Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാത്തുക്കുട്ടിയുടെ മന്ത്രങ്ങൾ

IMG_4407

കുട്ടിക്കാനം മരിയൻ കോളജിൽനിന്ന് എംബിഎ നേടി പ്രശസ്തമായ ജാഗ്വാർ ലാൻഡ്  റോവർ കമ്പനിയിലും തുടർന്ന് ബിഎംഡബ്ല്യുവിലും മികച്ച കരിയറുണ്ടാക്കിയ മരങ്ങാട്ടുപിള്ളിക്കാരൻ മാത്തുക്കുട്ടി രണ്ടു കൊല്ലം മുമ്പൊരു സുപ്രഭാതത്തിൽ ജോലി വിട്ട് കൃഷി പഠിക്കാൻ പഞ്ചാബിലേക്കു തീവണ്ടി കയറി. പോകും മുമ്പ് മേലധികാരിക്ക് രണ്ടു മെയിലിട്ടു. ആദ്യത്തേത് അവധിക്കത്ത്, രണ്ടാമത്തേത് രാജിക്കത്ത്. കൂട്ടത്തിലൊരു കുറിപ്പും; രണ്ടുമാസത്തെ അവധി അത്യാവശ്യം, രണ്ടിലേതു വേണമെങ്കിലും സ്വീകരിക്കാം. 

കാരണം തിരക്കി എച്ച് ആർ മാനേജർ വിളിക്കുമ്പോഴേക്കും മാത്തുക്കുട്ടി സ്ഥലംവിട്ടിരുന്നു. ‘ശരി, പോയി വാ’ എന്നു മാനേജർ. രണ്ടു മാസം കഴിഞ്ഞു മടങ്ങിയ മാത്തുക്കുട്ടി പക്ഷേ ജോലിക്കു പോയില്ല, കൃഷിക്കിറങ്ങി. ശമ്പളവും ഇൻസെന്റീവ്സും ചേർന്ന് മാസം ഒന്നേകാൽ ലക്ഷം രൂപ കയ്യിൽക്കിട്ടിയിരുന്നു പണ്ട്. കാണിച്ചതു മണ്ടത്തരമല്ലേ എന്നു ചോദിച്ചാൽ മാത്തുക്കുട്ടി ചിരിക്കും, ‘അതിന്റെ നാലിരട്ടി തുക ലാഭമായി മാസം  തോറും കൃഷിയിൽനിന്നു കിട്ടുന്നു.അതു പോരേ’ എന്നു മറുചോദ്യം. 

രണ്ടാമൂഴം

വാസ്തവത്തിൽ ഇതു കൃഷിയിലേക്കുള്ള തന്റെ രണ്ടാംവരവെന്നു മാത്തുക്കുട്ടി. കൃഷിസമൃദ്ധമായിരുന്നു കുട്ടിക്കാലം. വീട്ടിലെന്നും കൃഷിപ്പണിയുടെ ആളും ആരവവും. സ്കൂളിൽ പഠിക്കുന്ന കാലത്ത് മാത്തുക്കുട്ടിക്കുമുണ്ട് മുയൽ വളർത്തി വരുമാനം. പ്ലസ് വൺ എത്തിയപ്പോൾ ജിംനേഷ്യത്തിലും ശരീരഭംഗിയിലുമായി താൽപര്യം. മുയലിനെയൊക്കെ മാത്തുക്കുട്ടി ഫ്രൈയാക്കി കഴിച്ചു. ഡിഗ്രി എത്തിയതോടെ പഠനം ഉഷാറായി. പിന്നെ എംബിഎ, എംകോം, തുടർന്നു ജോലി.

ഇതിനിടെ വീട്ടിലെ സമ്മിശ്രകൃഷി റബറിനു വഴിമാറുന്നതു കാണുന്നുണ്ടായിരുന്നു. മനസ്സിലെവിടെയോ ഒരു നഷ്ടബോധം. ഒരു സുപ്രഭാതത്തിൽ അതങ്ങു കലശലായെന്നു മാത്തുക്കുട്ടി. ഇങ്ങനെ പോയാൽ പറ്റില്ലല്ലോ എന്നൊരു തോന്നൽ. ജോലിയിൽ ഇനിയൊരു പ്രമോഷനും ശമ്പളവർധനയും ഒക്കെ വരുന്നതോടെ ജീവിതം ആ വഴിയങ്ങു പോകും. രക്തത്തിലലിഞ്ഞ കൃഷി പാരമ്പര്യം ഇനിയൊരിക്കലും മടക്കിക്കിട്ടിയില്ലെന്നും വരും. വാണിജ്യക്കൃഷിയുടെ സാധ്യതകൾ തേടി സർദാർജിമാരുടെ വയലുകളിലേക്കു വണ്ടി കയറുന്നത് അങ്ങനെ.  

_04I9530

വഴികൾ, വഴിത്തിരിവുകൾ

കൃഷിയും കാർഷികസംരംഭങ്ങളും കണ്ട് തീർച്ചയും മൂർച്ചയും വരുത്തിയ തീരുമാനങ്ങളുമായിട്ടായിരുന്നു പഞ്ചാബിൽനിന്നു മടക്കം. നേരമ്പോക്കിനു കൃഷി ചെയ്യാനോ നഷ്ടം വരുന്ന കൃഷിക്കിറങ്ങാനോ തയാറല്ലെന്ന് ആദ്യമേ തീരുമാനിച്ചു. കോട്ടയത്തിന്റെ സാഹചര്യത്തിൽ സുരക്ഷിതമായി കൈവയ്ക്കാവുന്ന മേഖല ഇറച്ചിക്കോഴിവളർത്തലും  മാംസോൽപന്നങ്ങളുമാണെന്നു കണ്ടു. 650 കോഴികളെ ഇടാവുന്ന ഒരു ഷെഡ്ഡ് റബർത്തോട്ടത്തിൽ പണിത് രണ്ടു ബാച്ച് വളർത്തി പണി പഠിച്ചു. ഇതിനിടെ മീറ്റ് പ്രോഡക്ട്സ്  ഒാഫ് ഇന്ത്യയുടെ മാംസ സംസ്കരണശാല സന്ദർശിച്ച് അങ്ങനെയൊന്നിനു പദ്ധതിയിട്ടു. നമ്മുടെ നാട്ടിലെ കാറ്ററിങ് യൂണിറ്റുകൾ, ഹോട്ടലുകൾ, ഹോസ്റ്റലുകൾ എന്നിവയ്ക്കെല്ലാം നിത്യേന കോഴിയിറച്ചി ആവശ്യമുണ്ട്. വൃത്തിയായി നുറുക്കി കഴുകിയ ഇറച്ചിയും ബ്രെസ്റ്റ് പീസ്, ലോലിപോപ്പ്, ഡ്രംസ്റ്റിക് എന്നിങ്ങനെ വിവിധ ഇറച്ചി വിഭവങ്ങൾക്കായി വേർതിരിച്ചും ലഭ്യമാക്കിയാൽ വിപണി ഉറപ്പ്. വൈകിയില്ല, കേരള ഫിനാൻഷ്യൽ കോർപറേഷനിൽനിന്ന് 15 ലക്ഷം രൂപ ലോണെടുത്ത് പ്ലാന്റ് സ്ഥാപിച്ചു.  

വിപണിയിലേക്ക്

എൺപതു ലക്ഷത്തിന്റെ ബിഎംഡബ്ല്യു വിറ്റു നടന്ന കാലത്തു നിന്നു മാറി എൺപതു രൂപയ്ക്കു കോഴിയിറച്ചി വേണോ എന്നു ചോദിച്ചു ചെല്ലാൻ തെല്ലും കൂസിയില്ലെന്നു മാത്തുക്കുട്ടി. ഇന്ന് ദിവസം ശരാശരി രണ്ടര ടൺ മാംസം മാത്തുക്കുട്ടിയുടെ പ്ലാന്റിൽനിന്ന് കാറ്ററിങ് യൂണിറ്റുകൾ, ഹോട്ടലുകൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിലേക്കു പോകുന്നു. പ്രാഥമിക മൂല്യവർധന, അതിനു മുകളിൽ വീണ്ടും മൂല്യവർധന, അതാണു തന്റെ നേട്ടമെന്നു മാത്തുക്കുട്ടി. അതായത്, കോഴിയിറച്ചി അങ്ങനെതന്നെ കൊടുക്കുന്നതിനൊപ്പം അതിൽനിന്നു വീണ്ടും ലോലിപോപ്പ്, ഡ്രംസ്റ്റിക് എന്നിങ്ങനെ ഒരു പങ്ക് വേർതിരിച്ച് അധിക വിലയിലും വിൽപന. നിലവിൽ ഒരു ബാച്ചിൽ 7000 കോഴികളെ വളർത്തുന്നുണ്ട്  മാത്തുക്കുട്ടി. അതു പോരാത്തതിനാൽ മറ്റു കർഷകരിൽനിന്നും വാങ്ങുന്നു.പ്ലാന്റിലെ കോഴിവെയ്സ്റ്റ് ഒഴിവാക്കാൻ ഏഴുമാസം മുമ്പ് പന്നിവളർത്തൽ തുടങ്ങി. നാലെണ്ണത്തിനെ വളർത്തി പണി പഠിച്ച ശേഷം തന്നെ അതും. മാസം 15 കുഞ്ഞുങ്ങളെ വീതം വാങ്ങി പടിപടിയായി വികസിപ്പിച്ച യൂണിറ്റിൽ ഇപ്പോൾ നൂറ്റിപ്പത്തെണ്ണം. കോഴിവെയ്സ്റ്റ് പുഴുങ്ങിയതാണ് അവയുടെ മുഖ്യ ആഹാരം. പന്നിയിറച്ചികൂടി വിപണിയിലെത്തിക്കാൻ ലക്ഷ്യമിട്ട് പ്ലാന്റ് വിപുലമാക്കാനും ഒരുങ്ങുന്നു.

പന്നിഫാമിലെ വെയ്സ്റ്റ് പരിഹരിക്കാനുള്ളതാണ് മാത്തുക്കുട്ടിയുടെ മൽസ്യക്കൃഷി. മൂന്നു കുളങ്ങളിലായി നട്ടറും ജയന്റ് ഗൗരാമിയും. ഇതിനിടെ പുരയിടത്തിൽ ജൈവപച്ചക്കറിയും റെഡ് ലേഡി പപ്പായയും പാഷൻഫ്രൂട്ടും കൃഷിയിറക്കി. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമെല്ലാം  നേരിട്ടെത്തി വിളവെടുക്കാൻ അവസരം നൽകി. പഴുക്കുന്നതിനു തൊട്ടു മുമ്പുള്ള പപ്പായ, ഫ്രൂട്ട് സാലഡിലിടാമെന്ന് പരിചയക്കാരായ കാറ്ററിങ്ങുകാർക്കു പറഞ്ഞുകൊടുത്തത് മാത്തുക്കുട്ടിയാണ്. അതോടെ അതിനും വന്നു മികച്ച വിലയും വിപണിയും. മുഖ്യമായും  ചാണകം  ലക്ഷ്യമിട്ടാണ് പശുക്കളെ വാങ്ങിയത്. രണ്ടരയേക്കറിൽ പുൽക്കൃഷിയും തുടങ്ങി. അതിലും കണ്ടെത്തി മാത്തുക്കുട്ടി മറ്റൊരു ലാഭവഴി. പനമ്പട്ട കിട്ടാതായതോടെ ആനകൾക്കു  തീറ്റപ്പുല്ലു തേടി ചില ആന ഉടമകളെത്തി. 45 ദിവസം കൂടുമ്പോൾ ഒരേക്കറിൽനിന്ന് ഏതാണ്ട് 11 ടൺ പുല്ലു ലഭിക്കും. കിലോയ്ക്ക് മൂന്നര രൂപ വില. ഒന്നരമാസം കൂടുമ്പോൾ ശരാശരി 70,000 രൂപ വരുമാനം. ആനയ്ക്കായി ഒരു പിക്കപ്പ് തീറ്റപ്പുല്ലു വിറ്റാൽ 8000 രൂപ ലഭിക്കും. 2500 രൂപ കൊടുത്താൽ ഒരു പിക്കപ്പ് പൈനാപ്പിൾതണ്ട് വീട്ടിലെത്തും. അതും പറമ്പിലെ പച്ചപ്പുല്ലും മതി പശുക്കൾക്ക്. 

അഞ്ചുവർഷം തരിശു കിടന്ന രണ്ടേക്കർ നെൽപ്പാടത്തിൽ ഇത്തവണ വിത്തിറക്കി മാത്തുക്കുട്ടി. ബമ്പർ വിളവു നൽകിയ ഉമയുടെ കതിരുകൾ കൂട്ടുകാരെക്കൂട്ടി ആഘോഷമായി കൊയ്തെടുത്തിട്ട് ആഴ്ചയൊന്നു കഴിയുന്നതേയുള്ളൂ. ഇനി ഈ പാടത്ത് കൃഷി മുടങ്ങില്ലെന്ന് മാത്തുക്കുട്ടിയുടെ ഉറപ്പ്. മരങ്ങാട്ടുപിള്ളി കൃഷിഭവൻ എല്ലാറ്റിനും മാത്തുക്കുട്ടിക്കൊപ്പമുണ്ട്. ചുറുചുറുക്കും ഉൽസാഹവുമുള്ള പിള്ളേർ കൃഷിയിലേക്കു വരുന്നതിൽ അവരും സന്തുഷ്ടർ. 

ഫോൺ: 8606155544

_04I9394

 ലാഭ മന്ത്രം

ഒാരോന്നും ഒാരോ പ്രോജക്ടായി കാണുന്ന രീതിയാണു മാത്തുക്കുട്ടിയുടേത്. കോഴി, പന്നി, പശു, മാംസസംസ്കരണശാല എന്നിവയ്ക്കെല്ലാം വ്യത്യസ്തമായ വായ്പകളുണ്ട്. ഒാരോന്നിനും വെവ്വേറെ അക്കൗണ്ടുകൾ, വെവ്വേറെ തൊഴിലാളികൾ. ഒാരോന്നിലും കിട്ടുന്ന ലാഭത്തിൽനിന്ന് അതിന്റെ വിപുലീകരണവും ലോൺ അടവും. അഞ്ചു വർഷംകൊണ്ട് ഒാരോ പ്രോജക്ടും എത്തിച്ചേരേണ്ട ലക്ഷ്യങ്ങൾ മാത്തുക്കുട്ടി അളന്നുകുറിച്ചു വച്ചിട്ടുണ്ട്. ഉദ്ദേശിച്ചപോലെ നീങ്ങാത്ത പ്രോജക്ടുകൾ പൂട്ടാനും മടിക്കില്ല. ഉദാഹരണത്തിന്, കൂടുതൽ ശ്രദ്ധയും സമയവും വേണ്ടുന്ന ഒന്നാണ് പശുവളർത്തൽ. എന്നാൽ പോത്തുവളർത്തലിന് അത്ര വേണ്ട, ലാഭം കൂടുതലും. അതിലേക്കു തിരിയാനുള്ള പ്രോജക്ട് മാത്തുക്കുട്ടിയുടെ ലാപ്ടോപ്പിൽ റെഡി.