Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവാർഡ് തിളക്കത്തിൽ ആലീസ് സേവ്യർ

കടുത്തുരുത്തി ∙ രണ്ട് പശുക്കളുമായി കാലിവളർത്തൽ ആരംഭിച്ച ഇരവിമംഗലം പൈനുങ്കൽ ആലീസ് സേവ്യർ (59) പത്ത് വർഷം പിന്നിട്ടപ്പോൾ 45 പശുക്കളുമായി എറണാകുളം മേഖലയിലെ ഏറ്റവും മികച്ച വനിതാ ക്ഷീരകർഷക. ഇത്തവണത്തെ സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ മികച്ച വനിതാ ക്ഷീരകർഷക ആലീസ് സേവ്യറാണ്. വാലാച്ചിറയിലെ ക്ഷീരസഹകരണ സംഘത്തിൽ വർഷങ്ങളായി ഏറ്റവും കൂടുതൽ പാലളക്കുന്നത് ആലീസ് സേവ്യറാണ്. രാവിലെയും വൈകുന്നേരവുമായി 450 ലീറ്റർ പാലാണ് അളക്കുന്നത്. 

എച്ച്.എഫ്., ജേഴ്സി, സിന്ധി, സഹിവാൾ, ഗീർ ഇനത്തിൽപെട്ട പശുക്കളാണ് ആലീസിന്റെ തൊഴുത്തിലുള്ളത്. മൂന്ന് നേപ്പാൾ സ്വദേശികളായ തൊഴിലാളികൾ സഹായത്തിനായുമുണ്ട്. ആലീസും ഭർത്താവും വീട്ടിൽ ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ സമയം തൊഴുത്തുകളിൽ പശുക്കൾക്കൊപ്പമാണ് ചെലവഴിക്കുന്നത്. രാവിലെ മൂന്ന് മണിക്ക് ആലീസ് ഉണരും. പിന്നീട് രാവിലെ ഒൻപതുവരെ തൊഴുത്തിലാണ്. യന്ത്രം ഉപയോഗിച്ചല്ല ആലീസ് പശുക്കളെ കറക്കുന്നത്. കൈകൾ കൊണ്ടാണെന്ന പ്രത്യേകതയുമുണ്ട്.

ആറ് മണിയോടെ പാല് ക്ഷീരസംഘത്തിലെത്തിക്കും. രാവിലെയും വൈകിട്ടും പശുക്കളെ ആലീസ് കുളിപ്പിക്കും. ഏറ്റവും വൃത്തിയുള്ള അന്തരീക്ഷത്തിലാണ് ആലീസ് പശുക്കളെ വളർത്തുന്നത്. കടുത്തുരുത്തി ക്ഷീരവികസന ഓഫിസർ ജോഷിയുടെ നിർദേശങ്ങളും ഉപദേശങ്ങളുമനുസരിച്ചാണ് പശുക്കളുടെ പരിപാലനം. ക്ഷീര വകുപ്പിന്റെ സഹായത്തോടെയാണ് ഇരുപത് പശുക്കളെ വാങ്ങിയത്. പശുക്കൾക്ക് തീറ്റയ്ക്കായി ഒന്നര ഏക്കർ സ്ഥലത്ത് തീറ്റപുൽകൃഷിയും ആലീസിനുണ്ട്. 

പശുക്കളെ കൂടാതെ താറാവ്, കോഴി, പ്രാവ്, എരുമ എന്നിവയെയും ആലീസ് വളർത്തുന്നുണ്ട്. രണ്ട് മക്കളാണ് ആലീസിനുള്ളത്. മകൻ അമേരിക്കയിലും മകൾ മസ്കത്തിലും ജോലി ചെയ്യുകയാണ്. ഭർത്താവ് സേവ്യർ വിദേശത്തായിരുന്നു. ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും ക്ഷീരവികസന വകുപ്പിന്റെ ഒട്ടേറെ അവാർഡുകൾ ആലീസിനു ലഭിച്ചിട്ടുണ്ട്.