Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഗ്രോപാർക്ക്: മുന്നോട്ടു നീങ്ങാൻ അഞ്ച് ചുവടുകൾ

value-added-products2

അഗ്രോപാര്‍ക്കുകൾ കേരളത്തിന്റെ കാർഷിക ഉൽപന്നസംസ്കരണത്തിനുള്ള വേദികൾ മാത്രമാണ്. ഈ പാർക്കുകളിൽനിന്ന് ഉൽപന്നങ്ങളുടെ നീണ്ട നിര പുറത്തു വന്ന് ആഗോളവിപണിയുടെ മനം കവരണമെങ്കിൽ ഇനിയുമേറെ കടമ്പകൾ കടക്കേണ്ടതുണ്ട്. ജൈവ വൈവിധ്യമാണ് ഈ നാടിന്റെ കരുത്ത്. അത് സുസ്ഥിര രീതികളിലൂടെ പ്രയോജനപ്പെടുത്തി മാനവരാശിക്കു പ്രയോജനപ്പെടുന്ന ഉൽപന്നങ്ങളാക്കിയാൽ അവ വാങ്ങാൻ ലോകം ഇവിടേക്കു വരും. നൂറ്റാണ്ടുകൾക്കു മുമ്പ് കുരുമുളകും മഞ്ഞളുമൊക്കെ തേടി വന്നതുപോലെതന്നെ. പക്ഷേ, അതിനു വേണ്ടത് ആരോഗ്യം നശിപ്പിക്കുന്ന കോളകളും ജങ്ക് ഫുഡുമല്ല. മറ്റാർക്കും നൽകാനാവാത്ത മൂല്യം ഇവിടുത്തെ ഉൽപന്നങ്ങൾക്കു നൽകാൻ നമ്മുടെ ചക്കയും തേങ്ങയും കുടമ്പുളിയും മഞ്ഞളുമൊക്ക മതി. അതിനു ചില അടിസ്ഥാനതന്ത്രങ്ങൾ സ്വീകരിക്കേണ്ടതുണ്ട്.

ഗവേഷണ വികസനം

ബർഗറും പാസ്തയും പീത്‌സയുമൊക്കെയല്ലാതെ നമ്മുടെ തനതു വിഭവങ്ങൾ മണവും ഗുണവും നഷ്ടപ്പെടാതെ നല്ല പായ്ക്കറ്റുകളിൽ വിദേശ വിപണിയിലെത്തിക്കാനാവശ്യമായ ഗവേഷണപ്രവർത്തനങ്ങൾ ഇവിടെ നടക്കേണ്ടിയിരിക്കുന്നു. നീര, ഇളനീർ, കൂവപ്പൊടി, മഞ്ഞൾ, ഞവര, കുടമ്പുളി എന്നിവയിൽനിന്നു പുത്തൻ മൂല്യവർധിത ഉൽപന്നങ്ങൾ വികസിപ്പിക്കാനും സാധിക്കണം. ഇപ്രകാരം കേരളത്തിന്റെ സാധ്യതകൾക്കും സാഹചര്യങ്ങൾക്കും യോജ്യമായ ഉൽപന്ന വികസനം ലക്ഷ്യംവയ്ക്കുന്ന ഗവേഷണം വളരെ ചെറിയ തോതിൽ മാത്രമാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. ഭക്ഷ്യസംസ്കരണവുമായി ബന്ധപ്പെട്ട് കേരളത്തിലെ കോളജുകളിലും സർവകലാശാലകളിലും കൂടുതൽ പ്രയോജനക്ഷമമായ ഗവേഷണമുണ്ടാവേണ്ടിയിരിക്കുന്നു.

ആസൂത്രിത ഉൽപാദനം

വീട്ടാവശ്യത്തിനു കൃഷി ചെയ്യുന്നതുപോലെയല്ല സംസ്കരണ വ്യവസായത്തിനായുളള കൃഷി. സംസ്കരണത്തിനു യോജിച്ച തോതിലും നിലവാരത്തിലും വർഷം മുഴുവൻ ഉൽപന്നങ്ങൾ കിട്ടണമെങ്കിൽ ഉൽപാദനപ്രക്രിയ കൂടുതൽ ആസൂത്രിതമാവേണ്ടതുണ്ട്. ചെറുകിട കൃഷിക്കാർ സംഘങ്ങളായി തിരിഞ്ഞ് വ്യവസായത്തിനു ചേരുന്ന ഉൽപന്നങ്ങൾ നിശ്ചിത ഇടവേളകളിൽ ലഭ്യമാക്കണം. ഓരോ സീസണിലും ഉറപ്പാക്കാവുന്ന ഉൽപാദനത്തെക്കുറിച്ചും വിലയെക്കുറിച്ചും ഇരുകൂട്ടരും തമ്മിൽ ധാരണയുണ്ടാകുന്നത് കാര്യങ്ങൾ ആയാസരഹിതമാക്കും. മൂല്യവർധനാവിപ്ലവത്തിൽ നമ്മുടെ കൃഷിഭവനുകള്‍ വഹിക്കേണ്ട പ്രധാന പങ്ക് ഇതുതന്നെ. കുറഞ്ഞ ഉൽപാദനക്ഷമതയും ഉയർന്ന ഉൽപാദനച്ചെലവുമാണ് കേരളത്തിന്റെ ഉൽപന്നങ്ങൾ നേരിടേണ്ടിവരുന്ന പ്രധാന വെല്ലുവിളി. ഈ രണ്ടു പ്രശ്നങ്ങൾക്കും ആസൂത്രിതവും സംഘടിതവുമായ ഉൽപാദനപ്രക്രിയയിലൂടെ മാത്രമേ പരിഹാരം കാണാനാവൂ.

ബ്രാൻഡ് വികസനം

ബ്രാൻഡിന്റെ വില ഇന്ന് എല്ലാവർക്കുമറിയാം. നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ കേരളത്തിനു സ്വന്തമായി ഒരു ബ്രാൻഡ് ഉണ്ടായിരുന്നു – മലബാർ. പിന്നീട് ദൈവത്തിന്റെ സ്വന്തം നാടെന്ന വിഖ്യാതമായ വിശേഷണവും നാം സൃഷ്ടിച്ചു. മലയാളമണ്ണിനെ ലോകപ്രശസ്തമാക്കിയ ഈ പേരുപോലെ ലോകമറിയുന്ന മൂന്നോ നാലോ ബ്രാൻ‌ഡുകൾ കേരളത്തിനുണ്ടാവണം. കൃഷിക്കാരുടെ കമ്പനികളോ കൃഷി വകുപ്പിലെ മേലുദ്യോഗസ്ഥരോ സർക്കാർ വിലാസം കോർപറേഷനുകളോ ചെയ്യേണ്ട കാര്യമല്ലിത്. കൃഷിക്കാർക്ക് ഉടമസ്ഥതയും പ്രഫഷണലുകള്‍ക്ക് ചുമതലയുമുള്ള വിപണനകമ്പനികളുണ്ടാക്കി ഈ ദൗത്യം ഏൽപിക്കണം. കേരളത്തിൽനിന്നുള്ള കാർഷികോൽപന്നങ്ങൾ നിശ്ചിത നിലവാരത്തിൽ സംസ്കരിക്കുന്നവർക്കു മാത്രമേ ഈ ബ്രാന്‍ഡ് അവകാശപ്പെടാൻ അവസരം നൽകാവൂ. വെറുമൊരു ബ്രാൻഡല്ല രാജ്യാന്തരനിലവാരമുള്ള ബ്രാൻഡാണ് നമുക്കു വേണ്ടതെന്ന് മറക്കാതിരിക്കാം.

അടിസ്ഥാന സൗകര്യ വികസനം

ഫുഡ് പാർക്കുകളും അഗ്രോപാര്‍ക്കുകളുമൊക്കെ ഈ ലക്ഷ്യം നേടാനുള്ളവയാണ്. പക്ഷേ പാർക്കുകൾക്കു പുറത്തുള്ള സംരംഭകർക്കും ചില അടിസ്ഥാന സൗകര്യങ്ങൾ കിട്ടുമെന്ന് ഉറപ്പാക്കേണ്ടതുണ്ട്. കൂടുതൽ സംരംഭകർക്ക് പ്രയോജനപ്പെടുത്തുന്ന രീതിയിൽ ഇവ സ്ഥാപിക്കണമെന്നു മാത്രം. ശുദ്ധീകരിച്ച ജലം, പ്രാഥമിക സംസ്കരണ സൗകര്യം, പാക്കിങ് സൗകര്യം, ശീതീകൃത സംഭരണ–വിതരണ സംവിധാനം, ശാസ്ത്രീയമായ മാലിന്യസംസ്കരണം, സ്വതന്ത്രമായ ക്രയവിക്രയത്തിനും ചരക്കുകടത്തിനുമുള്ള അവസരം തുടങ്ങി ഭക്ഷ്യസംസ്കരണത്തിന് അനിവാര്യമായ സൗകര്യങ്ങളാണ് ഇപ്രകാരം ലഭ്യമാക്കേണ്ടത്.

കാലോചിതമായ പരിഷ്കാരങ്ങളില്ലാതെ മുരടിച്ചുപോയ നമ്മുടെ പൊടിമില്ലുകളെ തിരികെ കൊണ്ടുവരാൻ അടുത്ത കാലത്ത് ഒരു സംഘം മില്ലുടമകൾ ശ്രമിക്കുന്നുണ്ട്. നെല്ലുകുത്തും അരിപൊടിക്കലും കൊപ്രയാട്ടലുമൊക്കെ നടക്കുന്ന ഈ മില്ലുകളിൽ ഡ്രയറുകളും പായ്ക്കിങ് യന്ത്രങ്ങളും വൃത്തിയുള്ള അന്തരീക്ഷവുമൊക്കെ കൊണ്ടുവന്നാൽ കൂടുതൽ വിശ്വാസ്യതയുള്ള ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനാവും. കൃഷിയിടങ്ങളിൽനിന്ന് ഉൽപന്നങ്ങൾ എത്തിക്കുന്നതിനുള്ള വാഹന സൗകര്യവും ഇവയോടനുബന്ധിച്ചുണ്ടാവണം.

ഏകജാലകസംവിധാനം

മറ്റെന്തൊക്കെ സൗകര്യങ്ങളുണ്ടായാലും ഇങ്ങനെയൊരു സംവിധാനമില്ലെങ്കിൽ കാർഷിക സംരംഭകരായി മാറുന്നതിൽ നമ്മുടെ കൃഷിക്കാർ പരാജയപ്പെടും. സംരംഭത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി ഒരിടത്തു നൽകിയാൽ അത് ബന്ധപ്പെട്ട വകുപ്പുകൾക്ക് ആവശ്യാനുസരണം നൽകി പുതുസംരംഭത്തിനുവേണ്ട എല്ലാ അനുമതികളും നിശ്ചിത ദിവസത്തിനകം കിട്ടുന്ന സംവിധാനമാണ് വേണ്ടത്. ഇപ്രകാരം നിശ്ചിത ദിവസത്തിനകം തീരുമാനമാകാത്ത അപേക്ഷകളിൽ അനുമതി നൽകിയതായി കണക്കാക്കാമെന്നും ഇക്കാര്യത്തിൽ ഉത്തരവാദിത്തം ബന്ധപ്പെട്ട ഉദ്യോഗസ്ഥനായിരിക്കുമെന്നുമുള്ള വ്യവസ്ഥ കൂടി ഏർപ്പെടുത്തേണ്ടിയിരിക്കുന്നു. സാങ്കേതികവും തന്ത്രപരവുമായ കാര്യങ്ങൾക്ക് പരിചയസമ്പന്നരായ വഴികാട്ടികളെയും നവകാർഷിക സംരംഭകര്‍ക്ക് വേണ്ടിവന്നേക്കാം.

Your Rating: