Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശിവിള, വിഷമില്ലാതെ വർഷം മുഴുവൻ

Pix-(35cm-width)

കാബേജ്, കോളിഫ്ലവർ, ഉരുളക്കിഴങ്ങ്, കാരറ്റ്, ബീറ്റ്റൂട്ട്, ബ്രൊക്കോളി, ബീൻസ്......വിദേശ പച്ചക്കറികളാണ് കുമളി അണക്കര കുന്നേൽ റോബിൻ ജോസഫിന്റെ കൃഷിയിടത്തിൽ കൂടുതലും. ഒപ്പം പച്ചമുളകും തക്കാളിയുമുണ്ട്. അതും ജൈവരീതിയിൽ കൃഷി ചെയ്തവ. അണക്കരയിലെ രണ്ടരയേക്കറിലും കാന്തല്ലൂരിൽ നാലരയേക്കറിലുമാണ് റോബിന്റെ കൃഷി. വർഷം മുഴുവൻ ഉൽപാദനം ലഭിക്കത്തക്ക വിധത്തിൽ വിദേശ പച്ചക്കറികളുെട ഉൽപാദനം  സംരംഭമാക്കി മാറ്റിയിരിക്കുകയാണ് ഈ യുവാവ്. അണക്കരയിൽ ഉൽപാദനം അവസാനിക്കുമ്പോഴേക്കും കാന്തല്ലൂരിൽ വിളവെടുപ്പ് ആരംഭിക്കത്തക്ക വിധത്തിൽ കൃഷി ക്രമീകരിക്കും. ഇങ്ങനെ വർഷം തോറും കുറഞ്ഞത് മൂന്നു തവണ വിളവെടുക്കും. അതിർത്തിഗ്രാമങ്ങളിലാണ് കൃഷിയെങ്കിലും കോട്ടയത്തെയും എറണാകുളത്തെയും സൂപ്പർ മാർക്കറ്റുകളിെല ഓർഗാനിക് ഷെൽഫുകളിലാണ്  നാടൻവിദേശികളായ പച്ചക്കറികൾ റോബിൻ  സ്ഥിരമായി നൽകുന്നത്.

KAYI5885

പതിനഞ്ചോളം  ജൈവകടകളിൽ എല്ലാ തിങ്കളാഴ്ചയും  പച്ചക്കറികൾ സ്വന്തം വാഹനത്തിൽ എത്തിക്കുന്നു. ലുലുവിലും  റിലയൻസിലുമൊക്കെ ജൈവപച്ചക്കറി എത്തിക്കുന്നവർക്കും റോബിൻ തന്റെ ഉൽപന്നങ്ങൾ നൽകാറുണ്ട്. കഴിഞ്ഞ വർഷം പത്ത് ടൺ ജൈവ പച്ചക്കറി വിപണിയിലെത്തിച്ച ഈ യുവസംരംഭകന് ഇടുക്കി ജില്ലയിലെ മികച്ച പച്ചക്കറി കർഷകനുള്ള  അവാർഡ് കിട്ടി,സ്വന്തമായുള്ള 12 ഏക്കർ ഏലക്കൃഷിയാണ്  റോബിന്റെ മുഖ്യവരുമാനം. അതോടൊപ്പം പശുവളർത്തലും നെൽകൃഷിയുമുണ്ടായിരുന്നു.  മികച്ച യുവ ക്ഷീരകർഷകനുള്ള ജില്ലാതല അവാർഡ് നേടിയിട്ടുണ്ടെന്നുകൂടി പറഞ്ഞാലേ റോബിന്റെ കർഷകമുഖം വ്യക്തമാവുകയുള്ളൂ. എന്നാൽ ക്രമേണ പശുവളർത്തലിൽനിന്നു പിൻവാങ്ങേണ്ടിവന്നു; സഹായത്തിനു ജോലിക്കാരില്ലാതെ. അണക്കരയിലെ ഏലത്തോട്ടത്തോടു ചേർന്നുള്ള പാടത്തെ നെൽകൃഷി നിലച്ചപ്പോൾ അവിടെ ഏലം പരീക്ഷിച്ചു. പരാജയമായിരുന്നു ഫലം.  തുടർന്ന് 2015ലാണ് അവിടെ ബീൻസ് നട്ടുനോക്കിയത്. പിന്നാലെ മറ്റു പച്ചക്കറികളും കൃഷി ചെയ്തു.  മോശമല്ലാത്ത  വിളവും വരുമാനവും കിട്ടിയതോെട ഉൽസാഹമായി. കൂടുതൽ സ്ഥലത്തേക്ക്  കൃഷി വ്യാപിപ്പിച്ചു. കാന്തല്ലൂരിൽ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചത് അങ്ങനെ.

വാണിജ്യാടിസ്ഥാനത്തിൽ ജൈവ ശീതകാല പച്ചക്കറികൾ ഉൽപാദിപ്പിക്കുന്ന സംരംഭകനായി വളർന്ന റോബിനു കാലാവസ്ഥയെയാണ് പേടി. വളരെ നന്നായി പരിപാലിക്കുന്ന കൃഷിയാണെങ്കിലും കാലം തെറ്റിയെത്തുന്ന  മഴ മതി എല്ലാം നശിക്കാൻ.  ഒരു രാത്രികൊണ്ട് ഉരുളക്കിഴങ്ങും കാരറ്റുമൊക്കെ പൂർണമായി നശിച്ച അനുഭവങ്ങൾ പലതുണ്ട് റോബിനു മുന്നിൽ. ഉൽപന്നമില്ലാതെ വരുന്നത് വിപണനത്തിൽ പ്രശ്നമുണ്ടാക്കും. വിപണനവും മുടക്കമില്ലാതെ പച്ചക്കറി നൽകുന്നതുമാണ് തന്റെ പ്രധാന വെല്ലുവിളികളെന്നു റോബിൻ പറഞ്ഞു. വിവിധ പച്ചക്കറിവിളകളിൽ കൂടുതൽ ആദായമേകുന്നത് കാബേജും കോളിഫ്ലവറും തന്നെ. പത്തുസെന്റിൽ 500–600 ചുവട് വീതം ഇവ കൃഷി ചെയ്യാം.  നഴ്സറിയിൽ വിത്തു പാകി കിളിർപ്പിച്ച തൈകൾ പറിച്ചുനട്ടാണ് കൃഷി. എന്നാൽ കാരറ്റിന്റെ തൈകൾ പറിച്ചുനട്ടാൽ ആകൃതി നഷ്ടപ്പെട്ട് ടോയ് കാരറ്റാകാൻ സാധ്യത കൂടുതലാണ്. തന്മൂലം കാരറ്റിന്റെ വിത്ത് മണലുമായി കലർത്തി വിതയ്ക്കുകയാണ് പതിവ്. തൈകൾ കിളിർത്തശേഷം അധികമുള്ളവ പറിച്ചു നീക്കും.

DSCN2190

കാരറ്റിന് ഇടയകലം തീരെ കുറവായതിനാൽ പ്ലാസ്റ്റിക് പുത പ്രായോഗികമല്ല. ജൈവകൃഷിയായതിനാൽ രാസവളവും രാസകീടനാശിനിയും തീരെ ഉപയോഗിക്കാറില്ല. കാരറ്റിനും മറ്റും അടിവളമായി ചാണകമോ കോഴിവളമോ നൽകും. കൂെട റോക്ക് ഫോസ്ഫേറ്റും വേപ്പിൻപിണ്ണാക്കും. തൈകൾ വളർന്നു തുടങ്ങിയാൽ ആഴ്ചയിലൊരിക്കൽ പച്ചച്ചാണകം കലക്കി ചുവട്ടിലൊഴിക്കും. കാബേജിനും കോളിഫ്ലവറിനും ഇടയ്ക്ക് മണ്ണ് ചേർത്തുകൊടുക്കുകയും വേണം. കളനശീകരണത്തിനാണ് ജൈവപച്ചക്കറി ഉൽപാദനത്തിൽ, പ്രത്യേകിച്ച് കാരറ്റ് കൃഷിയിൽ  ഏറ്റവും ചെലവെന്ന് റോബിൻ ചൂണ്ടിക്കാട്ടി. ഒാരോ സീസണിലും നിശ്ചിത വിലയ്ക്കാണ് ജൈവപച്ചക്കറി വിൽക്കുന്നത്.  വിപണിവില കൂടിയാലും കുറഞ്ഞാലും നിശ്ചിത വരുമാനം ഉറപ്പാക്കാനും മുൻകൂട്ടി തയാറാക്കിയ ബജറ്റ് പ്രകാരം കൃഷിച്ചെലവ് നിയന്ത്രിക്കാനും  ഇതുവഴി സാധിക്കുന്നു. സാധാരണ പച്ചക്കറികൾക്ക് വില വർധിക്കുമ്പോഴും റോബിന്റെ ഉൽപന്നങ്ങൾക്ക് വില കൂടില്ല. വിലക്കയറ്റത്തിന്റെ നാളുകളിൽ ജൈവപച്ചക്കറിക്ക് കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്താൻ ഈ തന്ത്രം ഉപകരിക്കുന്നു.  അടുത്ത കാലത്ത് സാധാരണ കാബേജിന് 70 രൂപ വില വന്നപ്പോൾ റോബിൻ തന്റെ ജൈവകാബേജ് 45 രൂപയ്ക്കാണ് വിറ്റത്. വില താഴുമ്പോഴും ജൈവ ഉൽപന്നങ്ങളെ ഇഷ്ടപ്പെടുന്നവർ തന്റെ കൂടെ നിൽക്കുന്നതായാണ് റോബിന്റെ അനുഭവം. ഇടുക്കി ജില്ലയെ, പ്രത്യേകിച്ച് കാന്തല്ലൂർ, വട്ടവട മേഖലയെ ശരിയായി പ്രയോജനപ്പെടുത്തിയാൽ കേരളത്തിനാവശ്യമായ വിദേശപച്ചക്കറികൾ ജൈവരീതിയിൽ തന്നെ ഇവിടെ ലഭ്യമാക്കാമെന്ന് അദ്ദേഹം പറഞ്ഞു. ആദിവാസി മേഖലയായ കാന്തല്ലൂരിലും മറ്റും സ്വാഭാവിക ജൈവകൃഷിയാണ് നിലനിൽക്കുന്നത്. എന്നാൽ അവരുെട ഉൽപന്നങ്ങൾക്കു മാന്യമായ വിലയും സ്ഥിരവിപണിയും ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയുന്നില്ലെന്ന് റോബിൻ ചൂണ്ടിക്കാട്ടി. 

ഫോൺ: 9847866476