Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെങ്ങിന്റെ വക്കീൽ

kv-mohanan-with-coconut-tree കേരാടെക്കിന്റെ തോട്ടത്തിൽ അഡ്വ. കെ.വി മോഹനൻ

ഹൈക്കോടതിയിൽ മികച്ച പ്രാക്ടീസുണ്ടായിരുന്ന അഡ്വ. കെ.വി മോഹനൻ വക്കീൽ കുപ്പായം അഴിച്ചുവച്ച് നാളികേരത്തിനുവേണ്ടി വാദിക്കാനിറങ്ങുന്നത് 2004ൽ. നാൽപ്പത്തിയൊന്നാം വയസ്സിലാണു മോഹനൻ എൽഎൽബിക്കു ചേരുന്നത്; അതും മക്കളുടെ പ്രായമുളള കുട്ടികൾക്കൊപ്പം റഗുലർ കോഴ്സിൽ.

എൻറോൾ ചെയ്ത് പ്രാക്ടീസ് തുടങ്ങി അധികം വൈകാതെ കോടതി വിട്ട് മൂല്യവർധിത നാളികേരവ്യവസായത്തിലേക്ക്. ഇന്ന്, വിർജിൻ കോക്കനട്ട് കാപ്സ്യൂളും ഓയിലും തൂൾത്തേങ്ങയും തുടങ്ങി നാളികേര ഉൽപന്നങ്ങളുടെ ഒരു നിരതന്നെ മോഹനന്റെ സ്ഥാപനമായ കേരാടെക് ആഭ്യന്തര, രാജ്യാന്തര വിപണികളിലെത്തിക്കുന്നു.

എല്ലാം ഓരോ വാശിയായിരുന്നെന്ന് മോഹനൻ പറയും. ആ വാശിയാണ് ഈ മേഖലയിലേക്കു വരുന്ന സംരംഭകനു വേണ്ടതും. വെളിച്ചെണ്ണയും കൊപ്രയും മാറ്റി നിർത്തിയാൽ, മറ്റു മൂല്യവർധിത നാളികേരോൽപന്നങ്ങളുടെ കാര്യത്തിൽ, ഉത്പാദനം മാത്രമല്ല, വിപണിയും സംരംഭകൻ തന്നെ വളർത്തിയെടുക്കേണ്ട സാഹചര്യമാണ് ഇന്നും കേരളത്തിലുളളത്. മോഹനൻ മുന്നേറുന്നതും ഈ വഴിക്കുളള വാശിയോടെ തന്നെ.

തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശിയായ മോഹനൻ എം.എ പാസായി മുംബൈയിൽ ജോലി നേടുന്നത് 1981 ൽ. പണ്ടേയുളള വക്കീൽസ്വപ്നവുമായി എൽഎൽബിയുടെ സായാഹ്ന കോഴ്സിനും ചേർന്നു. അതിനിടെ വിദേശത്തു നല്ലൊരു ജോലിയൊത്തുവന്നപ്പോൾ വേണ്ടെന്നുവയ്ക്കാൻ മനസ്സുവന്നില്ല. പതിനെട്ടു വർഷം ഗൾഫിൽ. എന്നാൽ വക്കീൽവാശി വീണ്ടും മോഹനനെ നാട്ടിലെത്തിച്ചു. മുടങ്ങിയ പഠനം പൂർത്തിയാക്കി പ്രാക്ടീസ് തുടങ്ങുന്നത് അങ്ങനെ.

അക്കാലത്താണ് ഒരു പ്രവാസി സംഘടനയുടെ ഭാഗമാവുന്നത്. മടങ്ങിയെത്തുന്ന പ്രവാസികൾക്കു നാട്ടിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതായിരുന്നു മുഖ്യ ഉദ്ദേശ്യം. ആശയങ്ങളല്ലാതെ പ്രയോഗങ്ങൾക്കു സംഘടന മുതിരുന്നില്ലെന്നു കണ്ടതോടെ മോഹനൻ സ്വന്തം വഴിക്കു നീങ്ങി. സംരംഭത്തിൽ പങ്കാളിത്തം ക്ഷണിച്ചുകൊണ്ട് പ്രമുഖ സഹകരണസംഘം ക്ഷണിച്ചപ്പോൾ അവരുമായി ചേർന്നു; വിർജിൻ കോക്കനട്ട് ഓയിൽ നിര്‍മിച്ചു കൈമാറുന്ന ബൈ ബാക്ക് സംരംഭത്തിലേക്ക്.

സുഹൃത്തുക്കളായ പ്രവാസികളുമായി ചേർന്ന് ഓഹരി പങ്കാളിത്തത്തിൽ, 25 ലക്ഷം രൂപ മുടക്കിൽ സംരംഭം തുടങ്ങി. എന്നാൽ ഉൽപ്പാദിപ്പിച്ച ഓയിൽ തിരികെ എടുക്കുന്നതിൽ സംഘം വീഴ്ച വരുത്തിയപ്പോൾ നഷ്ടത്തിലേക്കു കൂപ്പുകുത്തി.

സംഘവുമായുളള കരാർ അതോടെ അവസാനിപ്പിച്ചു. എന്നാൽ സംരംഭം അവസാനിപ്പിക്കാൻ മോഹനനിലെ വാശിക്കാരൻ തയാറല്ലായിരുന്നു. കേരളത്തിൽതന്നെ ചെറിയ രീതിയിൽ ബിസിനസ് നടത്തിയിരുന്ന നാലു പേരുമായി ചേർന്ന് കൺസോർഷ്യം രൂപീകരിച്ചു. അന്ന് വെർജിന്‍ ഓയിൽ ആഭ്യന്തര വിപണിയിൽ ശ്രദ്ധ നേടിത്തുടങ്ങിയിട്ടില്ല. പിടിച്ചുനിൽക്കാൻ, കേരാവിറ്റ എന്ന ബ്രാൻഡിൽ വെളിച്ചെണ്ണ പുറത്തിറക്കി. പിന്നാലെ തൂൾത്തേങ്ങയും. വൈകാതെ വിർജിൻ കോക്കനട്ട് ഓയിലിനും തൂൾത്തേങ്ങയ്ക്കുമെല്ലാം വിദേശങ്ങളിൽനിന്ന് ഓർഡർ ലഭിച്ചു തുടങ്ങി. മൂല്യവർധിത നാളികേര ഉൽപന്ന വിപണി വളരുന്നതിനൊപ്പം മോഹനനും വളർന്നു. പ്രവാസികൾക്കു പങ്കാളിത്തമൊരുക്കിക്കൊണ്ട് കേരാടെക്കിനൊപ്പം മറ്റു സംരംഭങ്ങളും ആരംഭിച്ചു. തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല പിന്നീട്; കോടതിയിലേക്കു പോലും.

വിർജിൻ കോക്കനട്ട് ഓയിലിന് ഇന്നു കാര്യമായ പരിചയപ്പെടുത്തലുകൾ ആവശ്യമില്ലെന്നു മോഹനൻ. ഫൈറ്റോ കെമിക്കൽസുകളാൽ സമ്പന്നമായ ഓയിൽ പ്രമേഹവും കൊളസ്ട്രോളും മുതല്‍ കാൻസറും മറവിരോഗങ്ങളും വരെയുളള ആരോഗ്യപ്രശ്നങ്ങൾക്കു പ്രതിരോധം തീര്‍ക്കുമെന്നു ഗവേഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കേരള വിപണിയും നീണ്ടകാലത്തെ നിശ്ചലത വിട്ട് ഉണർന്നിരിക്കുന്നു.

ആഭ്യന്തരവിപണി വളർത്തുന്നതിനു കോക്കനട്ട് കിയോസ്കുകൾ എന്ന ആശയവും മോഹനൻ അവതരിപ്പിച്ചു. നാളികേരോൽപന്നങ്ങൾ മാത്രം ലഭിക്കുന്ന വഴിയോരക്കടകൾ. സ്വയംതൊഴിൽ സംരംഭങ്ങളിൽ താൽപര്യമുളളവർക്ക് ആകർഷകമായ കിയോസ്കുകൾ നിർമ്മിച്ചു നൽകുന്ന രീതിയാണ് മോഹനന്റേത്. കേരാടെക്കിന്റെ മാത്രമല്ല, ഏതു കമ്പനിയുടെയും ഉൽപന്നങ്ങൾ അവിടെ വിൽക്കാം.

coconut-products കേരാടെക് ഉൽപന്നങ്ങൾ

പുതുതലമുറ നാളികേര ഉൽപന്നങ്ങളിൽ വിർജിൻ കോക്കനട്ട് ഓയിലിനു തന്നെയാണ് കേരളത്തിൽ ‌ഇന്ന് ഏറ്റവും ജനപ്രീതിയുളളത്. തൂൾത്തേങ്ങാവിപണി വളരുന്നതേയുള്ളൂ. ചെലവേറിയ സംരംഭമായതിനാൽ തൂൾത്തേങ്ങ ഉൽപാദകർ കേരളത്തിലെ ചില്ലറ വിപണിക്കു പകരം മൊത്ത വിപണിയായ വടക്കേ ഇന്ത്യയിലെ ബേക്കറി സംരംഭങ്ങളെയും ഗൾഫ് മലയാളികളെയും ലക്ഷ്യംവയ്ക്കുന്നത് സ്വാഭാവികമാണെന്നു മോഹനൻ. എന്നാൽ നഗരജീവിത ശൈലിയിലൂടെ വളർന്നുവരുന്ന പുതുതലമുറ നാട്ടിലും തൂൾത്തേങ്ങയ്ക്കു മികച്ച ഭാവി കൊണ്ടുവരുമെന്ന കാര്യത്തിൽ ഈ സംരംഭകനു തെല്ലും സംശയമില്ല.

വിദേശരാജ്യങ്ങളിൽ നിന്നു മികച്ച ഓർഡർ ലഭിക്കുന്ന ഓർഗാനിക് (ജൈവകൃഷിയിടത്തിലെ തേങ്ങയിൽനിന്ന് ഉൽപാദിപ്പിച്ചത്) വിർജിൻ ഓയിലിന്റെ ഉൽപാദനം വർധിപ്പിക്കുന്നതിനായി പ്ലാന്റ് വിപുലീകരിക്കുകയാണ് ഇപ്പോൾ.

വിർജിൻ കോക്കനട്ട് ക്യാപ്സൂളിനും ബേബി ഓയിലിനും മൗത്ത് ഫ്രഷ്നറിനുമെല്ലാം വിദേശവിപണിക്കൊപ്പം കേരളത്തിലും ഡിമാൻഡ് വർധിക്കുന്നു എന്നതും ശുഭസൂചന. അതുതന്നെയാണ് നാളികേരത്തിനുവേണ്ടി വാശിയോടെ വാദിക്കാൻ മോഹനന് ആവേശം നൽകുന്നതും.

ഫോൺ: 9645073082 (മോഹനൻ), 0487 2294515 

Your Rating: