Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വന്നു, കണ്ടു, കീഴടക്കി

					ഛായ നഞ്ചപ്പ. പിന്നിൽ ഛായയ്ക്കു ലഭിച്ച പുരസ്കാരങ്ങൾ

പത്തുവർഷം മുമ്പ് ബെംഗളൂരുവിനടുത്തുള്ള ബൊമ്മനഹള്ളിയിൽ, വായ്പയെടുത്തും സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയും സ്വരൂപിച്ച പണംകൊണ്ട് ഛായ നഞ്ചപ്പ എന്ന വനിത ഒരു ചെറു സംരംഭത്തിനു തുടക്കമിട്ടു. കർഷകരിൽനിന്നു തേൻ സംഭരിച്ചു ശുദ്ധീകരിച്ച് ബ്രാൻഡ് ചെയ്തു വിപണിയിലെത്തിക്കല്‍. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷന്റെ സഹായത്തോടെയുള്ള ഗ്രാമീണ കുടിൽ സംരംഭം.

പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന തേനീച്ചക്കർഷകരുമായി നേരിട്ടു ബന്ധം സ്ഥാപിക്കുക തുടക്കത്തിൽ എളുപ്പമല്ലാത്തതിനാൽ, കർഷകരിൽനിന്നു ഹിമാലയൻ ഹണി സംഭരിച്ചു വിൽക്കുന്ന ഹിമാചൽ വ്യാപാരിയെ ഫോണിൽ ബന്ധപ്പെട്ടു, ‘500 കിലോ തേൻ ആവശ്യമുണ്ട്, എത്തിക്കുമോ?’

വായിക്കാം ഇ - കർഷകശ്രീ

പ്രതിമാസം ടൺ കണക്കിനു തേൻവ്യാപാരമുള്ള കച്ചവടക്കാരൻ പക്ഷേ ആവശ്യം തള്ളി. കുറഞ്ഞത് ഒരു ടൺ ഓർഡർ തന്നാലെ അയയ്ക്കാൻ കഴിയൂ. അതിൽ കുറഞ്ഞ ഓർഡറുകൾ സ്വീകാര്യമല്ല. ഛായ പക്ഷേ വിട്ടില്ല. തന്റെ സാഹചര്യം പറഞ്ഞു. കടം വാങ്ങിയും ലോണെടുത്തുമുള്ള സാഹസമാണ്. 500 കിലോയിൽ കൂടുതലെടുക്കാൻ തൽക്കാലം നിവൃത്തിയില്ല. ഛായയുടെ വാക്കുകളിലെ ആത്മാർഥതയും അതിജീവനത്തിനുള്ള അഭിലാഷവും തിരിച്ചറിഞ്ഞ വ്യാപാരി ഒടുവിൽ സമ്മതിച്ചു.

nectar-fresh-coorg-honey നെക്ടർ ഫ്രഷ് ഉൽപന്നങ്ങൾ

പത്തു വർഷങ്ങൾക്കു ശേഷം ഇന്ന്, മാസം 500 ടൺ തേനും 200 ടൺ ജാമും യൂറോപ്പിലേക്കും അമേരിക്കയിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും ഒപ്പം റീട്ടെയ്ൽ വിപണിയിലേക്കുമെത്തിക്കുന്ന, കോടികൾ പ്രതിവർഷ വിറ്റുവരവുള്ള സംരംഭകയായി ഛായ നഞ്ചപ്പ മാറിയിരിക്കുന്നു. Bonne Maman, Beeren Berg തുടങ്ങി ഈ രംഗത്തെ രാജ്യാന്തര ബ്രാൻഡുകളോടാണ് മൽസരം. താജും ലെ മെറിഡിയനും ലീലയും ഉൾപ്പെടെ ഇന്ത്യയിലെ പല പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലുകളിലെയും ഡൈനിങ് ടേബിളുകളിലെ തേനും ജാമും സോസുമെല്ലാം ഉൾപ്പെടുന്ന മുപ്പതു ഗ്രാം പോർഷൻ പായ്ക്കുകളുടെ കുത്തക ഇന്നു ഛായയ്ക്കു സ്വന്തം.

വാൾമാർട്ടും ടിസിഎസും പോലുള്ള ബഹുരാഷ്ട്ര കോർപറേറ്റുകൾ തങ്ങളുടെ ബ്രാൻഡിൽ രാജ്യാന്തരവിപണിയിലെത്തിക്കുന്ന തേനിന്റെ ഉറവിടവും ഛായയുടെ മൈസൂരുവിലുള്ള നെക്ടർ ഫ്രഷ് എന്ന ഫാക്ടറി തന്നെ. ഒരു പക്ഷേ വാൾമാർട്ട് പിൻതുണച്ച ഏക ഗ്രാമീണ ഖാദി സംരംഭവും ഇതാവും. കേരളത്തിലെ പ്രമുഖ ആയുർവേദ ഗ്രൂപ്പുകളും മികച്ച ഗുണനിലവാരമുള്ള തേനിന് ആശ്രയിക്കുന്നത് ഛായയെ. അതുകൊണ്ടുതന്നെ, രാജ്യത്തു നിർമിച്ച് രാജ്യാന്തരവിപണി നേടിയ യഥാർഥ ‘മെയ്ക് ഇൻ ഇന്ത്യ’ ഉൽപന്നങ്ങളിലൊന്ന് നെക്ടർ ഫ്രഷ് ഹണിയെന്ന് ഛായ അഭിമാനത്തോടെ പറയുന്നു.


					നെക്ടർ ഫ്രഷ് ഉൽപന്നങ്ങൾ

നെക്ടർ ഫ്രഷിന്റെ തേൻ, ജാം ഉൽപന്നങ്ങളിലെല്ലാം ‘വിമൻ ഓൺഡ്’ (women owned) എന്നൊരു ലോഗോ കാണാം. വാഷിങ്ടൺ ആസ്ഥാനമായ രാജ്യാന്തര സർട്ടിഫിക്കേഷൻ ഏജൻസി We Connect International സ്ത്രീ സംരംഭങ്ങൾക്കു നൽകുന്ന മുദ്രയാണത്. സർട്ടിഫിക്കേഷൻ ഏജൻസിയിൽ അംഗത്വമെടുക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാൽ മേൽപറഞ്ഞ ലോഗോ ഉൽപന്നത്തിന്റെ മുകളിൽ പതിക്കണമെങ്കിൽ രാജ്യാന്തര മാനദണ്ഡങ്ങളിലുള്ള ടെസ്റ്റുകളെല്ലാം ജയിക്കണം. C3, C4 ടെസ്റ്റുകൾ ഉൾപ്പെടെയുള്ള പരീക്ഷകളെല്ലാം പാസ്സായി നേടിയതാണ് ഈ അഭിമാനമുദ്രയെന്ന് നെക്ടർ ഹണി ബോട്ടിൽ ചൂണ്ടി ഛായ പറയുന്നു.

വിദേശങ്ങളിലെല്ലാം, ഷോപ്പിങ്ങിനു പോകുന്നവർ ഹൈപ്പർ മാർക്കറ്റുകളിൽ ‘വിമൻ ഓൺഡ്’ മുദ്ര പതിഞ്ഞ ഉൽപന്നങ്ങൾ കാണുമ്പോൾ ധൈര്യത്തോടെ എടുത്ത് ഷോപ്പിങ് ബാസ്കറ്റിൽ വയ്ക്കും, കാരണം ഈ മുദ്ര പതിഞ്ഞാല്‍ വിശ്വസിക്കാവുന്ന ഉൽപന്നം എന്നാണ് അർഥം. ഇന്ത്യൻ സയൻസ് കോൺഗ്രസിലും ജപ്പാനിലെ ഏഷ്യൻ പ്രോഡക്ടിവിറ്റി ഓർഗനൈസേഷനിലും പ്രമുഖ ബിസിനസ് സ്കൂളുകളിലുമെല്ലാം പ്രഭാഷകയായി ക്ഷണം കിട്ടുമ്പോഴും ഈ നേട്ടങ്ങളുടെയെല്ലാം പിന്നിലുള്ള സഹനസമരങ്ങൾ ചെറുതല്ലായിരുന്നുവെന്നു ഛായ ഓർക്കുന്നു.

കയ്പും മധുരവും

മുടങ്ങിപ്പോയ പഠനം, ഇരുട്ടു നിറഞ്ഞ ദാമ്പത്യബന്ധം – ഇവ രണ്ടും കടന്നാണ് ഛായ വർഷങ്ങൾക്കു മുമ്പ് കുടകിൽനിന്നു ബെംഗളൂരുവിലെത്തുന്നത്. അധ്യാപക ദമ്പതികളുടെ മകളായിരുന്നിട്ടും പഠനം പാതിവഴിയിൽ അവസാനിപ്പിച്ച് കയ്പേറിയ ദാമ്പത്യജീവിതത്തിലേക്കു നീങ്ങാനായിരുന്നു വിധി. എന്നാൽ ഏറെ നാൾ വിധിയെ പഴിച്ചിരുന്നില്ല അവർ. ഇരുണ്ട ദാമ്പത്യത്തിൽനിന്നു മോചനം നേടി, മുടങ്ങിയ പഠനം തുടർന്നു. മാസ് കമ്യൂണിക്കേഷനിൽ പി.ജി. ഡിപ്ലോമയുമായി ജോലി തേടി ബെംഗളൂരുവിലെത്തി. പ്രമുഖ ഹോട്ടലിൽ പബ്ലിക് റിലേഷൻസ് വിഭാഗത്തിൽ ജോലി നേടി. സ്വന്തം സംരംഭം എന്ന ആഗ്രഹം ശക്തമായപ്പോൾ ആദ്യം മനസ്സിൽ തെളിഞ്ഞത് ജന്മനാട്ടിലെതന്നെ ഏറ്റവും പ്രശസ്തമായ കാർഷികോൽപന്നം; കൂർഗ് ഹണി. എന്നാൽ അക്കാലമെത്തിയപ്പോഴേക്കും കൂർഗ് ഹണിയുടെ പെരുമയെ തായ്ബ്രൂഡ് രോഗം തകർത്തിരുന്നു. കൂർഗ് ഹണി മാത്രമല്ല, ഇന്ത്യയിലിറങ്ങുന്ന ഒട്ടുമിക്ക ഹണി ബ്രാൻഡുകളിലും മായം കലർന്നിട്ടുണ്ടെന്നും ഛായ തിരിച്ചറിഞ്ഞു.

നൂറ്റിയൊന്നു ശതമാനം ശുദ്ധമായ തേൻ വിപണിയിലെത്തിക്കുക, തേനീച്ചവളർത്തലുമായി ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്ന ഗ്രാമീണർക്കും ഗോത്രവർഗ സമൂഹങ്ങൾക്കും തുണയാവുക, വിദ്യാഭ്യാസമില്ലായ്മ മൂലം പിൻതള്ളപ്പെട്ട കുറച്ചു പേർക്ക് ജോലികൊടുക്കുക, ഇവ  മൂന്നും മനസ്സിൽ ഉറപ്പിക്കുന്നത് അക്കാലത്തെന്ന് ഛായ. ഇന്നും സഞ്ചരിക്കുന്നത് ആ വഴികളിലൂടെത്തന്നെ.

പുണെയിലെ തേനീച്ച ഗവേഷണ പരിശീലനസ്ഥാപനം പകർന്ന അറിവുകളുമായാണ് ഛായ ഹിമാചൽ വ്യാപാരിയെ വിളിക്കുന്നത്. തേൻ വാങ്ങി ശാസ്ത്രീയമായി സംസ്കരിച്ച് സാമ്പിളുമായി നേരെ ചെന്നത് ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലെ മെറിഡിയനിലേക്ക്. രാജ്യാന്തര ബ്രാൻഡുകൾ മാത്രം ഉപയോഗിക്കുന്ന തങ്ങൾക്ക് ഇതാവശ്യമില്ലെന്നു നിരസിച്ച എക്സിക്യൂട്ടീവ് ഷെഫിനോട്, ‘പരീക്ഷിച്ച ശേഷം നല്ലതല്ലെങ്കിൽ വിളിക്കേണ്ടതില്ല’ എന്നപേക്ഷിച്ചു മടങ്ങി.


