Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപൂർവ നെൽവിത്തുകളുടെ കാവലാൾ

p-n-chandrasekharan-black-jeera-paddy പി.എൻ. ചന്ദ്രശേഖരൻ ബ്ലാക്ക് ജീര എന്ന നെൽച്ചെടിക്കരികിൽ

അന്യംനിന്നുപോകുമെന്ന് ആശങ്കയുണർത്തുന്ന, പ്രാചീന പാരമ്പര്യത്തനിമയുള്ള നെല്ലിനങ്ങളുടെ വീണ്ടെടുപ്പും സംരക്ഷണവും ജീവിതലക്ഷ്യമാക്കി ഒരു കർഷകൻ. മലപ്പുറം ജില്ലയിൽ തിരൂരങ്ങാടിക്കടുത്ത് പന്താരങ്ങാടിയിൽ താമസിക്കുന്ന പി.എൻ.ചന്ദ്രശേഖരനാണ് അപൂർവ നെൽവിത്തിനങ്ങളുടെ സംരക്ഷകനായി പ്രവർത്തിക്കുന്നത്. പുതുതലമുറ കേട്ടിട്ടുപോലുമില്ലാത്ത വിത്തിനങ്ങൾ, പഴയ തലമുറ ഓർമയിൽ സൂക്ഷിക്കുന്ന ചില വിത്തുകൾ, നെൽവിത്തിനങ്ങളെക്കുറിച്ചു ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞർ ഈ ഭൂമിയിൽനിന്നു മാഞ്ഞുപോയതായി വിശ്വസിച്ചുപോന്ന ചില ഇനങ്ങൾ – ചന്ദ്രശേഖരന്റെ കൈകളാൽ സംരക്ഷിക്കപ്പെട്ടതും വീണ്ടെടുക്കപ്പെട്ടതും അങ്ങനെയുള്ള ചില ഇനങ്ങളാണ്.

രക്തശാലി, കുങ്കുമശാലി, കാക്കശാലി, ബ്ലാക്ക് ജീര, ബ്ലാക്ക് സുഗന്ധ തുടങ്ങി പുതിയ തലമുറ കേട്ടിട്ടുപോലുമില്ലാത്ത എത്രയോ ഇനങ്ങൾ ഇന്നു ചന്ദ്രശേഖരന്റെ കൃഷിയിടത്തിൽ വളരുന്നു. ഛത്തീസ്ഗഡിലെ നസർബാത്ത് എന്ന അപൂർവ ഇനവും കേരളത്തിന്റെ തനതുവിത്തിനങ്ങളിൽ ഒന്നായ തവളക്കണ്ണനും ഈ കർഷകന്റെ ശേഖരത്തിലുണ്ട്. നാട്ടറിവും കേട്ടറിവും ഒക്കെ സംയോജിപ്പിച്ചു പല നെൽവിത്തിനങ്ങളും വർഷങ്ങളുടെ അന്വേഷണത്തിനും തിരച്ചിലിനും ശേഷമാണു കണ്ടെത്തിയത്. രക്തശാലിയും കാക്കശാലിയും കുങ്കുമശാലിയുമൊക്കെ ഔഷധഗുണങ്ങൾകൂടിയുള്ള നെൽവിത്തുകളാണ്. തികച്ചും ജൈവരീതിയിൽ കൃഷിചെയ്ത് ഉപയോഗിച്ചാൽ രോഗപ്രതിരോധശേഷികൂടി കൈവരുമെന്നു ചന്ദ്രശേഖരൻ സാക്ഷ്യപ്പെടുത്തുന്നു.

