Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമേരിക്കയിലെ ഉദ്യോഗം വിട്ട് ഇടിച്ചക്കയിറച്ചിയുമായി സംരംഭകൻ

DSCN4423

കൊച്ചിയിലെ സെസി(Cochin Special Economic Zone)ൽ പ്രവർത്തിക്കുന്ന നിക്കാസു എന്ന വ്യവസായ സംരംഭത്തിന്റെ സ്ഥാപകനും സെസിന്റെ ഇപ്പോഴത്തെ പ്രസിഡന്റുമായ കെ.കെ. പിള്ളയെ കാണാൻ ഈയിടെ ബ്രിട്ടനിൽനിന്നു രണ്ടു ചെറുപ്പക്കാരെത്തി. അമേരിക്ക, കാനഡ, യൂറോപ്പ്, ഒാസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലേക്കെല്ലാം ചക്ക കയറ്റുമതി ചെയ്യുന്ന കെ.കെ. പിള്ളയെ അവർ സന്ദർശിച്ചതും ചക്കക്കാര്യത്തിനുതന്നെ. യുകെയിലും യുഎസിലുമെല്ലാം പ്രചാരം നേടുന്ന, സസ്യാഹാരിസംഘമായ വേഗൻസിനു വേണ്ടി പിള്ളയുമായി ചേർന്ന് ഇടിച്ചക്കയിറച്ചി തയാറാക്കുകയായിരുന്നു  ലക്ഷ്യം.

പിള്ളയുടെ വാക്കുകൾ തന്നെ കേൾക്കാം, ‘‘ചക്കയെക്കുറിച്ച് ഈ ബ്രിട്ടിഷ് യുവാക്കൾ ആഴത്തിൽ പഠിച്ചു എന്നതുതന്നെ കൗതുകകരം. ഒട്ടേറെ പഠനങ്ങളും അന്വേഷണങ്ങളും നടക്കുന്ന രംഗമാണിന്നു ഭക്ഷ്യ സംസ്കരണം. വിപണിയെയുംഉപഭോക്താക്കളെയും അതിസൂക്ഷ്മമായി മനസ്സിലാക്കിയ ശേഷമാണ് രാജ്യാന്തര ഭക്ഷ്യസംരംഭകർ ഒാരോ ഉൽപന്നവും വിപണിയിലിറക്കുന്നത്.

ഇറച്ചിയും മുട്ടയും പാലുമെല്ലാം ഒഴിവാക്കുന്നതു മൂലം ആവശ്യമായ പല പോഷകങ്ങളും ലഭിക്കാതെ പോകുന്നു എന്ന പോരായ്മ വേഗൻസിന്റെ ഭക്ഷണക്രമത്തിനുണ്ട്. ഈ കുറവു പരിഹരിക്കാന്‍ പറ്റുന്ന വിഭവങ്ങൾ അവർക്കു വേണം. അവിടെയാണ് ഇടിച്ചക്ക ഉപയോഗിച്ച് കൃത്രിമ ഇറച്ചി തയാറാക്കുന്നതിന്റെ പ്രസക്തി.  അതായത്, നമുക്കു ചക്ക പല വിഭവങ്ങളിൽ ഒന്നു മാത്രമെങ്കിൽ വേഗൻസിനത് ആരോഗ്യസംരക്ഷണത്തിനുള്ള അവശ്യ ഘടകമായി മാറും. മോക്ക് മീറ്റ് മാത്രമല്ല, ബാർബിക്യു, സാൻഡ്‌വിച്ച് തുടങ്ങി ഒട്ടേറെ വിഭവങ്ങളുടെ പാചകക്കൂട്ടിൽ ഇടിച്ചക്ക ചേർക്കാനുള്ള സംസ്കരണവിദ്യകളും ഈ ചെറുപ്പക്കാരുടെ കൈവശമുണ്ടായിരുന്നു. ഇവയുപയോഗിച്ചു റിട്ടോർട് പായ്ക്കിങ്ങിൽ ഞങ്ങള്‍ തയാറാക്കിയ ഈ വിഭവങ്ങളുടെയെല്ലാം ആദ്യബാച്ച് കയറ്റുതിക്കു തയാറായി കഴിഞ്ഞു’’.

DSCN4432

അക്കരെ അക്കരെ...

