Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൃഷി കൈവിടാതെ ജോസഫ്

farmer-joseph-chittarikkal പുതുപ്പറമ്പിൽ ജോസഫ് അത്തിയടുക്കത്തെ കൃഷിയിടത്തിൽ.

വിളനഷ്ടത്തിന്റെ കണക്കുകൾ മാത്രമാണു മലയോര കർഷകർക്ക് പറയാനുള്ളത്. ഒന്നിനും വിലയില്ലാത്ത അവസ്ഥ. തെ​ങ്ങും ക​മുകും പൂ​ർ​ണ​മാ​യും ന​ശി​ക്കുന്നു. റ​ബറിന്റെയും സ്ഥിതി ശുഭകരമല്ല. ക​ശു​മാ​വി​നു പുഴുബാധ. കാ​പ്പി​യും ഏ​ല​വുമെല്ലാം നാടുനീങ്ങിത്തുടങ്ങി. തെങ്ങും കമുകും വാഴയും കുരുമുളകുമെല്ലാം സമൃദ്ധമായ മലയോരഗ്രാമങ്ങളിൽ കാഴ്ചകൾക്കു മാത്രമേ ഇപ്പോൾ ഹരിതാഭയുള്ളൂ. തൊടികളിൽ വിയർപ്പുചിന്തുന്ന കർഷകർക്കാകട്ടെ കദനങ്ങൾ മാത്രമാണ് ഇന്നും കൂട്ട്. എങ്കിലും നഷ്ടക്കണക്കുകൾ നോക്കാതെ കൃഷിയെ ദിനചര്യയാക്കി മാറ്റിയ ഒരുപാടു കർഷകരുണ്ട് ഇവിടെ. അവരുടെ കരുത്തിലാണ് മലയോരം ഇപ്പോഴും പച്ചപിടിച്ചുനിൽക്കുന്നത്.

കാർഷിക മേഖലയിൽ പ്ര​തി​സ​ന്ധി​ക​ളും തി​രി​ച്ച​ടി​ക​ളും ഏ​റെ​യു​ണ്ടാ​യി​ട്ടും മ​ല​യി​റ​ങ്ങാ​ത്ത ക​ർ​ഷ​ക​നാ​ണ് അത്തിയടുക്കത്തെ പുതുപ്പറമ്പിൽ ജോസഫ് എന്ന കുഞ്ഞുമോൻ ചേട്ടൻ. 1977ൽ ഇവിടേക്ക് കു​ടി​യേ​റി​യ​താ​ണ് ഇദ്ദേഹത്തിന്റെ കു​ടും​ബം. എ​ത്തി​യ​ത് കൊ​ടും​ വ​ന​ത്തി​ലേ​ക്കെ​ന്നു പ​റ​യാം. അഞ്ചേക്കർ ഭൂമിയിൽ കാ​ടു​വെ​ട്ടി​ത്തെ​ളി​ച്ചു തെങ്ങും കമുകും കുരുമുളകുമെല്ലാം നട്ടുപിടിപ്പിച്ചു. മണ്ണിൽ വിയർപ്പുചീന്തി അധ്വാനിച്ചപ്പോൾ നേടാനായത് പുതിയൊരു ഭൂമി. പിന്നീടു സമൃദ്ധിയുടെ കാലമായിരുന്നു. 120 തെങ്ങുകളിൽ നിന്നുള്ള ഉൽപാദനം കൊണ്ടുമാത്രം ഇവർക്ക് കുടുംബം പുലർത്താനുള്ള വക ലഭിച്ചു. ശരാശരി 25 ക്വിന്റൽ അടയ്ക്കയും പ്രതിവർഷം ലഭിച്ചിരുന്നു. നാണ്യവിളകളും ഇടവിള കൃഷികളുമെല്ലാം ഇതിനുപുറമെ വരുമാനത്തിനുള്ള വകയൊരുക്കി. വർഷങ്ങൾ പിന്നിട്ടപ്പോൾ മലയോരത്തെ മറ്റെല്ലാ കർഷകർക്കുമെന്നപോലെ കുഞ്ഞുമോൻ ചേട്ടന്റെയും കൃഷിയിടത്തിലേക്കും കാറ്റുവീഴ്ചയെത്തി. ഇന്ന് ഈ കൃഷിയിടത്തിൽ അവശേഷിക്കുന്നത് എട്ടു തെങ്ങുകൾ മാത്രം. ഇതിൽത്തന്നെ ഭൂരിഭാഗവും നശിച്ചുതുടങ്ങി. കമുകുകളാകട്ടെ വിരലിലെണ്ണാവുന്നവ മാത്രമായി ചുരുങ്ങി.

