Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എലമെൻറ്സ് എക്സലന്റ്

elements-coconut-oil-products എലമെൻറ്സ് ഉൽപന്നങ്ങൾ

മികച്ച ബ്രാൻഡിലുള്ള ഒരു കുപ്പി വെളിച്ചെണ്ണയ്ക്ക് ഇപ്പോഴത്തെ വിപണിനിരക്കിൽ നിങ്ങൾ എന്തു വില നൽകും –100 രൂപ മുതൽ 150 രൂപ വരെ പറയുന്നവരായിരിക്കും കൂടുതൽ. എന്ന‍ാൽ ഒരു കുപ്പി (750 മില്ലി) വെളിച്ചെണ്ണയ്ക്ക് 240 രൂപ വിലയിട്ടാൽ എത്ര വലിയ ബ്രാൻഡ് ആയാലും മലയാളി തന്റെ കൈ പിന്നോട്ടു വലിക്കും. ഇങ്ങനെ കൈ വലിച്ച മലയാളിയെക്കൊണ്ട് വീണ്ടും ആ കുപ്പിയിൽ പിടിത്തമിടുവിക്കുകയാണ് വയനാട് സ്വദേശി ടോമി മാത്യുവും എലമെൻറ്സ് ബ്രാൻഡും. കേരളത്തിലെ 1200 കടകളിൽ ഇപ്പോൾ ഈ വിലയ്ക്ക് തങ്ങളുടെ വെളി‍ച്ചെണ്ണ വിൽക്കുന്നുണ്ടെന്നു ടോമി പറയുമ്പോൾ അമ്പടാ ഭയങ്കരാ എന്നു വിളിക്കുന്നവർ, അതിനു മുമ്പ് ടോമി വാങ്ങുന്ന തേങ്ങയുടെ വില കൂടി അറിയണം. കിലോയ്ക്ക് പത്തു രൂപയും പതിനഞ്ചു രൂപയുമൊക്കെ വിലയുള്ളപ്പോൾ പൊതിച്ച തേങ്ങ കിലോയ്ക്ക് 25 രൂപ നിരക്കിലാണ് ടോമി കൃഷിക്കാരിൽനിന്നു വാങ്ങിയത്. വിപണിവില 25ലധികമായാൽ മൂന്നു രൂപ കൂടുതൽ നൽകും. ഇപ്രകാരം കിലോയ്ക്ക് 41 രൂപ വരെ ഇവർ കൃഷിക്കാർക്ക് നൽകിയിട്ടുണ്ട്. മലബാറിലെ അയ്യായിരത്തോളം ജൈവകർഷകരുടെ തേങ്ങയ്ക്ക് വിപണിവില പരിഗണിക്കാതെ കുറഞ്ഞത് 25 രൂപ ടോമിയുടെ എലമെൻറ്സ് പ്രൈവറ്റ് ലിമിറ്റഡ് ഉറപ്പു നൽകിയിട്ടുണ്ട്. അതെന്തിനാണെന്നു ചോദിച്ചാൽ അത്രയെങ്കിലും വില കിട്ടിയാലേ നാളികേര കൃഷി ആദായകരമാവൂ എന്നാണ് ടോമിയുടെ മറുപടി. ചെറുകിട കർഷകന് ഉൽപാദനച്ചെലവിന് ആനുപാതികമായി വില നൽകണമെന്ന ഫെയർ ട്രേഡ് ആശയങ്ങളാണ് ഇക്കാര്യത്തിൽ ടോമിക്കു വഴികാട്ടി.

വായിക്കാം ഇ - കർഷകശ്രീ

elements-coconut-oil-factory വെളിച്ചെണ്ണ കുപ്പികളിൽ നിറയ്ക്കുന്നു

ജൈവ ഉൽപന്നങ്ങൾക്കു മാത്രമായി രാജ്യത്ത് ആദ്യമായി ആരംഭിച്ച കട (ഓർഗാനിക് സ്റ്റോർ) യാണ് കോഴിക്കോട് നഗരത്തിലെ എലമെൻറ്സ് ഓർഗാനിക് സ്റ്റോർ എന്ന് ടോമി ചൂണ്ടിക്കാട്ടി. ജൈവകൃഷി ഒരുകൂട്ടം പുരോഗമന ചിന്താഗതിക്കാരുടെ നടക്കാത്ത സുന്ദരസ്വപ്നമായിരുന്ന അക്കാലത്ത്, ജൈവ ഉൽപന്നങ്ങൾ എവിടെ കിട്ടുമെന്നും ആരു വാങ്ങുമെന്നുമുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുള്ള ശ്രമമായിരുന്നു തന്റേതെന്നു ടോമി പറയുന്നു. പരിമിത വിഭവങ്ങളുമായി ആരംഭിച്ച ഈ സംരംഭം ഇന്നു ജൈവരീതിയിൽ ഉൽപാദിപ്പിക്ക‍ുന്ന എല്ലാത്തരം ഭക്ഷ്യവിഭവങ്ങളും വിൽക്കുന്ന രണ്ടു കടകളും വിദേശ വ്യാപാരവുമൊക്കെയായി വളർന്നു കഴിഞ്ഞു. രണ്ടു വർഷം മുമ്പ് ആഭ്യന്തരവിപണിയിൽ ചില്ലറ വ്യാപാരം ആരംഭിച്ച എലമെൻറ്സിനു വെളിച്ചെണ്ണ, വിർജിൻ കോക്കനട്ട് ഓയിൽ, കശുവണ്ടി, കാപ്പിപ്പൊടി എന്നീ ഉൽപ‍ന്നങ്ങളുമുണ്ട്. എല്ലാം കേര‍ളത്തിലെ ജൈവസാക്ഷ്യപത്രമുള്ള കൃഷിയിടങ്ങളിൽനിന്നുള്ളത്. പലസ്തീൻ കർഷകരോട് ഐകൃദാർഢ്യം പ്രകടിപ്പിച്ച് അവിടുത്തെ ചെറുകിട കർഷകർ ഉൽപാദിപ്പിക്കുന്ന കാനാൻ ഒലിവെണ്ണയും ഇവർ വിപണനം നടത്തുന്നു.

കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിലായി പ്രവർത്തിക്കുന്ന ഫെയർട്രേഡ് അലയൻസ് കേരള എന്ന കർഷക പ്രസ്ഥാനവുമായുള്ള സഖ്യമാണ് എലമെൻറ്സിന്റെ കരുത്ത്. മുൻകൂട്ടി നിശ്ചയിച്ച വിലയനുസരിച്ച് ഈ സംഘടനയിൽ നിന്നു വാങ്ങ‍ുന്ന ജൈവോൽപന്നങ്ങളുടെ സംസ്കരണത്തിനും ജൈവ സാക്ഷ്യപത്രം നേടി വിശ്വാസ്യത ഉറപ്പാക്കാൻ ടോമിക്കു കഴിയുന്നുണ്ട്. കശുവണ്ടിയും കാപ്പിപ്പൊടിയും സംസ്കരിക്കുന്നത് പുറംജോലിക്കരാറായി രണ്ടു സ്ഥാപനങ്ങളെ ഏൽപിച്ചിരിക്കുകയാണ്. ജൈവ സാക്ഷ്യപത്രം നൽകിയ ഏജൻസിയുടെ നിരീക്ഷണം ഇവിടങ്ങളിലുമുണ്ടാവും. കണ്ണൂർ ഉളിക്കലിലെ സ്വന്തം ആസ്ഥാനത്താണ് നാളികേര സംസ്കരണം. ഏറ്റവും മികച്ച സംവിധാനങ്ങളും സാങ്കേതികവിദ്യയുമുപയോഗിച്ച് ഇവിടെ നിർമിക്കുന്ന വെളിച്ചെണ്ണയുടെയും വിർജിൻ കോക്കനട്ട് ഓയിലിന്റെയും മികവ് അനന്യമാണ്. താപനില 45 ഡിഗ്രിയിലധികമാകാതെ നിർമിക്കുന്നുവെന്നതും സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടുള്ള യന്ത്രസംവിധാനങ്ങൾ മാത്രം ഉപയോഗിക്കുന്നുവെന്നതുമൊക്കെയാണ് ഈ ഗുണനിലവാരത്തിന്റെ രഹസ്യങ്ങൾ. തേങ്ങാപ്പാൽ കടഞ്ഞെടുത്താണ് വിർജിൻ കോക്കനട്ട് ഓയിൽ വേർതിരിക്കുന്നത്. ഇപ്രകാരം കിട്ടുന്ന എണ്ണയുടെ അളവ് കുറവും നിലവാരം കൂടുതലുമായിരിക്കും.

പത്തുവർഷമായി ജൈവസാക്ഷ്യപത്രമുള്ള കശുവണ്ടിയും കാപ്പിക്കുരുവും വെളിച്ചെണ്ണയുമൊക്കെ എലമെൻറ്സ് കയറ്റുമതി ചെയ്യുന്നു. കഴിഞ്ഞ വർഷം ആകെ 41 കോടി രൂപയിലധികം വിറ്റുവരവ് നേടിയ കമ്പനിയുടെ കയറ്റുമതി വരുമാനം മാത്രം 28 കോടി രൂപയാണ്. 2001–'02ൽ മൂന്നര ലക്ഷം രൂപ മാത്രമായിരുന്നു എലമെന്റ്സിന്റെ വിറ്റുവരവ് എന്നറിയുമ്പോൾ ജൈവവിപണിയിലെ വളർച്ചാസാധ്യത വ്യക്തമാവും. ജൈവ ഉൽപന്നങ്ങൾക്ക് വർധിച്ചുവരുന്ന ആവശ്യം മനസ്സിലാക്കിയാണ് കേരളത്തിൽ ചില്ലറ വിൽപന ആരംഭിച്ചത്. കഴിഞ്ഞ വർഷം രണ്ടു കോടി രൂപയുടെ ജൈവ വെളിച്ചെണ്ണ ഇവർ കേരളത്തിൽ ചില്ലറ വിൽപന നടത്തി.