കയറ്റുമതി ലക്ഷ്യമിടുന്ന വ്യവസായ സംരംഭകർക്ക് ഏകജാലക സംവിധാനം ഒരുക്കിക്കൊണ്ട് മുപ്പതു വർഷം മുമ്പ് സർക്കാർ സ്ഥാപിച്ചതാണ് കൊച്ചിയിലെ പ്രത്യേക സാമ്പത്തികമേഖല. സെസിന്റെ തുടക്കത്തിൽതന്നെ എത്തിയ സംരംഭകനാണ് കെ.കെ.പിള്ള. യുഎസ് സിറ്റി ബാങ്കിൽ ഒാഫിസറായിരുന്ന പിള്ള അമേരിക്കയിലെ ഉദ്യോഗം വിട്ട് നാട്ടിൽ സ്വന്തം സംരംഭം തുടങ്ങുകയായിരുന്നു. 

യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുജറാത്തി സംരംഭകരുമായി ചേർന്നാണ് പിള്ളയുടെ നികാസു ഗ്രൂപ്പ് ഭക്ഷ്യോൽപന്നങ്ങളുടെ കയറ്റുമതി തുടങ്ങുന്നത്. യൂറോപ്പിലെയും അമേരിക്കയിലെയും വടക്കേ ഇന്ത്യൻ സമൂഹത്തെ ലക്ഷ്യമിട്ട് സമൂസ, സ്പ്രിങ് റോൾ, കച്ചോരി തുടങ്ങിയവയാണു വിഭവങ്ങള്‍. കയറ്റുമതി പിന്നീട് നേരിട്ടായി. സമൂസയാണ് പിള്ളയുടെ കീർത്തി രാജ്യാന്തരതലത്തിൽ എത്തിച്ചത്. ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശയാത്രിക സുനിത വില്യംസ് ബഹിരാകാശയാത്രയിൽ കഴിക്കാൻ കയ്യിലെടുത്തത് പിള്ളയുടെ സ്വന്തം സമൂസ. സമൂസ പക്ഷേ, ഇന്നു വടക്കേ ഇന്ത്യക്കാർ മാത്രമല്ല വെള്ളക്കാരും ആസ്വദിക്കുന്നു എന്നു പിള്ള. 

ഈ രാജ്യങ്ങളിലെയെല്ലാം മലയാളി സമൂഹത്തെക്കുറിച്ചു പഠിച്ചപ്പോൾ പ്രസ്തുത വിപണിയും ചെറുതല്ലെന്നു ബോധ്യപ്പെട്ടു. അങ്ങനെയാണ് പത്തു വർഷം മുമ്പ് പഴം– പച്ച ചക്കച്ചുള, ചക്കക്കുരു, ഇടിച്ചക്ക, കപ്പ തുടങ്ങിയവയുടെ കയറ്റുമതി തുടങ്ങുന്നത്. ഇന്ന് മുരിങ്ങയില ഉൾപ്പെടെ ഒട്ടേറെ ഇനം പച്ചക്കറികളും തേങ്ങയും കിഴങ്ങുവിളകളുമെല്ലാം നികാസു ഗ്രൂപ്പ് മേൽപറഞ്ഞ രാജ്യങ്ങളിലെ മലയാളിസമൂഹത്തിനു വേണ്ടി എത്തിക്കുന്നു. ചക്ക സമൂസ,  ചക്ക സ്പ്രിങ് റോൾ, ചക്കക്കുരുവിൽനിന്നുള്ള ചപ്പാത്തിപ്പൊടി, ഉപ്പുമാവ് എന്നിവ കയറ്റുമതിക്ക് ഒരുങ്ങുന്നു. ചക്ക സമൂസയും ചക്ക സ്പ്രിങ് റോളും മലയാളിയെയോ വടക്കേയിന്ത്യക്കാരനെയോ മാത്രം ഉന്നം വച്ചല്ല, സായിപ്പിനെത്തന്നെ ലക്ഷ്യമിട്ടെന്നു പിള്ള. ചക്കയാണെന്ന് ഒരുത്തരും പറയാത്ത ഫ്ലേവറിലും കൊതിപ്പിക്കുന്ന സ്വാദിലും നിലവാരത്തിലുമാണ് ഉൽപന്നങ്ങൾ തയാറാക്കിയിരിക്കുന്നത്. 

ചക്കയ്ക്ക് ആദ്യം വിദേശങ്ങളിൽനിന്നു ലഭിച്ച ഒാർഡറുകൾ പഴയ നാട്ടുവിഭവത്തോടുള്ള താൽപര്യം കൊണ്ടായിരുന്നെങ്കിൽ ഇന്ന് അതിന്റെ പോഷകമേന്മ  തിരിച്ചറിഞ്ഞാണെന്ന് കെ.കെ.പിള്ള പറയുന്നു. അതുകൊണ്ടുതന്നെ ഡിമാൻഡ് കൂടി. വർഷം മുഴുവൻ ചക്ക ലഭിക്കുന്നു എന്ന മെച്ചവും ഇന്നുണ്ട്. ‘‘കേരളത്തിലിപ്പോൾ ചക്ക ആയിട്ടില്ല. എന്നാൽ കർണാടകയിൽ നിന്ന് ഇടിച്ചക്ക വന്നു തുടങ്ങി. കേരളം, കർണാടക, തമിഴ്നാട്  സംസ്ഥാനങ്ങളിൽനിന്നായി ഇന്നു വർഷം മുഴുവൻ ചക്ക സംഭരിക്കാൻ സാധിക്കുന്നു. ഇടുക്കി ജില്ലയിൽനിന്നുതന്നെ ഏതാണ്ട് എട്ടു മാസവും ഇപ്പോൾ ചക്ക വരുന്നുണ്ട്’’, പിള്ളയുടെ വാക്കുകൾ. കൃത്യമായി ചക്കയും തേങ്ങയും  ലഭ്യമാക്കാൻ കഴിയുന്നവരുമായി  കൈകോർക്കാനും ഭക്ഷ്യ സംസ്കരണത്തില്‍  പരിശീലനം നൽകാനും ഈ സംരംഭകൻ തയാർ.

ഫോൺ: 9846043333

DSCN4436

‘വേഗൻ’മാർക്കു വേണം ചക്ക

യൂറോപ്പിലും അമേരിക്കയിലുമെല്ലാം അതിവേഗം വളരുന്ന ഭക്ഷ്യസംസ്കാരമാണ് വേഗനിസം (vegenism). സസ്യാഹാരികളിൽതന്നെ തീവ്ര നിലപാടുകാരാണ് വേഗൻസ്. ഇറച്ചിയും മുട്ടയും മാത്രമല്ല, പാലുൽപന്നങ്ങളും ജന്തുജന്യമായ എണ്ണയിലോ കൊഴുപ്പിലോ തയാറാക്കുന്ന ഭക്ഷ്യോൽപന്നങ്ങൾപോലും  ഇക്കൂട്ടർ വർജിക്കുന്നു. ഇവരിൽത്തന്നെ കൂടുതൽ കർക്കശക്കാരുണ്ട്. തുകൽ ഉപയോഗിച്ചു തയാറാക്കുന്ന ബാഗ്, പെഴ്സ്, ലെതർ ഷൂ, എന്തിന്, ചെമ്മരിയാടിന്റെ രോമം കൊണ്ടുള്ള കമ്പിളിപ്പുതപ്പുപോലും സ്വീകാര്യമല്ലാത്തവർ. 

മുമ്പ് ന്യൂനപക്ഷമായിരുന്നെങ്കിൽ ഏഴെട്ടു കൊല്ലങ്ങൾക്കിടെ അമേരിക്കയിലും യൂറോപ്പിലുമെല്ലാം വേഗനിസത്തിന് സ്വാധീനം വർധിച്ചു. ഇന്ന് ഇവിടങ്ങളിൽ വേഗൻസിന് സ്വീകാര്യമായ ഭക്ഷണം വിളമ്പുന്ന റസ്റ്ററന്റുകളുണ്ട്. പല സൂപ്പർ മാർക്കറ്റുകളിലും വേഗൻ ഉൽപന്നങ്ങളുടെ പ്രത്യേക വിഭാഗം തന്നെയുണ്ട്. വേഗനിസ്റ്റുകൾക്കായി തയാറാക്കുന്ന മോക്ക് മീറ്റുകളുടെ  ശ്രേണിയിലേക്കാണ് ഇടിച്ചക്ക ഇടിച്ചുകയറുന്നത്. നിറവും മണവും രുചിയുമെല്ലാം ഇറച്ചിയുടേതെങ്കിലും മോക്ക് മീറ്റ് തനി വെജിറ്റേറിയൻ വിഭവമാണ്. ഇറച്ചിയുടെ രൂപത്തിലേക്കും ഗുണങ്ങളി ലേക്കും പരിവർത്തനം ചെയ്യാൻ ഏറ്റവും എളുപ്പമുള്ള ഒന്നാണ് ഇടിച്ചക്കയെന്നു കെ.കെ. പിള്ള ചൂണ്ടിക്കാട്ടുന്നു.