Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈഫ്ജുൺ ലൈഫിലെ പുതുമകൾ

lifejun-herbal-tea-hibiscus

മുരിങ്ങയുടെ ഇലയും പൂവും കായുമെല്ലാം കാലങ്ങളായി കറിവച്ചു കഴിക്കുന്നവരാണല്ലോ നമ്മൾ. ഇനിയൊരു മുരിങ്ങച്ചായകൂടി കഴിച്ചാലോ...

ചായപ്രിയന്മാർക്കുള്ളതാണ് ബെംഗളൂരു ആസ്ഥാനമായ ലൈഫ്ജുൺ നാച്വറൽസ് എന്ന കമ്പനിയുടെ മുരിങ്ങ, ചെമ്പരത്തി, മൾബറി ചായകൾ. ചായകുടിയുടെ എണ്ണം കൂടുന്നത് ആരോഗ്യത്തിനത്ര നല്ലതല്ല എന്ന നിരീക്ഷണങ്ങളുണ്ടല്ലോ. എങ്കിലും ചായപ്രേമം ത്യജിക്കാൻ മനസ്സുവരാത്തവർക്ക് ആരോഗ്യകരമായ ചായ കുടിക്കാൻ മുരിങ്ങച്ചായ അവസരം നൽകുന്നു. മുരിങ്ങയിലപ്പൊടി മുഖ്യഘടകമായി ഇരട്ടിമധുരം, തേയില എന്നിവയും ചേർത്തു തയാറാക്കുന്ന മുരിങ്ങച്ചായ, ദഹനസംബന്ധമായ അസ്വസ്ഥതകൾക്കു പരിഹാരമാകുമത്രെ. ചെമ്പരത്തിപ്പൂവിനൊപ്പം കറുവപ്പട്ടയും തേയിലയും ചേർന്ന ഹിബിസ്കസ് ചായ രക്തസമ്മർദത്തെ ലഘൂകരിക്കുന്നു. പ്രമേഹ നിയന്ത്രണമാണ് മൾബറിച്ചായയുടെ സിദ്ധി. വിറ്റമിൻ സി, ഫോസ്ഫറസ്, കാൽസ്യം, അയൺ, പൊട്ടാസ്യം എന്നിവയാൽ സമ്പന്നവും.

വായിക്കാം ഇ - കർഷകശ്രീ

വായ കുലുക്കുഴിയാനുള്ള ലൈഫ്ജുൺ മൗത്ത് റിൻസ് ശ്രദ്ധിച്ചാൽ അതിന്റെ മുഖ്യഘടകം വെറ്റിലയാണെന്നു കാണാം. വെറ്റില ചവയ്ക്കുന്നത് വായ ശുദ്ധമാക്കുമെന്നതു പുതിയ അറിവല്ല. എന്നാൽ വെറ്റില ഇങ്ങനെ വേഷംമാറി വരുന്നത് നാലുംകൂട്ടി മുറുക്കുന്നവരുടെ പോലും കണ്ണിൽപ്പെട്ടിരിക്കില്ല. വെറ്റിലയുടെ സത്ത് വേർതിരിച്ച് അതിൽ മറ്റു ചില പ്രകൃതിദത്ത ഘടകങ്ങൾകൂടി ചേർക്കുമ്പോൾ മൗത്ത് അൾസർ മുതൽ വായ്നാറ്റം വരെ ചെറുക്കുന്ന ഉൽപന്നം തയാർ.

lifejun-products-herbal ലൈഫ്ജുൺ ഉൽപന്നങ്ങൾ

ബാക്കി വായിക്കും മുമ്പൊരു മുന്നറിയിപ്പ്, ‘മദ്യപാനം ആരോഗ്യത്തിനു ഹാനികരം’. നിയമപ്രകാരമുള്ള മുന്നറിയിപ്പു വായിച്ചല്ലോ? ഇനി ഒരു ഉൽപന്നം പരിചയപ്പെടാം. പേര്, പാർട്ടി ഫ്രെഷ്. സംഗതി ഡാർക് ചോക്ലേറ്റാണ്. അതായത് മധുരം തീരെക്കുറഞ്ഞ്, അൽപം കയ്പുള്ള മുന്തിയ ചോക്ലേറ്റ്. മദ്യപിക്കുന്നതിനു മുമ്പ് ഇതൊരെണ്ണം കഴിച്ചാൽ ഗുണങ്ങൾ പലതെന്ന് ഉൽപാദകരായ ലൈഫ്ജുൺ നാച്വറൽസ് മേധാവി എൻ.പി. രാജശേഖരൻ. ‘‘പിറ്റേന്നത്തെ പ്രഭാതം പ്രകാശപൂർണമായിരിക്കും. തലവേദനയില്ല, ഹാങ്ങോവറില്ല, ക്ഷീണമില്ല, പകരം, പുതിയ ആകാശം പുതിയ ഭൂമി.’’

എന്താണ് ഈ ചോക്ലേറ്റിന്റെ ചേരുവ എന്നു നോക്കാം. പേരയുടെ ഇലയിൽനിന്നെടുക്കുന്ന ഗുവാറിനാണ് മുഖ്യ ഘടകം. ലൈഫ്ജുണിന്റെ സഹോദരസ്ഥാപനമായ ഫൈറ്റോടെക് എക്സ്ട്രാക്റ്റ്സിനു പേറ്റന്റുള്ള ഗുവാറിൻ, എൻസൈമുകൾ, വിറ്റമിൻ സി, ആന്റിഓക്സിഡന്റ്സ് എന്നിവകൊണ്ടു സമ്പന്നവുമാണ്.

ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ടുള്ള ഇത്തരം ജീവിതശൈലീ ഉൽപന്നങ്ങൾ പരിശോധിക്കുമ്പോൾ എല്ലാറ്റിന്റെയും അടിസ്ഥാന ചേരുവകൾ നമുക്കു സുപരിചിതമാണെന്നു കാണാം. ഉൽപാദകരാവട്ടെ, വിവിധ ഏജന്‍സികൾ മുഖേന കേരളത്തിലെയും തമിഴ്നാട്ടിലെയുമെല്ലാം കർഷകരിൽനിന്നാണ് ഇവയെല്ലാം സംഭരിക്കുന്നതും. ഈ ഉൽപാദകരെയും കർഷകരെയും കൂട്ടിയിണക്കുന്ന ഒരു പാമ്പൻ പാലം രൂപപ്പെട്ടാൽ ന്യൂട്രാസ്യൂട്ടിക്കൽ വിപണിയുടെ സാധ്യതകൾ സാധാരണ കർഷകനും പ്രയോജനപ്പെടും.

വിപണിയറിഞ്ഞു വിൽപന

lifejun-herbal-products-management എൻ.പി. രാജശേഖരനും വി. ഹരിഹരനും

കോഴിക്കോടു സ്വദേശി എൻ.പി. രാജശേഖരൻ, ‘ആനക്കുളത്തിന്റെ കഥ’ പോലുള്ള തന്റെ നോവലുകളിലൂടെ മലയാളി വായനക്കാർക്കു പരിചിതനാണ്. ഇംഗ്ലീഷ് രചനകളുമായി ഇന്തോ– ആംഗ്ലിയൻ എഴുത്തിലും ശ്രദ്ധേയൻ. ഇന്ത്യയിലും വിദേശങ്ങളിലുമായി വൻകിട കോർപറേറ്റുകളിൽ ദീർഘകാലം മാനേജ്മെന്റ് വിദഗ്ധനായി പ്രവര്‍ത്തിച്ചിട്ടുള്ള രാജശേഖരൻ വെൽനസ് വിപണിയിലാണ് ഇപ്പോൾ ശ്രദ്ധവച്ചിരിക്കുന്നത്. ജീവിതശൈലീ ഉൽപന്നങ്ങളുട വിപണി ഇന്ത്യയിൽ നേടുന്ന വൻ വളർച്ചയാണ്, സുഹൃത്തും ഡോ. എം.എസ്. സ്വാമിനാഥന്റെ അടുത്ത ബന്ധുവുമായ മങ്കൊമ്പ് സ്വദേശി വി. ഹരിഹരനുമായി ചേർന്ന് ബെംഗളൂരുവിൽ ലൈഫ്ജുൺ നാച്വറൽസ് എന്ന സ്ഥാപനം തുടങ്ങാൻ പ്രേരണയായത്.

