Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടിനോടു ചേർന്ന ഭൂമിയിൽ പഞ്ചായത്തംഗത്തിന്റെ കരനെൽകൃഷി

paddy-farmer-sheena-chandran അവിണിശേരി പഞ്ചായത്ത് അംഗം ഷീന ചന്ദ്രൻ തന്റെ കരനെൽകൃഷിയിടത്തിൽ മരുന്ന് തളിക്കുന്നു.

വീടിനു സമീപത്തെ ഒഴിഞ്ഞു കിടക്കുന്ന കരഭൂമിയിൽ കരനെൽകൃഷിയിറക്കി മാതൃകയാവുകയാണ് തൃശൂർ അവിണിശേരി മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും, ഇപ്പോഴത്തെ എട്ടാം വാർഡ് അംഗവുമായ ഷീന ചന്ദ്രൻ. വള്ളിശേരി പാറകുളത്തെ വീടിനോട് ചേർന്നാണ് ഇവർ കരനെൽകൃഷി ഇറക്കിയിരിക്കുന്നത്.

17 വർഷമായി പഞ്ചായത്ത് അംഗമായി തുടരുന്ന ഇവർ തന്നെയാണ് നെൽകൃഷിയുടെ പണികൾ മുഴുവനും നടത്തുന്നത്. വൈശാഖ് എന്ന നെ‍ൽവിത്താണ് ഇവിടെ കൃഷിക്കായി വിതച്ചത്. വേര് നന്നായി താഴ്ന്നിറങ്ങുന്ന ഈ വിത്ത് കരകൃഷിക്ക് ഉത്തമമാണെന്ന് ഇവർ പറയുന്നു.

നെൽവിത്ത് മുളയ്ക്കുന്നതുവരെ ഇവ തിന്നുവാൻ എത്തുന്ന പ്രാവുകളെ ഓടിക്കുവാൻ ദിവസങ്ങളോളമാണ് കണ്ണിമ്മ ചിമ്മാതെ കൃഷിക്ക് കാവലിരുന്നതെന്ന് ഷീന ചന്ദ്രൻ പറയുന്നു. ഇപ്പോൾ മുളച്ച ഞാറുകൾക്ക് മൂന്ന് ആഴ്ചയിലേറെ പ്രായമായി നൂറ്റിപത്ത് ദിവസം കൊണ്ട് ഇത് കൊയ്ത്തിന് പാകമാകും.

കൃഷി നടത്തുന്ന തൊട്ടടുത്ത് എയുപി സ്കൂളിലെ വിദ്യാർഥികൾ, പഞ്ചായത്ത് കൃഷി ഓഫിസർ മിനി, ഭർത്താവ് ചന്ദ്രൻ എന്നിവർ എല്ലാ പിന്തുണയുമായി ഷീനയ്ക്കൊപ്പമുണ്ട്. കൊയ്തു ലഭിക്കുന്ന നെല്ല് സ്കൂൾ വിദ്യാർഥികൾ, നിർധന സ്ത്രീകൾ എന്നിവർക്ക് നൽകുവാനാണ് ഷീന ചന്ദ്രന്റെ തീരുമാനം.