Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജൈവത്തുടിപ്പറിഞ്ഞ് തിരുവാർപ്പിലെ മണ്ണ്; വിളഞ്ഞത് നൂറു മേനി

paddy-farmer-rajamma സോയിൽ ഹെൽത്ത് കാർഡ് പദ്ധതിയിലൂടെ തിരുവാർപ്പിൽ ഒരുക്കിയ പ്രദർശനപാടത്തിൽ മികച്ച വിളവ് നേടിയ രാജമ്മ.

രാസവളവും കീടനാശിനിയും ഒഴിവാക്കി മണ്ണുപര്യവേഷണ സംരക്ഷണ വകുപ്പ് കോട്ടയം തിരുവാർപ്പിൽ ഒരുക്കിയ പ്രദർശനപാടത്തിൽ ലഭിച്ചത് നൂറുമേനി വിളവ്. സമീപപാടങ്ങളേക്കാൾ 10 ശതമാനം കൂടുതൽ വിളവോടെ, കുറഞ്ഞ പതിരോടെ, മികച്ച നെൽമണിത്തൂക്കത്തോടെ ലഭിച്ച വിളവ് സോയിൽ ഹെൽത്ത് കാർഡ് മുഖേന കേരളത്തിൽ മണ്ണുപര്യവേഷണ സംരക്ഷണ വകുപ്പ് നടത്തുന്ന ഇടപെടലുകൾക്ക് കൂടുതൽ കരുത്തായി.

രാജ്യത്തെ കാര്‍ഷിക മേഖലയില്‍ നടപ്പാക്കുന്ന കേന്ദ്രപദ്ധതിയായ ‘സോയില്‍ ഹെല്‍ത്ത് കാര്‍ഡ്’ പദ്ധതിയാണ് തിരുവാർപ്പിൽ ഒരുക്കിയ പ്രദർശന പാടത്തിൽ മികച്ച വിളവ് സമ്മാനിച്ചത്. വള പ്രയോഗങ്ങള്‍ ശാസ്ത്രീയമാക്കി, അധികഉപയോഗം കുറച്ച് മണ്ണിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുകയും കൃഷിച്ചെലവു നിയന്ത്രിക്കുകയും ചെയ്യുക  സോയിൽ ഹെൽത്ത് കാർഡ് പദ്ധതിയിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്.

ജില്ലാ മണ്ണു പര്യവേഷണ അസി.ഡയറക്ടർ ഓഫിസിന്റെ മേൽനോട്ടത്തിൽ തിരുവാർപ്പ് പഞ്ചായത്തിലെ വടക്കേ നടുവിലേപ്പാടശേഖരത്തിലാണ് കുടുംബശ്രീ, കൃഷിഭവൻ, പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ മണ്ണുപരിശോധന കാർഡ് (സോയിൽ ഹെൽത്ത് കാർഡ്) അടിസ്ഥാനമാക്കി നെൽകൃഷിയിറക്കിയത്. മണ്ണുപരിശോധനയുടെ ഫലമായി വളപ്രയോഗം പകുതിയായി കുറയക്കുവാനും വളത്തിന്റെ ചെലവിനത്തിൽ 50 ശതമാനത്തോളം കുറവുവരുത്തുവാനും സാധിച്ചു. രാസജൈവ ജീവാണുവളങ്ങളെ ഏകോപിപ്പിച്ചുള്ള ഈ കൃഷിരീതിയിൽ മറ്റുപാടങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട വിളവും കീടബാധ കുറവും കണ്ടെത്താനായി.

കൃഷിഭവന്റെ ആഭിമൂഖ്യത്തിൽ നടന്ന കൃഷിപാഠശാലയിൽ പാടത്തിൽ പ്രദർശന നെൽകൃഷി ഒരുക്കിയ  രാജമ്മ  അനൂഭവങ്ങൾ പാടശേഖര സമിതി അംഗങ്ങളുമായി പങ്കിട്ടു. സോയിൽ സർവ്വേ അസിസ്റ്റന്റ് ഡയറക്ടർ പി. രമേഷ്, ഓഫിസർമാരായ പി.വി.പ്രമോദ്, ഡോ. കെ.ബിനി, കൃഷി ഓഫിസർ ജ്യോതി എന്നിവരാണ് പുതുമയാർന്ന ഈ കൃഷിരീതിക്കു മേൽനോട്ടം വഹിച്ചത്. ജില്ലയിലെ കൃഷിയിടങ്ങളിലെ മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ഇതര സ്ഥലങ്ങളിലേക്കുകൂടി മണ്ണുപരിശോധന അടിസ്ഥാനമാക്കിയുള്ള കൃഷിരീതി വ്യാപിപ്പിക്കാനാണ് വകുപ്പ് ശ്രമിക്കുന്നത്.

മണ്ണുപരിശോധന കാർഡ് അടിസ്ഥാനമാക്കി നടപ്പാക്കിയ കൃഷിരീതി

2016 പുഞ്ച സീസണില്‍ കോട്ടയം ജില്ലയിലെ തിരുവാര്‍പ്പ് പഞ്ചായത്തിലെ 132 ഏക്കര്‍ വരുന്ന വടക്കേനടുവിലേ പാടത്തിലെ 50 സെന്‍റ് സ്ഥലത്താണ് കൃഷി നടത്തിയത്. വിളവിറക്കുന്നതിനു മുമ്പ് വിവിധ ഭാഗങ്ങളില്‍ നിന്നെടുത്ത മണ്ണ് തിരുവനന്തപുരം പാറോട്ടുകോണത്തുള്ള സെന്‍ട്രല്‍ സോയില്‍ അനലിറ്റിക്കല്‍ ലബോറട്ടറിയില്‍ പരിശോധിച്ച് ഹെല്‍ത്ത് കാര്‍ഡ് തയ്യാറാക്കി. കുട്ടനാടന്‍ കരിനിലങ്ങളോട് ചേര്‍ന്ന ഭൂപ്രദേശമായതിനാല്‍ മണ്ണിന്‍റെ ജനിതക ഘടന കൂടി പരിഗണിച്ചായിരുന്നു ഓരോ കൃഷി ഇടപെടലുകളും.

കര്‍ഷകര്‍ നിലം ഉഴുതു നേരിട്ട് വിത്തുവിതച്ചപ്പോള്‍ പരീക്ഷണനിലത്തില്‍ നിലമൊരുക്കി ഏക്കറിന് 100 കിലോ റോക്ക് ഫോസ്ഫേറ്റ് അടിവളമായി വിതറി ഒരാഴ്ചക്കുശേഷം വെള്ളം കയറ്റിയിറക്കി. പിന്നീട് ഏക്കറിന് 40 കിലോ എന്ന നിരക്കില്‍ നെല്‍വിത്ത് എടുത്ത് കിലോക്ക് 10 ഗ്രാം സ്യൂഡോമോണസ് എന്ന അനുപാതത്തില്‍ കലര്‍ത്തി 24 മണിക്കൂര്‍ വച്ചതിനുശേഷമാണ് വിതച്ചത്.

അമ്ളത അധികമായതിനാല്‍ 300 കിലോ ഏക്കറിനെന്നതോതില്‍ നിര്‍ദ്ദേശിച്ച കുമ്മായം പ്രദര്‍ശന നിലത്തില്‍ മാത്രം പ്രയോഗിക്കുന്നതിനുള്ള ബുദ്ധിമുട്ടുള്ളതിനാല്‍ ഉപേക്ഷിക്കേണ്ടിവന്നു. കര്‍ഷകര്‍ സ്വന്തം നിലങ്ങളില്‍ ഏക്കറിന് 108 കിലോ ഫാക്ടംഫോസ്, 33 കിലോ യൂറിയ, 50 കിലോ പൊട്ടാഷ് എന്നിവ രണ്ടുതവണകളായി നല്‍കിയപ്പോള്‍ ഹെല്‍ത്ത് കാര്‍ഡ് പ്രകാരം ഏക്കറിന് നിര്‍ദ്ദേശിക്കപ്പെട്ട 40 കിലോ യൂറിയ, 20 കിലോ പൊട്ടാഷ് എന്നിവ രണ്ടു തവണകളായും100 കിലോ മസൂറിഫോസ് അടിവളവുമാണ് നല്‍കിയത്. യൂറിയയുടെ ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി അഞ്ചില്‍ ഒരു ഭാഗം വേപ്പിന്‍ പിണ്ണാക്ക് കലര്‍ത്തി ഒരു ദിവസം വെച്ചതിനു ശേഷം വിതറി.

നെൽച്ചെടിയുടെ വിവിധ ഘട്ടങ്ങള്‍ നിരീക്ഷിച്ച് സൂക്ഷ്മ മൂലകങ്ങളുടെ അഭാവം മനസ്സിലാക്കി 0.5% വീര്യമുള്ള ബോറോണ്‍, സിങ്ക്, പൊട്ടാസ്യം നൈട്രേറ്റ്, മഗ്നീഷ്യം ഇവ അടങ്ങിയ ലായനി തളിവളമായി നല്‍കി. കുമിള്‍ബാധ നിയന്ത്രിക്കുവാനായി കര്‍ഷകര്‍ രാസകുമിള്‍ നാശിനി പ്രയോഗിച്ചപ്പോള്‍ പ്രദര്‍ശന നിലത്തില്‍ സ്യൂഡോമോണസ് ലായനിയാണ് തളിച്ചത്.

നെല്ല് കൊയ്തു മെതിച്ചെടുത്തപ്പോള്‍ പ്രദര്‍ശന നിലത്തില്‍ മറ്റു നെല്‍പ്പാടങ്ങളേക്കാള്‍ ഏകദേശം 10% വിളവ് കൂടുതല്‍ ലഭിച്ചു. പതിരുമണികള്‍ കുറവായി കാണപ്പെടുകയും നെല്‍മണിതൂക്കം മറ്റുനിലങ്ങളിലേക്കാള്‍ കൂടുതലുമായിരുന്നു. വളങ്ങളുടെ ചെലവിനത്തില്‍ മറ്റു നിലങ്ങളില്‍ ഏക്കറിന് 2750 രൂപയോളം മുടക്കേണ്ടി വന്നപ്പോള്‍ പ്രദര്‍ശന നിലത്തില്‍ 1500 രൂപ മാത്രമാണ് ചെലവായത്.

മണ്ണില്‍ അശാസ്ത്രീയമായി കൂടിയ അളവില്‍ രാസ വള പ്രയോഗം നടത്തുമ്പോള്‍ പരിസ്ഥിതിക്ക് ദൂരവ്യാപകമായ ദോഷങ്ങള്‍ കൂടി വരുത്തുകയാണ് ചെയ്യുന്നത്. പാടങ്ങളില്‍ നിന്ന് തൊട്ടടുത്ത ജലാശയങ്ങളിലേക്ക് ഒഴുകി എത്തുന്ന കൂടിയ അളവിലുള്ള നൈട്രജന്‍ കളകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും  യൂട്രോഫിക്കേഷന്‍(അമിതപോഷണം) എന്ന പ്രക്രിയക്ക് കാരണമാവുകും ചെയ്യും. ജലത്തിലെ മറ്റു സസ്യ ജന്തുജാലങ്ങളുടെ ആവാസ വ്യവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവുകയും അവയക്ക് നാശം സംഭവിക്കുകയും ചെയ്യും. ഭൂഗര്‍ഭ ജലത്തെപ്പോലും മലിനമാക്കുന്ന അനിയന്ത്രിതമായ രാസ വള കീടനാശിനി പ്രയോഗം ജീവജാലങ്ങളുടെ ആകെ ആവാസവ്യവസ്ഥക്ക് ഭീഷണിയാണ്. മണ്ണിനെ അറിഞ്ഞ് മണ്ണിലെ ജീവന്‍റെ തുടിപ്പുകളെ നിലനിര്‍ത്താൻ‌ മണ്ണുപരിശോധന കാർഡ് അടിസ്ഥാനമാക്കിയുള്ള കൃഷിയിലൂടെ സാധിക്കും.

സോയില്‍ ഹെല്‍ത്ത് കാര്‍ഡ്  ഉപയോഗിക്കുന്നതിനു മുമ്പുള്ള വള പ്രയോഗം (ഏക്കറിന്)

നൈട്രജന്‍       44.6  കി.ഗ്രാം
ഫോസ്ഫറസ്    21.6  കി.ഗ്രാം
പൊട്ടാസ്യം      30.0   കി.ഗ്രാം

സോയില്‍ ഹെല്‍ത്ത് കാര്‍ഡ് ഉപയോഗിച്ചതിനു ശേഷമുള്ള  വള പ്രയോഗം (ഏക്കറിന്)

നൈട്രജന്‍       13.80 കി.ഗ്രാം
ഫോസ്ഫറസ്    18.0 കി.ഗ്രാം
പൊട്ടാസ്യം      12.0 കി.ഗ്രാം

ലാഭിച്ച വളം

നൈട്രജന്‍       30.8 കി.ഗ്രാം
ഫോസ്ഫറസ്    3.6 കി.ഗ്രാം
പൊട്ടാസ്യം     18.0 കി.ഗ്രാം

അധികം ലഭിച്ച വിളവ് (ഏക്കറിന്)

92 കി.ഗ്രാം

കര്‍ഷകന് അധികം ലഭിച്ച തുക (ഏക്കറിന്)

രൂപ 3250