Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂണായി തുടങ്ങി തൂണായി വളർന്നു

mushroom1

പണി തീരാത്ത വീട്ടിലെ ചോർച്ച മാറാത്ത ചെറിയ മുറിക്കുള്ളിൽ കൂൺ വളർത്തൽ തുടങ്ങിയതാണ് എറണാകുളം പിറവത്തിനു സമീപം നെച്ചൂർ മംഗലത്തു പുത്തൻപുരയിൽ ഉഷ. ക്രമേണ മുറിക്കു പുറത്തേക്കു വളർന്ന ഈ സംരംഭം  കുടുംബത്തിന്റെ തൂണായി മാറിക്കഴിഞ്ഞു. ഇന്ന് ഉഷയുെട വീടും കുടുംബവും കൂൺകുടയുെട കീഴിൽ സുരക്ഷിതർ .മൂന്നൂറ് തടങ്ങൾ മാത്രമുണ്ടായിരുന്ന സംരംഭം ആറുവർഷംകൊണ്ട് മൂവായിരം തടങ്ങളും ദിവസേന 30 

കിലോ ഉൽപാദനവുമുള്ള പ്രസ്ഥാനമായി വളർന്നു

mushroom2

അമ്മൂസ് ബ്രാൻഡിലാണ് വിപണനം. മകൾ അശ്വതിയുെട ചെല്ലപ്പേരാണത്. കേവലം 5000 രൂപ മുതൽമുടക്കിൽ ആരംഭിച്ച കൂൺകൃഷിയിലൂെട ഇപ്പോൾ മാസംതോറും  ഒരു ലക്ഷം രൂപയിലധികം വരുമാനമാണ് ഇവർ നേടുന്നത്.വീടുപണി പൂർത്തിയാക്കിയതും കാര്‍ വാങ്ങിയതും  കടങ്ങൾ വീട്ടിയതുമൊക്കെ കൂൺ വളർത്തലിൽനിന്നുള്ള വരുമാനത്തിലൂെട തന്നെ. കൂൺകൃഷിക്കാവശ്യമായ വിത്ത്, ബെഡ്, കൂൺശാലകൾ എന്നിവ തയാറാക്കിയും ഇവർ അധികവരുമാനം നേടുന്നുണ്ട്. കുടുംബശ്രീ, തൊഴിലുറപ്പ്, മുയൽവളർത്തൽ തുടങ്ങി പല വരുമാനസാധ്യതകൾ പരീക്ഷിച്ചശേഷം കൂൺ വളർത്തിത്തുടങ്ങുമ്പോൾ പരിഹാസം ഏറെ കേൾക്കേണ്ടിവന്നത് ഉഷയ്ക്കു മറക്കാനാവില്ല. മത്തിക്കച്ചവടക്കാരെപോലെ ‘കൂൺ വേണോ’യെന്നു വിളിച്ചുകൂവി നടക്കണമെന്നു ചിലർ പറഞ്ഞപ്പോഴും പ്രകോപിതയാവാതെ മുന്നേറി. തുണച്ചവരും ഏറെ. 

കുമരകം കാർഷിക ഗവേഷണകേന്ദ്രത്തിലെ ഡോ. എ.വി. മാത്യു, കൃഷി ഓഫിസറായിരുന്ന റീനാ കുര്യൻ, കൂൺ സംരംഭകനായ ഫെലിക്സ് എന്നിവരെയൊന്നും ഉഷയ്ക്കു വിസ്മരിക്കാനാവില്ല.ചിപ്പിക്കൂണാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. വേനൽക്കാലത്ത് പാൽക്കൂണും വളർത്തും. റബർതടിയുെട അറക്കപ്പൊടി ഉപയോഗിച്ചാണ് കൂൺ വളർത്തുന്നതിനു തടം തയാറാക്കുക. ആവിയിൽ പുഴുങ്ങി അണുനശീകരണം വരുത്തിയ അറക്കപ്പൊടി  പ്ലാസ്റ്റിക് കൂടകളിൽ പല തട്ടുകളായി നിറയ്ക്കുന്നു. ഓരോ തട്ടിന്റെയും പുറംഭാഗത്തുകൂടി കൂൺവിത്തു വിതറും. നിശ്ചിത ദിവസത്തെ വളർച്ച  പൂർത്തിയാക്കിയ കൂൺ പുറത്തേക്കു വളരുന്നതിനായി കൂടയിൽ കീറലുകളുണ്ടാക്കണം. വൈക്കോൽ തടമാണെങ്കിൽ 21ദിവസത്തെ വളർച്ച പൂർത്തിയാകുമ്പോൾ  കൂൺ വിളവെടുക്കാം. അടുത്ത 45 ദിവസത്തേക്ക്  വിളവെടുപ്പ് തുടരും. അറക്കപ്പൊടിയിട്ട തടത്തിൽ വിളവെടുപ്പ് ആരംഭിക്കാൻ 25 ദിവസം വേണ്ടിവരുമെങ്കിലും രണ്ടു മാസത്തോളം അത് തുടരാനാവും. ഒന്നര മാസം കൊണ്ട് തുല്യവിളവ് നൽകുന്ന വൈക്കോൽതടത്തിനോടാണ് ഉഷയ്ക്കിഷ്ടം. എങ്കിലും ൈവക്കോൽ കിട്ടാനുള്ള  പ്രയാസം മൂലം അറക്കപ്പൊടിയാണ് ഇവർ കൂടുതലായി ഉപയോഗിക്കുന്നത്.

വിപണനമാണ് കൂൺകൃഷിയിലെ നവസംരംഭകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഉഷ ചൂണ്ടിക്കാട്ടി. ശാസ്ത്രീയ ഉൽപാദനരീതികൾ പരിശീലിപ്പിക്കാൻ സർക്കാർ, അർധസർക്കാർ ഏജൻസികളേറെ. ശരിയായ പരിശീലനം നേടിയാൽ പിന്നെ കൂൺ ഉൽപാദനത്തിനു  പ്രയാസമുണ്ടാവില്ലെന്നാണ് ഉഷയുെട പക്ഷം. വിത്ത് കിട്ടുന്നതിനും തടം ഉണ്ടാക്കുന്നതിനുമൊക്കെയുള്ള കഷ്ടപ്പാടുകൾ പ്രതീക്ഷിക്കേണ്ടതുതന്നെ. എന്നാൽ ദിവസം രണ്ടോ മൂന്നോ കിലോ കൂൺ വിൽക്കാനുണ്ടെങ്കിൽ സംരംഭകർ നക്ഷത്രമെണ്ണും. 

mushroom3

പുരോഗമനചിന്താഗതിയും വിദ്യാഭ്യാസവുമൊക്കെയുണ്ടെങ്കിലും നമ്മുെട നാട്ടിലെ പലർക്കും ഇപ്പോഴും കൂൺപേടി മാറിയിട്ടില്ല. കൂണിലെ വിഷാംശത്തെക്കുറിച്ച് അവർക്ക് വികലമായ ധാരണകളാണ്. തുടക്കം മുതൽ പ്രോത്സാഹനം നൽകിയ കൃഷി ഓഫിസർ റീനയും സഹപ്രവർത്തകരുമായിരുന്നു ആദ്യ ഉപഭോക്താക്കൾ. അവരിലൂെട തൊട്ടടുത്ത പഞ്ചായത്ത് ഓഫിസിൽ കൂണിന് ആവശ്യക്കാരെ കണ്ടെത്തിയ ഉഷയ്ക്ക് ക്രമേണ സ്കൂളുകൾ, ബാങ്ക്, മറ്റ് ഓഫിസുകൾ എന്നിവിടങ്ങളിലും കൂൺ വിൽക്കാൻ കഴിഞ്ഞു. പല സ്ഥലങ്ങളിലും കൂണിന്റെ മെച്ചങ്ങളെക്കുറിച്ച് പ്രത്യേകം ക്ലാസെടുക്കേണ്ടിവന്നു, ഒരു പായ്ക്കറ്റ് കൂൺ വിൽക്കുന്നതിനുവേണ്ടി. കുടുംബശ്രീയിലും തൊഴിലുറപ്പുപദ്ധതിയിലുമൊക്കെ അംഗമായപ്പോഴുണ്ടായ ബന്ധങ്ങളും വിപണനത്തിൽ ഏറെ സഹായകമായി. 

പറഞ്ഞും പഠിപ്പിച്ചും നേടിയെടുത്ത ഓരോ ഉപഭോക്താവും സ്ഥിരം ഉപഭോക്താവായി മാറുന്ന അനുഭവമാണ് ഉഷയ്ക്കുള്ളത്.  മൂന്ന് പായ്ക്കറ്റ് കൂൺ വിൽക്കാൻ പാടുപെട്ടിരുന്ന ഉഷയ്ക്ക് ഇന്ന് മുപ്പതു കിലോ കൂൺ വിൽക്കുന്നത് ഒരു പ്രശ്നമേയല്ല, അതും ഏറക്കുറെ സ്വന്തം പഞ്ചായത്തിൽ തന്നെ. കിലോയ്ക്ക് 350–400 രൂപയാണ് ഇപ്പോൾ ചിപ്പിക്കൂണിന്റെ വില. അമ്മൂസ് മഷ്റൂമിന്റെ 200 ഗ്രാം പായ്ക്കറ്റിന് 70 രൂപയാണ് വില.

തുടക്കത്തിൽ കൂൺവളർത്തലിനോട് അത്ര മമത കാട്ടാതിരുന്ന കുടുംബാംഗങ്ങളും ഇന്ന് ഈ സംരംഭത്തിൽ സജീവ പങ്കാളികളാണ്. ഭർത്താവ് സോമനും അമ്മ ദേവകി അന്തർജനവും മകൾ അശ്വതിയുമൊക്കെ തടങ്ങളും കൂൺ പായ്ക്കറ്റുകളും തയാറാക്കാൻ സഹായിക്കും. രാത്രി വൈകിയും കുടുംബാംഗങ്ങൾ ജോലി പൂർത്തിയാക്കുന്നതിനാൽ കൂലിച്ചെലവ് തീരെ വേണ്ടിവരുന്നില്ല. വിപണനത്തിലുമുണ്ട് ഈ പങ്കാളിത്തം. ഉഷയും സോമനുമാണ് കൂടുതലായി ഫീൽഡിൽ പോകുന്നത്.  സ്വന്തം പേരിലുള്ള കൂൺപാക്കറ്റുകൾ സ്കൂളിലെ ആവശ്യക്കാർക്ക്  എത്തിച്ചുകൊടുക്കാൻ  അശ്വതിക്കും മടിയില്ല.

ഫോൺ: 8547267187