Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പച്ചയായ നഴ്സ്

വെള്ളക്കോട്ട് ഊരി കൈക്കോട്ടുമായി പറമ്പിലേക്കിറങ്ങിയ ആളാണു ജിജോ ജോൺ. മനുഷ്യരുടെ മുറിവു തുടയ്ക്കുകയും മരുന്നുവയ്ക്കുകയും ചെയ്യുന്ന ശ്രദ്ധയോടെ വാഴയ്ക്കു തടമൊരുക്കുകയും പാവലിനും പയറിനും പടരാൻ നാരുകൾ കെട്ടുകയും ചെയ്തു തുടങ്ങിയതോടെ നഴ്സ് ആയിരുന്ന ജിജോ ജോൺ കർഷകനായി പെരുമ നേടുകയാണ്.

മാവേലിക്കര തഴക്കര ഇറവങ്കര അറ്റ്ലാൻഡയിൽ ഡി.ജോണിന്റെയും ലിസിയുടെയും ഇളയ മകനാണു ജിജോ. ബിഎസ്‍സി നഴ്സിങ് പഠിച്ച ശേഷം ആശുപത്രി മാനേജ്മെന്റിൽ എംബിഎ നേടി അത്യാവശ്യം നല്ല ശമ്പളം കിട്ടുന്ന ജോലി ചെയ്യുന്നതിനിടയിലാണു കുട്ടിക്കാലത്തേ മനസിൽ പച്ചപിടിച്ച കൃഷി സ്വപ്നങ്ങൾ വീണ്ടും തളിർക്കാൻ തുടങ്ങിയത്. ഡൽഹിയിലെ ജോലി ഉപേക്ഷിച്ചു തഴക്കരയിലെ പച്ചക്കറിത്തോട്ടത്തിലേക്കു മടങ്ങിയെത്താൻ ജിജോയ്ക്ക് അധികസമയം വേണ്ടിവന്നില്ല. അന്നു 30 വയസായിരുന്നു. 

ഇപ്പോൾ മൂന്നു വർഷമായി, ജിജോ വീട്ടുവളപ്പിലെ 38 സെന്റിൽ കൃഷ‍ി ത‍ുടങ്ങിയിട്ട്. മീൻ, മഴമറ, പച്ചക്കറി, കോഴി എന്നിങ്ങനെ പലതരം കൃഷികൾ ഒന്നിച്ചു കൊണ്ടുപോകുന്നു ജിജോ. മത്സ്യക്കൃഷിക്കുവേണ്ടി തനിയെ കുളം കുഴിച്ചു. പാവയ്ക്ക, പയർ, വെണ്ടയ്ക്ക, തക്കാളി, മുളക്, സലാഡ് വെള്ളരി, വഴുതനങ്ങ തുടങ്ങിയവ നന്നായി വിളയുന്നുണ്ട്. മരച്ചീനി, ഏത്തവാഴ, കുരുമുളക് തുടങ്ങിയവയും തോട്ടത്തിലുണ്ട്. 

പൂർണമായും ജൈവ വളം ഉപയോഗിച്ചുള്ള കൃഷി. അതിനാൽ, തന്റെ തോട്ടത്തിലെ പച്ചക്കറികളിൽ വിഷം ഇല്ലെന്നു ജിജോ ഉറപ്പു പറയും. വീട്ടിലെ ആവശ്യം കഴിഞ്ഞുള്ള പച്ചക്കറികൾ നാട്ടുകാർക്കും കച്ചവടക്കാർക്കും വിൽക്കും. 

തഴക്കര പഞ്ചായത്തിലെ മികച്ച യുവകർഷകനുള്ള പുരസ്കാരം ജിജോ ജോണിനു ലഭിച്ചിരുന്നു. കൃഷിക്കൊപ്പം ഇപ്പോൾ ലാൻഡ് സ്കേപിങ്, പച്ചക്കറി കൃഷിയിടം ഒരുക്കൽ തുടങ്ങിയ ജോലികളും ചെയ്യുന്ന ജിജോയെ മറ്റുള്ളവർക്കും കൃഷിയൊരുക്കാൻ സഹായിക്കുന്നുണ്ട്. ഒട്ടേറെ വീടുകളിൽ പച്ചക്കറി കൃഷി ഉൾപ്പെടുന്ന ലാൻഡ് സ്കേപിങ് ഒരുക്കിയിട്ടുണ്ട്. 

മാതാപിതാക്കളുടെ സഹായവും വിദേശത്തു ജോലി ചെയ്യുന്ന ഭാര്യ റെമിയുടെ മാനസിക പിന്തുണയും ജിജോയുടെ വിജയഗാഥയ്ക്കു പിന്നിലുണ്ട്. നാലുവയസുകാരൻ ആൽഡിസ് ജിജോ മകനാണ്. പറമ്പിലെ പണി കഴിഞ്ഞു വിയർപ്പു തുടച്ചു വീടിനകത്തു കയറുമ്പോൾ ജിജോ ഒരു കലാകാരനായി മാറും. സ്വയം തബലയയിൽ അഭ്യസിച്ചു തുടങ്ങിയ ജിജോ ഇപ്പോൾ നല്ലൊരു തബലിസ്റ്റുമാണ്.