Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്ഷ്യവിഭവങ്ങൾ മുതൽ വ്യവസായോൽപന്നങ്ങൾവരെ

food-items2

അരിപ്പൊടി കൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങളെല്ലാംതന്നെ മരച്ചീനിമാവ് ഉപയോഗിച്ചുമുണ്ടാക്കാം

കിഴങ്ങുവിളകളുടെ വിളവെടുപ്പുകാലമാണിപ്പോൾ. ചേന, ചേമ്പ്, കാച്ചിൽ, മധുരക്കിഴങ്ങ്, കൂർക്ക, നനകിഴങ്ങ് എന്നിവയും വർഷത്തിലുടനീളം ലഭ്യമാവുന്ന മരച്ചീനിയും അന്ന‍ജലഭ്യതയ്ക്ക് ആശ്രയിക്കാവുന്ന ചെലവു കുറഞ്ഞ ഭക്ഷ്യവിളകളാണ്. അതേസമയം ‘പാവപ്പെട്ടവന്റെ ഭക്ഷണം’ എന്ന നിലയിൽനിന്ന്  ‘ഫൈവ് സ്റ്റാർ’ തലത്തിലേക്ക് കിഴങ്ങുവിള വിഭവങ്ങൾ മാറിക്കഴിഞ്ഞു.

നേരിട്ടു കഴിക്കാവുന്ന വിഭവങ്ങൾക്കു പുറമേ, ദീർഘകാല സൂക്ഷിപ്പുഗുണമുള്ള ഉൽപന്നങ്ങളും വ്യാവസായികപ്രാധാന്യമുള്ള ഉൽപന്നങ്ങളും ഇവ ഉപയോഗിച്ചു തയാറാക്കാം. മരച്ചീനിയിൽനിന്ന്  ഒട്ടേറെ ഉൽപന്നങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ ഒരുക്കാനാകും. അതിനാൽ വ്യാവസായിക അസംസ്കൃതവസ്തു എന്ന നിലയിൽ മരച്ചീനിക്കു  വൻസാധ്യതയാണുള്ളത്. മരച്ചീനി ഉപയോഗിച്ച് പശ മുതൽ ആൽക്കഹോൾ വരെയുള്ള ഉൽപന്നങ്ങൾ നിർമിക്കാനാവും. കുറഞ്ഞ മുതൽമുടക്കിൽ സംരംഭങ്ങൾ ആരംഭിക്കാമെന്നതും മരച്ചീനിയുടെ മെച്ചമാണ്.

മരച്ചീനിയിൽനിന്നു ലഘുഭക്ഷണം

വിവിധ ആകൃതിയിൽ മരച്ചീനി മുറിച്ചെടുത്ത് എരിവു ചേർത്തും ചേർക്കാതെയും തയാറാക്കുന്ന ചിപ്സുകൾ ലഘുഭക്ഷണ വിപണിയിൽ എന്നും ഇഷ്ടവിഭവമാണ്. ഈർക്കിൽ രൂപത്തിലും കനം

കുറച്ചു ചതുരാകൃതിയിലും വൃത്താകൃതിയിലും ഒരുക്കുന്ന മരച്ചീനിക്കഷണങ്ങൾ ഒരു മണിക്കൂർ  നേരം വിനാഗിരിയിൽ (0.1 ശതമാനം) മുക്കിവച്ചതിനുശേഷം കഴുകി വാട്ടി, ഉണക്കിയെടുത്തു വറുത്തുണ്ടാക്കുന്ന ചിപ്സ് കാഴ്ചയിലും രുചിയിലും മികച്ചതാണ്. ചിപ്സിനു യോജിച്ച ഇനങ്ങൾ തിരഞ്ഞെടുത്തു കൃഷിയിറക്കി 8–9 മാസത്തിൽ വിളവെടുത്ത മരച്ചീനികൊണ്ട് ഉണ്ടാക്കുന്ന ചിപ്സ് രുചിയിലും ഗുണമേന്മയിലും മികച്ചതായിരിക്കും.രുചികരവും പെട്ടെന്നു വേവുന്നതുമായ ഇനം മരിച്ചീനി തിര ഞ്ഞെടുത്ത് ആകർഷകമായി മുറിച്ച് പുഴുങ്ങിയെടുത്തു മുളകുചമ്മന്തിക്കൊപ്പം പായ്ക്ക് ചെയ്ത് റെഡി–റ്റു–ഈറ്റ് വിഭവമായി വിപണിയിലിറക്കിയാൽ നന്നായി വിറ്റഴിയും.

മരച്ചീനിമാവിൽനിന്ന് ഉൽപന്നങ്ങൾ

food-items1

മരച്ചീനിമാവുകൊണ്ട് ഹ്രസ്വകാല സൂക്ഷിപ്പുഗുണമുള്ള ഉൽപന്നങ്ങൾ തയാറാക്കാം. കട്ടില്ലാത്തതും പാചകഗുണമുള്ളതുമായമരച്ചീനി തിരഞ്ഞെടുത്ത് തൊലി നീക്കി നന്നായി കഴുകി കനംകുറച്ച് അരിഞ്ഞ് ഡ്രയറുകളിലോ സൂര്യപ്രകാശത്തിലോ ഉണക്കി പൊടിച്ചെടുക്കുന്ന മരച്ചീനി മാവ് ഗുണമേൻമയേറിയ അസംസ്കൃതവസ്തുവാണ്. അരിപ്പൊടികൊണ്ടു തയാറാക്കാവുന്ന ലഘുഭക്ഷണങ്ങൾ എല്ലാംതന്നെ ഇതുകൊണ്ടും ഉണ്ടാക്കാം. മുറുക്ക്, മധുരസേവ, മിക്സ്ചർ, പക്കാവട, അച്ചപ്പം എന്നിങ്ങനെ വൈവിധ്യമുള്ള ഉൽപന്നങ്ങൾ ഇത് ഉപയോഗിച്ചു കുറഞ്ഞ ചെലവിൽ തയാറാക്കാം.   പുട്ട്, ഉപ്പുമാവ്, ഇടിയപ്പം തുടങ്ങിയ പ്രാതൽവിഭവങ്ങൾ ഉണ്ടാക്കാനും ഇതു നന്ന്.

മരച്ചീനിമാവിൽനിന്നു തയാറാക്കുന്ന സാഗോ അഥവാ ചൗവരി ഇന്ത്യയിൽ ഉടനീളം ആവശ്യക്കാരുള്ള ഉൽപന്നമാണ്. ലളിതമായ സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ ഉൽപന്നം ഒരുക്കി വിപണിയിലെത്തിക്കുന്ന ഇരുനൂറിലേറെ സംരംഭങ്ങൾ നമ്മുടെ അയൽസംസ്ഥാനമായ തമിഴ്നാട്ടിലുണ്ട്.ഉത്തരേന്ത്യയിൽ വളരെ വ്യാപകമായി ഉപയോഗിക്കുന്ന ചൗവരി അവിടെയൊന്നും നിർമിക്കുന്നേയില്ല. അതുകൊണ്ടുതന്നെ ആണ്ടുവട്ടം മരച്ചീനിവിളവെടുക്കുന്ന കേരളത്തിൽ ഇത്തരം സംരംഭങ്ങൾക്കു വലിയ സാധ്യതയുണ്ട്.

ദീർഘകാല സൂക്ഷിപ്പുഗുണം

സെമി–കുക്ക്ഡ് / പ്രികുക്ക്ഡ് ഉൽപന്നങ്ങൾക്കും വളരെ പെട്ടെന്നു വേവിച്ചെടുക്കാവുന്നതുമായ വിഭവങ്ങൾക്കും  കൂടുതൽ പ്രചാരം ലഭിച്ചു വരുന്നു. പാസ്ത, നൂഡിൽസ്, മാക്രോണി തുടങ്ങിയ ഉൽപന്നങ്ങൾക്ക് സാധാരണക്കാരുടെ ഇടയിൽപോലും ഇന്നും വലിയ പ്രചാരമുണ്ട്. മൈദപോലെ പോഷകഗുണം വളരെ കുറഞ്ഞ ധാന്യമാവുകൾകൊണ്ടാണ് ഇപ്പോൾ ഇത്തരം ഉൽപന്നങ്ങൾ ഉണ്ടാക്കുന്നത്. അതിനു പകരം മരച്ചീനിമാവുകൊണ്ട് ഇവയെല്ലാംതന്നെ തയാറാക്കാം. മരച്ചീനിമാവിൽ പോഷകപ്രദമായ ചേരുവകൾ കൂടി ചേർത്ത് ഇവയുടെ ഗുണമേന്മ കൂട്ടുകയും ചെയ്യാം. കുർകുറെയും ചീറ്റോസുംപോലുള്ള ഉൽപന്നങ്ങളും മരച്ചീനി മാവ് ഉപയോഗിച്ച് ഉണ്ടാക്കാനാവും.

ഭക്ഷ്യേതര ഉൽപന്നങ്ങൾ

ഭക്ഷ്യേതര ഉൽപന്നങ്ങൾ നിർമിക്കുന്നതിനു പറ്റിയതാണ് മരച്ചീനിയിലെ അന്നജം. മോഡിഫൈഡ് സ്റ്റാർച്ച് (തുണി, പേപ്പർ) നിർമാണത്തിനുള്ള അവശ്യവസ്തു നിർമിക്കുന്നതിനു പശിമയും മൃദുത്വവും ഒത്തിണങ്ങിയ, താരതമ്യേന വിലക്കുറവുള്ള മരച്ചീനി മികച്ച അസംസ്കൃത വസ്തുവാണ്. പശ നിർമാണത്തിനുള്ള ഡെക്സ്ട്രിൻ, ഗ്ലൂക്കോസ് ലായനി, ഫ്രക്ടോസ് സിറപ്പ് എന്നിവയുടെ നിർമാണത്തിനും മരച്ചീനി സ്റ്റാർച്ച് ആവശ്യമുണ്ട്.

മധുരക്കിഴങ്ങ്

ചിപ്സ്, മാവ്, ജാം, സ്ക്വാഷ്, കട്‌ലറ്റ്, ഹൽവ, ഗുലാബ് ജാമുൻ തുടങ്ങിയവ തയാറാക്കാൻ അനുയോജ്യമാണ്. മധുരക്കിഴങ്ങ്. വൃത്തിയായി അരിഞ്ഞെടുത്ത കൂർക്ക, ചേമ്പ്, കാച്ചിൽ, ചേന എന്നിവ റെഡി–റ്റു–കുക്ക് ആയി വിപണിയിലിറക്കാം. ചേന, കാച്ചിൽ, ചേമ്പ്, ചെറുകിഴങ്ങ് എന്നിവ പുഴുങ്ങി ക്ലിങ് ഫിലിമിൽ പൊതിഞ്ഞ് റെഡി–റ്റു–ഈറ്റ് വിഭവമായും വിപണിയിലിറക്കാനാവും.

മരച്ചീനി ഉൽ‍‍പന്ന നിർമാണത്തിനുള്ള സാങ്കേതികവിദ്യയും മറ്റു സഹായങ്ങളും തിരുവനന്തപുരം, ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണസ്ഥാപനത്തിൽ ലഭ്യമാണ്.

ഫോണ്‍: 0471 2598551