വൻകിട ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ ദീർഘകാലം പ്രവര്‍ത്തിച്ച ശേഷമാണ് കാർഷികവിളകളുടെ സത്ത് വേർതിരിച്ചു കയറ്റുമതി ചെയ്യുന്ന ഫൈറ്റോടെക് എന്ന സ്ഥാപനം ഹരിഹരൻ തുടങ്ങുന്നത്. എക്സ്ട്രാക്ട് വിപണനത്തിനൊപ്പം ഇവ ചേർത്തുള്ള പോഷകക്കൂട്ടുകൾ കണ്ടെത്തി (formulations) നൂതന ഉൽപന്നങ്ങൾ എന്തുകൊണ്ട് തങ്ങൾക്കും നിർമിച്ചുകൂടാ എന്ന ചിന്തയിൽനിന്നു ലൈഫ്ജുൺ പിറന്നു. രാജശേഖരന്റെ മകനായ കൃഷ്ണരാജ് മേനോനുൾപ്പെടെ വിവിധ മേഖലയിൽനിന്നുള്ള വിദഗ്ധരുടെ കൂട്ടായ്മയുമുണ്ട് ലൈഫ്ജുണിനു പിന്നിൽ.

‘‘രോഗം വരാതിരിക്കാനായി ജീവിതശൈലി ചിട്ടപ്പെടുത്തുക എന്ന രീതിയിലേക്ക് ഇന്ത്യൻ സമൂഹം മാറുന്നതേയുള്ളൂ. എന്നാൽ അമേരിക്കയിലും യൂറോപ്പിലുമൊന്നും സ്ഥിതി അതല്ല. ചെറിയ അസുഖങ്ങൾക്ക് ഒരു ദിവസം ആശുപത്രിയിൽ അഡ്മിറ്റായാൽത്തന്നെ 5000–6000 ഡോളർ ചെലവു വരും. ഇൻഷുറൻസ് സംരക്ഷണം ഉണ്ടെങ്കിലും ഒരു പങ്ക് കയ്യിൽനിന്നു പോവും. വെല്‍നസ് ഉല്‍പന്നങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമാക്കി ആരോഗ്യം സംരക്ഷിക്കാനും ആശുപത്രിവാസവും ധനനഷ്ടവും ഒഴിവാക്കാനും അവര്‍ ശ്രദ്ധിക്കുന്നു. വെൽനസ് ഉൽപന്നങ്ങളുടെ നമ്പർ വൺ വിപണിയായി അമേരിക്ക മാറുന്ന സാഹചര്യം ഇതാണ്. ആശുപത്രിവാസം ഇന്നു നമ്മുടെ നാട്ടിലും ചെലവേറിയതാണല്ലോ. ആളുകൾ ഇത്തരം ഉൽപന്നങ്ങള്‍ തേടുന്നതും അതുകൊണ്ടു തന്നെ’’, പഠനവും ജോലിയുമായി ദീർഘകാലം അമേരിക്കയിൽ ജീവിച്ച കൃഷ്ണരാജ് മേനോൻ പറയുന്നു.

lifejun-herbal-products ലൈഫ്ജുൺ ഉൽപന്നങ്ങൾ

ഇത്തരം ഉൽപന്നങ്ങൾ എങ്ങനെ ജീവിതശൈലിയുടെ ഭാഗമാക്കാമെന്ന അന്വേഷണമാണ് സംരംഭകരെ സംബന്ധിച്ചു പരമപ്രധാനമെന്ന് രാജശേഖരൻ. ‘‘ശീലങ്ങൾ മാറ്റാൻ ആളുകൾക്കു മനസ്സുവരില്ല, എന്നാലതിന്റെ ദോഷങ്ങളെക്കുറിച്ച് ഉൽക്കണ്ഠയുണ്ടുതാനും. ചായകുടി ഉദാഹരണം. അവിടെയാണ് മുരിങ്ങ ടീ പോലുള്ള വെൽനെസ് ഉൽപന്നങ്ങൾ ഇടം കണ്ടെത്തുന്നത്. ആളുകളെ ഉപദേശിച്ച് അവരുടെ ശീലങ്ങൾ അടിമുടി മാറ്റാനല്ല, മറിച്ച്, ഈ ശീലങ്ങളെ അവർക്കും ഉൽപന്ന നിര്‍മാതാക്കൾക്കും ഗുണകരമാക്കി മാറ്റാനാണ് ശ്രമം. നിരീക്ഷണ ശക്തി ഏറെ ആവശ്യമുള്ള വിപണന കലയാണിത്.’’

‘‘ശീലത്തെ എങ്ങനെ ഇരുകൂട്ടർക്കും അനുകൂലമാക്കാം എന്നതിനു മറ്റൊരു ഉദാഹരണം, മദ്യപർക്കുള്ള ചോക്ലേറ്റ്. ഇന്ത്യയിലത് ചോക്ലേറ്റ് രൂപത്തിൽ വിൽക്കുമ്പോൾ വിയറ്റ്നാമിലും മറ്റും പാനീയരൂപത്തിലാണ്. കാരണം കൊറിയ, ജപ്പാൻ, വിയറ്റ്നാം തുടങ്ങിയ രാജ്യക്കാർക്ക് എന്തും പാനീയരൂപത്തിൽ കഴിക്കാനാണ് കൂടുതൽ ഇഷ്ടം. അമേരിക്കക്കാർക്ക് ആവട്ടെ, സകലതും ക്യാപ്സൂളായി കിട്ടുന്നതാണ് സന്തോഷം. വെൽനെസ് വിപണി ഉപഭോക്താക്കളെ നേടുന്നത് ഇങ്ങനെയാണ്. കേരളത്തിന്റെ നീരയ്ക്കു പറ്റിയ പാളിച്ചയും ഇത്തരം തന്ത്രങ്ങളുടെ അഭാവമാണ്. നീര മികച്ച പോഷകഗുണങ്ങളുള്ള വെൽനെസ് പ്രോഡക്ടാണെന്ന് നമുക്കറിയാം. എന്നാൽ യുവാക്കളെ ആകർഷിക്കണമെങ്കില്‍ നീരയുടെ പോഷകഗുണം മാത്രം പറഞ്ഞിട്ടു കാര്യമില്ല. അവരുടെ ജീവിതശൈലിക്ക് അനുഗുണമായ രീതിയിൽ ഉൽപന്നത്തെ അടിമുടി റീഡിസൈൻ ചെയ്യണം.’’

കൈകാര്യം ചെയ്യാനുള്ള സൗകര്യമാണ് ജീവിതശൈലീ ഉൽപന്നങ്ങളെ സ്വീകാര്യമാക്കുന്ന മറ്റൊരു ഘടകം. ദൈനംദിന തിരക്കുകളെ അലോസരപ്പെടുത്താതെ ഉപയോഗിക്കാൻ സാധിക്കണം. മുരിങ്ങച്ചായയും മറ്റും ടീ ബാഗ് രൂപത്തിലെത്തുമ്പോൾ ഉപയോഗം അനായാസമാകുന്നു. ബ്രഹ്മി ഓർമശക്തി കൂട്ടുമെന്നറിയാം. എന്നാൽ കുട്ടികളെകൊണ്ട് കഴിപ്പിക്കാൻ കഷ്ടപ്പെടും. അതേസമയം ബ്രഹ്മി ചേർത്ത ചോക്ലേറ്റ് അവർ ചോദിച്ചു വാങ്ങും. വെൽനെസ് ഉൽപന്നങ്ങളുട ലോകത്ത് ഔഷധസസ്യങ്ങൾക്കും ആയുർവേദത്തിനും വൻ സാധ്യതയാണുള്ളത്. എന്നാൽ പാരമ്പര്യ അറിവായ ആയുർവേദത്തെ അടിമുടി പരിഷ്കരിച്ച് തനിമ നഷ്ടപ്പെടുത്താൻ കഴിയില്ല. അതേസമയം ബ്രഹ്മി ചോക്ലേറ്റുപോലുള്ള ചില പുതുചിന്തകൾ ആയുർവേദത്തില്‍ ആവശ്യവുമാണ്’’, വെൽനെസ് വിപണിയുടെ ലോകത്തേക്കു വരാൻ താൽപര്യപ്പെടുന്ന സംരംഭകരെയും കർഷക കമ്പനികളെയുമെല്ലാം രാജശേഖരൻ ഓര്‍മിപ്പിക്കുന്നു.

കുടമ്പുളി, മഞ്ഞൾ, കറിവേപ്പില തുടങ്ങിയ കാർഷികവിളകളുടെ സത്തിന് ജീവിതശൈലീ ഉൽപന്നങ്ങളുടെ ലോകത്ത് വൻ വാണിജ്യപ്രാധാന്യമുണ്ടെന്ന് ഹരിഹരനും ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇതിന്റെയൊന്നും നേട്ടം സാധാരണ കർഷകർക്കു ലഭിക്കുന്നില്ല. കാരണം, ആവശ്യമായ സമയത്ത് ആവശ്യമുള്ളത്ര ഉല്‍പന്നം ഗുണമേന്മ ചോരാതെ ആവശ്യക്കാർക്കെത്തിക്കാൻ ഇടനിലക്കാരായ ഏജൻസികൾക്കേ കഴിയാറുള്ളൂ എന്നതാണെന്ന് രാജശേഖരൻ. ഇവിടെയാണ് കർഷക കമ്പനികളുടെ പ്രസക്തി. ന്യൂട്രാസ്യൂട്ടിക്കൽ രംഗത്ത് ആവശ്യമായ കാർഷിക വിളകൾ കൃഷി ചെയ്യാനും തങ്ങൾ ഉൾപ്പെടെയുള്ള ആവശ്യക്കാരുമായി കരാറിലേർപ്പെടാനും കഴിഞ്ഞാൽ അപ്രധാനം എന്നു കരുതുന്ന വിളകൾക്കും സസ്യങ്ങൾക്കും വരുമാനസ്രോതസ്സായി മാറാൻ കഴിയുമെന്ന് രാജശേഖരന്‍ പറയുന്നു.

കാർഷിക കമ്പനികൾക്കു സ്വന്തം നിലയ്ക്ക് ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്ന നിർമാണത്തിലേക്കു തിരിയാനുള്ള സാഹചര്യം ഇന്നുണ്ട്. സംരംഭകർ ആഗ്രഹിക്കുന്ന ഉൽപന്നങ്ങളോ അതല്ലെങ്കിൽ നിലവിലുള്ള ഉൽപന്നങ്ങളോ എല്ലാം ന്യൂട്രാസ്യൂട്ടിക്കൽ തലത്തിലേക്ക് ഉയർത്തി ജീവിതശൈലീ വിപണിക്ക് അനുരൂപമാക്കി സംരംഭകരെ സഹായിക്കുക എന്ന ദൗത്യവും ലൈഫ്ജുൺ നിർവഹിക്കുന്നു.

ഇ–മെയിൽ: raj@lifejun.com