Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതം പറിച്ചു നട്ട യന്ത്രം

haritha-thozhil-sena-cheerakuzhy2 ചീരക്കുഴിയിലെ ഹരിത തൊഴിൽസേന ഞാറുനടാനൊരുങ്ങുന്നു

അഞ്ചു വർഷം മുമ്പ് പാലക്കാട് കൃഷി വിജ്ഞാനകേന്ദ്രത്തിൽ നിന്നു വാടകയ്ക്കെടുത്ത ഞാറുനടീൽയന്ത്രവുമായി തുടങ്ങ‍ുമ്പോൾ കിഴക്കഞ്ചേരി ചീരക്കുഴിയിലെ ഹരിത തൊഴിൽസേന പ്രവർത്തകർ അറിഞ്ഞില്ല തങ്ങളുടെ ജീവിതംതന്നെ പുതിയൊരു തലത്തിലേക്കു പറിച്ചുനടുകയാണെന്ന്. പിന്നീട് ആകെ പത്തു ലക്ഷം രൂപ മുടക്കി നാല് ഞാറുനടീൽയന്ത്രങ്ങൾ കൂടി സ്വന്തമാക്കിയ സംഘത്തിനു പാലക്കാട് ജില്ലാ പഞ്ചായത്ത് 13 ലക്ഷം രൂപ വിലയുള്ള വലിയ ട്രാൻസ്പ്ലാൻറർകൂടി സമ്മാനിച്ചു. വാടകയ്ക്കെടുത്ത യന്ത്രമുപയോഗിച്ചു പണിതു നേടിയ അഞ്ചു ലക്ഷം രൂപയാണ് ആദ്യത്തെ രണ്ടു മെഷീനുകൾ വാങ്ങാൻ ഉപയോഗിച്ചതെന്നു സംഘം സെക്രട്ടറി ശോഭാ മോഹൻ. അംഗങ്ങൾക്ക് 350 രൂപ മുതൽ 500 രൂപ വരെ വേതനം നൽകിയശേഷം കിട്ടിയ തുകയാണിത്. കൂടുതൽ പ്രവർത്തനശേഷിയുള്ള നടീൽയന്ത്രത്തിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ കൂലിയുണ്ട്. സീസണിൽ പുറത്തുനിന്നു വിളിക്കുന്ന പുരുഷന്മാരായ മെഷീൻ ഓപ്പറേറ്റർമാർക്ക് 1000 രൂപ കൂലി നൽകും. രാത്രി വരെ കൂടുതൽ സമയം ജോലി ചെയ്യുന്നതു പരിഗണിച്ചാണ് ഇവർക്ക് ഉയർന്ന വേതനം നൽകുന്നത്.

ഒരു ഏക്കറിനു വേണ്ട ഞാറ്റടി തയാറാക്കി നട്ടുകൊടുക്കുന്നതിന് 3500 രൂപയാണ് സംഘം ഈടാക്കുക. സംരംഭമെന്ന നിലയിൽ തങ്ങളുടെ പ്രവർത്തനം വിജയകരമാണെന്നും ഭാവിയെക്കുറിച്ച് നല്ല പ്രതീക്ഷ മാത്രമാണുള്ളതെന്നും മുപ്പത് സ്ത്രീകളുടെ സംഘത്തിന്റെ കോ ഓർഡിനേറ്ററും ഏക പുരുഷാംഗവുമായ ബാബു ചീരക്കുഴി പറഞ്ഞു. പാലക്കാട് കൃഷി വിജ്ഞാനകേന്ദ്രത്തിൽ (കെവികെ) നിന്നു യന്ത്രവും പരിശീലനവും ലഭിച്ചതുകൊണ്ടാണ് ഇതൊക്കെ സാധ്യമായതെന്ന് പ്രസിഡന്റ് ശാരദ കൂട്ടിച്ചേർത്തു.

‌സെപ്റ്റംബർ, ഒക്ടോബർ, ഡിസംബർ മാസങ്ങളിലെ സീസണിൽ മുപ്പതംഗ സംഘത്തിനു സ്വന്തമായുള്ള അഞ്ച് ഞാറുനടീൽയന്ത്രങ്ങൾ തികയാറില്ല. സർക്കാരിന്റെ കസ്റ്റംഹയറിങ് സെന്ററുകളിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമൊക്കെയായി 15 യന്ത്രങ്ങളെങ്കിലും വാടകയ്ക്കെടുത്താണ് സീസണിൽ ജോലി പൂർത്തിയാക്കുന്നത്. ഇത്രയേറെ ഡിമാൻഡ് ഉള്ളതുകൊണ്ടുതന്നെ അറ്റാദായം പുതിയ യന്ത്രങ്ങൾക്കായി ചെലവാക്കാൻ ഹരിത പ്രവർത്തകർക്കു പേടിയില്ല. എല്ലാ വർഷവും പുതിയ യന്ത്രങ്ങൾ വാങ്ങി പരമാവധി പ്രവർത്തനശേഷി കൈവരിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ വർഷം 35 ലക്ഷം രൂപ വരുമാനമുണ്ടാക്കിയ സംഘ‍ം മികച്ച വേതനത്തിനു പുറമേ, അംഗങ്ങൾക്ക് ഒട്ടേറെ ആനുകൂല്യങ്ങളും നൽകുന്നു. ചികിത്സ, വിനോദയാത്ര, വിവാഹം, ആഘോഷങ്ങൾ എന്നിവയൊക്കെ ഏറെ പണം മുടക്കി തന്നെ നടത്തുന്നു. രണ്ടു സ്ത്രീകൾക്ക് ആയാസരഹിതമായി പ്രവർത്തിപ്പിക്കാവുന്ന യാൻമർ മെഷീനാണ് ഈ തൊഴിലാളികളുടെ ഇഷ്ടയന്ത്രം. ഇരുന്നോടിക്കാവുന്ന വലിയ നടീൽയന്ത്രത്തിനു പ്രവർത്തനശേഷി കൂടുമെങ്കിലും കൈകാര്യം ചെയ്യാൻ കൂടുതൽ ആൾബലം വേണം. ഇവ വാങ്ങുന്നതിനു സർക്കാർ പല ആനുകൂല്യങ്ങളും നൽകുന്നുണ്ടെങ്കിലും ഒരു യന്ത്രത്തിനു മാത്രമാണ് ഇതുവരെ സബ്സിഡി കിട്ടിയത്. കാർഷിക എൻജിനീയറിങ് വിദഗ്ധരല്ലാത്തവർ തീരുമാനമെടുക്കുന്നതു മൂലം മെച്ചപ്പെട്ട നടീൽയന്ത്രങ്ങൾക്കു സബ്സിഡി കിട്ടാത്ത അവസ്ഥയുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.

ഫോൺ– 9447381688