വർഷങ്ങളേറെയായി ഈ കർഷകൻ വയൽച്ചേറിലിറങ്ങി നെൽക്കൃഷിയെ പുണർന്നിട്ട്. 2000 മുതൽ 2010 വരെ ബസ്മതി വ്യാപകമായി കൃഷിചെയ്തിരുന്നു. ബസ്മതി നെല്ലു കുത്തി അരിയാക്കാൻ പ്രത്യേക യന്ത്രസംവിധാനം ആവശ്യമുണ്ട്. അതും ചന്ദ്രശേഖരൻ സ്ഥാപിച്ചു. ഇന്നും ചന്ദ്രഗിരി മിൽ പന്താരങ്ങാടിയിൽ പ്രവർത്തിക്കുന്നു. ഇപ്പോൾ ബസ്മതിയിൽനിന്നു മാറി പുതിയ നെല്ലിനങ്ങളുടെ പരിപാലനവും സംരക്ഷണവും ലക്ഷ്യമിട്ടു പ്രവർത്തിക്കുകയാണ്. രക്തശാലിയുടെയും കുങ്കുമശാലിയുടെയും ഒക്കെ വിത്തു ചിലപ്പോൾ ഒരുപിടിയാണ് ആദ്യം ലഭിക്കുക. അതു വളരെ സൂക്ഷ്മതയോടെ ചെടിച്ചട്ടികളിൽ നട്ടുവളർത്തി പരിപാലിച്ചാണു കൂടുതൽ വിത്തു സ്വന്തമാക്കിയത്. ചിലപ്പോൾ ഒരുപിടി വിത്തിൽനിന്ന് ഒരു മണിയായിരിക്കും മുളയ്ക്കുക – ചന്ദ്രശേഖരൻ പറഞ്ഞു.

കുങ്കുമശാലി സ്ത്രീജന്യരോഗങ്ങൾക്കും കാക്കശാലി, ബ്ലാക്ക് ജീര തുടങ്ങിയവ കാൻസർപോലുള്ള രോഗങ്ങൾക്കും പ്രതിരോധം തീർക്കുന്നവയാണെന്നു ചന്ദ്രശേഖരൻ പറയുന്നു. രക്തശാലി നിത്യയൗവനം പ്രദാനം ചെയ്യും. എന്നാൽ, ഇത്തരം ഇനങ്ങളുടെ ഔഷധഗുണങ്ങളെ ശാസ്ത്രീയമായി പരിശോധിച്ചു റിപ്പോർട്ട് നൽകാനുള്ള സംവിധാനം ഇവിടെയില്ല. രക്തശാലിയും ആരോറൂട്ടും മിക്സ് ചെയ്തു ഹെൽത്ത് ഡ്രിങ്ക് ആയി ഉപയോഗിക്കാം. ഇവയിൽ പലതും അവിൽ രൂപത്തിൽ ആക്കിയാൽ ഓട്സിനു പകരം അതിലും ഗുണമേറിയ ഭക്ഷ്യവസ്തുവാക്കാം എന്ന മെച്ചവുമുണ്ട്. ചന്ദ്രഗിരി എന്ന ബ്രാൻഡ് നെയിമിൽ ഇന്നു തന്റെ പല നെൽവിത്തിനങ്ങളും അവയുടെ ഉൽപന്നങ്ങളും ചന്ദ്രശേഖരൻ വിപണിയിലിറക്കിയിട്ടുണ്ട്. രക്തശാലി, നവര അരികൾ, വിവിധ ഇനം അരിപ്പൊടികൾ. അവിൽ രൂപത്തിലും ഹെൽത്ത് ഡ്രിങ്ക്സ് രൂപത്തിലുമുള്ള ഉൽപന്നങ്ങൾ എന്നിവയും വിപണിയിലുണ്ട്.

ഇപ്പോഴും ചന്ദ്രശേഖരന്റെ വീട്ടുമുറ്റത്തും പാടത്തിനരികിലും ചട്ടികളിൽ പല അപൂർവ നെൽവിത്തിനങ്ങളുടെയും ചെടികൾ വളരുന്നു. നെല്ലോലമുതൽ നെൽവിത്തുവരെ വയലറ്റ് നിറത്തിലുള്ള ബ്ലാക്ക് ജീര ആരെയും അത്ഭുതപ്പെടുത്തും. ചന്ദ്രശേഖരൻ തന്റെ യാത്ര തുടരുകയാണ്; കേരളത്തിന്റെ തനിമ പേറുന്ന, അന്യംനിന്ന നെൽവിത്തിനങ്ങൾ തേടി. ഏതെങ്കിലും ഒരു ചെറുഗ്രാമത്തിൽ ഒരു പഴയ തനതു വിത്തിനം പാരമ്പര്യത്തനിമ വിട്ടുപോകാതെ വളരുന്നുണ്ടെങ്കിൽ അവിടേക്ക് ഓടിയെത്താൻ ഇന്നും ചന്ദ്രശേഖരൻ തയാറാണ്; അവയെ പുതുതലമുറയ്ക്കുവേണ്ടി കാത്തുസൂക്ഷിക്കാൻ.

ഫോൺ: 99619 99664