Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശുമാവ് ഉൽപന്നങ്ങൾ

cashew-apple-products വിപണിയിലെ ഉൽപന്ന വൈവിധ്യം

തോട്ടണ്ടിശേഖരണം വിളവെടുപ്പിന്റെ ആദ്യഘട്ടമാണ്. നല്ല തോട്ടണ്ടിയിൽനിന്നു മാത്രമേ ഗുണമേന്മയുള്ള പരിപ്പ് ലഭിക്കുകയുള്ളൂ. ഇതിനാണ് വിപണിയിൽ പ്രിയവും നല്ല വിലയുമുള്ളത്.

കശുമാങ്ങ പഴുത്തു വീഴുമ്പോൾ ശേഖരിക്കുന്ന തോട്ടണ്ടിക്കാണ് ഗുണം കൂടുതൽ. എന്നാൽ ഇതുമൂലം കശുമാങ്ങ പാഴാകാനിടയുണ്ട്. അതിനാൽ പാകത്തിന് പഴുത്ത പഴം പറിച്ചെടുത്ത് തോട്ടണ്ടി അടർത്തി എടുത്താൽ രണ്ടും ഉപയോഗയോഗ്യമായി കിട്ടും.

തോട്ടണ്ടിയിൽ ഈർപ്പാംശം കൂടുതലെങ്കിൽ അതു നന്നായി ഉണക്കി സൂക്ഷിക്കണം. ഗുണമേന്മയിൽ തോട്ടണ്ടിയുടെ മുഴുപ്പും നിർണായകമാണ്. സാധാരണ ഒരു കിലോയ്ക്ക് 150 മുതൽ 180 വരെ എണ്ണം വേണ്ടിവരുന്നു. തോട്ടണ്ടി പിളർന്നുനോക്കിയും വെള്ളത്തിലിട്ടു പൊങ്ങിക്കിടക്കുന്നതിന്റെ എണ്ണം നോക്കിയും മേന്മ നിശ്ചയിക്കാറുണ്ട്. കർഷകരിൽനിന്നു വാങ്ങുമ്പോൾ തോട്ടണ്ടിയിലെ ഈർപ്പാംശം 16 ശതമാനം ആകാം. എന്നാൽ വേണ്ടത് 7—8 ശതമാനം ആണ്. ഈ നില കൈവരിക്കാൻ വെയിലത്ത് നിരത്തി ഇടയ്ക്കിടയ്ക്ക് ഇളക്കിയിട്ട് ഉണക്കുകയാണ് പതിവ്. ഉണക്കിയെടുത്തവ തണുത്തശേഷം കീടരോഗവിമുക്തമാക്കി 80 കിലോ ഒരു ചാക്കിൽ എന്ന തോതിൽ നിറച്ചു സൂക്ഷിക്കാം.

കശുമാങ്ങയ്ക്കും ഉപയോഗം

കശുവണ്ടിക്കൊപ്പം കാശ് ഉണ്ടാക്കാൻ കശുമാങ്ങയ്ക്കുമാകും. എന്നാൽ കശുമാങ്ങ നല്ല പങ്കും കേരളത്തിൽ പാഴാക്കുകയാണ്. ഇന്ത്യയിൽ വർഷം ഏതാണ്ട് 60 ലക്ഷം ടൺ കശുമാങ്ങയാണ് പാഴാക്കുന്നത്.

കശുമാങ്ങ നേരിട്ടു കഴിക്കാം. മുഴുവനായോ കഷണങ്ങളാക്കിയോ ഉപ്പു കൂട്ടിയോ കഴിക്കാം. പൊഴിഞ്ഞുവീണ് നിലത്തു കിടക്കുന്നതോ കൂടുതൽ പഴുത്തതോ ചീഞ്ഞതോ കിളികൾ കൊത്തിയതോ ആയ കശുമാങ്ങ ഉൽപന്ന നിർമാണത്തിന് ഉപയോഗിക്കരുത്. ഇത് ഉൽപന്നങ്ങൾ പുളിച്ചുപോകാൻ കാരണമാകും. അനുകൂല സാഹചര്യത്തിലും സമയത്തും ലഭിക്കുന്ന കശുമാങ്ങ അതേപടിയോ നീരെടുത്തശേഷം പൾപ്പായോ സൂക്ഷിച്ചാൽ മാത്രമേ ആവശ്യാനുസരണം ഉൽപന്നങ്ങൾ ഉണ്ടാക്കാനാകുകയുള്ളൂ.

cashew-apple-products-packing

തോട്ടത്തിൽനിന്നു പെറുക്കിയെടുത്ത് അന്നുതന്നെ ചവർപ്പു മാറ്റാനുള്ള സംസ്കരണം നടത്തേണ്ടതാണ്. ഇതിനായി ഗ്ലാസ്, സ്റ്റെയിൻലെസ് സ്റ്റീൽ, അലുമിനിയം എന്നിവകൊണ്ടുള്ള പാത്രങ്ങൾ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

ചവർപ്പു മാറ്റൽ

വ്യത്യസ്ത വിഭവങ്ങൾ തയാറാക്കുമ്പോൾ ചവർപ്പു മാറ്റേണ്ടത് വ്യത്യസ്ത രീതികളിലാണ്. ജലാറ്റിൻ, പോളിവിനൈൽ പൈറോളിഡോൺ, സ്റ്റാർച്ച്, സ്റ്റാർച്ചിന്റെ വിവിധ രൂപങ്ങൾ എന്നിവയിലൊന്ന് നീരുമായി കലർത്തി ഇളക്കിയാണ് കറ നീക്കുക. മറ്റൊരു ലളിതമായ മാർഗം കഞ്ഞിവെള്ളം ചേർക്കുകയാണ്. ഒരു ലീറ്റർ നീരിന് ഒരു കപ്പ് കഞ്ഞിവെള്ളം (100 മി. ലീ.) ചേർത്ത് 12 മണിക്കൂർ അനക്കാതെ വയ്ക്കണം. ഇതേക്കുറിച്ച് കൂടുതലറിയാൻ തൃശൂർ മാടക്കത്തറയിലുള്ള കശുമാവ് ഗവേഷണകേന്ദ്രവുമായി ബന്ധപ്പെടണം. ഫോൺ : 0487—2370339.

കശുമാങ്ങകൊണ്ടു ചട്നി, ജാം, പാനീയങ്ങൾ, ജ്യൂസ്, കശുമാങ്ങ ശീതളപാനീയം, ക്യാൻഡി, വിന്നാഗിരി തുടങ്ങിയവയുണ്ടാക്കാം. പുളിപ്പിച്ചു മദ്യം, വീഞ്ഞ് എന്നിവയുമുണ്ടാക്കാം.