Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൃഷിയിടങ്ങളിലെ പത്തു ജോലികൾക്കായി ഒരു യന്ത്രം

DSC_8741

നിലമൊരുക്കാം, തടമെടുക്കാം, കമ്പുകോതാം, മരുന്നു തളിക്കാം, തേങ്ങ യിടാം..... കൃഷിയിടത്തിലെ പത്തു ജോലികളാണ് ഈ പണിക്കാരൻ ഏറ്റെടുക്കുക. കേരളത്തിലെ ചെറുകിട കൃഷിക്കാരുെടസ്വപ്നസാഫല്യമെന്നവണ്ണം പത്തു കരങ്ങളുമായി ജോലി ചെയ്യുന്ന ഇവൻ ബംഗാളിയോ ബിഹാറിയോ അല്ല, മണ്ണുത്തിക്കാരനാണ്. മണ്ണുത്തി കാർഷികഗവേഷണകേന്ദ്രം ശതാബ്ദിവർഷത്തിൽ സംസ്ഥാനത്തെ കർഷകസമൂഹത്തിനു നൽകുന്ന അമൂല്യസമ്മാനമാണ് ഈ ഫാമിലി ഫാമിങ് ടില്ലർ. അതോടൊപ്പം അകലെ നിന്നു നിയന്ത്രിക്കാവുന്ന പവർ ടില്ലറും ഇവർ അവതരിപ്പിക്കുന്നു. മുൻ മേധാവി ഡോ. യു. ജയകുമാരൻ തുടക്കം കുറിച്ച  പദ്ധതിയിലൂെട മണ്ണുത്തി കാർഷിക ഗവേഷണകേന്ദ്രത്തിലെ ഭക്ഷ്യസുരക്ഷാസേനയുെട ഗവേഷണവികസനവിഭാഗമാണ് ഈ യന്ത്രങ്ങൾ വികസിപ്പിച്ചത്. 

ടില്ലറിൽ യോജ്യമായ മാറ്റങ്ങൾ വരുത്തിയും അനുബന്ധ ഉപകരണങ്ങൾ കൂട്ടിച്ചേർത്തുമാണ് ഈ യന്ത്രം രൂപകൽപന ചെയ്തിരിക്കുന്നത്. ഒമ്പത് കുതിരശക്തിയുള്ള പവർ ടില്ലറിനോട് ഘടിപ്പിക്കുന്ന റോട്ടവേറ്റർ മണ്ണ് പൊടിച്ചു നിലമൊരുക്കും. ഇളകിയ മണ്ണിൽ ചാല് കീറുന്നതിനു ചാനൽ ഫോമർ ഉണ്ട്. അറുപത് ഡിഗ്രി വരെ തിരിയുന്ന രണ്ട് ഫറോ ഡിസ്കുകളാണ് ഈ യന്ത്രത്തൊഴിലാളിയുെട പ്രധാന കരം. ഇതിന്റെ  സഹായത്തോടെ വാഴയുെട തടമെടുപ്പ്, തടം മൂടൽ, മണ്ണുമാറ്റൽ എന്നിവ നടത്താം. ഫ്ളിപ് പ്ലൗ, ബെഡ് ഫോമർ എന്നിവയായും ഈ സംവിധാനം പ്രയോജനപ്പെടും. ഇത് ഉപയോഗിച്ച് കുഴിയെടുക്കുമ്പോൾ ഹൈഡ്രോളിക് സംവിധാനത്തിന്റെ സഹായത്തോെട കുഴിയുെട ആഴം നിയന്ത്രിക്കുകയുമാവാം. വളം പാഴാക്കാതെ നിശ്ചിതതോതിൽ മാത്രം തടത്തിൽ ചേർത്തുനൽകുന്ന ഫെർട്ടിലൈസർ ആപ്ലിക്കേറ്ററാണ് മറ്റൊരു സവിശേഷത. ടില്ലറിന്റെ മുൻഭാഗത്തെ പവർസ്പ്രെയർ മരുന്നുതളിക്കാൻ പ്രയോജനപ്പെടുത്താം. ഉയരം കൂടിയ മരങ്ങളിൽ മരുന്നു തളിക്കാൻ ഇതോടൊപ്പം എലിവേറ്റർ ഘടിപ്പിച്ചിരിക്കും. ഇരുനൂറ് ലീറ്റർ ടാങ്കുമായി എലിവേറ്ററിൽ കയറി മരുന്നുതളിക്കുകയേ വേണ്ടൂ. ഇതേ എലിവേറ്റർ തേങ്ങയിടൽപോലുള്ള വിളവെടുപ്പ് ജോലികൾക്കും കമ്പുകോതലിനുംപ്രയോജനപ്പെടും. ആകെ 300 കിലോയാണ് എലിവേറ്ററിന്റെ ഭാരോദ്വഹനശേഷി.

വാഴ, ചേന, മറ്റ് നടുതലകൾ എന്നിവയ്ക്കു കുഴിയെടുക്കുന്ന പോസ്റ്റ് ഹോൾ ഡിഗറും ഈ ടില്ലറിൽ ഘടിപ്പിച്ചു പ്രവർത്തിപ്പിക്കാനാവും. മൂന്നു വരിയിൽ ഒരേ സമയം കുഴിയെടുക്കാൻ ഈ യന്ത്രത്തിനു സാധിക്കും. പരമാവധി 22 സെ.മീ. വരെ വ്യാസവും 60 സെ.മീ. ആഴവുമുള്ള കുഴികൾക്ക് ഇതുപയോഗിക്കാം. ടില്ലറിന്റെ മധ്യഭാഗത്തായി ഇതു ഘടിപ്പിക്കുന്നതിനു മുമ്പ്  എലിവേറ്റർ 

അഴിച്ചുവയ്ക്കേണ്ടിവരുമെന്നു മാത്രം. വാഴക്കന്നുകൾ പിഴുതുകളയുന്ന  ഡീ സക്കറിങ് ഡിവൈസും യന്ത്രത്തിന്റെ ഭാഗമായുണ്ട്. ടില്ലറിന്റെ മധ്യഭാഗത്തെ ഫ്രെയിമിൽ മൺവെട്ടിയും ബീമും ഘടിപ്പിച്ചാണ് ഇതുണ്ടാക്കുന്നത്. കുഴിയെടുക്കുന്നതിനും മണ്ണ് നീക്കുന്നതിനും ഈ യന്ത്രഭാഗം പ്രയോജനപ്പെടുത്താം.പരിഷ്കരിച്ച ടില്ലറുപയോഗിച്ച് രണ്ട് ഹെക്ടർ വരെയുള്ള കൃഷിയിടങ്ങളിലെ ജോലി കുടുംബാംഗങ്ങൾക്ക് സ്വയം ചെയ്യാനാകുമെന്ന് മണ്ണുത്തി കാർഷിക ഗവേഷണകേന്ദ്രം േമധാവി ഡോ.എ.ലത പറഞ്ഞു. ഡോ. ലതയ്ക്കൊപ്പം ഡോ.ഷൈല ജോസഫ്, ഡോ. പ്രേമൻ, എൻജിനീയർമാരായ സിഞ്ചുരാജ്, ഉണ്ണിക്കൃഷ്ണൻ, സി.ജെ. ജോൺ എന്നിവർ ചേർന്ന ടീം രണ്ടു വർഷം കൊണ്ടാണ് ഇതിനു രൂപം നൽകിയത്. നാലു ലക്ഷം രൂപ ചെലവ് വന്നു. എന്നാൽ വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിച്ചാൽ ടില്ലറടക്കം മൂന്നു ലക്ഷം രൂപയേ ചെലവ് വരൂ.

DSC_8755

പാടത്തു യന്ത്രം, വരമ്പത്തു ജോലി

പവർടില്ലർ പരിചയമില്ലാത്ത കൃഷിക്കാരുണ്ടാവില്ല. വയൽ ഉഴുതുമറിച്ച് കൃഷിയോഗ്യമാക്കാൻ സഹായിക്കുന്ന ഈ യന്ത്രത്തിനു താരതമ്യേന ചെലവും കുറവാണ്. എന്നാൽ പ്രവർത്തിപ്പിക്കുന്നയാൾ വെയിലും മഴയുമൊക്കെ സഹിച്ച് കൂടെ നടക്കണമെന്നത് ടില്ലറിന്റെ പരിമിതിയായിരുന്നു. ചേറിലൂെട പകൽ മുഴുവൻ ടില്ലറിനൊപ്പം സഞ്ചരിക്കാൻ പുതുതലമുറ മടിക്കാറുണ്ട്.

സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും ഇത്തരം പവർടില്ലറുകൾ പ്രവർ‍ത്തിപ്പിക്കാൻ സാധ്യമല്ലതാനും. ഈ പരിമിതികളെല്ലാം ഇല്ലാതാക്കുകയാണ് മണ്ണുത്തി കാർഷിക ഗവേഷണകേന്ദ്രത്തിന്റെ റിമോട്ട് കൺട്രോൾ പവർടില്ലർ. കൂടെ നടക്കാതെ വരമ്പത്തിരുന്നുകൊണ്ട് വിദൂരനിയന്ത്രണസംവിധാനത്തിലൂെട ടില്ലർ പ്രവർത്തിപ്പിക്കുന്ന രീതിയാണിത്.  ഇതിനായി പന്ത്രണ്ട് കുതിരശക്തിയുള്ള പവർടില്ലറിൽ വായുനിയന്ത്രണസംവിധാനം ഘടിപ്പിച്ചശേഷം  ഒരു ട്രാൻസ്മിറ്ററിൽനിന്നുള്ള റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് അതിനെ നിയന്ത്രിക്കുന്നു. ഇതുവഴി 300 മീറ്റർ അകലെ നിന്നുകൊണ്ടുതന്നെ പവർടില്ലറിന്റെ പ്രവർത്തനം നിയന്ത്രിക്കാനാവും.

വയലിലെ ചേറിലിറങ്ങാതെ വരമ്പത്തിരുന്നുകൊണ്ട് വിവിധ പ്രവർത്തനങ്ങൾക്കുള്ള സിഗ്നൽ നൽകിയാൽ മതിയെന്നു സാരം. ക്രാങ്ക് കറക്കി ടില്ലർ സ്റ്റാർട് ചെയ്യുന്ന പഴഞ്ചൻ രീതിയും ഇതിലില്ല. പുതിയ സംവിധാനത്തിൽ ഇലക്ട്രിക്കൽ സ്റ്റാർട്ടിങ് സിസ്റ്റമാണുള്ളത്. മെയിൻക്ലച്ച് വേർപെടുത്തൽ, മുൻപോട്ടും പിറകോട്ടുമുള്ള ഗിയർമാറ്റം, റോട്ടവേറ്ററിന്റെ ഗിയർ മാറ്റം, ഇരുവശങ്ങളിലേക്കും തിരിയുന്നതിനുള്ള നിയന്ത്രണം തുടങ്ങിയ പ്രവർത്തനങ്ങളാണ് പ്രധാനമായും വയലിലെ പ്രവർത്തനസമയത്ത് ടില്ലറിൽ വേണ്ടിവരാറുള്ളത്. ഇവയെല്ലാംതന്നെ വിദൂരനിയന്ത്രിതമായി ചെയ്യാമെന്ന് കാർഷികഗവേഷണകേന്ദ്രത്തിലെ സാങ്കേതിക വിദഗ്ധർ വിജയകരമായി തെളിയിച്ചുകഴിഞ്ഞു.  ടില്ലർ സ്റ്റാർട് ചെയ്യുക, വേഗം കൂട്ടുക തുടങ്ങിയ പ്രവർത്തനങ്ങളും അകലത്തിരുന്നു ചെയ്യാനുള്ള പരീക്ഷണങ്ങൾ നടന്നുവരുന്നു. ഒരു ലക്ഷം രൂപയുെട യന്ത്രഘടകങ്ങളാണ് വിദൂരനിയന്ത്രണ സംവിധാനത്തിനായി വേണ്ടിവരിക.

ഫാമിലി ഫാമിങ് പവർ ടില്ലറിന്റെ ഗവേഷണ വികസനപ്രവർത്തനങ്ങൾക്ക് നബാർഡും  റിമോട്ട് കൺട്രോൾ പവർ ടില്ലറിനു തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസുമാണ് സാമ്പത്തികസഹായം നൽകിയത്. വൈകാതെന്നെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനത്തിനായി ഈ യന്ത്രത്തിന്റെ സാങ്കേതികവിദ്യ ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിനു കൈമാറണമെന്നാണ് ആഗ്രഹമെന്ന് ഡോ. ലത വ്യക്തമാക്കി. സാങ്കേതികവിദ്യാകൈമാറ്റം കഴിഞ്ഞാൽ നിലവിലുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി ഒരു വർഷത്തിനുള്ളിൽ രണ്ടു യന്ത്രങ്ങളും വിപണിയിലെത്തിക്കാനാകുമെന്ന് അവർ പറഞ്ഞു.

ഫോൺ: 9496287722