Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഹൃദ്യം' ഈ വിഭവങ്ങൾ

housewives-with-products വിഭവ വൈവിധ്യങ്ങളുമായി വീട്ടമ്മമാർ

വീട്ടുവളപ്പിലെ മാവും പ്ലാവും പപ്പായയുമൊക്കെ മരമൊടിയുന്ന വിധത്തിൽ കായ്പിടിച്ചാൽ എന്തു ചെയ്യും. ഒരു മത്തൻ കറിവച്ചാൽ ഒമ്പതു നേരം കൂട്ടുന്ന അണുകുടുംബങ്ങളായി നാം ശോഷിച്ചത് വിളകൾക്കറിയില്ലല്ലോ? ബാക്കി പഴുത്തു വീണു പോവുമ്പോൾ കഷ്ടമെന്നു പറയുന്നതിനപ്പുറം അവ സംസ്കരിച്ച് മറ്റുള്ളവർക്ക് പങ്കുവയ്ക്കുകയും വരുമാനമുണ്ടാക്കുകയുമല്ലേ വേണ്ടത്? പ്രകൃതി കനിഞ്ഞു തരുന്ന വിഭവങ്ങളെ പാഴാക്കാൻ മനസ്സില്ലാത്തവർക്ക് മാതൃകയാവുകയാണ് കുന്നംകുളത്തെ വീട്ടമ്മമാർ.

വായിക്കാം ഇ - കർഷകശ്രീ

നൂറോളം പേരാണ് പഴങ്ങളും പച്ചക്കറികളും മൂല്യവര്‍ധന വരുത്താൻ ഇവിടെ പരിശീലനം നേടിയിട്ടുള്ളത്. കുന്നംകുളം ഗവ. പോളിടെക്നിക് കോളജിലെ 'സാമൂഹിക വികസനം പോളിടെക്നിക്കുകളിലൂടെ' പദ്ധതിപ്രകാരമായിരുന്നു ഇത്. അവരോടൊപ്പം കേരള കാർഷിക സർവകലാശാലയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്നപ്പോൾ അതൊരു സംരംഭമുന്നേറ്റമായി മാറി. 32 ഉൽപന്നങ്ങളാണ് ഇവർ വിപണിയിലെത്തിക്കുന്നത്. നാടൻ വിളകളിൽനിന്നും വിഷാംശമില്ലാതെയുണ്ടാക്കുന്ന അലുവയും അച്ചാറും കട്‌ലറ്റുമൊക്കെ സൂപ്പറാണെന്ന് വീട്ടുകാരും നാട്ടുകാരുമൊക്കെ പറഞ്ഞതോടെ സംരംഭകർക്ക് ആത്മവിശ്വാസമായി. തനതുരീതിയിൽ ഇവ വിപണനം നടത്താനായുള്ള ഉദ്യമം 'ഹൃദ്യ'മെന്ന പേരിൽ ക്രമേണ കരുത്തു നേടി. കുന്നംകുളത്തങ്ങാടിയിലെ ഈ രുചിവിപ്ലവത്തിനു ചേംബർ ഓഫ് കൊമേഴ്സിന്റെയും ലയൺസ്, റോട്ടറി ക്ലബുകളുടെയും ധാർമിക പിന്തുണയുണ്ടായിരുന്നു.

വീടുകളിൽ വിളയുന്നതിൽ തരിപോലും പാഴാക്കാനാവില്ലെന്ന ആദർശമാണ് ഇവരെ നയിക്കുന്നത്. ജാമും സ്ക്വാഷും പൊടികളുമായി അവ മൂല്യവര്‍ധനയുടെ പടി കയറുന്നു. ഓട്ടുരുളിയിൽ പാകപ്പെടുന്നതിനുള്ള ഊഴം കാത്തിരിക്കുന്ന വിളകളിൽ മത്തനും കുമ്പളവും വാഴപ്പഴവും പപ്പായയുമൊക്കെയുണ്ട്. നെയ്യോ തേങ്ങാപ്പാലോ ചേർത്ത് വേണ്ടത്ര മധുരത്തിൽ വെന്തിറങ്ങുമ്പോൾ ഹൽവയായി. പന്തയം വച്ചാൽ പോലും പറയാനാകില്ല ഇതിന്റെ രസക്കൂട്ട്. കിലോയ്ക്ക് 300 രൂപ നിരക്കിൽ ചൂടപ്പം പോലെയാണ് ഹൽവയുടെ ആറു രുചിഭേദങ്ങൾ ഇവിടെ വിറ്റഴിയുന്നത്. അത്ര പരിചിതമല്ലാത്ത ഇടിച്ചക്ക അച്ചാറിൽ തുടങ്ങി തക്കാളി, ബീറ്റ്റൂട്ട്, ജാതിക്ക, കാരറ്റ്, പൈനാപ്പിൾ, മാങ്ങ, നാരങ്ങ, നെല്ലിക്ക, വടുകപ്പുളി, പാവയ്ക്ക, വെളുത്തുള്ളി അച്ചാറുകൾവരെ ഇവർ നിർമിക്കുന്നു. അൾസർ മുതൽ കാൻസർ വരെയുള്ള രോഗങ്ങൾക്കിടയാക്കുന്ന ഭക്ഷ്യസംരക്ഷകങ്ങളോ കൃത്രിമനിറങ്ങളോ ചേർക്കാതെയാണ് അച്ചാറുണ്ടാക്കുന്നത്. ഫുഡ്ഗ്രേഡ് സാമഗ്രികളുപയോഗിച്ചുള്ള പായ്ക്കിങ്ങിലൂടെ തങ്ങളുടെ ഉൽപന്നങ്ങൾക്ക് നല്ല ലുക്ക് നൽകാനും കഴിയുന്നുണ്ട്. അടുത്ത നിര പൊടികളുടേതാണ്–ചമ്മന്തിപ്പൊടി, അവുലോസ് പൊടി, സാമ്പാർ പൊടി എന്നിങ്ങനെ. ഇലുമ്പൻ പുളിയടക്കമുള്ളവ സ്ക്വാഷാക്കുന്നു. മുന്തിരിക്കും പൈനാപ്പിളിനുമൊപ്പം മറ്റ് പഴങ്ങളും ചേർത്താണ് ജാമുണ്ടാക്കുന്നത്.

jyothi-sethu ജ്യോതി സേതു

ഭക്ഷ്യസംരക്ഷകങ്ങൾ ചേർക്കാത്ത ഉൽപന്നനിർമാണം വെല്ലുവിളിയായി സ്വീകരിച്ചിരിക്കുകയാണെന്ന് പോളിടെക്നിക് കോളജിലെ കമ്യൂണിറ്റി ഡവലപ്മെന്റ് കൺസൾ‌ട്ടന്റ് ഇ. ശിവശങ്കരൻ പറഞ്ഞു. ഇത്തരം ഉൽപന്നങ്ങൾക്ക് സൂക്ഷിപ്പുകാലം കുറവായിരിക്കും. ഫ്രിഡ്ജിൽ സൂക്ഷിച്ചാല്‍പോലും പരമാവധി മൂന്നുമാസത്തിനകം ഉപയോഗിച്ചു തീർക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ചെറിയ അളവിലാണ് പായ്ക്കിങ്. കേരള കാർഷിക സർവകലാശാലയുടെയും ഭക്ഷ്യസുരക്ഷാവകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയുമൊക്കെ പരിശീലനവും ഈ വീട്ടമ്മമാരുടെ മികവിനു പിന്നിലുണ്ട്. പാലക്കാട്, മലപ്പുറം, ജില്ലകളിലെ വനിതകളും ഇവിടുത്തെ പരിശീലനം നേടിയതായി കോളജ് പ്രിൻസിപ്പലും പദ്ധതിയുടെ കോ ഓർഡിനേറ്ററുമായ എം.കെ. ഷീബ പറഞ്ഞു. കേന്ദ്ര മാനവശേഷി വിഭവമന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് ഔപചാരികവിദ്യാഭ്യാസത്തിനു പുറത്തുള്ളവർക്കായി ഇത്തരം പരിശീലനങ്ങൾ നൽകുന്നത്. തുടർപരിശീലനത്തിനുള്ള മാർഗനിർദേശങ്ങൾ നൽകാൻ ശ്രദ്ധിക്കാറുണ്ടെന്നും ഷീബ പറഞ്ഞു.

ഫോൺ: 9349006018 (ശിവശങ്കരൻ)