നഷ്ടം തന്നെ, എങ്കിലും...

ഒരുപാടു തവണ വിളകൾ ചതിച്ചിട്ടും കൃഷിയെ കൈവിടാൻ ഈ കുടിയേറ്റ കർഷകൻ തയാറായിട്ടില്ല. മൂന്നുമക്കളിൽ എല്ലാവർക്കും തൊഴിൽ ഉള്ളതുകൊണ്ടു മാത്രമാണ് തനിക്ക് ഇപ്പോഴും കാർഷികരംഗത്ത് തുടരാൻ കഴിയുന്നതെന്ന് ഇദ്ദേഹം പറയുന്നു. ഭാര്യ കുട്ടിയമ്മയും കൃഷിയിടത്തിൽ സഹായിയായി ഒപ്പം തന്നെയുണ്ട്. 

കൃഷിയെ വിടാതെ പിന്തുടരുന്ന ഈ കർഷകന്റെ പറമ്പിൽ ഇപ്പോൾ ഇല്ലാത്ത കൃ​ഷി​ക​ളില്ല. തെങ്ങുകൾ റബറിനു വഴിമാറിയെങ്കിലും കു​രു​മു​ളക്, കവു​ങ്ങ്, പ​ഴ​വ​ർ​ഗ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, ഏലം, ഗ്രാമ്പു, ജാതി എ​ന്നി​വ​യെ​ല്ലാ​മു​ണ്ട് മലമുകളിലെ ഈ കൃഷിയിടത്തിൽ. ഒപ്പം സമൃദ്ധമായ തേനീച്ച കൃഷിയും. കാർഷിക പ​രാ​ജ​യ​ങ്ങ​ളി​ൽ നി​ന്നു വി​ജ​യം നേ​ടാ​ൻ വ​രും​ത​ല​മു​റ​യെ നാം ​പ്രാ​പ്ത​രാ​ക്ക​ണ​മെ​ന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം.

വളർന്നു, പക്ഷേ തളർന്നു...

മലയോരത്തെ വ​ള​ക്കൂ​റു​ള്ള മ​ണ്ണി​ൽ തെ​ങ്ങും ക​വു​ങ്ങും അ​തി​വേ​ഗ​മാ​ണ് വ​ള​ർ​ന്ന​ത്. വി​ള​വെ​ടു​പ്പിന്റെ ആ​ദ്യ​ നാ​ളു​ക​ളി​ൽ കർഷകർക്ക് ന​ല്ല ആ​ദാ​യവും ല​ഭി​ച്ചു. എ​ന്നാ​ൽ, ആ​ദാ​യം ല​ഭി​ച്ചു ര​ണ്ടാം​ വ​ർ​ഷം മു​ത​ൽ ഇവിടെ തെ​ങ്ങും കമുകും കൂ​മ്പു ചീ​ഞ്ഞു ന​ശി​ക്കാ​ൻ തു​ട​ങ്ങി. ആ​യി​ര​ക്ക​ണ​ക്കി​നു തെ​ങ്ങും ക​മുകുമാ​ണ് ഇങ്ങ​നെ ന​ശി​ച്ച​ത്. ഭൂരിഭാഗവും ക​ർ​ഷ​ക​ർ ത​ന്നെ വെ​ട്ടി​മാ​റ്റി. മ​ണ്ട ചീ​ഞ്ഞ് ഉ​ണ​ങ്ങിനി​ൽ​ക്കു​ന്ന തെ​ങ്ങു​ക​ൾ മലയോരത്തെ പല കൃഷിയിടങ്ങളിലും ഇപ്പോഴും ധാരാളമുണ്ട്.