Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജൈവ ജീവിതം സുന്ദരം, സുരഭിലം

rayson-rappai റെയ്സൺ റപ്പായി ജൈവ വിൽപനശാലയിൽ

അമേരിക്കയിൽനിന്നു റെയ്സൺ നാട്ടിലെത്തിയത് സോഫ്റ്റ് വെയർ കമ്പനിയിലെ പിരിമുറുക്കങ്ങളൊക്കെ മാറ്റി സ്വസ്ഥമായും സന്തോഷമായും ജീവിക്കാനായിരുന്നു. ശീരുവാണി മലകളുടെ കിഴക്ക് കോയമ്പത്തൂർ ജില്ലയിൽ സ്ഥലം വാങ്ങി ജൈവകൃഷി ആരംഭിച്ചപ്പോൾ പക്ഷേ, വെല്ലുവിളികൾ തലപൊക്കി. തന്റെ ഉൽപന്നങ്ങൾക്കും രാസകീടനാശിനികളിൽ മുക്കിയെടുത്ത ഉൽപന്നങ്ങൾക്കും ഒരേ വിലയും വിപണിയും. ഈ പ്രശ്നത്തിനു പരിഹാരമായാണ് തൊട്ടടുത്ത വർഷം റെയ്സൺ ഒ.ടി.ആർ ഓർഗാനിക് സ്റ്റോർ ആരംഭിച്ചത്. ഒ.ടി.ആർ എന്നത് അച്ഛൻ ഡോ:ഒ.ടി. റപ്പായിയുടെ പേരിന്റെ ചുരുക്കമാണ്. തമിഴ്നാട് സർക്കാർ സർവീസിലെ പ്രഗൽഭനായ ഭിഷഗ്വരനെന്നു പേരെടുത്ത ഈ തൃശൂരുകാരൻ ജോലി ആവശ്യങ്ങൾക്കായി കോയമ്പത്തൂരിൽ താമസമാക്കിയതു കൊണ്ട് റെയ്സൺ അവിടുത്തുകാരനായി.

organic-farm തൊണ്ടാമുത്തൂരിലെ ജൈവകൃഷിയിടം

ജൈവസാക്ഷ്യപത്രമുള്ള കൃഷിയിടം ആദായകരമാകണമെങ്കിൽ സ്വന്തമായി വിപണന സൗകര്യം വേണമെന്ന തിരിച്ചറിവിൽ ഈ കട തുടങ്ങിയിട്ടു നാലു വർഷത്തിലേറെയായി. സമീപപ്രദേശങ്ങളിലെ കൃഷിക്കാരെ ചേർത്ത് ശീരുവാണി ഓർഗാനിക് ഫാർമേഴ്സ് അസോസിയേഷൻ രൂപീകരിക്കാനും അദ്ദേഹം മുൻകൈയെടുത്തു. സ്വന്തം ഉൽപന്നങ്ങൾക്കൊപ്പം സഹകർഷകരുടെ ഉൽപന്നങ്ങൾക്കും തന്റെ കടയിൽ ഇടം നൽകുന്ന ഇദ്ദേഹം അവരുമായി ധാരണയിൽ വിളവിറക്കാനും ശ്രദ്ധിക്കാറുണ്ട്. പരസ്പരം മത്സരത്തിന് ഇടനൽകാതെ വ്യത്യസ്ത വിളകൾ കൃഷി ചെയ്യാനും കടയിൽ ഉൽപന്ന വൈവിധ്യം ഉറപ്പാക്കാനും ഇത് സഹായകമായി. കോയമ്പത്തൂർ സായി ബാബാ കോളനിയിലും വടവള്ളിയിലുമാണ് ഒ.ടി.ആർ ഷോപ്പുകൾ. കൃഷിയിടത്തിൽനിന്നുള്ള പഴം, പച്ചക്കറികൾക്കു പുറമേ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഓർഗാനിക് ഉൽപന്നങ്ങളും കടയിലുണ്ട്. ജൈവരീതിയിൽ പഴച്ചാറുകൾ, ജാം തുടങ്ങിയവ സ്വന്തമായി നിർമിക്കുകയും ചെയ്യുന്നു.

വായിക്കാം ഇ - കർഷകശ്രീ 

spinach-in-polyhouse പോളിഹൗസിൽ വളരുന്ന ചീര

റെയ്സൺ കൃഷിയിൽ ശ്രദ്ധിക്കുമ്പോൾ കടയുടെ ചുമതല ഭാര്യ നിമ്മിക്കാണ്. മികച്ച ബിസിനസാണ് ജൈവ വിപണനശാലയിൽ കിട്ടുന്നതെന്ന് റെയ്സൺ ചൂണ്ടിക്കാട്ടി. നഗരത്തിൽ വേറെയും ഓർഗാനിക് ഷോപ്പുകളുണ്ടെങ്കിലും ജൈവചീരയും മറ്റ് പച്ചക്കറികളും വാങ്ങാൻ ആളുകൾ ഇവിടെ ക്യൂ നിൽക്കുന്നു. പാവപ്പെട്ടവർക്ക് വിഷരഹിത ഭക്ഷണം നിഷേധിക്കപ്പെടരുതെന്ന് നിർബന്ധമുള്ളതിനാൽ അവരെ പ്രത്യേകം കടയിലേക്ക് ക്ഷണിച്ച് ഉൽപന്നങ്ങൾ നൽകാറുണ്ട്. പാവപ്പെട്ട പല കുടുംബങ്ങളും മക്കൾക്കു വേണ്ടി ജൈവ ഉൽപന്നങ്ങൾ വാങ്ങാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തൊണ്ടാമുത്തൂരിലെ ജൈവകൃഷിയിടത്തിൽ ഒരു പോളിഹൗസും ഇദ്ദേഹത്തിനുണ്ട്. ജൈവരീതിയിൽ ചീരയും മറ്റ് ഇലവർഗങ്ങളും ഉൽപാദിപ്പിക്കുന്നതിനാണിത്. നെല്ലി, സപ്പോട്ട, തെങ്ങ്, വാഴ തുടങ്ങിയവയാണ് ഫാമിലെ പ്രധാന വിളകൾ. തെങ്ങിൽനിന്നും ചെത്തിയെടുക്കുന്ന ജൈവനീര പഞ്ചസാരയാക്കുന്നു. താരതമ്യേന കുറഞ്ഞ വിലയ്ക്കാണ് നീര പഞ്ചസാര വിൽക്കുന്നത്. കാപ്പിക്കുരു, അരി തുടങ്ങിയ ജൈവ ഉൽപന്നങ്ങൾ പൊടിക്കുന്നതിന് ഒരു മില്ലുമായി ധാരണയുണ്ട്. പൊടിക്കലിനു റെയ്സണ്‍ നേരിട്ടു മേൽനോട്ടം വഹിക്കുകയും ചെയ്യും.

ഫോൺ– 09791211979 

Your Rating: