിശീലനവും കൃഷിക്കാരുടെ പങ്കുവയ്ക്കലുകളും ചേർത്തുള്ള കോഴ്സ് ഏറെ പ്രയോജനപ്രദമാണെന്ന തിരിച്ചറിവാണ് കൂടുതൽ കൃഷിക്കാരെ ഇതിലേക്ക് ആകർഷിക്കുന്നത്. കോഴ്സ് അവസാനിക്കുമ്പോൾതന്നെ പലർക്കും 50 ശതമാനത്തോളം ഉൽപാദന വർധന നേടാൻ കഴിയുന്നതായും തുടർന്നുള്ള വർഷങ്ങളിൽ ഇത് കൂടുതൽ മെച്ചപ്പെടുന്നതായും ഭാരവാഹികൾ അവകാശപ്പെട്ടു. സുസ്ഥിര കുരുമുളകു കൃഷി പ്രചരിപ്പിക്കുന്നതു സംബന്ധിച്ച രാജ്യാന്തര സെമിനാർതന്നെ സംഘടിപ്പിക്കാനും ബിജിഎലിനു സാധിച്ചിട്ടുണ്ട്.

ഫോൺ– 9481265795

ഇമെയിൽ–info@bglpepper.com