Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേരേലം: ഇമ്മിണി ബല്യ ഏലം

ramadan-khan-with-large-cardamom ഏലത്തോട്ടത്തിൽ സ്വാഭാവികമായി വളർന്ന പേരേലത്തിനു സമീപം റമദാൻ ഖാൻ

വടക്കു–കിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രം കാണുന്ന പ്രത്യേകയിനം ഏലച്ചെടിയായ 'പേരേലം' ഇടുക്കിയിലും തളിരിട്ടു. നെടുങ്കണ്ടം കല്ലാർ രണ്ടാംനമ്പർ ബ്ലോക്കിൽ റമദാൻ ഖാന്റെ ഏലത്തോട്ടത്തിലാണു പേരേലം വളരുന്നത്.  മൂന്നേക്കർ പുരയിടത്തിലെ ഏലത്തോട്ടത്തിൽ ഇപ്പോൾ പേരേലവും വളരുന്നുണ്ട്.

സ്വാഭാവികമായി വളർന്നുവന്ന പേരേലം ശ്രദ്ധയിൽപെട്ടത് ഈ ചെടിയിൽ പ്രത്യേകതരം മണമുണ്ടായതോടെയാണ്. ഇതേത്തുടർന്ന് ഈ ചെടിക്കു കൂടുതൽ പരിചരണവും ശ്രദ്ധയും നൽകി പരിപാലിച്ചു. പിന്നീടാണ് ഇതു ലാർജ് കാർഡമം എന്ന പേരിലറിയപ്പെടുന്ന പേരേലമാണെന്നു മനസ്സിലായത്. മൂന്നുവർഷം പ്രായമായ പേരേലം കായ്കൾ സമ്മാനിച്ചുതുടങ്ങി.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ സിക്കിം, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും ഹിമാലയൻ താഴ്‌വരകളിലുമാണ് അബാമം കുഞ്ചി എന്ന ശാസ്ത്രനാമത്തിലുള്ള പേരേലം വ്യാപകമായി കൃഷിചെയ്യുന്നത്. 5000 മെട്രിക് ടൺ ആണ് പ്രതിവർഷം ഈ സംസ്ഥാനങ്ങളിലെ ഉൽപാദനം.

മറ്റ് ഏലക്കായ്കളെ അപേക്ഷിച്ചു മൂന്നുശതമാനംവരെ എസൻഷ്യൽ ഓയിൽ ഈ ഇനത്തിനു കൂടുതലായി ലഭിക്കും. കായുടെ വലുപ്പക്കൂടുതൽ മൂലം പേരേലക്കായ്ക്ക് വൻതുകയാണു ലഭിക്കുക. 1500 രൂപയാണു കുറഞ്ഞവില. ബമ്പിൾ ബീ എന്ന മലയനീച്ച പരാഗണം നടത്തിയാലേ പേരേലം കായ്ക്കൂ.

കഴിഞ്ഞവർഷം കായ്ഫലമുണ്ടായെങ്കിലും പ്രാണികളും മറ്റും അവ തിന്നുനശിപ്പിച്ചു.  ഇത്തവണ കായ്ഫലമുണ്ടായപ്പോഴേ റമദാൻ ഖാൻ സ്‌പൈസസ് ബോർഡ് മുൻ ഡപ്യൂട്ടി ഡയറക്ടർ അബ്്ദുൽ ജബ്ബാർ, സുഹൃത്ത് 13ാം ബ്ലോക്കിലെ പ്രസാദ് എന്നിവരോടു ചെടിയെക്കുറിച്ചു പറഞ്ഞു. തുടർന്നു മൈലാടുംപാറ ഇന്ത്യൻ കാർഡമം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐസിആർഐ) അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഐസിആർഐ പതോളജി മേധാവി ഡോ.എ.കെ.വിജയൻ, ക്രോപ്പ് സയന്റിസ്റ്റ് ഡോ.ഭട്ട്, അഗ്രോണമിസ്റ്റ് ഡോ.നൂൽവി, എൻഡമോളജിസ്റ്റ് ഡോ.അൻസാർ അലി എന്നിവർ തോട്ടം സന്ദർശിക്കുകയും ചെടി പേരേലമാണെന്നു സ്ഥിരീകരിക്കുകയും ചെയ്തു. വ്യാവസായികാടിസ്ഥാനത്തിൽ പേരേലം  കൃഷി ചെയ്യാനാവുമോ എന്നതിനെക്കുറിച്ചും കാർഷിക ഗവേഷകർ പഠനം ആരംഭിച്ചു.

പരാഗണം നടത്തേണ്ട മലയനീച്ചയുടെ കുറവ് കൃഷിയെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയും കാർഷിക ഗവേഷകർക്കുണ്ട്. ഐസിആർഐ പേരേലത്തിന്റെ ടിഷ്യൂകൾച്ചർ ചെടികൾ വച്ചുപിടിപ്പിച്ചു പരീക്ഷണം നടത്തിവരികയാണ്. ഇതിനിടെയാണു സ്വാഭാവികമായി വളർന്ന പേരേലം അദ്ഭുതമുളവാക്കുന്നത്.പേരേലക്കായ മരുന്നുനിർമാണത്തിന് ഉപയോഗിക്കുന്നതിനാൽ വില കുറയില്ല എന്നതും ആശാവഹമാണ്. 25 വർഷമായി ഏലക്കൃഷി നടത്തിവരുന്ന റമദാൻ ഖാൻ പ്രവാസികൂടിയാണ്.