Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രകൃതിയുടെ കാവൽക്കാരൻ

ഒരു വൃക്ഷത്തൈ നടാൻ പരിസ്ഥിതി ദിനം വരെ കാത്തിരിക്കുന്നവരുടെ നാട്ടിൽ പ്രകൃതി സംരക്ഷണത്തിനായി ജീവിതം തന്നെ ഉഴിഞ്ഞുവച്ചിരിക്കുന്ന ഒരു യുവാവ്. കരുനാഗപ്പള്ളി പടനായർകുളങ്ങര തെക്ക് തെക്കേയറ്റത്തു വീട്ടിൽ സുമൻജിത് മിഷ (32) വനമിത്രമായത് അങ്ങനെയാണ്. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ എന്ന രാഷ്ട്രീയത്തിന് അതീതമായ സംഘടനയാണ് ഇദ്ദേഹത്തിന്റെ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾക്കു കരുത്തു പകരുന്നത്. ഇപ്പോൾ അതിന്റെ സംസ്ഥാന ചെയർമാനാണു സുമൻജിത്.

‘നമുക്കു വേണ്ടി, മണ്ണിനു വേണ്ടി’ എന്ന ക്യാംപെയ്ൻ ഏറ്റെടുത്തിരിക്കുകയാണു സംഘടന. സുമൻജിത്തിന്റെ നേതൃത്വത്തിൽ അവർ പള്ളിക്കലാറിന്റെ തീരത്തു നാലു വർഷമായി കണ്ടൽച്ചെടികൾ വച്ചുപിടിപ്പിച്ചു സംരക്ഷിക്കുകയും പരിപാലിക്കുകയുമാണ്. ഈ പ്രവർത്തനമാണു പ്രധാനമായും വനമിത്രയിലേക്ക് എത്തിച്ചത്. ആയിരംതെങ്ങിലെ സ്വാഭാവിക കണ്ടൽവനം സംരക്ഷിക്കാനും അവിടേക്കു വിദ്യാർഥികൾക്കായി കണ്ടൽ പഠനയാത്ര സംഘടിപ്പിക്കാനും സുമൻജിത് നേതൃത്വം കൊടുക്കുന്നുണ്ട്. 

അതോടൊപ്പം കർണാടക അതിർത്തിയോടു ചേർന്നു കിടക്കുന്ന റാണിപുരം, അഗസ്ത്യമല സന്ദർശനങ്ങൾ, അരിപ്പയിൽ നിന്നു പൊന്മുടിയിലേക്കുള്ള പ്രകൃതിയെ അറിഞ്ഞുള്ള യാത്ര തുടങ്ങിയവയും സംഘടിപ്പിക്കുന്നു. വെറുതെ യാത്രപോവുകയല്ല പ്രകൃതിയുടെ സവിശേഷതകൾ അറിയാനും ഇതിനിടെ അവിടങ്ങളിൽ കണ്ടെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാനും സംഘം ശ്രദ്ധിക്കുന്നുണ്ട്. 

പിറന്നാൾ ആഘോഷിക്കുന്നവർക്കു വൃക്ഷത്തൈ സമ്മാനിക്കുകയും അവരെ കൊണ്ടു വീട്ടുപരിസരത്തോ പൊതുസ്ഥലത്തോ അതു വച്ചു പിടിപ്പിക്കുകയും ചെയ്യുന്ന ‘പിറന്നാൾ മരം’ എന്ന പദ്ധതി ഇവർക്കുണ്ട്. കൂടാതെ പ്രശസ്തരുടെ ഓർമദിനങ്ങളിൽ അവർക്കായി വൃക്ഷത്തൈ വച്ചു പിടിപ്പിക്കുന്ന ‘ഓർമ മരം’ എന്ന പരിപാടിയും ഇവർ സംഘടിപ്പിക്കുന്നു.

ദിനാചരണമോ മറ്റെന്തെങ്കിലുമോ ആണെന്ന പേരിൽ വൃക്ഷത്തൈയോ കണ്ടൽച്ചെടിയോ നടുന്നു എന്നതല്ല അവയെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു എന്നതാണു സംഘടനയുടെ പ്രകൃതിസ്നേഹത്തിന്റെ കാതലെന്നു സുമൻജിത് പറയുന്നു. കേരള ഗാന്ധി സ്മാരക നിധി (ഖാദി) പത്തനംതിട്ട സിഇഒയാണ്. കെഎസ്ആർടിസിയിൽ നിന്നു കണ്ടക്ടറായി വിരമിച്ച തുളസീധരനും വീട്ടമ്മയായ ഉഷയുമാണു സുമൻജിത് മിഷയുടെ മാതാപിതാക്കൾ. ഭാര്യ സവിത ശ്രീചിത്രയിൽ സ്റ്റാഫ് നഴ്സാണ്. മകൻ: ധ്യാൻജിത് മിഷ.