Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടാവശ്യത്തിനും വിൽപനയ്ക്കുമുള്ള പച്ചക്കറി ടെറസിൽ വിളയിക്കുന്ന വീട്ടമ്മ

DSCN4480

സ്വസ്ഥമായി ഒരിടത്തിരിക്കാൻ നേരമില്ല, എന്നാൽ സ്വന്തംകാലിൽ നിൽക്കാൻ കാൽക്കാശു കയ്യിലില്ല. മിക്ക വീട്ടമ്മമാരുടെയും സ്ഥിതി ഇതല്ലേ, ജയ ചോദിക്കുന്നു. പരിഹാരവും ജയതന്നെ പറയും; കൃഷി. കൃഷിയിൽ പരിചയങ്ങളൊന്നുമില്ലായിരുന്നു എറണാകുളം ജില്ലയിൽ കോലഞ്ചേരിക്കടുത്ത് പാങ്കോട് വേങ്ങശ്ശേരിയിൽ ജയയ്ക്ക്. ടെറസ്കൃഷിയിലൂടെ വിഷമില്ലാത്ത പച്ചക്കറികൾ വിളയിക്കുന്നവരും ചെറുതല്ലാത്ത വരുമാനമുണ്ടാക്കുന്നവരും വാർത്തകളായതോടെ ജയയും തീരുമാനിച്ചു, ഒരുകൈ നോക്കാം. ടെറസ് തന്നെയാണ് കൃഷിയിടമായി തിരഞ്ഞെടുത്തത്. ‘‘ ടെറസാവുമ്പോൾ എപ്പോഴും ശ്രദ്ധ കിട്ടും. കൃഷിപ്പണിക്കു പ്രത്യേകിച്ച് സമയമൊന്നും മാറ്റിവയ്ക്കണ്ട. നേരം കിട്ടുമ്പോൾ ടെറസിലേക്കു കയറുക. വീട്ടുജോലികൾക്കിടയിൽ വിനോദം കൂടിയായി മാറും കൃഷി’’,  ജയയുടെ വാക്കുകൾ. 

DSCN4449

അത്ര ആനന്ദകരമായിരുന്നില്ല പക്ഷേ ജയയുടെ തുടക്കം. മണലും മണ്ണും ചാണകപ്പൊടിയും ചേർന്ന നടീൽമിശ്രിതം തയാറാക്കി. ഗ്രോബാഗുകളും ഗുണമേന്മയുള്ള പച്ചക്കറിത്തൈകളും വാങ്ങി. നടീൽമിശ്രിതം നിറച്ച്  ഗ്രോബാഗുകളിൽ തൈകൾ നട്ടു പിടിപ്പിച്ച് ടെറസിൽ അവ മനോഹരമായി ക്രമീകരിച്ചു. അന്നു തുടങ്ങി കനത്ത മഴ. ഏറിയും കുറഞ്ഞും നാലഞ്ചു ദിവസം നീണ്ട മഴയിൽ തലകുനിച്ചു തളർന്നു ഭൂരിപക്ഷം തൈകളും. തല കുനിക്കാൻ തയാറായില്ല പക്ഷേ ജയ. മഴയൊതുങ്ങിയപ്പോൾ, കേടുവന്ന തൈകളെല്ലാം മാറ്റി നട്ടു. ഭാര്യയുടെ ഉൽസാഹം കണ്ടപ്പോൾ കമ്പനി ജീവനക്കാരനായ ഭർത്താവ് മണിയും സഹായിക്കാനെത്തി. ഇത്രയും കുറച്ചു കാലം മുമ്പുള്ള കഥ. 

DSCN4485

കഥ തുടരുന്നു

ഇപ്പോൾ ജയയുടെ മട്ടുപ്പാവിലേക്കു വരിക. ഇത്തിരി വട്ടത്തിൽ ഇല്ലാത്തതൊന്നുമില്ല. തക്കാളിയും വെണ്ടയും വഴുതനയും പയറും മുളകും ചീരയും പുതിനയുമെല്ലാം നിറഞ്ഞു നിൽക്കുന്ന കൃഷിയിടം. വഴിയരികിലുള്ള വീടിനു മുകളിലെ കൃഷിത്തോട്ടം കണ്ടു പലരും ചോദിച്ചു, ‘വിൽക്കാനുണ്ടോ വിഷമില്ലാത്ത പച്ചക്കറികൾ’. വീട്ടാവശ്യം കഴിഞ്ഞുള്ളത് പലർക്കും സൗജന്യമായിത്തന്നെ നൽകി ജയ. എന്നാൽ ആവശ്യവും വിപണിയും വർധിക്കുന്നുവെന്നു കണ്ടതോടെ ഒരു കടതന്നെ തുടങ്ങിക്കളയാം എന്നു  തീരുമാനിച്ചു. വീടിനു മുന്നിലെ കാർ പോർച്ച് കടയാക്കി മാറ്റാം എന്ന ബുദ്ധിയും ജയയുടേതാണ്. ഗ്രില്ലുകളിട്ട് പോർച്ചിന്റെ മുൻവശം സുരക്ഷിതമാക്കി, വാതിലും നിർമിച്ചു. സാധനങ്ങൾ വയ്ക്കാൻ അത്യാവശ്യം തട്ടുകൾ. അളവു തൂക്കത്തിനുള്ള യന്ത്രങ്ങൾ, കട തയാർ. കടയാവുമ്പോൾ പച്ചക്കറി മാത്രം പോരല്ലോ, പലവ്യഞ്ജനങ്ങളുൾപ്പെടെ പലചരക്കുകടയിലേക്കു വേണ്ടതെല്ലാം വാങ്ങി. ഇന്ന് ചുറ്റുവട്ടത്തുള്ള വീട്ടമ്മമാർ ഒട്ടു മുക്കാലും ജയയുടെ കസ്റ്റമേഴ്സ്. പോർച്ചിലാണ് കടയെന്നതിനാൽ കച്ചവടവും എളുപ്പം. ആവശ്യക്കാർ വന്ന് ബെല്ലടിക്കുമ്പോൾ എത്തിയാൽ മതി.

DSCN4448

വീട്ടുജോലികളും കൃഷിയുമെല്ലാം ഒപ്പം നടക്കും. ടെറസിലെ ജൈവ പച്ചക്കറികൾ വിളവെടുത്ത് കടയിൽ വച്ചാൽ നിമിഷങ്ങൾക്കുള്ളിൽ വിറ്റു തീരും. ഉറപ്പുള്ള വിപണി, ചെറുതല്ലാത്ത വരുമാനം. മുറ്റത്തു വളർത്തിയ പാഷൻഫ്രൂട്ടിനുപോലും ലഭിച്ചു വിപണിയും വിലയും.  കമ്പനി ജോലിക്ക് ഒപ്പം ചെറിയ തോതിൽ ഇറച്ചിക്കോഴി വളർത്തലും നടത്തുന്നുണ്ടായിരുന്നു മണി. ജോലികളും ചുമതലകളുമൊക്കെ ഒന്നു ക്രമീകരിച്ചപ്പോൾ പിന്നെയും സമയം ബാക്കിയെന്ന് ജയ. എങ്കിൽപ്പിന്നെ കോഴിവളർത്തൽ വിപുലമാക്കിയാലോ എന്നായി ചിന്ത.  ജയയുടെ ഫാമിലിപ്പോൾ ഒരു ബാച്ചിൽ 2500 കോഴികൾ വളരുന്നു. വർഷം ആറു ബാച്ച്. 

ഏജന്റുമാർക്കു വേണ്ടി കോഴിക്കുഞ്ഞുങ്ങളെ വളർത്തി 40 ദിവസം പ്രായമെത്തുമ്പോൾ കൈമാറും. കിലോയ്ക്ക് ആറു രൂപ വളർത്തുകൂലി. എല്ലാ ചെലവും കഴിഞ്ഞ് ഒരു ബാച്ചിൽ നിന്ന് ശരാശരി മുപ്പതിനായിരം രൂപ നേട്ടം. കോഴിക്കുഞ്ഞുങ്ങളെ ഇടും മുമ്പ് കൂടിനുള്ളിൽ വിരിക്കുന്ന അറക്കപ്പൊടി   നാൽപതു ദിവസം കഴിയുമ്പോൾ നല്ല ജൈവവളമായി മാറും.   അതിന് ഒട്ടേറെ ആവശ്യക്കാരുണ്ട്. അറക്കപ്പൊടി വാങ്ങുന്നതിന്റെ ചെലവും വൈദ്യുതിച്ചെലവും ഈ വളം വിൽപനയിലൂടെ ലഭിക്കും.

DSCN4453

വിപുലമായ തോതിലല്ലെങ്കിൽപോലും നായ്ക്കുട്ടികളുടെ വിൽപനയുമുണ്ടിപ്പോൾ. ഡാഷ് ഹണ്ടിന്റെയും ജർമൻ ഷെപ്പേർഡിന്റെയും കുഞ്ഞുങ്ങൾ. ചുരുക്കത്തിൽ,  മുമ്പ് സ്വന്തമായി ചെറുവരുമാനംപോലുമില്ലാതിരുന്ന തനിക്കിന്ന് ആദായത്തിന്റെ ചെറുവഴികൾ ഏറെയെന്ന് ജയ. അടുക്കളത്തോട്ടം നിർമിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഗ്രോബാഗിൽ തൈകൾ നട്ടുനൽകുന്ന സംരംഭത്തിനും തുടക്കംകുറിച്ചുകഴിഞ്ഞു ഈ വീട്ടമ്മ.

ഫോൺ: 9539966690