Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആത്മവിശ്വാസം അതല്ലേ എല്ലാം

saraswathi-with-fairness-oil ഫെയർനെസ് ഓയിൽ ബോട്ടിലിലാക്കുന്ന സരസ്വതി

ചെറുകിട സംരംഭം തുടങ്ങാൻ ഇരുപത്തിയഞ്ചു ലക്ഷം രൂപ വായ്പ ആവശ്യപ്പെട്ട‍ുള്ള സരസ്വതിയു‌ടെ അപേക്ഷ ബാങ്ക് മാനേജർ തള്ളിയത് അപേക്ഷകയു‌ടെ പ്രായക്കൂടുതൽ ചൂണ്ടിക്കാട്ടിയാണ്. എന്നാൽ പ്രായം സപ്തതിയിലേക്ക് എത്തുന്നതൊന്നും കുമളി അഞ്ചാംമൈൽ പുന്നക്കാട്ട് വീട്ടിൽ സരസ്വതിയുടെ ആത്മവിശ്വാസത്തിനു തെല്ലും മങ്ങലേൽപിക്കുന്നില്ല. പൂക്കളിൽനിന്നു സൗന്ദര്യവർധക തൈലം നിർമിക്കുന്നതാണ് സരസ്വതിയുടെ സംരംഭം. നിർമാണവും വിപണനവുമെല്ലാം ഒറ്റയ്ക്ക്. അതും, ഓൺലൈൻ സൈറ്റ‍ുകൾ വഴിയുള്ള ന്യൂജെൻ വിപണനം ഉൾപ്പെടെ.

പേരക്കുട്ടിക്കു നിറം കുറവാണെന്നു തോന്നിയപ്പോഴാണ് പാരമ്പര്യ അറിവുകളും സ്വന്തം പരീക്ഷണബുദ്ധിയും ചേർത്തുവച്ച് സരസ്വതി നാടൻ പൂക്കളിൽനിന്നു ഫെയർനെസ് ഓയിൽ നിർമിക്കുന്നത്.

പഴയ കൈപ്പുണ്യം പുതിയ കുപ്പിയിലാക്കിയപ്പോൾ മികച്ച ഫലമാണ് ലഭിച്ചതെന്നു സരസ്വതി. സംഗതി കൊള്ളാമെന്നു കേട്ട് പരിചയക്കാരും നാട്ടുകാരും സമീപിച്ചതോടെ ഉൽപാദനം വർധിപ്പ‍ിച്ചു. എറണാകുളം വിട്ട് കുടുംബം കുമളിയിലെ ഗ്രാമാന്തരീക്ഷത്തിൽ സ്വസ്ഥമായപ്പോൾ ഒരു വീട് വാടകയ്ക്കെടുത്ത് ഔഷധനിർമാണത്തിനു സൗകര്യമൊരുക്കി. തിരുവനന്തപുരത്തുള്ള ഔഷധ ഗുണമേന്മ പരിശോധനാ ലാബിൽ കൊണ്ടുപോയി തന്റെ ഉൽപന്നത്തിന്റെ ഗുണനിലവാരം ഉറപ്പിക്കാനും വ്യവസായവകുപ്പിന്റെ റജിസ്ട്രേഷൻ വാങ്ങാനുമെല്ലാം മുന്നിട്ടിറങ്ങിയതും സരസ്വതി ഒറ്റയ്ക്ക്.

നാടൻ റോസാപ്പ‍ൂവാണ് സരസ്വതിയുടെ ജ്യോതിഷ ഫെയർനെസ് ഓയിലിന്റെ മുഖ്യഘടകം. ജമന്തി, മുല്ല, ചെമ്പകം, ചെത്തി, അരളി, അശോകം എന്നിങ്ങനെ വേറെയുമുണ്ട് പൂക്കൾ. കൂട്ടത്തിൽ ഏറ്റവും വിലപിടിച്ചത് കുങ്കുമപ്പ‍ൂവുതന്നെ. തേന്മെഴുക്, കസ്തൂരിമഞ്ഞൾ, ചന്ദനം തുടങ്ങി ഉപഘടകങ്ങൾ വേറെ. എല്ലാം യഥാവിധം സംയോജിപ്പിച്ച് വെളിച്ചെണ്ണയിൽ കാച്ച‍ിയെടുത്താണ് ഉൽപന്നം തയാറാക്കുന്നത്. ബാച്ചിൽ 50 ലീറ്റർ ഉൽപാദനം.

വായിക്കാം ഇ - കർഷകശ്രീ 

കടകൾ വഴി വിൽക്കുന്ന പതിവില്ല. ആവശ്യക്കാർ ഒട്ടുമുക്കാലും പരിചയക്കാർ തന്നെ. കേരളത്തിലെ ചില പ്രമുഖ ഫെയർനെസ് ഓയിൽ നിർമാതാക്കൾ സരസ്വതിയുടെ പക്കൽനിന്നു വാങ്ങി സ്വന്തം നിലയ്ക്കു ബ്രാൻ‍‍ഡ് ചെയ്തു വിൽക്കുന്നുമുണ്ട്. രണ്ടു ബാച്ച് വിറ്റഴിക്കുമ്പോൾ ചുരുങ്ങിയത് ഒരു ലക്ഷം രൂപ ലാഭം.

ഇങ്ങനെയുള്ള പാരമ്പര്യ അറിവുകൾ പ്രയോജനപ്പെടുത്തിയാൽ വൻകിട സൗന്ദര്യവർധക കമ്പനികളുടെ ഉൽപന്നങ്ങളെ പിന്നിലാക്കുന്ന പലതും വിപണിയിലെത്തിക്കാമെന്ന് ഈ സംരംഭക പറയുന്നു. സാധാരണക്കാരായ വീട്ടമ്മമാരുൾപ്പെടെ ഒട്ടേറെപ്പേർക്ക് സംരംഭകരായി വളരുകയും ചെയ്യാം.

ഒറ്റക്കാര്യം മാത്രം പക്ഷേ ഓർമയിൽ വേണമെന്നു സരസ്വതി, 'പാരമ്പര്യവിജ്ഞാനത്തിൽ വെള്ളം ചേർക്കരുത്. വാങ്ങൽശേഷി വർധിച്ചി‌ട്ടുള്ളതിനാൽ ആളുകൾ ഇന്നു നോക്കുന്നത് വിലയല്ല, ഉൽപന്നത്തിന്റെ ഗുണമേന്മയാണ്'. വേരിക്കോസ് രോഗികൾക്കായി ജമന്തിപ്പൂവ് മുഖ്യ ചേരുവയായുള്ള പുതിയ നാട്ടുമരുന്നിന്റെ വിപണനത്തിലേക്കു കൂടി കടക്കുകയാണ് സരസ്വതി.

'പ്രായം കൂടി വരുന്നതുകൊണ്ടാവും കാലിന് അൽപം ബലക്കുറവുണ്ട്. അതുകൊണ്ടു യാത്ര മിക്കവാറും ഓട്ടോറിക്ഷയിലാണ്. 50 രൂപയുടെ പൂവു വാങ്ങാൻ 450 രൂപ മുടക്കി കട്ടപ്പനവരെ ഓട്ടോ വിളിച്ചു പോയിട്ടുണ്ട്. മികച്ച ഡിമാൻഡുള്ളതുകൊണ്ടും ഉൽപന്നത്തിന്റെ നിലവാരം ചോരരുത് എന്നു നിർബന്ധമുള്ളതിനാലും പണവും പ്രായവുമൊന്നും നോക്കാറില്ല', സരസ്വതിയുടെ വാക്കുകളിൽ സ്വന്തം സംരംഭത്തിന്റെ ഭാവിയെക്കുറിച്ചും നല്ല ധൈര്യം. ബാങ്കുകാർക്ക് ഇനിയെങ്കിലും അൽപം ധൈര്യമുണ്ടാവുമെന്ന പ്രതീക്ഷ ഈ സംരംഭകയ്ക്കുണ്ട്.

ഫോൺ: 9388742722 

Your Rating: