Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഗ്രോപാർക്കുകളിൽ കേരളത്തിന്റെ വിളകൾ മാത്രം

biju-prabhakar ബിജു പ്രഭാകർ

കേരളത്തിലെ കൃഷിക്കാരുടെ ഉൽപന്നങ്ങൾ മാത്രം സംസ്കരിക്കുന്ന കേന്ദ്രങ്ങളായാണ് നിർദിഷ്ട അഗ്രോപാർക്കുകൾ വിഭാവനം ചെയ്യുന്നതെന്നു കൃഷിവകുപ്പ് ഡയറക്ടർ ബിജു പ്രഭാകർ. ബാക്കി കാര്യങ്ങളിൽ മറ്റ് ഫുഡ്പാർക്കുകൾപോലെതന്നെയാവും ഇവ പ്രവർത്തിക്കുക. കേരളത്തിലെ കാർഷികോൽപന്നങ്ങൾ മാത്രം വാങ്ങി സംസ്കരിക്കുന്ന സംരംഭകർക്കേ അഗ്രോപാർക്കിൽ ഇടമുണ്ടായിരിക്കുകയുള്ളൂ. കൃഷിവകുപ്പിനു കീഴിലുള്ള ഈ പാർക്കുകൾ കേരളത്തിലെ കൃഷിക്കാരുടെ വരുമാനവർധനയ്ക്ക് ഉതകുന്നതാവുമെന്ന് ഉറപ്പാക്കാനാണ് ഇങ്ങനെയൊരു നിബന്ധന വച്ചിരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

കാർഷിക ഉൽപന്നങ്ങളുടെ മൂല്യവർധനയിലൂടെ കൃഷിക്കാർക്ക് വരുമാനവർധന ഉറപ്പാക്കാനായി സർക്കാർ വിഭാവനം ചെയ്യുന്ന പദ്ധതികളുടെ തുടക്കം മാത്രമായിരുന്നു വൈഗ എന്ന പേരിൽ തിരുവനന്തപുരത്തു നടന്ന സെമിനാറും പ്രദർശനവും. ഈ രംഗത്തെ നമ്മുടെ സാധ്യതകളെക്കുറിച്ച് കൃഷിക്കാരെയും സംരംഭകരെയും ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. യുവജനങ്ങൾക്ക് ഏറെ അവസരം നൽകുന്ന മേഖലയാണിതെന്നു വൈഗ ബോധ്യപ്പെടുത്തി.

ആനുകൂല്യങ്ങൾ കരണ്ടിയിൽ കോരിനൽകുന്ന ശൈലിയിലായിരിക്കില്ല സർക്കാർ സംരംഭകരെ പ്രോത്സാഹിപ്പിക്കുക. ഓരോ സംരംഭകനും വളരാനാവശ്യമായ സാഹചര്യം സൃഷ്ടിക്കുകയാവും സർക്കാർ ചെയ്യുക. കാർഷികസംരംഭം തുടങ്ങാൻ സ്വന്തമായി ആശയമുള്ളവർ സാധ്യതാപഠനം നടത്തിയശേഷം പ്രോജക്ട് റിപ്പോർട്ടുമായി വന്നാൽ മാത്രമേ അഗ്രോപാർക്കിലേക്കു പരിഗണിക്കുകയുള്ളൂ. എങ്ങനെയെങ്കിലും ഒരു പ്രോജക്ട് റിപ്പോർട്ട് പടച്ചുണ്ടാക്കി ഗൗരവബുദ്ധിയില്ലാതെ സബ്സിഡി തട്ടാനായി വരുന്നവർക്കു മുമ്പിൽ പാർക്കിന്റെ വാതിലുകൾ അടഞ്ഞുകിടക്കും. അതേസമയം നല്ല ആശയങ്ങൾക്ക് സാങ്കേതികവും സാമ്പത്തികവും ഭരണപരവുമായ പിന്തുണ ഉറപ്പാക്കുകയും ചെയ്യും.

വായിക്കാം ഇ - കർഷകശ്രീ

‌വിപണിക്കാവശ്യമായ ഉൽപന്നങ്ങൾ കണ്ടെത്താൻ കഴിയുന്നതിലാണ് സംരംഭകന്റെ സാമർഥ്യം. വിപണിയിൽ നിലവിലുള്ള ഉൽപന്നങ്ങളുമായി മത്സരിക്കാൻ കഴിയാത്ത ഉൽപന്നങ്ങൾക്കു പിന്നാലെ പോകരുതെന്ന് ബിജു പ്രഭാകർ ചൂണ്ടിക്കാട്ടി. കാലഹരണപ്പെട്ട പല ചിന്താഗതികളും ഇതിനായി മാറ്റേണ്ടിവരും. പ്ലാന്റേഷൻ കോർപറേഷൻപോലുള്ള സ്ഥ‍ാപനങ്ങളുടെയും കൃഷിക്കാരുടെയും തോട്ടങ്ങളിൽ ടൺ കണക്കിനു കശുമാങ്ങയാണ് പാഴായി പോവുന്നത്. എന്തുകൊണ്ട് ഇതുപയോഗിച്ച് ഫെനിയുണ്ടാക്കി വിറ്റുകൂടെന്ന് ആരും ചിന്തിക്കുന്നില്ല. വലിയ യന്ത്രസാമഗ്രികളും ഫാക്ടറികളുമില്ലെങ്കിൽ വ്യവസായമാകില്ലെന്ന ചിന്ത നാം ഉപേക്ഷിക്കണം. കുറഞ്ഞ മുതൽമുടക്കിൽ തുടങ്ങിയശേഷം വലുതായി വളരാനാണ് കേരളത്തിലെ കൃഷിക്കാർ ശ്രമിക്കേണ്ടത്. ഇന്തോനീഷ്യയിൽ നാളികേരകർഷകർ തെങ്ങിൽ കയറി നീര ചെത്തുമ്പോൾ അതു കുറുക്കി നാളികേര പഞ്ചസാരയുണ്ടാക്കുന്ന കുടിൽ വ്യവസായത്തിന്റെ ചുമതല അവരുടെ ഭാര്യമാർക്കാണ്. ഇപ്രകാരമുണ്ടാക്കുന്ന പഞ്ചസാര ബിഗ് ട്രീ എന്ന കമ്പനി വാങ്ങി ശുദ്ധീകരിച്ച് അമേരിക്കൻ വിപണിയിൽ വിൽക്കുന്നു. കോടിക്കണക്കിനു രൂപയുടെ വിദേശനാണ്യമാണ് ഈ കുടിൽ വ്യവസായത്തിലൂടെ അവർ നേടുന്നത്. ഇവിടെ ലുലു പോലുള്ള രാജ്യാന്തര സംരംഭമുണ്ടായിട്ടും അവർക്ക് എന്ത് ഉൽപന്നമാണ് ആവശ്യമുള്ളതെന്നു കേരളം ഇതുവരെ ചോദിച്ചിരുന്നില്ലെന്ന‍ു ബിജു പ്രഭാകർ ചൂണ്ടിക്കാട്ടി.

ആകെ വിഭാവനം ചെയ്ത 15 അഗ്രോപാർക്കുകളുടെ ആദ്യഘട്ടമായി ഏതൊക്കെ എവിടെയൊക്കെ തുടങ്ങണമെന്ന് അന്തിമതീരുമാനമായില്ല. നബാർഡ് ഏജൻസിയായ നാബ്കോൺസ് നടത്തുന്ന സാധ്യതാപഠനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇക്കാര്യം തീരുമാനിക്കൂ. കുറെയേറെ കെട്ടിടങ്ങൾ കെട്ടി വാടകയ്ക്കു നൽകുന്ന പദ്ധതിയായിരിക്കില്ല ഇത്. ഓരോ സംരംഭകന്റെയും ആവശ്യമനുസരിച്ചു മാത്രമായിരിക്കും കെട്ടിട നിർമാണം. പാർക്കുകളുണ്ടാവാൻ കാത്തിരിക്കണമെന്നില്ല. സംരംഭകർ തയാറാണെങ്കിൽ കേരഫെഡിന്റെയും മറ്റും സംസ്കരണ ശാലകളോടു ചേർന്നുള്ള സ്ഥലസൗകര്യം പ്രയോജനപ്പെടുത്തി പ്രവർത്തനമാരംഭിക്കാൻ അവസരം നൽകും.

fruit-pulp

സ്വന്തം ഉൽപന്നത്തിനുവേണ്ട ഉപകരണങ്ങളും സാങ്കേതികവിദ്യയുമായി വന്നാലുടൻ ഉൽപാദനം തുടങ്ങത്തക്ക വിധത്തിലാണ് ഇത് വിഭാവനം ചെയ്യുന്നത്. പാർക്കുകളുടെ മേൽനോട്ടം സർക്കാർ രൂപീകരിക്കുന്ന കേരള അഗ്രോ ബിസിനസ് കമ്പനിക്കായിരിക്കും. പാർക്കിലെ സംരംഭകർക്കാവശ്യമായ സാങ്കേതികവിദ്യ ലഭ്യമാക്കുക, ബയർ–സെല്ലർ മീറ്റുകൾ സംഘടിപ്പിക്കുക, നവസംരംഭകരുടെ ഇൻകുബേഷൻ സെന്ററായി പ്രവർത്തിക്കുക, വേണ്ടത്ര മാനേജ്മെന്റ് വൈദഗ്ധ്യവും ഉപദേശവും ലഭ്യമാക്കുക എന്നിവയായിരിക്കും ഈ കമ്പനിയുടെ മറ്റ് പ്രവർത്തനങ്ങൾ. കേരളത്തിലെ സംരംഭകർക്കു നേരിടാനിടയുള്ള ഒരു കൂട്ടം പ്രശ്നങ്ങളിൽനിന്നുള്ള രക്ഷാകവചമായിരിക്കും അഗ്രോപാർക്കുകൾ. വിവിധ വകുപ്പുകളിൽനിന്നുള്ള അനുമതികൾക്കായി ഉറപ്പായും ഏകജാലക സംവിധാനം ഉണ്ടാകും. ഇതിനായി വിശദമായ ഓൺലൈൻ ചോദ്യാവലി പൂരിപ്പിച്ചു നൽകുകയേ സംരംഭകൻ ചെയ്യേണ്ടതുള്ളൂ.

ഓരോ പാർക്കിന്റെയും പ്രമോട്ടറായി ഒരു വൻകിട കമ്പനിയെ കണ്ടെത്താൻ ഉദ്ദേശിക്കുന്നുണ്ടെന്നു ഡയറക്ടർ പറഞ്ഞു. ഭക്ഷ്യസംസ്കരണ മേഖലയുമായി ബന്ധമുള്ള കമ്പനികളായിരിക്കും ഇവ. പാർക്കിലെ കെട്ടിടമുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് പ്രമോ‍ട്ടർ കമ്പനിയാവും മുതൽമുടക്കുക. പ്രമോട്ടർ കമ്പനിക്ക് വേണ്ട ഉൽപന്നങ്ങൾ നിർമിക്കാനായാൽ പാർക്കിലെ നവസംരംഭകർക്ക് വിപണിതേടി അലയേണ്ടിവരില്ല. ഇപ്രകാരം ഒരു മാതൃവ്യവസായത്തിന്റെ തണലിൽ ഒട്ടേറെ ചെറുസംരംഭങ്ങൾക്കു വളരാനാവും. ഉദാഹരണമായി ഒരു വൻകിട ഐസ്ക്രീം ബ്രാൻഡ് പ്രമോട്ടറായെത്തിയാൽ അവർക്കു വേണ്ടി വിവിധ പഴവർഗങ്ങളുടെ പൾപ് നിർമിക്കുന്ന ചെറുസംരംഭങ്ങൾക്ക് അവസരം ലഭിക്കും. ഇതൊക്കെയാണെങ്കിലും പാർക്കിന്റെ പ്രവർത്തനം സംബന്ധിച്ച് വ്യക്തതയുണ്ടാവുന്നതിന് ഇനിയും കാത്തിരിക്കേണ്ടതുണ്ട്. നാബ്കോൺസിന്റെ പഠനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം.

ശീതികൃത സംഭരണ–വിതരണശൃംഖല, ജലവിതരണ സംവിധാനം, പായ്ക്കിങ് സൗകര്യം, ബോയിലറുകൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ എല്ലാ പാർക്കുകളിലും സംരംഭകർക്ക് പങ്കിട്ടുപയോഗിക്കാനാവും. സംരംഭങ്ങളിൽ കേരളത്തിൽനിന്നുള്ളവർക്കു ജോലി നൽകുകയാണെങ്കിൽ ശമ്പളത്തിനു പുറമേ നിയമപരമായി നൽകേണ്ട ആനുകൂല്യങ്ങൾ നിശ്ചിത വർഷത്തേക്ക് സംസ്ഥാന സർക്കാർ വഹിക്കാനും ആലോചനയുണ്ട്.

അഗ്രോപാർക്കുകൾക്കു പുറമേ കാർഷിക സംരംഭകർക്ക് വിപണനപിന്തുണയും സർക്കാർ ആലോചിക്കുന്നു. കേരളത്തിലെ കാർഷിക– മൂല്യവർധിത ഉൽപന്നങ്ങൾക്കായി ഫാം ഫ്രഷ് കേരള എന്ന ശൈലിയിൽ പ്രത്യേക ബ്രാൻഡും പരസ്യവാചകവും പ്രചരിപ്പിക്കും. ടൂറിസം രംഗത്തെന്നപോലെ രാജ്യാന്തര തലത്തിൽതന്നെ ഈ ബ്രാൻഡിനു സർക്കാർ പ്രചരണം നൽകാനാണ് ആലോചിക്കുന്നത്. സംസ്ഥാനത്തെ കാർഷികോൽപന്നങ്ങൾ മാത്രം ഉപയോഗിക്കുന്നവയും നിശ‍്ചിത നിലവാരം പാലിക്കുന്നതുമായ സംരംഭങ്ങൾക്കു മാ‍ത്രമായിരിക്കും ഈ ബ്രാൻഡ് ഉപയോഗിക്കാൻ അനുവാദമുണ്ട‍ാവുക. നമ്മുടെ ഉൽപന്നങ്ങളുടെ വിപണിവിഹിതം വർധിപ്പിക്കുന്നതിനായി വ്യാപാരികൾ, കയറ്റുമതിക്കാർ, വ്യവസായസംഘടനകൾ തുടങ്ങിയവരുടെ യോഗം വിളിച്ചുചേർക്കും.

കേരളത്തിന്റെ തനത് ഭക്ഷ്യോൽപന്നങ്ങൾക്കു വിപണി കണ്ടെത്തുന്നതിനും സവിശേഷ കാർഷികോൽപന്നങ്ങളിൽനിന്ന് പുതിയ വിഭവങ്ങൾ ഉണ്ടാക്കുന്നതിനും കൂടുതൽ ഗവേഷണ വികസന പ്രവർത്തനങ്ങൾ ആവശ്യമാണ്. ആഗോളവിപണി മുന്നിൽ കണ്ടാവണം ഇതൊക്കെ ചെയ്യേണ്ടത്. നിർഭാഗ്യവശാൽ നമ്മുടെ കൃഷി വിജ്ഞാനകേന്ദ്രങ്ങളും മറ്റും കുടുംബശ്രീ തലത്തിൽ മാത്രമായി പ്രവർത്തനം പരിമിതപ്പെടുത്തുകയാണ്.

മൂല്യവർധിത കാർഷികോൽപന്നങ്ങളുടെ വിപണനത്തിനായി ജില്ലകൾതോറും അഗ്രോബസാറുകളും വിഭാവനം ചെയ്യുന്നു. പ്രത്യേകം രൂപകൽപന ചെയ്ത ഈ ബസാറുകളിൽ പാർക്കുകളിൽനിന്നുള്ള ഉൽപന്നങ്ങൾക്കൊപ്പം മറ്റ് കാർഷിക പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉൽപന്നങ്ങളുമുണ്ടാവും. സംസ്ഥാനത്തെ ശീതീകൃത സംഭരണ സംവിധാനങ്ങൾ ഫലപ്രദമായല്ല പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ കാർഷിക എൻജിനീയറിങ് വകുപ്പിനെ കൂടുതൽ ഊർജസ്വലമാക്കി ഇവയുടെ ചുമതല ഏൽപിക്കും. അതോടൊപ്പം ഉപയോഗശൂന്യമായി കിടക്കുന്ന പോളിഹൗസുകൾ, കൊയ്ത്തുമെതിയന്ത്രങ്ങൾ എന്നിവ പ്രവർത്തനക്ഷമമാക്കുന്ന ചുമതലയും അവർക്ക് നൽകുമെന്ന് ബിജു പറഞ്ഞു.

Your Rating: