Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോഷകഘടകങ്ങൾ അടങ്ങിയ സൂപ്പർ സൂപ്പ്

soup11

ചൂടുള്ള സൂപ്പു മൊത്തിക്കുടിച്ചു തീൻമേശയിലെ മറ്റു വിഭവങ്ങളിലേക്കു കടക്കുന്നതിന്റെ സുഖം ഒന്നുവേറെ. ഇങ്ങനെ ആസ്വദിച്ചു കഴിക്കുമ്പോൾ, സൂപ്പിന്റെ ചേരുവകളെക്കുറിച്ചോ പോഷകഗുണത്തെക്കുറിച്ചോ ആലോചിക്കാൻ ആരും മെനക്കെടാറില്ല. ഹൃദ്യമായ രുചിക്കൊപ്പം ആരോഗ്യരക്ഷയ്ക്കു കൂടി ഉതകുന്ന രുചികരമായ മീൻ സൂപ്പ് പരിചയപ്പെടാം. കൊച്ചിയിലെ കേന്ദ്ര മൽസ്യ സാങ്കേതിക ഗവേഷണകേന്ദ്രം (സിഐഎഫ്ടി) മീൻ ചേരുവകളടങ്ങിയ പോഷകസമ്പുഷ്ട സൂപ്പ് തയാറാക്കിയിരിക്കുന്നു. നാൽപതോളം അവശ്യ പോഷകഘടകങ്ങൾ അടങ്ങിയ ഈ വിഭവം പോഷകാഹാരക്കുറവിനു പരിഹാരമാകും.

കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായ ഇരുമ്പ്, കാൽസ്യം എന്നിവ ശരിയായ അനുപാതത്തിൽ കൂട്ടിച്ചേർത്ത ഈ സൂപ്പ്, ലോകാരോഗ്യ സംഘടനയുടെ സൂചികകൾ പ്രകാരമുള്ള ഗുണനിലവാരം പാലിക്കുന്നുമുണ്ട്. പല ഘട്ടങ്ങളിലായുള്ള ശാസ്ത്രീയ നിരീക്ഷണങ്ങൾക്കുശേഷം വികസിപ്പിച്ചെടുത്ത ഈ ഉൽപന്നം രുചിയുടെ കാര്യത്തിലും മുന്നിലെന്ന് കഴിച്ചവര്‍ സാക്ഷ്യപ്പെടുത്തുന്നു. വളർച്ചയ്ക്കാവശ്യമായ പ്രോട്ടീൻ, കൊഴുപ്പ്, ധാതുലവണങ്ങൾ എന്നിവയുടെ ശരിയായ ചേരുവയാണ് ഈ സൂപ്പ്.

മനുഷ്യശരീരത്തിന് ഓക്സിജനും പ്രതിരോധശേഷിയും  ഊർജവും നൽകാന്‍ അത്യന്താപേക്ഷിതമാണ് അയൺ (ഇരുമ്പ്). അതുപോലെ, എല്ലിനും പല്ലുകൾക്കും ശരിയായ വളർച്ച, മാംസപേശികളുടെ ശരിയായ സങ്കോചവികാസം, ഞരമ്പുകളുടെ ശരിയായ പ്രവർത്തനം, രക്തം കട്ടപിടിക്കുക തുടങ്ങിയ  പ്രധാന ധർമങ്ങള്‍ നിർവഹിക്കാൻ  വേണ്ട ഘടകമാണു കാൽസ്യം. ഇവ രണ്ടും വേണ്ട അനുപാതത്തിൽ മിശ്രണം ചെയ്തിരിക്കുന്നതിനാൽ മീൻസൂപ്പ് കുട്ടികൾക്കും ഗർഭിണികൾക്കും പ്രയോജനപ്പെടും. പായ്ക്കറ്റുകളിൽ വിപണിയിലെത്തിക്കാവുന്ന ഈ സൂപ്പുപൊടി വളരെ എളുപ്പത്തിൽ, കുടിക്കാൻ പാകത്തിനുള്ള സൂപ്പാക്കി മാറ്റാം. ഇതിനു പുറമേ, നേരിട്ടു കുടിക്കാവുന്ന (റെഡി ടു ഡ്രിങ്ക്) റിട്ടോർട്ട് പായ്ക്കറ്റുകളിലും സൂപ്പ് വിപണിയിലെത്തിക്കാനാകുമെന്നു ഗവേഷകർ അവകാശപ്പെടുന്നു.

ഇത്തരം റെഡി ടു ഡ്രിങ്ക് പായ്ക്കറ്റുകൾ സാധാരണ ഊഷ്മാവിൽ മുറിക്കുള്ളിൽ ആറു മാസംവരെ കേടുകൂടാതെയിരിക്കും. പോഷണക്കുറവുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സ്കൂൾ കുട്ടികളിൽ ദേശീയ ശിശുവികസന പദ്ധതി (ICDS) പ്രകാരം ഇതു പരീക്ഷിച്ചിരുന്നു. ഒരു മാസം ഉച്ചഭക്ഷണപദ്ധതിയിലൂടെ സൂപ്പു കഴിച്ച കുട്ടികളുടെ ഹീമോഗ്ലോബിന്‍ (ചുവന്ന രക്താണുക്കൾ) നിലവാരം തൃപ്തികരമായി ഉയർന്നു. പോഷകസമൃദ്ധവും രുചികരവുമായ ഒരു ലഘുവിഭവം എന്ന നിലയ്ക്ക് ഇതിനു  വിപണിയിൽ പ്രിയമേറാൻ സാധ്യതയുണ്ട്. ഇതിനായി താൽപര്യമുള്ള സംരംഭകരെ സിഐഎഫ്ടി സ്വാഗതം ചെയ്യുന്നു. ലഘുവായ ഉല്‍പാദനപ്രക്രിയ, മിതമായ മുടക്കുമുതൽ, നല്ല വിപണനസാധ്യത എന്നിവയാണ് ഈ മീൻ സൂപ്പിനു ബിസിനസ്സ് സംരംഭം എന്ന നിലയ്ക്കുള്ള സവിശേഷതകൾ. നവസംരംഭകർക്ക് ഉൽപന്ന നിർമാണം മുതൽ മാർക്കറ്റിങ് വരെ എല്ലാ ഘടകങ്ങളും വിദഗ്ധരുടെ മേൽനോട്ടത്തിൽ ചെയ്ത് ആത്മവിശ്വാസം നേടാവുന്ന സ്റ്റാർട്ടപ്പ് സിഐഎഫ്ടിയിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്:  ബയോ കെമിസ്ട്രി & ന്യുട്രീഷൻ വിഭാഗം, സിഐഎഫ്ടി – 0484 2412300, 

ലേഖകർ : ഡോ. കെ.കെ.ആശ, ഡോ. സുശീല മാത്യു, 

ഡോ. എസ്. ആശാലത, 

(മൂന്നുപേരും സിഫ്ടിലെ ശാസ്ത്രജ്ഞർ), 

ഡോ. സി.എൻ. രവിശങ്കർ 

(സിഫ്ട് ഡയറക്ടർ),