വിദേശ വിപണിയിലെ സവിശേഷപരിഗണന കേരളത്തിലും നേടാൻ ഇവരെ സഹായിക്കുന്നത് ഉയർന്ന ഗുണനിലവാരമാണ്. ചെലവ് പരിഗണിക്കാതെയുള്ള നിലവാരസംരക്ഷണത്തിനുള്ള മികച്ച ഉദാഹരണം എലമെൻറ്സിന്റെ വെളിച്ചെണ്ണക്കുപ്പി തന്നെ.

ഇന്ത്യയിൽ മറ്റാരും ചില്ലുകുപ്പികളിൽ വെളിച്ചെണ്ണ വിപണിയിലെത്തിക്കുന്നില്ലെന്നു ചൂണ്ട‍ിക്കാണിച്ചപ്പോൾ മറ്റൊരു രാജ്യത്തും ഉത്തരവാദിത്തമുള്ള കമ്പനികൾ ഭക്ഷ്യഎണ്ണ പ്ലാസ്റ്റിക് പാത്രങ്ങളിൽ വിൽക്കില്ലെന്നായിരുന്നു ടോമിയുടെ മറുപടി. താപനില വർധിക്കുമ്പോൾ എണ്ണയും പ്ലാസ്റ്റിക്കുമായി പ്രതിപ്രവർത്തിച്ച് അർബുദമുണ്ട‍ാക്കുന്ന സംയുക്തങ്ങൾ രൂപംകൊള്ളുമെന്നതിനാലാണിത്. നിലവാരത്തിലുള്ള ഈ കടുംപിടിത്തംകൊണ്ടു തന്നെ തങ്ങളുടെ വെളിച്ചെണ്ണ ഒരിക്കൽ ഉപയോഗിച്ചവർ വീണ്ടും അതു തേടിയെത്തുന്നുണ്ടെന്ന് കമ്പനി ജനറൽ മാനേജർ ലിജിൻ പറഞ്ഞു. കഴിഞ്ഞ വർഷം ആകെ 400 ടൺ കൊപ്രയാണ് ഇവർ കൃഷിക്കാരിൽനിന്നു വാങ്ങിയത്.

ഫെയർട്രേഡ് എന്ന ആശയം വിദേശികളുടെ ഔദാര്യമെന്നതിനപ്പുറം ആഭ്യന്തരവിപണിയിലും നടപ്പാക്കാനുള്ള ശ്രമവും എലമെൻറ്സ് തുടങ്ങിക്കഴിഞ്ഞു. അരലക്ഷം രൂപയിലേറെ മാസവരുമാനമുള്ള പത്തു ലക്ഷത്തിലധികം കുടുംബങ്ങൾ കേരളത്തിലുണ്ടെന്ന് ടോമി ചൂണ്ടിക്കാട്ടി. നിലവാരമുള്ള ഉൽപന്നങ്ങൾക്ക് അധികവില നൽകാൻ ശേഷിയുള്ള ഇവരെ ഉത്തരവാദിത്തമുള്ള ഉപഭോക്താക്കളാക്കാനാണ് ശ്രമം. ഈ വിഭാഗത്തിൽ പത്തു ശതമാനമെങ്കിലും– ഒരു ലക്ഷം കുടുംബങ്ങൾ– ചെറുകിട കർഷകരുടെ ജൈവ ഉൽപന്നങ്ങൾക്ക് അധികവില നൽകാൻ തയാറായാൽ വയനാട്ടിലെ നെൽവയലുകൾ മുഴുവൻ വിഷരഹിതമായും ആദായകരമായും സംരക്ഷിക്കാമെന്നു ടോമി ചൂണ്ടിക്കാട്ടി.

ഈ ആശയത്തിന്റെ പ്രചരണത്തിനായി സംസ്ഥാനത്തെമ്പാടുമായി 250 ഫെയർ ഫുഡ് സർക്കിളുകൾ രൂപീകരിക്കാൻ ഒരുങ്ങുകയാണ് എലമെൻറ്സ്. ക്രയശേഷി കൂടിയ 50–100 ഉപഭോക്താക്കളുടെ കൂട്ടായ്മകളാണ് ഇവ. നഗരങ്ങൾതോറും രൂപീകരിക്കുന്ന ഈ സർക്കിളുകൾക്ക് നിശ്ചിത അളവിൽ ജൈവ അരിയും വെളിച്ചെണ്ണയും മറ്റും കമ്പനി മാസംതോറും എത്തിക്കും. ഏറ്റവും മികച്ച നിലവാരത്തിലുള്ള ഈ ഉൽപന്നങ്ങൾക്കായി അധികവില നൽകാനുള്ള ഉത്തരവാദിത്തം നമ്മുടെ ഉപഭോക്തൃസമൂഹം കാണിക്കുമെന്നാണ് ടോമിയുടെ പ്രതീക്ഷ. കൃഷിക്കാരനോട് വില പേശരുതെന്നു ഫേസ്ബുക്കിൽ പോസ്റ്റിടുന്നവർക്ക് ഈ ശ്രമത്തെ പിന്തുണയ്ക്കാവുന്നതാണ്.

ഫോൺ– 0495 2765783 

Your Rating: