Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാനന്തവാടിയിലെ നിശ്ശബ്ദ വിപ്ലവം

biowin-agro-research-factory

ഇഞ്ചി, മഞ്ഞൾ, ഏലം, കുരുമുളക്, കാപ്പി തുടങ്ങി വയനാടൻ മണ്ണിൽ വിളയുന്നതെല്ലാം മൂല്യവർധന നടത്തി കർഷകർക്ക് ഇരട്ടി നേട്ടമുണ്ടാക്കുന്ന ഒരു സ്ഥാപനമുണ്ട് മാനന്തവാടിയിൽ. ബയോവിൻ അഗ്രോ റിസർച്ച്. കണ്ണിവിട്ട സ്പൈസ് റൂട്ടിന് പകരം വയനാട്ടിൽനിന്നു നേരിട്ട് യൂറോപ്പിലേക്കു പുത്തൻപാത വെട്ടിയവർ. തനി വയനാടൻ ജൈവകൃഷി വിഭവങ്ങൾ മൂന്നാണ്ടായി മുറ തെറ്റാതെ കയറ്റുമതി ചെയ്യുന്നു വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ കീഴിൽ കാട്ടിക്കുളത്തു പ്രവർത്തിക്കുന്ന ബയോവിൻ.

നബാർഡ് കർഷക കമ്പനികൾക്കു നൽകുന്ന ധനസഹായത്തോടെ 36 കോടി രൂപ മുതൽമുടക്കിൽ നാല് ഏക്കറിലാണ് 2013ൽ ഈ ഗവേഷണ, പരീക്ഷണ, മൂല്യവർധിത ഉൽപന്ന നിർമാണകേന്ദ്രം സ്ഥാപിച്ചത്. 1999ൽ വെറും 98 കര്‍ഷകരുമായി തുടക്കമിട്ട കൂട്ടായ്മയിൽ ഇന്ന് 12,308 അംഗങ്ങളുണ്ട്. അടുത്ത വിളവെടുപ്പ് സീസണിൽ ജൈവ കർഷകരുടെ എണ്ണം 7,500 കടക്കും. ജൈവ സാക്ഷ്യപത്രമുള്ള കൃഷിയിടത്തിന്റെ വിസ്തൃതി 10,000 ഹെക്ടറും. സുഗന്ധവ്യഞ്ജനങ്ങൾ മൂല്യവർധന വരുത്തി യൂറോപ്പ്, അമേരിക്കൻ വിപണികൾ കീഴടക്കിയാണ് ഇവിടത്തെ ചെറുകിട കർഷക മുന്നേറ്റം. നാട് ഇളക്കിയുള്ള പ്രചരണമോ കാട് തെളിച്ചുള്ള കൃഷിയോ ഇല്ലാതെ നിശ്ശബ്ദ വിപ്ലവം.

വായിക്കാം ഇ - കർഷകശ്രീ

ഉൽപന്നങ്ങൾ പ്രധാനമായും ചൂടാക്കിയും തണുപ്പിച്ചുമാണ് മൂല്യവർധന വരുത്തുന്നത്. ഉണക്കിയ കുരുമുളകും കുരുമുളകു ചതച്ചതും പൊടിയും കൂടാതെ വെളളക്കുരുമുളകു ചതച്ചതും പൊടിച്ചതുമായി ആറ് ഉൽപന്നങ്ങൾ. അടുത്തത് ഡിജിപിയാണ്. ബെഹ്റയും നെഹ്റയുമൊന്നുമല്ല, ഇതു സാക്ഷാൽ നീരൂറ്റിയ പച്ചക്കുരുമുളക്. ഡീഹൈഡ്രേറ്റഡ് ഗ്രീൻ പെപ്പർ എന്നതിന്റെ ചുരുക്കപ്പേരാണ് ഡി.ജി.പി. ജൈവ വിനാഗിരിയിലിട്ട പച്ചക്കുരുമുളക് സംസ്കരിച്ചതാണ് പെപ്പർ ഇൻ ബ്രൈൻ എന്ന എട്ടാമൻ. കരിമ്പച്ചയും ഇളംമഞ്ഞയും കടുംചുവപ്പുമെല്ലാം നിറമണിഞ്ഞ കുരുമുളകിനെ കൊടും വെയിലിലിട്ട് നിറം കെടുത്തുന്ന പരിപാടി ഇവിടെയില്ല. പകരം നീരു വറ്റുവോളം തണുപ്പത്തിടും. പിന്നെ ഇറക്കുമതി ചെയ്ത കോടികൾ വിലയുള്ള യന്ത്രത്തിലൂടെ കടത്തിവിട്ടു പൊടിയും തിരിയും നാരും നൂലുമെല്ലാം അരിച്ചു മാറ്റുന്നു. പൊടിക്കുന്നതും ചതയ്ക്കുന്നതുമൊക്കെ യന്ത്രങ്ങൾ തന്നെ.

യന്ത്രസഹായത്തോടെ മണ്ണും തോലും നീക്കി അരിഞ്ഞൊരുക്കുന്നതാണ് ഇഞ്ചിക്കൂട്ട്. സമചതുരക്കട്ടപോലെ അരിഞ്ഞതിനു പുറമേ, ചായക്കോപ്പയിൽ ഇഞ്ചിരുചിയൊരുക്കാൻ പാകത്തിനു ചെറുകഷണങ്ങളുമുണ്ട്. അഞ്ച്, പത്തു മില്ലിമീറ്റർ വലുപ്പത്തിലാണ് ഇവ മുറിക്കുന്നത്. ഇതിലും കനം കുറച്ച് അരിഞ്ഞുണക്കിയവയുമുണ്ട്. വലുപ്പം നിശ്ചയിക്കുന്നത് ആവശ്യക്കാരന്റെ താൽപര്യപ്രകാരമാണ്. വാങ്ങുന്നവരുടെ ആവശ്യമനുസരിച്ച് പൊടിച്ചോ, ചതച്ചോ, നുറുക്കിയോ, ഉണക്കിയോ, നീരു വറ്റിച്ചോ ഒക്കെ നൽകാൻ യന്തിരന്മാർ തയാർ. പച്ച ഇഞ്ചിയുടെ ഏത് ആവശ്യത്തിനും നീരൂറ്റിയവ കൊള്ളാം. വെള്ളക്കൂട്ടില്ലാത്തതിനാൽ ഗുണമേറും. അളവ് വളരെ കുറവ് മതിയെന്നതും മെച്ചം. 60 കിലോയ്ക്ക് 1400 രൂപ വിപണിവില ഉള്ളപ്പോൾ 2600 രൂപയെന്ന മോഹവില നൽകിയാണു ബയോവിൻ സ്വന്തം കർഷകരിൽനിന്ന് ഇഞ്ചി സംഭരിച്ചത്. പച്ചമഞ്ഞൾ പൊടിയാക്കി നൽകുന്നു. പുഴുങ്ങി ഉണക്കുന്നതുവഴിയുള്ള പോഷണ നഷ്ടമില്ലാത്തതിനാൽ ഗുണം കൂടും. പൊടിച്ച് കടലാസ് ബാഗിൽ 25 കിലോ വീതമാക്കിയാണ് കയറ്റുമതി.

biowin-agro-research-machine മൂല്യവർധനയ്ക്കു യന്ത്രസഹായം

നിറവും വലുപ്പവും ചേലുമാണ് പച്ചപ്പൊന്നായ ഏലത്തിന്റെ മാറ്റു നിശ്ചയിക്കുന്നത്. കരിമ്പച്ച നിറം കെടാതെ ഉണക്കിയെടുക്കുന്നതിനു മാറ്റു കൂടും. ഏലത്തരി മാത്രമായും തരി പൊടിച്ചും നൽകുന്നുണ്ട്. സർവസുഗന്ധിയും ഇഞ്ചിപ്പുല്ലും കറിവേപ്പിലയും നീരൂറ്റിയതാണ് കടൽ കടക്കുന്നത്. ഇവ പൊടിച്ചും നൽകും. കറുവപ്പട്ടയ്ക്കു മാത്രമല്ല, അപരനെന്ന് പേരുദോഷമുള്ള കാസിയക്കും അമേരിക്കയിൽ ആവശ്യക്കാരുണ്ട്.

ജാതിക്കാ തൊണ്ടോടു കൂടിയതും പത്രിയും പൊടിയുമെല്ലാം വേണ്ടുംപടി നൽകും. ഗ്രാമ്പൂവും തിപ്പലിയും വനിലയും എല്ലാം ഈ വിധംതന്നെ. ജീരകവും മുളകുമടക്കമുള്ള ചില ഉത്തരേന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ ഇവിടെയെത്തിച്ചു സംസ്കരിച്ച് അയയ്ക്കുന്നു. കൊളസ്ട്രോൾ അന്തകനെന്ന ഖ്യാതി പരന്നതോടെ നമ്മുടെ കാന്താരിയുടെ മുന്നിലും സായിപ്പ് നാവു വച്ചു കീഴടങ്ങി. നീരു വറ്റിച്ച കാന്താരിയാണ് ഇവർ കയറ്റുമതി ചെയ്യുന്നത്.

ദേ തേങ്ങ...

വെള്ളക്കാരനു തനിവെള്ളയിൽതന്നെ വേണം തേങ്ങ. അരച്ചുകൂട്ടാനല്ല, പെറുക്കി തിന്നാൻ. അതിനാൽ വെള്ള വിട്ടൊരു കളിയുമില്ല. അതുകൊണ്ട് തേങ്ങയുടെ കാമ്പിന്റെ പുറംഭാഗം ചെത്തിനീക്കിയാണ് സംസ്കരണം തുടങ്ങുന്നത്. തൂൾതേങ്ങയ്ക്കു പുറമേ, തേങ്ങാനുറുക്കും തേങ്ങാപ്പൊടിയും തേങ്ങാപ്പാൽപൊടിയുമെല്ലാം ചേരുമ്പോൾ വിലയേറും. തേങ്ങാവില മൂക്കു കുത്തിയപ്പോഴും കിലോയ്ക്ക് 20 രൂപ നൽകിയാണ് ഇവർ സ്വന്തം കർഷകരുടെ പച്ചത്തേങ്ങ സംഭരിക്കുന്നതെന്നു കമ്പനി ചെയർമാൻ ഫാ. ജോൺ ജോസഫ്.

biowin-agro-research-fr-john-joseph ഫാ. ജോൺ ജോസഫ്

കപ്പിലൊതുങ്ങില്ല കാപ്പി

പരിപ്പിന്റെ വലുപ്പവും നിറവും ആകൃതിയുമെല്ലാം കാപ്പിയുടെ ഗുണമേന്മയുടെ ഘടകങ്ങളാണ്. അതിനാൽ ഇവ തരംതിരിക്കാൻ പ്രത്യേക യന്ത്രസംവിധാനമുണ്ട്. 36 ക്യാമറകളുള്ള യന്ത്രം കൺതുറന്നിരുന്നാണ് പരിപ്പിന്റെ നിറവ്യത്യാസമനുസരിച്ചു തരം തിരിക്കുന്നത്. തരംതിരിച്ച മേൽത്തരം കാപ്പിക്കുരു പൊടിച്ച് വയനാടൻ എന്ന വ്യാപാരനാമത്തിൽ ഉടൻ പുറത്തിറങ്ങും. 1344 ടൺ പരിപ്പാണ് കഴിഞ്ഞ വർഷത്തെ കയറ്റുമതി. രാജ്യത്തു വിറ്റഴിച്ചത് 384 ടൺ.

കോള് തേടുന്നവർ

യൂറോപ്പില്‍ ജർമനിയും ഫ്രാൻസുമാണ് ഇവിടത്തെ സാധനങ്ങൾ വാങ്ങാൻ മത്സരിക്കുന്നത്. ഗുണമേന്മയിലും ന്യായവിലയിലും വിട്ടുവീഴ്ചയില്ലാതെയാണ് വിപണനം. അമേരിക്കയും നല്ല വിപണി തന്നെ. പഴങ്ങൾ ബെൽജിയത്തിലേക്കാണ് പോകുന്നത്.

കമ്പനിക്കു ലാഭം ലക്ഷ്യമല്ലാത്തതിനാൽ കർഷകർക്ക് അനുകൂലമായാണ് വിലയിടുന്നത്. അതു നിശ്ചയിക്കുന്നതു കർഷക സമിതികളാണ്. ജൈവരീതികളിൽനിന്ന് വ്യതിചലിക്കാത്തതിനാൽ ഉൽപന്നങ്ങൾ നിലവാരക്കുറവിന്റെ പേരിൽ ആരും മടക്കി അയയ്ക്കാറില്ല. കർഷകർതന്നെ അംഗങ്ങളായ മേൽനോട്ട സമിതികളാണ് ഈ വിശ്വാസ്യത കാത്തുരക്ഷിക്കുന്നത്.

എല്ലാവരും എല്ലാവർക്കും

biowin-agro-research-bio-products ജൈവ ഉൽപന്നങ്ങളുടെ നിര

കർഷകരെ കണ്ണിചേർക്കാനും ബോധവൽക്കരിക്കാനും മേൽനോട്ടത്തിനുമെല്ലാം ആളുണ്ട്. അഞ്ച് മുതൽ 20 വരെ അംഗങ്ങൾ അടങ്ങുന്നതാണ് ഏറ്റവും കീഴ്ഘടകം. ഇത്തരം 450 സജീവ സംഘങ്ങളുണ്ട്. ഓരോ സംഘത്തിൽനിന്നും ഓരോ പ്രതിനിധിയെ ചേർത്തുള്ള 500 അംഗ മേൽസമിതിയും 75-80 അംഗങ്ങളടങ്ങിയ വിദഗ്ധ സമിതിയും ചേര്‍ന്നാണ് ഉല്‍പന്നവില അടക്കമുള്ള പ്രധാന കാര്യങ്ങൾ നിശ്ചയിക്കുന്നത്. വിപണിവിലയേക്കാൾ ശരാശരി 20 ശതമാനം അധികം നൽകിയാണ് സംഭരണം. പണം ഇടപാടുകളെല്ലാം ബാങ്കുവഴിയാണ്.

നാലുകോടി രൂപയുടെ കർഷക സഹായപദ്ധതികളും ഇതിനകം നടപ്പാക്കി. ചികിത്സയ്ക്കും വീട് അറ്റകുറ്റപ്പണിക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമാണ് ധനസഹായം നൽകിയത്. മേൽത്തരം നടീൽവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാൻ സ്വന്തം നഴ്സറിയുണ്ട്. കമ്പോസ്റ്റ് നിർമാണ സബ്സിഡി, തണൽവലകൾ, വിള സംസ്കരണത്തിന് ഉപയോഗിക്കാൻ ടാർപോളിൻ ഷീറ്റുകൾ, ജൈവവള നിർമാണ പരിശീലനം എന്നിവയും കർഷകർക്കു നൽകുന്നു.

മാനന്തവാടി രൂപതയ്ക്കു കീഴിൽ വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ സഹോദര സ്ഥാപനമാണിത്. ബിഷപ് ജോസ് പൊരുന്നേടമാണ് സൊസൈറ്റി പ്രസിഡന്റ്. ഫാ. ജോൺ ജോസഫ് ചൂരപ്പുഴയാണ് ചെയർമാനും മാനേജിങ് ഡയറക്ടറും ഫാ. ബിജോ കറുകപ്പിള്ളി ഡയറക്ടർ. ജീവനക്കാരായി ഓഫിസിൽ 20 പേരും ഫാക്ടറിയിൽ അമ്പതുപേരുമുണ്ട്.

