Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏലം കഴുകൽ എത്രയെളുപ്പം!

cardamom-washing-machine-by-nj-thomas സ്വന്തമായി വികസിപ്പിച്ചെടുത്ത കാർഡമം വാഷിങ് മെഷീനരികിൽ പുളിയൻമല നിരപ്പേൽ എൻ.ജെ. തോമസ്

ഏലക്കായ കഴുകാനുള്ള മെഷീൻ വികസിപ്പിച്ച പുളിയന്മലക്കാരനു ദേശീയതലത്തിലുള്ള പുരസ്കാരം.

ഇടുക്കി പുളിയൻമല നിരപ്പേൽ എൻ.ജെ. തോമസിനെത്തേടിയാണു ഇന്ത്യൻ അഗ്രിക്കൾച്ചർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇന്നവേറ്റിവ് ഫാർമർ അവാർഡ് എത്തിയത്.

30 സെക്കൻഡു കൊണ്ട് ഏലക്കായയിലെ ചെളി പൂർണമായി നീക്കിയശേഷം അടുത്ത 30 സെക്കൻഡിനകം ജലവും മാറ്റിയെടുക്കാൻ സാധിക്കുന്ന കാർഡമം വാഷിങ് മെഷീനാണു തോമസ് വികസിപ്പിച്ചെടുത്തത്. 100 കിലോഗ്രാം വരെ ഏലക്കായ ഇതിൽ ഉണങ്ങിയെടുക്കാനാകും. 25 ലീറ്റർ വെള്ളം മാത്രമാണ് കഴുകാനായി ഉപയോഗിക്കേണ്ടി വരുന്നതെന്ന പ്രത്യേകതയുമുണ്ട്. സാധാരണ രീതിയിൽ രണ്ട് തൊഴിലാളികൾക്ക് 100 കിലോഗ്രാം ഏലക്കായ കഴുകിയെടുക്കാൻ 15 മിനിറ്റ് വേണമെന്നിരിക്കെ ഈ യന്ത്രത്തിന്റെ സഹായത്തോടെ 500 കിലോഗ്രാം ഏലക്കായ കഴുകിയെടുക്കാനാകും. 2011ൽ വികസിപ്പിച്ചെടുത്ത ഈ യന്ത്രം നിലവിൽ ഏലം മേഖലയിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

എട്ടാം ക്ലാസിൽ പഠനം നിർത്തിയ തോമസ് അച്ഛനെ സഹായിച്ചുകൊണ്ടാണ് കൃഷിയിലേക്ക് തിരിഞ്ഞത്. മികച്ച വില ലഭിച്ചിരുന്നതിനാൽ ഏലമാണ് കൂടുതലായി കൃഷി ചെയ്തിരുന്നത്. പലവിധത്തിലുള്ള പരീക്ഷണങ്ങൾ നടത്തി വളരെയധികം പണം ചെലവഴിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിലാണ് 1995ൽ ഏലക്കായ ഉണക്കി പോളിഷ് ചെയ്യാനുള്ള കാർപോൾ എന്ന മെഷീൻ രൂപപ്പെടുത്തിയത്.

തേൻ ഊറ്റിയെടുക്കുന്ന സാങ്കേതിക വിദ്യ തന്റെ ആശയങ്ങളുമായി സംയോജിപ്പിച്ചാണ് ഇദ്ദേഹം കണ്ടെത്തൽ നടത്തിയത്. ഇതിനുശേഷം യന്ത്രം നിർമിച്ച് വിപണനം ചെയ്യാൻ തീരുമാനിച്ചെങ്കിലും മറ്റിടങ്ങളിൽ നിന്നുള്ള സാങ്കേതിക സഹായം ലഭ്യമാക്കേണ്ടതിനാൽ അത് വിലയിൽ നിഴലിച്ചു. യന്ത്രത്തിന്റെ പ്രവർത്തനം മനസ്സിലാക്കിയശേഷം വർക്‌ഷോപ്പ് ഉടമകൾ ഇത് നിർമിച്ച് കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ തുടങ്ങിയതോടെ തിരിച്ചടി നേരിട്ടു. യന്ത്രത്തിന്റെ നിർമാണത്തിനും വിൽപനയ്ക്കുമുള്ള കുത്തകാവകാശം എടുക്കേണ്ടതിനെക്കുറിച്ച് തോമസിന് അറിവില്ലാതിരുന്നതാണ് ഇതിനു കാരണം. എന്നാൽ തന്റെ കണ്ടെത്തൽ മറ്റു കർഷകർക്കു പ്രയോജനകരമായതിൽ ഏറെ സന്തോഷവാനാണ് ഇദ്ദേഹം.

പോളിഷ് യന്ത്രത്തിന്റെ തത്വം ഉപയോഗിച്ചാണ് കുരുമുളക് മെതിക്കുന്ന യന്ത്രവും ഏലക്കായ കഴുകുന്ന യന്ത്രവും തോമസ് വികസിപ്പിച്ചെടുത്തത്.

Your Rating: