Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രഹ്മിയുടെ ഗുണം ചോക്കലേറ്റിന്റെ രസം

1CHOCOLATE

ഔഷധസസ്യമായ ബ്രഹ്മി ചേർത്ത് ആരോഗ്യ ചോക്കലേറ്റ് നിർമിക്കുന്ന സംരംഭകൻ

‘‘ചോക്കലേറ്റിനു വാശിപിടിച്ചു കരയുന്ന കുട്ടിക്ക് അതിനു പകരം അൽപം ബ്രഹ്മിഘൃതം നൽകിയാലോ, ‘ബുദ്ധിശക്തി കൂടും, ഒാർമശേഷി വർധിക്കും’ എന്നൊക്കെ പറഞ്ഞു നോക്കാം.ഫലിക്കുമെന്നു തോന്നുന്നില്ല. അൽപം കയ്പുള്ള ബ്രഹ്മിയെക്കാൾ കുട്ടിക്കു പ്രിയം അതിലേറെ കയ്പും ഇത്തിരി മധുരവുമുള്ള ഡാർക് ചോക്കലേറ്റിനോടാവും. കാലത്തിന്റെ ശീലമാണത്. അതിനെ മാറ്റുന്നതിനെക്കാൾ നല്ലത് ഗുണകരമായ രീതിയിൽ പരിഷ്കരിക്കുന്നതാവും. അത്തരമൊരു ആലോചനയുടെ ഫലമാണ് ബ്രഹ്മി ചോക്കലേറ്റ്’’, ആലുവ കുഴിവേലിപ്പടി മുഞ്ചോട്ടിപ്പടിക്കൽവീട്ടിലിരുന്ന് പ്രദീപ് എന്ന സംരംഭകൻ ഇതു പറയുമ്പോൾ പിതാവ് നാരായണൻ വൈദ്യനും അതു ശരിവയ്ക്കുന്നു. സ്വന്തം പാടത്തു നട്ടുവളർത്തിയ ബ്രഹ്മിയും ഒപ്പം, കശുവണ്ടിപ്പരിപ്പും കൊക്കോയും പഞ്ചസാരയും പനഞ്ചക്കരയും പാലുംഗോതമ്പും ചേർത്തു തയാറാക്കുന്ന ആ സ്വാദ്യകരമായ ചോക്കലേറ്റ്. പ്രദീപ് തുടരുന്നു, ‘‘മുന്തിയ ബ്രാൻഡുകളുടെ ചോക്കലേറ്റിൽപോലും സൂക്ഷിപ്പുകാലം വർധിപ്പിക്കാനുള്ള സംരക്ഷക(preservatives) ങ്ങൾ ചേർക്കുന്നുണ്ട്. 

ഇത്തരം ചോക്കലേറ്റുകൾ ശീലമാക്കുന്നത് ആരോഗ്യകരമല്ല എന്നു തെളിഞ്ഞിട്ടുമുണ്ട്. അതൊക്കെ ശരിയാണെങ്കിലും കുട്ടികൾക്കു മിഠായിയും ചോക്കലേറ്റുമൊക്കെ നിഷേധിക്കുന്നതു ശരിയല്ലല്ലോ. ആ പ്രായത്തിലല്ലേ അതൊക്കെ  ഇഷ്ടത്തോടെ ആസ്വദിക്കാൻ കഴിയൂ. അതുകൊണ്ടാണ് ഇങ്ങനെയൊരു ഉൽപന്നത്തിനു തുനിഞ്ഞത്. അതു കുട്ടികൾക്ക് ഇഷ്ടപ്പെട്ടു എന്നതില്‍ ഏറെ സന്തോഷം.’’

2CHOCLATE

തലമുറകളുടെ വൈദ്യപാരമ്പര്യമുണ്ട് പ്രദീപിന്റെ കുടുംബത്തിന്്. ചികിൽസയും വൈദ്യശാലയുമായി  അച്ഛൻ നാരായണനും അതു തുടർന്നു. എന്നാൽ, പരമ്പരാഗതരീതിയിൽ തയാറാക്കി, പഴയ ചിട്ടവട്ടങ്ങളോടെയും പഥ്യത്തോടെയും അരിഷ്ടവും ലേഹ്യവുമൊക്കെ കഴിക്കാൻ താൽപര്യപ്പെടുന്നവർ നന്നേ കുറവ്. പുതിയ കാലത്തെ ചികിൽസാലയങ്ങളോടും ആധുനിക സൗകര്യങ്ങളോടും മൽസരിക്കുക എളുപ്പവുമല്ല. അതുകൊണ്ടുതന്നെ, ഒൗഷധസസ്യങ്ങളിലും മരുന്നുനിർമാണത്തിലുമെല്ലാം അച്ഛനിൽനിന്നു സാമാന്യമായ അറിവു നേടിയെങ്കിലും ചികിൽസാ പാരമ്പര്യം തുടരാൻ പ്രദീപ് താൽപര്യപ്പെട്ടില്ല.  

പക്ഷേ  പാരമ്പര്യത്തെ അങ്ങനെ വിട്ടുകളയാനും വയ്യല്ലോ. ആയുർവേദത്തിൽനിന്ന് ആളുകൾക്കു സ്വീകാര്യമായ ആരോഗ്യ വിഭവങ്ങൾ പലതു ചിന്തിച്ചെങ്കിലും വിപണിയിൽ വിജയിക്കുമെന്ന് വീട്ടുകാർ മാർക്കിട്ടത് ചോക്കലേറ്റിന്. ലേഹ്യത്തിന്റെ പാകവും പരുവവുമൊക്കെയാണ് ബ്രഹ്മിചോക്കലേറ്റിൽ പ്രദീപ് സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ കൃത്രിമ സംരക്ഷകങ്ങളൊന്നും ചേർക്കേണ്ടതില്ല. നാലു മാസമാണ് സൂക്ഷിപ്പുകാലം. വില അഞ്ചു രൂപ. വായ്പ എടുത്ത് പൂർണമായ യന്ത്രവൽക്കരണത്തോടെ ചെറുകിട വ്യവസായ സംരംഭം തുടങ്ങാനിറങ്ങിയ തന്നെ ലോൺ നൽകാതെ ലീഡ് ബാങ്ക് പ്രതിസന്ധിയിലാക്കിയത് മധുര സംരംഭത്തെ കയ്പുറ്റതാക്കിയെന്നു പ്രദീപ്. എങ്കിലും പിന്മാറാൻ  ഒരുക്കമല്ലായിരുന്നു. പായ്ക്കിങ്ങിനായി ചെലവു കുറഞ്ഞ യന്ത്രസംവിധാനം സ്വയം വികസിപ്പിച്ചെടുത്തു.  ബ്രഹ്മി ചോക്കലേറ്റ് കുട്ടികൾക്ക് ഇഷ്ടമായതിന്റെ ആവേശത്തിൽ കൂടുതൽ ഉൽപന്നങ്ങളിലേക്കും ആധുനികയന്ത്രസംവിധാനങ്ങളിലേക്കും  കടക്കാനൊരുങ്ങുകയാണ് പ്രദീപ്. ഫോൺ: 8547008584