Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇളനീർ മധുരത്തിനു തണുപ്പിന്റെ സുഖം

sasi-raju-with-packed-tender-coconut-water ശശിയും രാജുവും ഇളനീർ സംസ്‌കരണകേന്ദ്രത്തിൽ

കരിക്കിൻവെള്ളം ഇഷ്ടപ്പെടാത്തവർ ആരുമില്ല, എന്നാൽ കച്ചവടക്കാരൻ കരിക്ക് വെട്ടി നൽകുന്നതുവരെ കാത്തുനിൽക്കാനും കയ്യിൽ കറ പറ്റാതെ താങ്ങിപ്പിടിച്ച് സ്ട്രോയിലൂടെ വെള്ളം വലിച്ചെടുക്കാനുമൊന്നും ആർക്കും ക്ഷമയും സമയവുമില്ല. അഞ്ച് കരിക്ക് വാങ്ങിയാൽ ആറ് രുചിഭേദങ്ങളായിരിക്കും. എല്ലാവർക്കും ഇഷ്ടപ്പെടുന്ന രുചിയിലും അളവിലും സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന തണുത്ത പാനീയങ്ങളാണ് വിപണിക്കു വേണ്ടത്. കുപ്പിയിലടച്ച് തണുപ്പിച്ചു സൂക്ഷിക്കുന്ന കരിക്കിൻവെള്ളമാണെങ്കിൽ കച്ചവടം ഉഷാറാകും. അടപ്പു തുറക്കുക, കുടിക്കുക അത്ര തന്നെ. മാത്രമല്ല, കൂടുതൽ ആളുകൾക്ക് ഇളനീർ എത്തിക്കണമെങ്കിലും കുപ്പിയാണ് സൗകര്യം. കരിക്കിൻവെള്ളത്തെ കുപ്പിയിലാക്കുന്ന വിദ്യ കേരള കാർഷിക സർവകലാശാല പരിശീലിപ്പിച്ചു തുടങ്ങിയിട്ടു വർഷങ്ങളായി.

ജൈവ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഗ്രാമീണ സംരംഭകരെ സൃഷ്ടിക്കുന്നതിനായി സർവകലാശാല ആരംഭിച്ച അഗ്രോ ബയോടെക്നോളജി ഏജൻസി ഫോർ റൂറൽ എംപ്ലോയ്‌മെന്റ് ആൻഡ് ഡെവലപ്മെന്റ് (അബാർഡ്) പദ്ധതിയുടെ ഭാഗമായാണ് കുപ്പിയിലടച്ച ഇളനീർ വിപണിയിലെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പത്തോളം ഇളനീർ യൂണിറ്റുകൾക്ക് ഈ പദ്ധതി പ്രകാരം സാങ്കേതികവിദ്യ കൈമാറിക്കഴിഞ്ഞു.

വായിക്കാം ഇ - കർഷകശ്രീ

പദ്ധതിയുടെ ഭാഗമായി ആരംഭിച്ച തൃശൂരിലെ ആദ്യയൂണിറ്റിൽ ഇപ്പോൾ ആയിരത്തിലധികം കരിക്കാണ് ദിവസേന സംസ്കരിക്കുന്നത്. ദേശീയപാതയോടു ചേർന്ന് തൃശൂർ മരത്താക്കരയിൽ ഒല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വക കെട്ടിടത്തിലാണ് ഈ സംരംഭം. സർവകലാശാലയുടെ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഇളനീർ യൂണിറ്റുകൾക്കെല്ലാം ‘ഇളനീർ കൂൾ’ എന്ന ബ്രാൻ‌ഡ് ഉപയോഗിക്കാൻ അനുവാദമുണ്ടെന്ന് ജനറൽ മാനേജർ വി.എസ്. ശശി പറഞ്ഞു. മരത്താക്കരയിലെ സംസ്കരണകേന്ദ്രത്തിൽ ഇളനീരിനൊപ്പം മറ്റു കേരോൽപന്നങ്ങളും നിർമിക്കുന്നു. ആയുർവേദ ഡോക്ടറായ രാജു അടിയാട്ടാണ് ഈ യൂണിറ്റിന്റെ ചുമതലക്കാരൻ.

ആയിരം കരിക്കിൽനിന്നു ശരാശരി 1500– 1800 കുപ്പി കരിക്കിൻവെള്ളം വിപണിയിലെത്തിക്കാമെന്ന് രാജു പറഞ്ഞു. ശുചിത്വമുള്ള സാഹചര്യത്തിൽ കരിക്കുവെട്ടി ഇളനീർ സംഭരിക്കുന്നു. മണിക്കൂറിൽ ആയിരം കരിക്ക് വെട്ടുന്ന യന്ത്രം ഇവർ വാങ്ങിയിട്ടുണ്ട്. ശാസ്ത്രീയമായി അരിച്ച ഇളനീരിന്റെ മധുരം നിശ്ചിത നിലവാരത്തിൽ ക്രമീകരിച്ച ശേഷം തണുപ്പിച്ച്‌ കുപ്പികളിലാക്കുന്നു. ഒരു വർഷം മൂന്നു ലക്ഷത്തോളം കരിക്കാണ് ഇവിടെ സംസ്കരിക്കുന്നത്. കരിക്ക് വെട്ടുമ്പോൾ ശേഷിക്കുന്ന തൊണ്ട് സമീപത്തുള്ള ഓടുഫാക്ടറിക്കും അച്ചാർ നിർമാണയൂണിറ്റിനും നൽകുന്നതിനാൽ മാലിന്യസംസ്കരണം തലവേദനയാകുന്നില്ല.

ഇളനീരിനു മാത്രമല്ല, കരിക്കിന്റെ കാമ്പിനും വിപണിയുണ്ടെന്ന് ശശി ചൂണ്ടിക്കാട്ടി. കാമ്പുപയോഗിച്ച് ഇവര്‍ ഐസ്ക്രീമും പു‍ഡിങ്ങും അലുവയുമൊക്കെയുണ്ടാക്കി വിൽക്കാറുണ്ട്. കാറ്ററിങ് ഏജൻസികളും ബേക്കറികളുമൊക്കെ നൽകുന്ന ഓർഡര്‍ അനുസരിച്ചാണ് ഇവയുണ്ടാക്കുക. ഇളനീരിനേക്കാൾ ആദായം ഇതുവഴി കിട്ടുമെന്ന് ശശി ചൂണ്ടിക്കാട്ടി. ഓർഡറില്ലാത്തപ്പോൾ ഇളനീർകാമ്പ് മറ്റ് ഐസ്ക്രീം കമ്പനികൾക്കു നൽകും. മുപ്പതു രൂപയാണ് 200 മില്ലിലീറ്റർ ഇളനീർ ബോട്ടിലിനു വില. വിവിധ ഉൽപന്നങ്ങൾ നിലവാരം ചോരാതെ നിര്‍മിക്കുന്നതിനുള്ള യന്ത്രങ്ങളും ഉപകരണങ്ങളും ഇവർ സ്വന്തമാക്കി കഴിഞ്ഞു. സംസ്കരണ യൂണിറ്റുകൾക്കാവശ്യമായ കരിക്ക് നാട്ടിൽ കിട്ടാനില്ലെന്നതു മാത്രമാണ് ശശിയുടെ സങ്കടം. ഒരു കരിക്കിന് 20 രൂപ നിരക്കിൽ പാലക്കാട്– കോയമ്പത്തൂർ അതിർത്തിയിൽനിന്ന് ഒരു ഏജൻസി വഴി ഇളനീർ എത്തിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. കൃഷിക്കാർക്ക് 12 രൂപ വില നൽകിയാണ് ഏജൻസി ഇളനീർ സംഭരിക്കുന്നത്. നാട്ടിലേക്ക് അയൽസംസ്ഥാനത്തുനിന്നും ഇളനീരെത്തിക്കുന്നതിനു കാരണം ഇവിടുത്തെ സാഹചര്യങ്ങളാണെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. ഉയർന്ന കൂലിച്ചെലവും തൊഴിലാളികളുടെ ലഭ്യതക്കുറവും തന്നെയാണ് പ്രധാന പ്രശ്നം. തമിഴ്നാട്ടിലെ തെങ്ങുകയറ്റത്തൊഴിലാളി ഇളനീർ കെട്ടിയിറക്കുക മാത്രമല്ല, ലോറിയിൽ കയറ്റിത്തരികയും ചെയ്യും. ഇവിടെയാണെങ്കിൽ രണ്ടിനും പ്രത്യേകം ആളെ തേടണം. ഫലമോ, ഇളനീർ കുപ്പിയിലടയ്ക്കുന്നതിനുള്ള ചെലവ് കുത്തനെ കൂടുന്നു. നിലവാരമുള്ള ഇളനീർ സ്ഥിരമായി എത്തിക്കുമെങ്കിൽ ഇരുപതു രൂപ നിരക്കിൽ നാളികേര ഉൽപാദകസംഘങ്ങളിൽനിന്ന് ഇളനീർ വാങ്ങാനാവുമെന്ന് ഇരുവരും അറിയിച്ചു.

ഫോൺ– 9495421317 (ശശി)
9946773773 (ഡോ. രാജു)

Your Rating: