Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വന്നല്ലോ ലിച്ചി വയനാട്ടിലും

IMG-20171215-WA0013–crop

ബിഹാറിലെ മുസാഫർപൂരാണ് ലിച്ചിക്കൃഷിക്കു പ്രശസ്തം. വയനാട് മറ്റൊരു മുസാഫർപൂരാകുമോ? സംഭവിച്ചു കൂടായ്കയില്ല. അമ്പലവയൽ കാർഷിക ഗവേഷണകേന്ദ്രത്തിൽ ബ്രിട്ടിഷുകാരുടെ കാലത്തു നട്ട ഏതാനും ലിച്ചിമരങ്ങൾ കാലങ്ങളായി മധുരം പകരുന്നുണ്ടെങ്കിലും ലിച്ചിയുടെ വാണിജ്യക്കൃഷിയിലും ലാഭത്തിലും ഈയിടെ വരെയും വയനാടിന്റെ മനസ്സുടക്കിയിരുന്നില്ല.  

ചുരത്തിനു താഴെ അടിവാരത്ത് കൊക്കോയ്ക്കും തെങ്ങിനും ഇടവിളയായി മാങ്കോസ്റ്റിൻ കൃഷിചെയ്തിരുന്ന കോഴിക്കോട് കൊയപ്പത്തൊടിയിൽ പി.കെ. അഹമ്മദുകുട്ടി, ഏതാനും വർഷം മുമ്പ് വയനാട്ടിലേക്ക് കൃഷി വ്യാപിപ്പിച്ചപ്പോഴും മനസ്സിൽ ലിച്ചിയായിരുന്നില്ല, മാങ്കോസ്റ്റിനായിരുന്നു. ഹോർട്ടികൾച്ചർ രംഗത്തെ പ്രമുഖരായ ഡോ. വൈ.ആർ.ശർമ, ഡോ.സിസിർ കുമാർ മിത്ര തുടങ്ങിയവരുമായുള്ള സൗഹൃദമാണ് തന്നെ ലിച്ചിയിലെത്തിച്ചതെന്ന് അഹമ്മദുകുട്ടി. ‘വയനാടും ഇടുക്കിയിലെ ചില മേഖലകളും ലിച്ചിക്ക് അനുകൂലമാണ്, ധൈര്യമായി കൃഷി ചെയ്യൂ’, ഇരുവരും ഇടയ്ക്കിടെ ഒാർമിപ്പിച്ചു. ലിച്ചിക്കൃഷിയിെല മുൻഗാമികളായ ജോസഫ് കുരുവിള, ജേക്കബ് ചാലിശ്ശേരി എന്നീ സുഹൃത്തുക്കളും പ്രേരണയായി. വയനാട്ടില്‍ വന്ന് ഡോ.സിസിർ കുമാർ മിത്ര ആവശ്യമായ നിർദേശങ്ങള്‍ നൽകി. ലിച്ചിത്തൈകൾ മുസാഫർപൂരിലെ ലിച്ചി ഗവേഷണകേന്ദ്രവുമായി ബന്ധപ്പെട്ടു സംഭരിച്ചു.  പൊഴുതനയിലും മേപ്പാടിയിലുമായി നാലേക്കറിൽ മൂന്നു വർഷം പിന്നിട്ട നാനൂറ് ലിച്ചിമരങ്ങൾ ഇന്നു റോസ് നിറമുള്ള പഴങ്ങളുമായി നിൽക്കുന്നു. അടുത്ത സീസണോടെ ബ്രാൻഡഡ് ലിച്ചിയുമായി തങ്ങൾ വിപണിയിലുണ്ടാകുമെന്ന് അഹമ്മദുകുട്ടി.മരത്തെ വളരാൻ വിട്ടാൽ ക്വിന്റൽ കണക്കിനു പഴങ്ങൾ ലഭിക്കുമെന്നതു ശരി. എന്നാൽ അതിസാന്ദ്രതാ രീതിയിൽ കൃഷിചെയ്യുമ്പോൾ കമ്പുകോതി നിർത്തണം. 

FSCN4570

നിശ്ചിത സ്ഥലത്തു  കൂടുതൽ മരങ്ങൾ വളർത്താം, ഒപ്പം വിളവെടുപ്പും അനായാസമാവും. തൊഴിലാളികളെ ലഭിക്കാൻ പ്രയാസമുള്ള സാഹചര്യത്തിൽ ഇത്തരം മാറ്റങ്ങൾ അനിവാര്യം. ലക്ഷണമൊത്ത 40 കിലോ പഴം ഒരു മരത്തിൽനിന്നു ലഭിച്ചാൽതന്നെ കൃഷി ലാഭകരം. സീസണിൽ ലിച്ചി കിലോയ്ക്ക്  200–250 രൂപ ഇന്ത്യൻ വിപണിയിൽ വിലയുണ്ട്. ലിച്ചി കേരളത്തിൽ എവിടെയും വളരും. എന്നാൽ പൂവിടണമെങ്കിൽ 12–14 ഡിഗ്രി തണുത്ത കാലാവസ്ഥ രണ്ടു മാസം തുടർച്ചയായി ലഭിക്കണമെന്ന് അഹമ്മദുകുട്ടി. ബിഹാറിലെ മുസാഫർപൂരും  ബംഗാളിലെ മാൽഡ മേഖലയുമെല്ലാം ലിച്ചിക്ക് അനുകൂലമാകുന്നത് ഇതുകൊണ്ടുതന്നെ. 

ഡിസംബറിലെ തണുപ്പേറ്റ് മാർച്ചിൽ പൂവിട്ട് മേയ് മാസത്തിലാണ് മുസാഫർപൂർ ലിച്ചി ഇന്ത്യൻ വിപണിയിലെത്തുന്നത്. മാൽഡയിലേത് ഒരു മാസം കൂടി വൈകും. എന്നാൽ  ഇക്കാര്യത്തിൽ വയനാട് മറ്റൊരു ഭാഗ്യം കൂടി കൊണ്ടുവരുന്നുവെന്ന് അഹമ്മദുകുട്ടി. ജൂൺ–ജൂലൈയിലെ മൺസൂൺസൃഷ്ടിക്കുന്ന തണുപ്പുമൂലം നമ്മുടെ ലിച്ചി ഒാഗസ്റ്റിൽ പൂവിടും. പഴം ഡിസംബറിൽ വിപണിയിലെത്തിക്കാം. അതായത്, വിപണിയിൽ മൽസരിക്കാൻ മറ്റാരുമില്ലാത്ത സമയത്ത്  ഇന്ത്യൻ വിപണി  ഈ ‘ഒാഫ് സീസൺ ലിച്ചി’യുടെ കയ്യിലൊതുങ്ങും. 

FSCN4580

പച്ചപ്പാവം ലിച്ചി

ചൈനക്കാരുടെ പ്രിയപ്പെട്ട പഴമായ ലിച്ചി ഇന്ത്യയിലെത്തിയതും ചൈനയിൽനിന്നുതന്നെ. അതിമധുരവും ആകർഷകമായ നിറവും പോഷകമേന്മയുംകൊണ്ട് ആരെയും വശീകരിക്കുന്ന പഴം. എന്നാൽ ഇടക്കാലത്ത്, മുസാഫർപൂരിലെയും മാൽഡയിലെയുമെല്ലാം കുട്ടികളുടെ ഘാതകൻ എന്ന പഴി കേട്ടു ലിച്ചി. ഈ മേഖലകളിലുള്ള കുട്ടികളെ ബാധിക്കുന്ന അജ്ഞാത പനിയുടെയും തുടർന്നുള്ള മരണത്തിന്റെയും കാരണം ലിച്ചിപ്പഴമാണെന്നായിരുന്നു ആദ്യ കണ്ടെത്തൽ. മൂക്കാതെയും പഴുക്കാതെയും പൊഴിഞ്ഞു വീഴുന്ന ലിച്ചി, പോഷകാഹാരക്കുറവും കടുത്ത പട്ടിണിയും നേരിടുന്ന കുട്ടികൾ വെറും വയറ്റിൽ  കഴിക്കുന്നതുകൊണ്ടാണ് രോഗമുണ്ടാകുന്നതെന്നു പിന്നീട് തിരുത്തി. ലിച്ചിയെ പ്രതിയാക്കാനുള്ള തീരുമാനം ധൃതിപിടിച്ചുള്ളതായിരുന്നുവെന്ന് പിന്നാലെ വന്ന ഗവേഷണങ്ങളിൽ തെളിഞ്ഞെന്ന് മുസാഫർപൂരിൽ പലവട്ടം സന്ദർശനം നടത്തിയ അഹമ്മദുകുട്ടി പറയുന്നു. ലിച്ചിപ്പഴം നൂറു ശതമാനം സുരക്ഷിതവും ഏറെ ആരോഗ്യകരവുമാണെന്ന് പുതിയ ഗവേഷണഫലങ്ങൾ ഉറപ്പിക്കുന്നു.

മധുരതരം മാങ്കോസ്റ്റിൻ

IMG-20171215-WA0005

കുടുംബസ്വത്തായുള്ള കൃഷിയിടങ്ങളിൽ മുപ്പതേക്കറോളം വരും ഇടവിളയായുള്ള പഴവർഗക്കൃഷിയെന്ന് അഹമ്മദുകുട്ടി. അതിൽ, അടിവാരത്തും വയനാട്ടിലുമായി ഇരുപതേക്കറിലുണ്ട് മാങ്കോസ്റ്റിൻ കൃഷി. രണ്ടായിരത്തിലേറെ മരങ്ങൾ. പൂർണമായും ഉൽപാദനത്തിലെത്തിയ ആദ്യ ബാച്ച് മരങ്ങൾക്കു പതിനൊന്നു വർഷം പ്രായം. രണ്ടാമത്തെ ബാച്ചിലുള്ള, നാലു വർഷം പ്രായമായ മരങ്ങളും കായ്ച്ചുതുടങ്ങി.  നട്ട് മൂന്നുവർഷം പിന്നിട്ടവയാണ് അടുത്ത വിഭാഗം. തലയ്ക്കം മുറിച്ച് പതിനെട്ടടി ഉയരത്തിൽ ക്രമീകരിച്ചിരിക്കുന്നു ആദ്യ ബാച്ച് മരങ്ങൾ. വർഷം മൂവായിരം കായ്കൾവരെ ഈ മരങ്ങളിൽനിന്നു ലഭിച്ചിട്ടുണ്ടെങ്കിലും അത്രയും ആവശ്യമില്ല എന്ന നിലപാടിലാണ് ഇപ്പോൾ അഹമ്മദുകുട്ടി. കമ്പുകോതി നിർത്തിയും പൂവുകൾ നുള്ളിയും കായ്കളുടെ എണ്ണം ശരാശരി ആയിരത്തിൽ ഒതുക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. 1000 കായ്കൾ എന്നാൽ ശരാശരി 100 കിലോ പഴം. കേടും കുരുടുമൊന്നുമില്ലാത്ത ഒന്നാന്തരം നൂറു കിലോ പഴം, അവയ്ക്കു മുന്തിയ വില, അതുതന്നെ ഈ രീതിയുടെ നേട്ടം.

മാങ്കോസ്റ്റിന്റെയും റംബുട്ടാന്റെയും വിപണി അതിവിശാലമാണെന്ന് അഹമ്മദുകുട്ടി പറയുന്നു. ‘‘പഴങ്ങളുടെ പോഷകഗുണങ്ങളെക്കുറിച്ച് ആളുകൾക്കിന്നു ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ പഴംവിപണിയുടെ വളർച്ച വേഗത്തിലാണ്. അതേസമയം കേരളത്തിൽത്തന്നെ മാങ്കോസ്റ്റിനും റംബുട്ടാനും ലിച്ചിയും രുചിക്കുന്നവരുടെ എണ്ണം  കുറയും. വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിലെ വിപണിയും വിശാലം. ഗൾഫ് രാജ്യങ്ങളും അവസരങ്ങൾ തുറന്നിടുന്നു’’, അഹമ്മദുകുട്ടിയുടെ വാക്കുകൾ. ഫ്രൂട്‌വിൽ എന്ന ബ്രാൻഡിൽ, സൂക്ഷിപ്പുകാലം കൂടുതൽ ലഭിക്കുന്ന രീതിയിൽ ശാസ്ത്രീയമായി പായ്ക്ക്ചെയ്താണ് അഹമ്മദുകുട്ടിയുടെ മാങ്കോസ്റ്റിൻ വിപണിയിലെത്തുന്നത്. പഴങ്ങളെ ഗിഫ്റ്റ് പായ്ക്കറ്റുകളാക്കി പുതിയൊരു വിപണന ശൈലിയിലേക്കും ഫ്രൂട്ട് വിൽ കടക്കുന്നു. കോർപറേറ്റ് മേഖലകളിൽ ഇതിനു വലിയ സ്വീകാര്യതയുമുണ്ട്. ലോങ്ഗൻ, അവക്കാഡോ എന്നീ പഴവർഗങ്ങളുടെ കൃഷിയിലേക്കും ഒപ്പം മാങ്കോസ്റ്റിൻ ഉൾപ്പെടെയുള്ളവയുടെ തൈകൾ ലഭ്യമാക്കുന്ന നഴ്സറിയിലേക്കും ചുവടുവയ്ക്കുകയാണ് ഈ സംരംഭകൻ.

ഫോൺ: 9447017271