					ഛായ ഭർത്താവ് രാജപ്പയ്ക്കൊപ്പം

നാലാം ദിവസം വിളിയെത്തി, ‘ഗംഭീരം, ഇത്ര മികച്ചൊരു ഇന്ത്യൻ ബ്രാൻഡ് ഇതുവരെ കണ്ടിട്ടില്ല’. അവിടെത്തുടങ്ങുന്നു ഛായയുടെ ജൈത്രയാത്ര. ബൊമ്മനഹള്ളിയിൽനിന്ന് നഞ്ചൻകോടുള്ള വാടകക്കെട്ടിടത്തിലേക്കും പിന്നീട് ഇപ്പോൾ മൈസൂർ നഗൂവൻഹള്ളിയിലെ സ്വന്തം ഫാക്ടറിയിലേക്കും വളർന്നിരിക്കുന്നു ഛായയുടെ നെക്ടർ ഫ്രഷ്. ഇതിനിടെ ബിസിനസ് പങ്കാളിയായി എത്തിയ രാജപ്പ ജീവിതപങ്കാളിയായി മാറി നേട്ടങ്ങൾക്ക് ഇരട്ടി മധുരവും പകർന്നു.

കർഷകപക്ഷം

തുടക്കം മുതലുണ്ട് കർഷകരോടു കരുതൽ. കർഷകസംഘങ്ങളിൽനിന്നു നേരിട്ടു തേൻ മികച്ച വില നൽകി സംഭരിക്കുന്ന ഛായ, മൈസൂരുവിലും മാണ്ഡ്യയിലുമൊക്ക കർഷക ആത്മഹത്യകളുണ്ടായപ്പോൾ തന്നാൽ കഴിയുന്ന പരിഹാരം കണ്ടെത്തി. ഈ പ്രദേശങ്ങളിലെ കർഷകരിൽനിന്നു മാമ്പഴവും വാഴപ്പഴവും പപ്പായയുമെല്ലാം നേരിട്ടു സംഭരിച്ച് ജാം ഉൽപന്നങ്ങളുടെ ശ്രേണി വിപുലമാക്കി. ഉത്തർഖണ്ഡിലെയും കർണാടകയിലെയും ഗോത്രവർഗസമൂഹങ്ങളെ തേനീച്ചക്കൃഷിയിലൂടെ കൈപിടിച്ചുയർത്തുന്നതും മൈസൂരുവിലെ റൈതമിത്ര പോലുള്ള കർഷകസംഘങ്ങളുമായി യോജിച്ച് ചിയ ധാന്യക്കൃഷിയിലിറങ്ങുന്നതും കാശ്മീരി കർഷകരുമായി ചേർന്ന് ആപ്പിൾ സൈഡ് വിനീഗർ നിർമാണത്തിലേക്കു കടന്നതുമെല്ലാം ഈ ലക്ഷ്യത്തോടെ തന്നെ.

ഒരേയിനം പൂവിൽനിന്നു മാത്രമെടുക്കുന്ന തേനിന് (monofloral honey) വിപണിയിൽ സവിശേഷ മൂല്യമുണ്ട്. കുറഞ്ഞത് ഇരുപതേക്കർ സ്ഥലത്ത് ഒരേയിനം പൂക്കൾ മാത്രം വിടർന്നാൽ അവിടെ തേൻപെട്ടി വയ്ക്കുന്നു. തേനിനൊപ്പം പൂമ്പൊടി കൂടി ശേഖരിക്കും. ഈ പൂമ്പൊടിയിൽ അറുപതു ശതമാനം ഒരേ പൂവിന്റെ തന്നെയെങ്കിൽ അത് മോണോഫ്ലോറൽ ഹണിയായി കണക്കാക്കാം. കടുകു തേനും ലിച്ചിത്തേനും മുരിങ്ങത്തേനുമെല്ലാം ഇങ്ങനെ ഉൽപാദിപ്പിക്കുന്നവയാണ്. കർഷകരുമായുള്ള അടുത്ത ബന്ധമാണ് ഗുണമേന്മയോടെ ഇവ ലഭ്യമാവാൻ കാരണമെന്നു ഛായ.

ഫാം ഗേറ്റ് സെയിൽസ് രീതി പിന്തുടരുന്ന അപൂർവം സ്വകാര്യസംരംഭങ്ങളിലൊന്നുകൂടിയാണ് നെക്ടർ ഹണി. അതായത്, കർഷകർക്കു ഫാക്ടറിയിൽ നേരിട്ടെത്തിച്ചു വിൽക്കാനുള്ള അവസരം. ഫാക്ടറിയുടെ പരിസരപ്രദേശങ്ങളിലുള്ള പഴവർഗ കൃഷിക്കാർക്ക് ഇത് ഏറെ പ്രയോജനപ്പെടുകയും ചെയ്യുന്നു. ഇടനിലക്കാരെ ഒഴിവാക്കുന്നതിന്റെ നേട്ടം ഇരുകൂട്ടർക്കും ലഭിക്കും. പൈനാപ്പിളും, കശുമാമ്പഴവും പാഷൻഫ്രൂട്ടും കേരളത്തിലെ കർഷകരിൽനിന്നു നേരിട്ടു സംഭരിക്കാനുള്ള ആലോചനയിലാണ് ഇപ്പോൾ ഛായ.

ഒരു ഭക്ഷ്യവസ്തു എന്നതിലുപരി പ്രിയപ്പെട്ടവർക്ക് വിശേഷാവസരങ്ങളിൽ സമ്മാനിക്കാവുന്ന ‘ഗിഫ്റ്റ്’ ആയി തേനിനെ അവതരിപ്പിക്കുന്ന വിപണനശൈലിയും ഛായയ്ക്കുണ്ട്. നാലോ അഞ്ചോ മോണോഫ്ലോറൽ ഹണി പായ്ക്കുകൾ ഒരുമിച്ചു ചേർത്ത് വിശേഷാവസരങ്ങളിൽ സമ്മാനിച്ചാൽ ലഭിക്കുന്നവർ തീർച്ചയായും വിസ്മയിക്കുമെന്നു ഛായ. പ്രിയപ്പെട്ടവർക്ക് ‘ആരോഗ്യം’ സമ്മാനിക്കുന്നതിന്റെ സന്തോഷവും ചെറുതല്ലല്ലോ.

ഓർമയിരിക്കട്ടെ

‘‘സംരംഭം തുടങ്ങാൻ സർക്കാരിന്റെ സബ്സിഡിയും ആനുകൂല്യങ്ങളും കാത്തിരിക്കുകയാണോ നിങ്ങൾ? എങ്കിലത് അന്തമില്ലാതെ തുടരും. കാത്തിരിപ്പു മതിയാക്കി അധ്വാനിക്കുക. ചെറിയ നേട്ടങ്ങളിൽ ഒതുങ്ങുകയുമരുത്. എന്നാൽ രാജ്യാന്തര വിപണിയാണു ലക്ഷ്യം വയ്ക്കുന്നതെങ്കിൽ നിങ്ങളുടെ ഉൽപന്നത്തിന് നിശ്ചയമായും മൂന്നു ഗുണങ്ങൾ ഉണ്ടാവണം. ഒന്ന്, ഏറ്റവും ഉയർന്ന ഗുണനിലവാരം. രണ്ട്, ഏറ്റവും ഉയർന്ന ഗുണനിലവാരം. മൂന്ന് ഏതാണെന്നല്ലെ..... അതുതന്നെ, ഏറ്റവും ഉയർന്ന ഗുണ നിലവാരം’’, ഛായ നയം വ്യക്തമാക്കുന്നു.

അതെ, കേന്ദ്ര സർക്കാരിന്റെ നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, നെക്ടർ ഹണി ഫാക്ടറി സന്ദർശിച്ച ശേഷം ഛായയുടെ നേട്ടങ്ങളെക്കുറിച്ച് ‘ഗംഭീരം’ എന്നു ട്വിറ്ററിൽ കുറിച്ചത് അതിശയോക്തിയല്ല.

ഇ–മെയിൽ: info@nectarfreshfoods.com