Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റമ്പൂട്ടാനിൽ വിളയുന്ന ബിസിനസ്

rambootaan

നാല് ഏക്കറിലെ റബർ വെട്ടി 2008-ൽ റമ്പൂട്ടാൻ നട്ട കാഞ്ഞിരപ്പള്ളി കൊണ്ടൂപ്പറമ്പ് തങ്കം എസ്‌റ്റേറ്റിലെ റെന്നി ജേക്കബിന്റെ അനുഭവം കേരളത്തിൽ പുതിയൊരു ട്രെൻഡിന് തുടക്കം കുറിക്കുമോ? മൂന്നാം വർഷം മുതൽ ഫലം തരുന്ന, 100 വർഷത്തോളം ആയുസ്സുള്ള റമ്പൂട്ടാൻ ഒരേക്കറിൽ നിന്ന് പ്രതിവർഷം ശരാശരി 46 ലക്ഷം രൂപ വരുമാനം തരുന്നുവെന്ന് കഴിഞ്ഞ ആറു വർഷമായി തുടർച്ചയായി വിളവെടുക്കുന്ന റെന്നി ജേക്കബ്.

വിളവെടുപ്പിന് പാകമായാലും 20 ദിവസത്തോളം പഴം മരത്തിൽ തന്നെ നിർത്താമെന്നതാണ് റമ്പൂട്ടാന്റെ മറ്റൊരു സവിശേഷത. മറ്റു പഴവർഗങ്ങൾ പോലെ പെട്ടെന്നു പഴുത്ത് കേടുവന്നു പോകാത്തതിനാൽ കർഷകന് ആധി പിടിക്കേണ്ട കാര്യമില്ല. പ്രീമിയം എന്ന അംഗീകാരവും സ്വാദും പോഷകഗുണവുമുള്ളതിനാലും കീടനാശിനി പ്രയോഗം തീരെ ആവശ്യമില്ലാത്തതിനാലും വർഷം തോറും വർധിച്ചു വരുന്ന ഡിമാൻഡും റെഡിമാർക്കറ്റും റമ്പൂട്ടാൻ കൃഷിയെ പിന്നെയും ആകർഷകമാക്കുന്നുവെന്ന് റെന്നിയുടെ അനുഭവം. കാർഷിക കേരളത്തിൽ കർക്കടകം പഞ്ഞമാസമായിരുന്നു. പ്രത്യേകിച്ച് ഒന്നും വിളവെടുക്കാനില്ല. കടുത്ത മഴയിൽ കൃഷിനാശം സാധാരണമാണു താനും. കൃഷി കുറഞ്ഞെങ്കിലും കടുത്ത മഴയായതുകൊണ്ട് ദിവസക്കൂലിക്കാർക്കും മറ്റും ഇന്നും കർക്കടകം പഞ്ഞമാസം തന്നെ. എന്നാൽ കർക്കടകത്തിൽ വിളവെടുക്കുന്ന ഒരു പഴത്തിന്റെ കൃഷി കേരളത്തിൽ വേരുപിടിക്കുന്നു. വിദേശിയായ റമ്പൂട്ടാനാണ് ഈ താരം.

റബർകൃഷിയുടെ ഈറ്റില്ലമായ കാഞ്ഞിരപ്പള്ളിയിലെ ഒരു പ്ലാന്റർ നാല് ഏക്കറിലെ ടാപ്പിങ്ങുണ്ടായിരുന്ന റബർ വെട്ടി 2008-ൽ അവിടെ റമ്പൂട്ടാൻ ഫാം ആരംഭിച്ചുവെന്നു കേട്ടാൽ വിശ്വസിക്കുന്നതെങ്ങനെ? സംഗതി സത്യമാണ്. എന്നു മാത്രമല്ല മൂന്നാം വർഷം മുതൽ (2011 മുതൽ) വിളവെടുത്തു തുടങ്ങിയ ഈ ഫാമിൽ നിന്നുള്ള വിളവും ആദായവും വർഷാവർഷം വർധിച്ചു വരികയുമാണ്. റബർകൃഷിയിൽ അതിന്റെ നല്ല കാലത്തുപോലും ഒരേക്കറിൽ നിന്ന് പരമാവധി ഉണ്ടാക്കാവുന്ന ആദായം 50,000 രൂപയും ഇപ്പോഴത്തെ ദയനീയ വിലയിൽ 30,000 രൂപയ്ക്കടുത്തുമാണെന്നിരിക്കെ ഒരേക്കർ റമ്പൂട്ടാൻ ഫാമിൽ നിന്ന് കഴിഞ്ഞ ആറു വർഷമായി റെന്നി ജേക്കബ് ഉണ്ടാക്കുന്നത് അതിന്റെ അഞ്ചും പത്തും ഇരട്ടി അതായതു വർഷം തോറും ശരാശരി 4-6 ലക്ഷം രൂപ. (റബറിന്റെ ആദ്യടാപ്പിങ്ങിന് ചുരുങ്ങിയത് ഏഴര വർഷമെങ്കിലും കാക്കണമെന്നതും ഓർക്കണം).

rambootaan-2

റമ്പൂട്ടാൻകൃഷി വെറും കൗതുകമല്ലെന്ന് തെളിയിക്കാനാണ് ഞാൻ അഞ്ചു വർഷം വരെ കാത്തിരുന്നത്. നമ്മുടെ കാലാവസ്ഥയിൽ മാവും പ്ലാവും പോലെ വളരുകയും എന്നാൽ വാണിജ്യപരമായി പതിന്മടങ്ങ് ലാഭം തരികയും ചെയ്യുന്നതാണ് റമ്പൂട്ടാൻകൃഷി. ആറു വർഷം തുടർച്ചയായി നല്ല വിളവും വിലയും കിട്ടിയതാണ് വൻതോതിലുള്ള റമ്പൂട്ടാൻ ഫാമിങ്ങിന്റെ സാധ്യതകളെപ്പറ്റി എനിക്കിപ്പോൾ ആത്മവിശ്വാസം തരുന്നത്,' റെന്നി ജേക്കബ് പറയുന്നു.

ഒരേക്കറിൽ നൂറ് തൈകൾ വെച്ച് 400 റമ്പൂട്ടാൻ തൈകളാണ് 20 അടി വീതം അകലം വിട്ട് നട്ടത്. എൻ18, ഇ35, എച്ച്ജി റെഡ് എന്നീ മൂന്നിനത്തിൽപ്പെട്ട തൈകൾ. മൂന്നാം വർഷം മുതൽ വിളവെടുത്തു തുടങ്ങി. മൂന്നാം വർഷം മരമൊന്നിന് 15 കിലോ വെച്ച് പഴം ലഭിച്ചപ്പോൾ നാലാം വർഷം ഇത് 30 കിലോയായി. അഞ്ചും ആറും വർഷം 50-70 കിലോ വീതം കിട്ടി. എന്നാൽ, മരങ്ങൾ വളർന്നു തിങ്ങിത്തുടങ്ങിയതിനാൽ അഞ്ചാമത്തേയും ആറാമത്തേയും വർഷങ്ങളിൽ 40% മരങ്ങളും നന്നായി കായ്ച്ചില്ലെന്നത് ശ്രദ്ധയിൽപ്പെട്ടു. അങ്ങനെ വേദനയോടെയാണെങ്കിലും ബുദ്ധിപൂർവം ഒരു കാര്യം ചെയ്തു - 120 മരങ്ങൾ മാത്രം നിർത്തി 280 എണ്ണവും വെട്ടിക്കളഞ്ഞു.

'പിന്നെയാണ് അദ്ഭുതമുണ്ടായത്. വളരാൻ ഇടവും വേണ്ടത്ര സൂര്യപ്രകാശവും കിട്ടിയപ്പോൾ ഗോളാകൃതിയിൽ വളർന്ന് ഓരോ മരവും ഓരോ പന്തലായി. വിളവിലാണ് അതിലും വലിയ അദ്ഭുതമുണ്ടായത് - ഒരു മരത്തിൽ നിന്ന് ചുരുങ്ങിയത് 100 കിലോ മുതൽ ഫലം കിട്ടിത്തുടങ്ങി. തൈ നടുമ്പോൾ 40 അടി വീതം അകലം പാലിക്കുന്നതാണ് ഉത്തമമെന്നും ബോധ്യമായി,' ഒരു തുടക്കക്കാരന്റെ അനുഭവപാഠങ്ങൾ റെന്നി നിരത്തുന്നു.

ഗോളാകാരമാർന്ന് വളർന്നു നിൽക്കുന്ന റമ്പൂട്ടാൻ മരത്തിന്റെ 360 ഡിഗ്രി മുഴുവനും കായ്ക്കുമെന്നതാണ് അനുഭവം. ഈ വർഷം നാലേക്കറിലെ 120 മരങ്ങളിൽ നിന്നായി ലഭിക്കാവുന്ന 25,000 കിലോഗ്രാം റമ്പൂട്ടാൻ ഇന്ത്യയിലെ റെക്കോഡായി മാറും. അതായത് കിലോഗ്രാമിന് 120 രൂപ വെച്ച് ഏതാണ്ട് 30 ലക്ഷം രൂപയ്ക്കു മേൽ വരുമാനം. ചില മരങ്ങളിൽ നിന്ന് കഴിഞ്ഞ വർഷം 300 കിലോഗ്രാം വരെ ഫലം ലഭിച്ചു. 500 കിലോഗ്രാം വരെ ഫലം തന്ന മരങ്ങളും ഉണ്ടെന്നു റെന്നി പറയുന്നു. വർഷത്തിൽ ഒരു തവണയാണ് വിളവെടുപ്പ് - ജൂൺ- ഓഗസറ്റിൽ. വിളവെടുപ്പിന് പാകമായാലും 30 ദിവസത്തോളം പഴം മരത്തിൽ തന്നെ നിർത്താമെന്നതാണ് റമ്പൂട്ടാന്റെ മറ്റൊരു സവിശേഷത.

കൃഷിരീതികൾ, വിളസംരക്ഷണം, വിളവെടുപ്പ്, വിപണനം എന്നീ മേഖലകളിലെല്ലാം സ്വന്തമായ പാഠങ്ങൾ വികസിപ്പിച്ചെടുക്കാനും റെന്നിക്ക് സാധിച്ചിട്ടുണ്ട്. ഒപ്പം 15 വർഷത്തിലേറെ യുഎസിൽ ഈ രംഗത്ത് പ്രവർത്തിച്ചിട്ടുള്ള ഡോ. സണ്ണി ജോർജിന്റെ നേതൃത്വത്തിലുള്ള ആർ&ഡി വിഭാഗവും കൂട്ടിനുണ്ട്. റമ്പൂട്ടാൻ പോലെ ദക്ഷിണേഷ്യയിൽനിന്നു വന്ന പഴവർഗങ്ങളുടെ നഴ്‌സറിയായ ഹോംഗ്രോൺ ബയോടെക്കിന്റെ പ്രമോട്ടർ കൂടിയാണ് റെന്നി ജേക്കബ്.

റമ്പൂട്ടാൻ കൃഷി: ചില പാഠങ്ങൾ

1. നല്ല നടീൽ രീതി - ഏക്കറിൽ 30 തൈകൾ, തമ്മിൽ 40 അടി വീതം അകലം

2. യോജിച്ച ഇടവിളകൾ - പപ്പായ, പൈനാപ്പിൾ

3. നടീൽ തന്ത്രം - ആദ്യം ഏക്കറിൽ 70 തൈകൾ നടുക, ക്രമേണ ആറാം വർഷം 30 ആക്കുക

4. മരത്തിന്റെ സൈസ് ശരാശരി 12-15 അടി ഉയരം, 30 അടി ചുറ്റളവ്

5. മരത്തിന്റെ ആകൃതി ഗോളാകൃതി, താഴത്തെ കൊമ്പുകൾ ഒരടിയോളം താഴെ വരെ

6. വിള സംരക്ഷണം - പഴയ മീൻവല തുടങ്ങിയവ ഉപയോഗിച്ച് അണ്ണാൻ, കിളികൾ എന്നിവയിൽ നിന്ന് സംരക്ഷിക്കണം

7. പൂക്കുന്ന സീസൺ ജനുവരി-മാർച്ച്

8. വിളവെടുപ്പ് - ജൂൺ-ഓഗസ്റ്റ്

9. വിളവെടുപ്പ് ഉപകരണം - വലത്തോട്ടി

10. ലൈറ്റ് പ്രൂണിങ് - വിളവെടുപ്പിന് ശേഷം കൊമ്പുകളുടെ 6 മുതൽ 12 ഇഞ്ചു വെച്ച്

11. ഹാർഷ് പ്രൂണിങ് - അധികം വളർന്ന 25% മരങ്ങളും ഓരോ വർഷവും

12. വളം - അധികവും ഓർഗാനിക് വളം, വളരെ മിതമായ തോതിൽ രാസവളം

13. രാസവസ്തുക്കൾ കീടനാശിനി, കുമിൾനാശിനി, കളനാശിനി എന്നിവ ആവശ്യമില്ല

14. ശരാശരി ഭാരം - ഒരു കിലോവിൽ 25-20 പഴം

15. ഏകദേശ മൊത്തവില - കേരളത്തിൽ കിലോഗ്രാമിന് 130-150 രൂപ; യുഎഇയിൽ 200-250 രൂപ

16. ചില്ലറ വിൽപന വില - കേരളത്തിൽ കിലോഗ്രാമിന് 200-250 രൂപ; യുഎഇയിൽ 400-600 രൂപ