Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചങ്ക് ആണ് ചക്ക

തൊടുപുഴ∙ ‘ചക്ക’യ്ക്കൊത്തൊരു ‘ചങ്കര’നാണു തടിയമ്പാട്ടെ ഇൗ കർഷകക്കൂട്ടായ്മ. ചക്കയ്ക്കുവേണ്ടി ചങ്കു പറിച്ചു നൽകാനും തയാറാണു മലയോരമണ്ണിലെ ഇൗ യുവ സംരംഭകർ. തന്നെ സ്നേഹിക്കുന്ന സംരംഭകരോടു ‘ചകിണി’ പോലും ബാക്കിവയ്ക്കാതെ ചക്കയും നിറഞ്ഞ സ്നേഹവും തിരിച്ചുനൽകുകയാണ്– തീൻമേശ നിറയ്ക്കുന്ന കൊതിപ്പിക്കുന്ന വിഭവങ്ങളിലൂടെ.

ചക്കയ്ക്കൊരു കർഷക കമ്പനി

ചക്കയുടെ വിപണന സാധ്യതകൾ തിരിച്ചറിഞ്ഞാണ് ഒരുകൂട്ടം യുവ സംരംഭകർ ചെറുതോണി തടിയമ്പാട് മന്നൻ ഓർഗാനിക് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിക്കു 2016 മാർച്ച് 21 നു രൂപം നൽകിയത്. കേരള ജൈവകർഷക സമിതി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2012 മുതൽ തടിയമ്പാട് ചക്ക സംസ്കരണ യൂണിറ്റ് നടത്തിവന്നിരുന്നു. നല്ല ഭക്ഷണം നൽകുക, ചക്ക കർഷകർക്കു നല്ല വില നൽകുക എന്നിവയായിരുന്നു ജൈവ കർഷക സമിതിയുടെ ഉദ്ദേശ്യം. ഇതിൽനിന്ന് ആവേശം ഉൾക്കൊണ്ട ഒരുസംഘമാളുകളാണു മന്നം ഓർഗാനിക് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിക്കു രൂപം നൽകാൻ മുന്നിട്ടിറങ്ങിയത്.

രാജ്യത്തെ കർഷകരുടെ സഹായാർഥം കേന്ദ്ര സർക്കാർ രൂപീകരിച്ച പദ്ധതികളും സംഘത്തിനു പ്രേരകമായി. കർഷകരുടെ വ്യാവസായിക പുരോഗതി മുൻനിർത്തി കേന്ദ്ര സർക്കാർ, നബാർഡിന്റെ സഹായത്തോടെ രൂപം നൽകിയ പദ്ധതിപ്രകാരമാണു തടിയമ്പാട്ടെ കൂട്ടായ്മ കർഷക കമ്പനി രൂപീകരിച്ചത്. നബാർഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെ സഹായത്തോടെ, 10 ഡയറക്ടർമാരാണു കമ്പനിയിലുള്ളത്. ജോസ് തോമസാണ് എംഡി. 25 അംഗങ്ങളും കമ്പനിയിലുണ്ട്. ഇതിൽ മൂന്നുപേർ പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽനിന്നുള്ളവർ.

LP-JACK-FRUIT-DC

സീസണിൽ കിലോയ്ക്ക് 10 രൂപ വരെ വില

ചക്കയും മറ്റു കാർഷികോൽപന്നങ്ങളും മൂല്യവർധിത ഉൽപന്നങ്ങളാക്കുക, ചക്ക കർഷകരുടെ വരുമാനം വർധിപ്പിക്കുക, രാസവസ്തുക്കൾ ചേർക്കാത്ത ഉൽപന്നങ്ങൾ വിപണിയിൽ ലഭ്യമാക്കുക, ജൈവ ഭക്ഷണം മാത്രം നൽകുക എന്നിവയാണു കമ്പനിയുടെ ലക്ഷ്യങ്ങൾ.

ചക്കയ്ക്കു പുറമേ ഏലം, കുരുമുളക്, മറ്റു സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവ കർഷകരിൽനിന്നു ശേഖരിച്ചു മൂല്യവർധിത ഉൽപന്നങ്ങളാക്കി, പായ്ക്കു ചെയ്തു വിപണിയിൽ എത്തിക്കുകയെന്നതാണു കമ്പനിയുടെ മുഖ്യ ലക്ഷ്യം.

രൂപീകരിച്ച് ഒന്നര വർഷം പിന്നിടുമ്പോൾ കമ്പനി പുരോഗതിയുടെ പാതയിലാണെന്നും നല്ല വരുമാനമാണു ലഭിക്കുന്നതെന്നും കമ്പനി എംഡി: ജോസ് തോമസ് പറ‍ഞ്ഞു. കിലോയ്ക്കു മൂന്നു രൂപ നിരക്കിലാണു കർഷകരിൽനിന്നു ചക്ക സംഭരിക്കുന്നത്. സീസണിൽ കിലോയ്ക്ക് 10 രൂപ വരെ നൽകും.

ഒന്നും കളയാനില്ല

ചക്ക കയ്യിൽ കിട്ടിയാൽ എങ്ങനെ വിനിയോഗിക്കണമെന്നും വിപണനം ചെയ്യണമെന്നും മന്നൻ ഓർഗാനിക് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി അംഗങ്ങൾക്കറിയാം. കമ്പനി പുറത്തിറക്കിയ ചക്ക ഉൽപന്നങ്ങൾ ചില്ലറയല്ല. ചക്ക ചോക്ലേറ്റ്, ടോഫി, ബർഫി, ഉണക്കച്ചക്ക, ചക്കപ്പൊടി, ചക്കപ്പഴം ഉണക്കിയത്, ചക്കത്തെര, ചക്ക പപ്പടം, ചക്കമടൽ അച്ചാറ്, ഇടിച്ചക്ക അച്ചാറ്, ഇടിച്ചക്ക കട്ട്ലറ്റ്, ഇടിച്ചക്ക ലഡ്ഡു, ചക്ക കുമ്പിളപ്പം, ചക്ക ജെല്ലി, ചക്ക വറ്റൽ, ചക്ക സിപ് അപ്, ചക്ക ഐസ്ക്രീം, ചക്കക്കുരു പൊടി, ചക്ക ചകിണി മിക്സ്ചർ, ചക്കക്കുരുകൊണ്ടുള്ള അവലോസു പൊടി എന്നിവയാണു കമ്പനി തയാറാക്കുന്നത്.

ചക്കയുടെ മുള്ളുകൾ ഉണക്കി ദാഹശമിനിയായി ഉപയോഗിക്കാമെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. ചക്ക ഉൽപന്നങ്ങൾ തയാറാക്കാൻ 12 ലക്ഷം രൂപ ചെലവിട്ടാണു കമ്പനി യന്ത്രസാമഗ്രികൾ വാങ്ങിയത്. ഡ്രയർ, റോസ്റ്റർ, ഫ്രൂട്ട് മിൽ, പായ്ക്കിങ് യന്ത്രങ്ങൾ എന്നിവയാണു തടിയമ്പാട്ടെ ഫാക്ടറിയിൽ സ്ഥാപിച്ചിരിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഉൽപന്നങ്ങൾ വിറ്റഴിക്കുന്നുണ്ട്. ചക്ക ഉൽപന്നങ്ങൾ കൂടുതലായി സംഭരിക്കുന്നതിനായി ആധുനിക സൗകര്യം ഏർപ്പെടുത്താനും ഉൽപന്നങ്ങൾ വിദേശ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യാനുമുള്ള തീരുമാനത്തിലാണ് അധികൃതർ.

ഇടുക്കിയിൽ നിന്ന് 10 ലക്ഷം ടൺ ചക്ക 

ചക്കയുടെ വിശേഷങ്ങൾ

പശ്ചിമഘട്ട മലനിരകളിൽ സമൃദ്ധമായ ചക്ക ഏതു കാലാവസ്ഥയിലും വളരും. മരവിളയായ ചക്ക പരിസ്ഥിതി സംരക്ഷകൻ കൂടിയാണ്. ചെലവില്ലാതെ ആർക്കും കൃഷിചെയ്യാവുന്ന ചക്ക നല്ലൊരു വരുമാനമാർഗവുമാണ്. കേരളത്തിൽ പ്രതിവർഷം 36 ലക്ഷം ടൺ ചക്ക ഉൽപാദിപ്പിക്കുന്നുവെന്നാണു കണക്ക്. ഇതിൽ 10 ലക്ഷവും ഇടുക്കിയിൽനിന്നുള്ള സംഭാവനയാണ്. ഏപ്രിൽ മുതൽ ജൂലൈ വരെയാണു ചക്കയുടെ കാലം. ഇടുക്കി ജില്ലയിൽ ചക്കയുടെ വിപണന സാധ്യതകൾ കർഷകരിൽ പലരും പ്രയോജനപ്പെടുത്തിയാൽ കൂടുതൽ വരുമാനമുണ്ടാക്കാമെന്നു കാർഷികരംഗത്തെ വിദഗ്ധർ പറയുന്നു.