Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചോക്ലേറ്റ് വിപണിയിലേക്ക് മലയാളി ബ്രാൻഡുകൾ

c-t-kuruvilla-cococraft-chocolate സി.ടി. കുരുവിള കൊക്കോ കഫേയിൽ

കാഡ്ബറിയും നെസ്‍ലെയും പോലുള്ള സിംഹങ്ങൾ വാഴുന്ന ചോക്ലേറ്റ് ലോകത്തിൽ കുഞ്ഞന്മാരായ ഇന്ത്യൻ ബ്രാൻഡുകൾ ഗതിപിടിക്കുമോ എന്ന് മുൻപു പലരും സംശയിച്ചിരുന്നു. എന്നാൽ അതിവേഗം വളരുന്ന ഇന്ത്യൻ ഭക്ഷ്യസംസ്കരണ മേഖലയിൽ സ്വദേശി ചോക്ലേറ്റുകൾക്കും ഇടം ലഭിക്കുമെന്ന് അമൂലും പാ‍ർലേയും കാൻഡിമാനും ലോട്ടസും പോലുള്ള ബ്രാൻഡുകൾക്ക് തെളിയിക്കാൻ കഴിഞ്ഞു. ഈ നിരയിലേക്കാണ് കൊക്കോ ക്രാഫ്റ്റ്, ലിസോ തുടങ്ങി അര ഡസൻ മലയാളി ബ്രാൻഡുകളുടെ വരവ്.

നേവിയിൽനിന്ന് ഉയർന്ന റാങ്കിൽ വിരമിച്ച കൊച്ചി സ്വദേശി സി.ടി. കുരുവിള ചോക്ലേറ്റ് നിർമാണത്തിലേക്കു കടന്നിട്ട് എട്ടു വർഷമേ ആകുന്നുള്ള‍ൂ. അതിനു മുൻപ് പക്ഷേ, ചോക്ലേറ്റ് നിർമാണത്തിന്റെ കലയും ശാസ്ത്രവും ഹൃദിസ്ഥമാക്കാൻ കുരുവിള നീണ്ട വർഷങ്ങൾ ചെലവിട്ടു. ഒടുവിൽ കാക്കനാട് ഫാക്ടറി സ്ഥാപിച്ച് ഉൽപാദനം തുടങ്ങി.

വായിക്കാം ഇ - കർഷകശ്രീ

തിരഞ്ഞെടുത്ത ഏതാനും കർഷകരുടെ തോട്ടത്തിൽനിന്നു നേരിട്ടു പരിപ്പുവാങ്ങി സംസ്കരിച്ച് വൈവിധ്യമാർന്ന ചോക്ലേറ്റ് ഉൽപന്നങ്ങൾ കൊക്കോ ക്രാഫ്റ്റ് എന്ന ബ്രാൻഡിൽ കൊച്ചിയിലെ മുൻനിര സൂപ്പർ മാർക്കറ്റുകളിൽ വിപണനത്തിനെത്തിച്ചു. ഗുണനിലവാരത്തിൽ ഇന്ത്യയിൽ ലഭിക്കുന്ന ഏതു ചോക്ലേറ്റിനെക്കാളും മുന്തിയ ഉൽപന്നമാണു തന്റെ സ്വദേശി ചോക്ലേറ്റെന്ന് കുരുവിള.

മികച്ച പ്രതികരണം ലഭിച്ചതോടെ ചോക്ലേറ്റ് കഫേ എന്ന വ്യത്യസ്തമായ ഒരു സംരംഭവും അദ്ദേഹം കൊച്ച‍ിയിൽ തുടങ്ങി. ചോക്ലേറ്റ് വിഭവങ്ങൾ മാത്രം ലഭിക്കുന്ന കഫേ. രണ്ടുവർഷം മുൻപു തുടങ്ങിയ കഫേയിൽ ചോക്ലേറ്റ് രുചികൾ ആസ്വദിക്കാൻ കുട്ടികളും യുവാക്കളും ചോക്ലേറ്റ് കൗമാരം മനസ്സിലുള്ള മുതിർന്നവരുമെല്ലാം എത്തുന്നു. കേരളത്തിലെ സാധാരണക്കാരുടെ ഇടയിലും ചോക്ലേറ്റ് വിഭവങ്ങളോടുള്ള പ്രിയം ഏറിവരുന്നു എന്നതിന്റെ തെളിവാണ് കഫേയ്ക്കു ലഭിക്കുന്ന സ്വീകാര്യതയെന്നും കുരുവിള.

നിലവിൽ പല പ്രദേശങ്ങളിൽ നിന്നായി ഏതാണ്ട് 150 ഏക്കറിൽ നിന്നുള്ള കൊക്കോയാണ് ഇദ്ദേഹം സംഭരിക്കുന്നത്. നിഷ്കർഷിക്കപ്പെട്ട ഗുണമേന്മയോടെ പരിപ്പു നൽകുന്ന കർഷകർക്കു വിപണിവിലയേക്കാൾ ഇരുപതുശതമാനം അധികവിലയും നൽകുന്നു. 500 ഏക്കറിൽനിന്നുള്ള കൊക്കോയെങ്കിലും സംഭരിച്ച് ഉൽപാദനം വിപുലമാക്കാനുള്ള ആലോചനയിലാണ് ഇപ്പോൾ ഈ സംരംഭകൻ.

ബെൽജിയത്തിൽനിന്നു മുന്തിയ ഗുണനിലവാരമുള്ള ചോക്ലേറ്റ് നേരിട്ട് ഇറക്കുമതി ചെയ്ത് അവയെ വ്യത്യസ്ത രൂപങ്ങളിൽ മുറിച്ച് ആകർഷകമാക്കി ലിസോ എന്ന ബ്രാൻഡിൽ വിപണിയിലെത്തിക്കുന്ന മറ്റൊരു സംരംഭവും കൊച്ചിയിലുണ്ട്.

jacob-and-kishore-in-cocoa-farm ജേക്കബ് ജോയിയും കിഷോർ ജോർജും

ഓസ്ട്രേലിയ, ഇറ്റലി, ജർമനി എന്നീ രാജ്യങ്ങളിലെല്ലാം സഞ്ചരിച്ച് ചോക്ലേറ്റ് നിർമാണരഹസ്യങ്ങൾ സ്വായത്തമാക്കിയ കിഷോർ ജോർജും ജേക്കബ് ജോയിയുമാണ് സംരംഭകർ.

വിദേശങ്ങളിൽ ദീർഘകാലം കഴിഞ്ഞവർക്ക് തങ്ങൾ അവിടെ രുചിച്ച ബ്രാൻഡിന്റെ തന്നെ ചോക്ലേറ്റിന് ഇന്ത്യയിൽനിന്നു വാ‍ങ്ങുമ്പോൾ ഗുണമേന്മ പോരാ എന്നു തോന്നുന്നത് വാസ്തവം തന്നെയെന്ന് കിഷോർ. വിദേശത്ത് ആസ്വദിച്ച അതേ രുചിയും ഗുണവും നാട്ടിലും ലഭിച്ചെങ്കിലെന്ന് ഇവർ ആഗ്രഹിക്കുന്നുമുണ്ട്. ഇവർ മാത്രമല്ല, പ്രീമിയം ചോക്ലേറ്റ് രുചികൾ തേടുന്ന ഒരു സമൂഹം ഇന്ന് കേരളത്തിൽ രൂപപ്പെട്ടിട്ടുണ്ടെന്ന് ലിസോയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ റോയ്സൺ ലൂക്കും നിരീക്ഷിക്കുന്നു.

'ശുഭകാര്യങ്ങൾക്കു മുമ്പ് അൽപം മധുരം' എന്നതിനപ്പുറം ആകർഷകമായി പായ്ക്കു ചെയ്ത മുന്തിയ ചോക്ലേറ്റുകൾ സമ്മാനമായി നൽകുന്ന രീതി കേരളത്തിലും പ്രചാരം നേടുന്നു. ഇത്തരം വിപണന സാധ്യതകളാണ് തങ്ങളെ പ്രീമിയം ഉൽപന്നത്തിൽതന്നെ ശ്രദ്ധ കേന്ദ്ര‍ീകരിക്കാൻ പ്രേരിപ്പിച്ചതെന്നും ഈ സംരംഭകർ.

chocolate-liso സമ്മാനമായും ചോക്ലേറ്റ്

'ചോക്ലേറ്റ് സംരംഭത്തിലേക്കു പ്രവേശിക്കാൻ മുഖ്യമായും മൂന്നു വഴികളുണ്ട്. കൊക്കോ ബീൻസു വാങ്ങി ചോക്ലേറ്റ് നിർമിച്ച് വിപണിയിലെത്തിക്കുന്നതുവരെയുള്ള എല്ലാ ഘട്ടങ്ങളും ചേർന്നതാണ് ആദ്യവഴി. കൊക്കോ ലിക്വർ വാങ്ങി അവിടം മുതലും സംരംഭം തുടങ്ങാം. ഉന്നത നിലവാരമുള്ള വിദേശ ചോക്ലേറ്റ് ഇറക്കുമതി ചെയ്ത് ബ്രാൻഡ് ചെയ്ത് ഓരോ സന്ദർഭത്തിനുമിണങ്ങിയ വിവിധ ഉൽപന്നങ്ങളായി മാറ്റിയും വിപണിയിൽ പ്രവേശിക്കാം'. ആദ്യവഴിയാണ് തുടക്കത്തിൽ മനസ്സിൽ ഉണ്ടായിരുന്നതെങ്കിലും കേരളത്തിൽ ലഭ്യമാകുന്ന ബീൻസിന്റെ ഗുണനിലവാരത്തെക്കുറിച്ച് പഠിച്ചിട്ടില്ലാത്തതിനാൽ തുടക്കം മൂന്നാമത്തെ വഴിയിലൂടെയായെന്ന് കിഷോർ.

നൂറു ശതമാനം ശ്രദ്ധയോടെ പുളിപ്പിച്ചു സംസ്കരിച്ചെടുക്കുന്ന പരിപ്പ‍ിൽനിന്നേ മുന്തിയ ചോക്ലേറ്റ് നിർമിക്കാനാവൂ. ഇക്കാര്യത്തിൽ വൻകിട കമ്പനികൾപോലും കുറുക്കുവഴികളാണു തേടുന്നതെന്നു കിഷോർ പറയുന്നു. തങ്ങൾക്കു ബോധ്യപ്പെട്ട ബീൻസ് ലഭ്യമാകുന്ന നാവുകളിൽ നൂറു ശതമാനം സ്വദേശി ചോക്ലേറ്റ‍ുകൾ ലിസോ ബ്രാൻഡിൽനിന്നു പ്രതീക്ഷിക്കാമെന്നും വാഗ്ദാനം. ഏതായാലും ചോക്ലേറ്റ് പ്രേമം സമൂഹത്തിൽ കൂടുതൽ ആഴം നേടുന്നതിനാൽ കൊക്കോക്കൃഷിക്കു ഭാവി ഉറപ്പാണെന്ന കാര്യത്തിൽ ഇവർക്കും സംശയമില്ല.

ഒന്നു വ്യക്തം, കേരളത്തിൽ വേരുപിടിക്കുന്ന സ്വദേശി ബ്രാൻഡുകൾ ആഗ്രഹിക്കുന്നത് മികച്ച നിലവാരമുള്ള പരിപ്പ്തന്നെ. കൊക്കോ കർഷകരുടെ ശ്രദ്ധ പതിയേണ്ടതും ഈ വിഷയത്തിൽ.

വെബ്സൈറ്റ്:
(കൊക്കോ ക്രാഫ്റ്റ്): www.cocoacraft.in
(ലിസോ): www.liso.in