Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാനത്തിൽ സിക്കിം പേരേലം എത്തി: പൊന്നു കൊയ്ത് ജോസഫ് സെബാസ്റ്റ്യൻ

cardamom-farmer-joseph-sebastian ജോസഫ് സെബാസ്റ്റ്യൻ പേരേലം കൃഷിത്തോട്ടത്തിൽ

വിമാനത്തിൽ കയറ്റി സിക്കിമിൽനിന്നു കൊണ്ടുവന്ന പേരേലത്തിൽനിന്നു പൊന്നു കൊയ്ത് ഇടുക്കി തങ്കമണി പേഴത്തും മൂട്ടിൽ ജോസഫ് സെബാസ്റ്റ്യൻ. 2012 ലാണ് സിക്കിം സ്പൈസസ് ബോർഡ് അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ഡോ. ജോൺസി മണിത്തോട്ടം സുഹൃത്തും കർഷകനുമായ ജോസഫിനു വിവിധ ഇനങ്ങളിൽപ്പെട്ട പേരേലത്തിന്റെ 18 ചെറിയ പേരേലത്തൈകൾ സമ്മാനിച്ചത്. 18 തൈകളും ശ്രദ്ധപൂർവം പരിപാലിച്ചതിൽ പൂവിട്ട് കായ്ഫലമുണ്ടായത് നാലെണ്ണത്തിൽ മാത്രമാണ്.

പക്ഷേ, ജോസഫ് പ്രതീക്ഷ കൈവിട്ടില്ല, കായ്ഫലം നൽകിയ നാല് ചെടികളിൽനിന്ന് ഘട്ടംഘട്ടമായി വിപുലീകരിച്ച് 30 സെന്റിൽ 200 ചെടികളായി കൃഷി വർധിപ്പിച്ചു. രണ്ടു വർഷംകൊണ്ട് 200 ചെടികളും വിളവെടുപ്പിനു പാകമായി. സിക്കിമിൽ വിളയുന്നതിനെക്കാളും ഉൽപാദന ക്ഷമതയുള്ള പേരേലം കാണുന്നതിനായി ജോസഫിന്റെ വീട്ടിലേക്ക് നൂറുകണക്കിനാളുകളാണ് എത്തുന്നത്. കൃഷിയിടം കാണുന്നതിനു സിക്കിമിൽനിന്നു പോലും കർഷകരെത്തി. സിക്കിം, അരുണാചൽപ്രദേശ്, നാഗാലാൻഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും ഹിമാലയൻ താഴ്‌വരകളിലുമാണ് അമോമം സുവുലേറ്റമെന്ന ശാസ്ത്രനാമത്തിലുള്ള പേരേലം വ്യാപകമായി കൃഷി ചെയ്യുന്നത്.

6000 മെട്രിക് ടൺ ആണ് പ്രതിവർഷം ഈ സംസ്ഥാനങ്ങളിലെ ഉൽപാദനം. ഇതിന്റെ 80 ശതമാനവും സിക്കിമിൽനിന്നാണ്. മറ്റ് ഏലക്കായകളെ അപേക്ഷിച്ച് മൂന്നു ശതമാനംവരെ എസൻഷ്യൽ ഓയിൽ ഈ ഇനത്തിൽ കൂടുതലായി ലഭിക്കും. ഇതും കായുടെ വലുപ്പക്കൂടുതലും മൂലം പേരേലത്തിനു വൻതുകയാണ് ലഭിക്കുക. കിലോയ്ക്ക് 1800 രൂപയാണ് കുറഞ്ഞ വില. ഈ വർഷം കിലോയ്ക്ക് 850 രൂപ വരെയാണ് പേരേലം വിൽപന നടന്നിരിക്കുന്നത്. ഹിമാലയൻ മലനിരകളിലുള്ള ബംബിൾ ബിയാണ് പേരേലത്തിൽ പരാഗണം നടത്തുന്നത്. എന്നാൽ തന്റെ കൃഷിയിടത്തിൽ വിവിധ തരം തേനീച്ചകളും, ഉറുമ്പുകളുമാണ് പരാഗണം നടത്തുന്നതെന്ന് ജോസഫ് പറയുന്നു.

സമ്പൂർണമായ ജൈവ കൃഷിയാണ് ജോസഫ് പേരേല കൃഷിയിടത്തിൽ നടത്തിയിരിക്കുന്നത്. നല്ല രീതിയിൽ കായ്ഫലമുള്ള പേരേലം വർഷത്തിൽ ഒരു തവണ മാത്രമാണ് ഫലം നൽകുന്നത്. കാര്യമായ കീടബാധകളൊന്നും പേരേലത്തിനു അടുക്കലെത്തില്ലെന്നും ജോസഫ് പറയുന്നു. കുറഞ്ഞ മുതൽമുടക്കിൽ കർഷകർക്ക് കൂടുതൽ ലാഭം കൊയ്യാൻ കഴിയുന്ന കൃഷിയാണിത്.

വേനലിനെ പ്രതിരോധിക്കുന്നതിനു കഴിവുള്ള എലച്ചെടി വ്യാപകമായി കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് ജോസഫ്. പേരേലത്തിനു 20 ശതമാനം മാത്രം തണൽ മതി. മയിലാടുംപാറ ഗവേഷണ കേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥരെത്തി ജോസഫിന്റെ കൃഷിയിടത്തിൽ പരിശോധന നടത്തിയിരുന്നു. സിക്കിമിലും മറ്റ് സംസ്ഥാനങ്ങളിലും ബ്ലാക്ക് കാർഡമമെന്നാണ് അറിയപ്പെടുന്നത്. പേരേലം ആധുനിക ഡ്രയറുകളിൽ ഉണങ്ങിയാൽ പിങ്ക് നിറം വരുമെന്നും ജോസഫ് പറയുന്നു. ആയുർവേദ മരുന്നുകൾക്കും, ഭക്ഷണസാധനങ്ങളിൽ ചേർക്കുന്നതിനും പേരേലത്തിനു വിദേശരാജ്യങ്ങളിലുൾപ്പെടെ വൻ ഡിമാൻഡാണുള്ളത്. ഒരു ചെടിയിൽനിന്നും ഒരു കിലോ ഉണക്ക ഏലയ്ക്ക ലഭിക്കുമെന്നും ജോസഫ് പറയുന്നു.