Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്കരിച്ചു സൂക്ഷിക്കാൻ റിട്ടോർട്ട്

retort-machine റിട്ടോർട്ട് മെഷീൻ

യന്ത്രങ്ങൾ സ്വന്തമാക്കാതെയും സംസ്കരണസംരംഭങ്ങൾ ആരംഭിക്കാമെന്നു തെളിയിക്കുകയാണ് തിരുവനന്തപുരം വിഴിഞ്ഞത്തിനു സമീപം ചപ്പാത്തിലുള്ള ശാന്തിഗ്രാം. ഭക്ഷ്യസംസ്കരണ സംരംഭകരെ സൃഷ്ടിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി ഇവിടെ ആരംഭിച്ച പൊതുസൗകര്യകേന്ദ്രം തുടക്കത്തിൽ തന്നെ ഒരു ഉൽപാദകകമ്പനിയുടെ പിള്ളത്തൊ‌ട്ടിലായി മാറി. ചക്ക ഉൽപന്നങ്ങൾ നിർമിക്കുന്നതിനായി രൂപീകരിച്ച പനസം ഉൽപാദകകമ്പനിക്ക് ബാലാരിഷ്‌ടതകൾക്കിടയിലും ചക്ക ഉൽപന്നങ്ങളുണ്ടാക്കാൻ സഹായകം ഇവിടുത്തെ ചെറുയന്ത്രങ്ങളാണ്. കമ്പനിയുടെ ഇൻക്യുബേഷൻ സെൻറർ ആകുന്നതിനൊപ്പം പരിശീലനമില്ലാത്ത ആഴ്ചകളിൽ യന്ത്രങ്ങൾ പ്രവർത്തനരഹിതമായിരുന്നു കേടാവാതിരിക്കാനും ഈ സഹകരണം ഉപകരിക്കുന്നു. പൾപർ, ബോയിലർ, കെറ്റിൽ, റിട്ടോർട്ട് മെഷീൻ തുടങ്ങിയ യന്ത്രസംവിധാനങ്ങളാണ് ഈ കേന്ദ്രത്തിൽ ഇപ്പോഴുള്ളത്. ഈ യന്ത്രങ്ങളുടെ സഹായത്തോടെ പ്രതിദിനം 50 കിലോ ചക്ക സംസ്കരിക്കാനാകുമെന്ന് ശാന്തിഗ്രാം ഡയക്ടർ എൽ. പങ്കജാക്ഷൻ പറഞ്ഞു. പതിനാറുലക്ഷം രൂപയുടെ നിക്ഷേപമാണ് ഈ കേന്ദ്രത്തിനായി വേണ്ടിവന്നത്.

തുടക്കക്കാർക്കു വേണ്ടിയുള്ള പരിശീലന സംവിധാനമെന്ന നിലയിൽ താരതമ്യേന ശേഷി കുറഞ്ഞ യന്ത്രങ്ങളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. എങ്കിലും ഗ്രാമതല സംരംഭകർക്കു നടത്താവുന്ന ചെറുകിട സംസ്കാരണ യൂണിറ്റുകൾക്ക് ഇവ പര്യാപ്തമാണ്. യന്ത്രങ്ങളിൽ പലതും വ്യത്യസ്ത ഉൽപന്നങ്ങൾക്കുള്ളതാണ്. പൾപ്പുണ്ടാക്കുന്ന യന്ത്രം 40,000 രൂപയ്ക്കു വാങ്ങാനാവും. ഇതോടൊപ്പം നാൽപതിനായിരം രൂപയുടെ റിട്ടോർട്ട് മെഷീനും 24000 രൂപയുടെ ബാൻഡ് സീലറുമുണ്ടെങ്കിൽ പൾപ് പായ്ക്ക് ചെയ്ത് ബേക്കറികൾക്കും പലഹാരനിർമാതാക്കൾക്കും വിൽക്കാനാവും.

jackfruit-pulp പൾപ് പായ്ക്കറ്റ്

പനസം അംഗങ്ങളിൽനിന്നും സമീപവാസികളിൽനിന്നും വാങ്ങുന്ന ചക്ക ഇവിടെ വിവിധ ഉൽപന്നങ്ങളാക്കി വിപണിയിലെത്തിക്കും. ചക്ക ഉപയോഗിച്ചുണ്ടാക്കുന്ന ഹൽവ, വരട്ടി, സ്ക്വാഷ്, ജാം, ജ്യൂസ്, അച്ചാർ, ആരോഗ്യപാനീയം, കേക്ക്, ഐസ്ക്രീം, പക്കാവട, ബജി, കട്ലറ്റ്, മോദകം, കുമ്പിളപ്പം, ഉണ്ണിയപ്പം എന്നിങ്ങനെ, സീസണാവുമ്പോൾ സംഭരിക്കുന്ന ചക്കപ്പഴം മുഴുവൻ പൾപ് രൂപത്തിലാക്കി റിട്ടോർട്ട് പായ്ക്കുകളിൽ സൂക്ഷ‍ിക്കുകയും ഓഫ് സീസണിൽ ഇവ ഉപയോഗിച്ചു ചക്ക വിഭവങ്ങൾ ഉണ്ടാക്കി വിപണിയിലെത്തിക്കുകയും ചെയ്യുന്നതാണ് ഇവരുടെ തന്ത്രം.

റിട്ടോർട്ട് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പഴവർഗങ്ങളും മറ്റും ഒരു വർഷത്തോളം സാധാരണ താപനിലയിൽ കേടുകൂടാതെ സൂക്ഷിക്കാനാവും. അലുമിനിയംകൊണ്ടു നിർമിച്ച റിട്ടോർട്ട് പൗച്ചുകളിൽ പൾപ്പ് / ജ്യൂസ് നിറച്ചു സീൽ ചെയ്ത ശേഷം റിട്ടോർട്ട് മെഷീനിലെ ഉയർന്ന താപനിലയിൽ അണുവിമുക്തമാക്കുന്ന രീതിയാണിത്. ചക്കപ്പഴത്തിന്റെ പൾപ് റിട്ടോർട്ട് പൗ‍ച്ചുകളിലാക്കി സൂക്ഷിക്കുന്നതിനാണ് പനസം റിട്ടോർട്ട് മെഷീനുകളുപയോഗിക്കുന്നത്. സൂക്ഷിച്ചുവയ്ക്കുന്നതിനു പകരം ഉടൻ ഉൽപന്നങ്ങളാ‌ക്കി മാറ്റുന്ന സംരംഭമാണെങ്കിൽ റിട്ടോർട്ട് പായ്ക്കിങ് പോലുള്ള സംവിധാനങ്ങൾ വേണ്ടിവരില്ല. യന്ത്രങ്ങളുടെ വിലയേക്കാൾ സംരംഭകരെ ഭയപ്പെടുത്തുന്നത് അവയുടെ അനുബന്ധ ഉപകരണങ്ങളുടെ വിലയും നികുതിയുമാണെന്ന് പങ്കജാക്ഷൻ ചൂണ്ടിക്കാട്ടി.

ഫോൺ– 9072302707