biowin-agro-research-factory2 ഒട്ടേറെപ്പേർക്ക് തൊഴിലവസരം

സാക്ഷ്യപത്രങ്ങൾ

ഒറ്റരാവ് ഇരുട്ടിവെളുത്തപ്പോൾ സംഭവിച്ചതല്ല ഈ പ്രസ്ഥാനം. കർഷക വിശ്വാസം നേടിയെടുക്കൽ മുതൽ യൂറോപ്യൻ രാജ്യങ്ങളിൽ ഭക്ഷ്യഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തൽവരെ ഒന്നും അനായാസമായിരുന്നില്ലെന്നു ഫാ. ജോൺ. ഉൽപന്നങ്ങളുടെ ഗുണമേന്മയ്ക്ക് രാജ്യാന്തര സാക്ഷ്യപത്രങ്ങളാണ് വിപണിയിൽ തുണ. ഫെയർ ട്രേഡ് സർട്ടിഫിക്കറ്റിന്റെയും റെയിൻ ഫോറസ്റ്റ് അലയൻസ് സർട്ടിഫിക്കറ്റിന്റെയും പിൻബലവുമുണ്ട്. ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ന്യായവിലയ്ക്ക് നൽകുന്നവർക്കുള്ള സാക്ഷ്യപത്രമാണ് ആദ്യത്തേത്. സഹ വിളകൾക്കും സഹജീവികൾക്കും ഇടവും പരിഗണനയും നൽകി മഴനിഴൽക്കാടുകളിലും അതിന്റെ ഓരത്തും കൃഷി ചെയ്യുന്നതിനാണ് രണ്ടാമത്തെ സാക്ഷ്യപത്രം. തൊഴിലിടത്തിലും കൂലിയിലും സ്ത്രീ–പുരുഷ സമത്വം, കുട്ടിത്തൊഴിലാളികളെ ഉപയോഗിക്കാതിരിക്കൽ, പ്ലാസ്റ്റിക് വർജനം തുടങ്ങിയവ ഉറപ്പാക്കി സമ്പൂർണ ജൈവകൃഷി നടത്തിയാലേ ഈ സാക്ഷ്യപത്രം ലഭിക്കുകയുള്ളൂ.

കൂടുതൽ വിവരങ്ങൾക്ക്
www.biowinkerala.com
ഫോൺ: 9497820000 (ഫാ. ജോൺ ജോസഫ്)

ഗുണം ഇരട്ടിക്കുന്ന തണുപ്പിച്ചു പൊടിക്കൽ

ഉണക്കിപ്പൊടിക്കലും വറുത്തുപൊടിക്കലും സർവസാധാരണം. എന്നാൽ തണുപ്പിച്ചു പൊടിക്കൽ പോഷകനഷ്ടം തീരെയില്ലാത്ത സംസ്കരണ രീതിയെന്നു തെളിഞ്ഞതാണ് യൂറോപ്യൻ രാജ്യങ്ങൾ ഇതിനു പിന്നാലെ കൂടാൻ കാരണം. ജലാംശം പൂർണമായും ഊറ്റുന്ന പരിപാടിയാണിത്. കീടാണുക്കളുടെ സർവനാശസാധ്യത ഉറപ്പാക്കുന്നുവെന്നതാണ് പ്രധാന മെച്ചം. നിറത്തിനും മണത്തിനും ആകൃതിക്കും തെല്ലും കോട്ടംവരില്ല. തനതു സ്വഭാവം പൊലിക്കുന്നതാണ് മറ്റൊരു ഗുണം. എരിവുള്ളതിന് എരിവു കൂടും. മധുരമാണെങ്കിൽ ഇരട്ടിക്കും. അതിനാൽ ഉപയോഗിക്കുന്നതിന്റെ അളവ് കുറയ്ക്കാം. എന്നാൽ പുളിക്കും കയ്പിനുമൊന്നും മാറ്റമില്ല.